രണ്ടാം ഭാഗം,
1990 ഏപ്രിൽ 24ന് ഹബ്ബിൾ വിജയകരമായി വിക്ഷേപിച്ചു. ശേഷം ഹബ്ബിൾ അതിന്റെ പണിയും തുടങ്ങി.M – 100 എന്ന സർപ്പിള ഗാലക്സിയുടെ ചിത്രമെടുത്തപ്പോൾ നിരാശയായിരുന്നു ഫലം. (ഇടതുവശത്തെ ചിത്രം കാണുക)വ്യക്തതയില്ലാത്ത മങ്ങിയ ഒരു ചിത്രമായിരുന്നു ലഭിച്ചത്. ഭൂമിയിൽ നിന്ന് പരിഹരിക്കേണ്ട പ്രശ്നമായിരുന്നില്ല അത്.അങ്ങനെ ആദ്യത്തെ റിപ്പയർ അനിവാര്യമായി വന്നു.പ്രാഥമിക കണ്ണാടിയുടെ അരികുകൾ തെറ്റായ രീതിയിൽ മിനുസപെടുത്തിയതായിരുന്നു കാരണം.അത് സംഭവിച്ചത് കണ്ണാടിയുടെ മിനുസം അളക്കുന്ന ലെൻസിന്റെ തകരാറ് മൂലവും. നാസയും കണ്ണാടിയുണ്ടാക്കിയ കമ്പനിയും തമ്മിലുണ്ടായ ദീർഘമായ വാക്ക് തർക്കം കൊണ്ടൊന്നും ഫലമുണ്ടായില്ല. അവസാനം മൂന്ന് വഴികളാണ് നേരെയാക്കാൻ നിർദേശിക്കപ്പെട്ടത്.
1- ഹബ്ബിളിനെ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്ന് റിപ്പയർ ചെയ്യുക. അത് ചിലവേറിയതും അപകടം പിടിച്ചതും കൊണ്ട് നിർദേശം തള്ളി.
2-കൊഡാക്ക് എന്ന കമ്പനി നിർമിച്ച് തയ്യാറാക്കിയിരുന്ന ആദ്യ മോഡൽ കണ്ണാടി ബഹിരാകാശത്ത് പോയി ഹബ്ബിളിൽ പിടിപ്പിക്കുക. റിപ്പയറിന്റെ സങ്കീർണത കാരണം അതും വേണ്ടെന്ന് വച്ചു.
3- കണ്ണാടിയുടെ തകരാറ് പരിഹരിക്കാൻ അഞ്ച് ജോഡി ചെറിയ കണ്ണാടികൾ കൊണ്ട് പോയി ആവശ്യമായ ഉപകരണങ്ങളിൽ ഉപയോഗിക്കുക.ഇത് എല്ലാവർക്കും സ്വീകാര്യമായി.
പരിഹാരം കാണുമ്പോഴേക്കും വർഷം 3 കഴിഞ്ഞിരുന്നു.1993 ഡിസംബർ 2 ന് എൻഡവർ എന്ന സ്പേസ് ഷട്ടിലിൽ റിപ്പയറിനുള്ള സാധനങ്ങളുമായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. ഷട്ടിലിന്റെ യന്ത്രകൈ കൊണ്ട് ഹബ്ബിളിനെ പിടിച്ച് ബേയിൽ കുത്തനെ നിർത്തി റിപ്പയർ തുടങ്ങി.നാസയുടെ പ്രശസ്ത വനിത അസ്ട്രോനട്ടായ കാതറിൻ തോർട്ടണും 3 സഹപ്രവർത്തകരും 5 പ്രാവശ്യം സ്പേസ് വാക്ക് നടത്തി പ്രശ്നം പരിഹരിച്ചു.35 മണിക്കൂർ 28 മിനിറ്റ് വേണ്ടി വന്ന റിപ്പയറിനു ശേഷം അതിന്റെ ഭ്രമണപഥമായ 575 കിലോമീറ്റർ ഉയരത്തിൽ വിട്ടു. ശേഷം M 100 ന്റെ ഫോട്ടോ വീണ്ടും എടുത്ത് കണ്ടപ്പോൾ ശാസ്ത്രജ്ഞർക്ക് ആഹ്ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. വലതുവശത്തെ ചിത്രം കാണുക. പിന്നീടങ്ങോട്ട് ചരിത്രം സൃഷ്ടിച്ച് ഹബ്ബിൾ മുന്നേറുകയായിരുന്നു.
ഹബ്ബിളിന്റെ കണ്ണാടിയുടെ അകവശത്തെ പ്രതലത്തിന്റെ മിനുസം 0.000000049 മില്ലിമീറ്റർ കൃത്യമായിരിക്കണം എങ്കിൽ മാത്രമേ പ്രപഞ്ചത്തിന്റെ അഗാധതയിലുള്ള വസ്തുക്കളുടെ ചിത്രം വ്യക്തമായി കിട്ടൂ. കണ്ണാടിയുടെ വ്യാസം ഭൂമിയുടെ വ്യാസത്തിന് തുല്യമാക്കിയാൽ ഏറ്റവും വലിയ മുഴയ്ക്കു പോലും 15 cm മാത്രമേ ഉയരമുണ്ടാവു.
ഹബ്ബിൾ ഒരു ഗാലക്സി നിരീക്ഷിക്കാൻ വേണ്ടി ലോക്ക് ചെയ്താൽ പിന്നീടത് ഒരു തലനാരിഴ ഒന്നര കിലോമീറ്റർ ദൂരത്ത് നിന്ന് കാണത്തക്ക വിധത്തിൽ ചലിക്കാതിരിക്കും. അത്രയ്ക്കു കൃത്യതയാണ്. ഹബ്ബിൾ നമുക്ക് കാണിച്ചുതന്ന ഏതാനും അത്ഭുത കാഴ്ചകൾ ഇതോടൊപ്പം ചേർക്കുന്നുണ്ട്. തുടരും….