ഇക്കാലത്ത് വളരെയധികം വാർത്താ പ്രാധാന്യം നേടിയിട്ടുള്ള ഒരു പദമാണ് സൈബർ യുദ്ധം ( Cyber War) എന്നത് .എന്താണ് യുദ്ധത്തിന്റെ നിർവചനത്തിൽ വരുന്നത് എന്നത് ഒരു തർക്കവിഷയമായി നിലനിൽക്കുന്നതുപോലെ സൈബർ യുദ്ധത്തിന്റെ നിർവ്വചനത്തിലും തർക്കങ്ങൾ ഉണ്ട് . എന്നിരുന്നാലും മറ്റൊരു രാജ്യത്തിന്റെ കംപ്യൂട്ടർ ശ്രിൻഖലകളെയും നിയന്ത്രണ സംവിധാനങ്ങളെയും കംപ്യൂട്ടർ പ്രോഗ്രാമുകളും , വൈറസുകളുമുപയാഗിച്ചു തകർക്കുകയോ ,ഒരു ചെറുകാലയളവിലേക്ക് നിർവീര്യമാക്കുകയോ ചെയുന്ന പ്രവർത്തനങ്ങളെ സൈബർ യുദ്ധ ഓപ്പറേഷനുകളായി വ്യാഖ്യാനിക്കാം . ഈ വിഷയത്തിൽ പല വിദഗ്ധരും പല നിർവ്വചനങ്ങൾ നൽകിയിട്ടുണ്ട് . അതിനാൽ തന്നെ ഇക്കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ആശയക്കുഴപ്പം വളരെ വ്യക്തമാണ് .

സൈബർ യുദ്ധം – എന്തിനു വേണ്ടി

പാരമ്പര്യ യുദ്ധം ആയുധങ്ങളും പടയാളികളും ഉപയോഗിച്ചാണ് നടത്തപ്പെടുന്നതെങ്കിൽ സൈബർ യുദ്ധം കംപ്യൂട്ടർ വിദഗ്ധരും പലതരം സൈബർ യുദ്ധ സങ്കേതങ്ങളും ഉപയോഗിച്ചാണ് നടത്തപ്പെടുന്നത് . പൊതുവിൽ താഴെപ്പറയുന്നവയാണ് സൈബർ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ

1. ചാരപ്രവർത്തനം
2.അട്ടിമറി പ്രവർത്തനം
3. കളള പ്രചാരണം .

1. ചാരപ്രവർത്തനം :

മുൻകാലങ്ങളിൽ രേഖകളും രഹസ്യങ്ങളും കടലാസിലും മൈക്രോഫിലിമുകളിലും, മാഗ്നെറ്റിക് ടേപ്പുകളിലും സൂക്ഷിച്ചു വച്ചിരുന്നപ്പോൾ ,അവ കരസ്ഥമാക്കാൻ വേണ്ടിയായിരുന്നു ചാരപ്രവർത്തനങ്ങൾ പ്രധാനമായും നടന്നിരുന്നത് . ഇപ്പോഴാകട്ടെ സൈനിക ,സിവിലിയൻ രഹസ്യങ്ങളിൽ ഭൂരിഭാഗവും പ്രത്യക്ഷമായോ പരോക്ഷമായോ കമ്പ്യൂട്ടറുകളിലും ഇന്റർനെറ്റിന്റെ ഭാഗമായതോ ഭാഗമാക്കാൻ സാധിക്കുന്നതോ ആയ സംവിധാനങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് കൂടാതെ രഹസ്യ വാർത്താവിനിമയങ്ങളുടെ രേഖകളും പകർപ്പുകളും ഇത്തരത്തിൽ സൂക്ഷിക്കപ്പെടാനിടയുണ്ട് . ഇവയൊക്കെ ശക്തമായ എൻക്രിപ്ഷ്യൻ രീതികളിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുമെങ്കിലും ,ഇവ കരസ്ഥമാക്കാനായാൽ ആ എൻക്രിപ്റ്റഡ് ഡാറ്റയിൽ നിന്നും ശരിയായ ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞേക്കും . ഈ വീണ്ടെടുക്കപ്പെട്ട ഡാറ്റ ഒരു ഭൗതിക യുദ്ധത്തിൽ ബ്രഹ്‌മാസ്‌ത്രം പോലെ ഉപയോഗിക്കാം . ഉദാഹരണത്തിന് എല്ലാ സൈന്യങ്ങളും എന്തെങ്കിലും തരത്തിലുള്ള ഫ്രണ്ട് ഓർ ഫോ (friend or foe ) ഐഡന്റിഫിക്കേഷൻ കോഡുകൾ ഉപയോഗിക്കുന്നുണ്ട് . ഈ കോഡുകൾ ശത്രുകകളുടെ കൈയിൽപെട്ടാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുളൂ .

2.അട്ടിമറി പ്രവർത്തനം

ഇടക്ക് ചില വൈറസുകൾ കമ്പ്യൂട്ടറുകളിലും കമ്പ്യൂട്ടർ ശ്രിൻഖലകളിലും നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ തന്നെയാണ് സൈബർ അട്ടിമറികൾക്ക് ഏറ്റവും വലിയ ഉദാഹരണം . ഈ അടുത്തകാലത്താണ് ചില റാൻസം വെയർ വൈറസുകൾ ലോകമാകമാനം ഭീതി വിതച്ചത് . ഇവക്കൊക്കെ പ്രതിരോധം തീർക്കാനാവുമെങ്കിലും , ആക്രമണത്തിനും പ്രതിരോധത്തിനുമിടക്കുളള സമയത്തിൽ ഇത്തരം ആക്രമണങ്ങൾ കാര്യമായ നാശം വരുത്തിയിരിക്കും . വളരെ സങ്കീർണമായ സൈബർ അട്ടിമറി ആക്രമണങ്ങൾ ഇതിനകം തന്നെ നടന്നിട്ടുണ്ട് .സ്റ്റാക്സ്നെറ് ( Stuxnet ) എന്ന ഒരു കംപ്യൂട്ടർ വൈറസ് പല രാജ്യങ്ങളുടെയും വ്യാവസായിക, സൈനിക ശ്രിൻഖലകളിൽ കടന്നു കൂടുകയും ഭീമമായ പരോക്ഷ നാശങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ട് അധിക കാലം ആയിട്ടില്ല . സ്റ്റെക്സ്നെറ്റ് ഇന്റെ പ്രഭവ കേന്ദ്രം ഇന്നും അജ്ഞാതമായി തുടരുന്നു .ആക്രമണത്തിന് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് പല സ്റ്റെക്സ്നെറ്റ് ആക്രമണങ്ങളും കണ്ടുപിടിക്കപ്പെട്ടത് എന്നത് അത്തരം ആക്രമണങ്ങളുടെ കാര്യക്ഷമത ആണ് വെളിവാക്കുന ത് .

3.കളള പ്രചാരണം :

കളള പ്രചാരണം (propaganda ) ആണ് ഒരു പക്ഷെ ഏറ്റവും ശക്തമായ സൈബർ യുദ്ധ രീതി . കഴിഞ്ഞ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ഇത്തരം പ്രചാരണങ്ങൾ വലിയ പങ്കു വഹിച്ചുവെന്നുള്ളത് നിസ്തർക്കമായ കാര്യമാണ് . ആ തെരെഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥി ജയിക്കും എന്നരീതിയിൽ അഭിപ്രായ വോട്ടെടുപ്പുകൾ സജീകരിച്ചതും തോറ്റതിന് ശേഷംപോലും പരാജയം അംഗീകരിക്കാതെ തെരെഞ്ഞെടുപ്പുഫലം അട്ടിമറിക്കകനായി നടത്തിയ നീക്കങ്ങളുമെല്ലാം കള്ളപ്രചാരണം എന്ന സൈബർ യുദ്ധത്തിന്റെ ഉദാഹരണമാണ് .നമ്മുടെ നാട്ടിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണ കോലാഹലങ്ങളും ഒരു രീതിയിൽ സൈബർ യുദ്ധം തന്നെ . ഇല്ലാക്കഥകൾ പ്രചരിപ്പിക്കുക . അത് പലരിലൂടെ പ്രചരിപ്പിച്ചു സത്യത്തിന്റെ പരിവേഷം നൽകുക . ക ള്ള മാണെന്നു തെളിഞ്ഞാൽ പോലും ഗൂഡാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു സത്യത്തെ തമസ്കരിക്കുക . ഇതാണ് നിലവിൽ കണ്ടുവെക്കുന്ന കള്ളപ്രചാരണ സൈബർ യുദ്ധരീതി .

സൈബർ യുദ്ധം എന്നത് ഇപ്പോൾ അതിശക്തമായ കമ്പ്യൂട്ടറുകളുടെ മുന്നിലിരുന്നു ബുദ്ധി രാക്ഷസന്മാർ നടത്തുന്ന ഒരു പ്രവർത്തനം എന്നതിൽ നിന്നും സോഷ്യൽ മീഡിയയെയും മറ്റു വാർത്താവിനിമയ സങ്കേതങ്ങളെയും ഉപയോഗിച്ച് നടത്തു ന്ന വാർത്താ യുദ്ധത്തിലേക്ക് കൂടി വഴിമാറിയിരിക്കുകയാണ് . ഈ പുതിയ യുദ്ധ രീതി രാജ്യങ്ങൾ തമ്മിൽ മാത്രമല്ല ,മറ്റു പല തലങ്ങളിലും രഹസ്യമായും പരസ്യമായും പയറ്റപ്പെടുന്നു എന്നത് സമീപകാ ല സംഭവങ്ങൾ അവലോകനം ചെയ്‌താൽ വളരെ എളുപ്പത്തിൽ മനസ്സിലാകും.

ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്

Leave a Reply

Your email address will not be published. Required fields are marked *