Collecting knowledge For you !

എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശനന്‍

By:
Posted: May 14, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശനന്‍ എന്ന ഇ.സി.ജി സുദര്‍ശനന്‍ ആദരാഞ്ജലികൾ
മലയാളിക്ക് നോബല്‍ സമ്മാനമോ അര്ഹനാണങ്കിലും ലഭിക്കാതെ പോയൊരു വ്യക്തിയാണ് ഇ.സി.ജി സുദര്‍ശനന്‍. റവന്യു സൂപ്പര്‍വൈസറായിരുന്ന ഇ.ഐ. ചാണ്ടിയുടെയും സ്ക്കൂള്‍ അദ്ധ്യാപികയായിരുന്ന അച്ചാമ്മയുടെയും മകനായി കോട്ടയത്തടുത്തു് പള്ളത്തു് 1931 സെപ്റ്റംബര്‍ 16നു് ജനിച്ച ജോര്‍ജ്, കോട്ടയം സി.എം.എസ്. കോളജിലും പിന്നീടു് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമാണു് പഠിച്ചതു്. 1952ല്‍ മദിരാശി സര്‍വ്വകലാശാലയില്‍നിന്നു് ബിരുദാനന്തര ബിരുദം നേടിയശേഷം ജോര്‍ജ് മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസെര്‍ച്ചില്‍ കുറച്ചുകാലം പ്രവൃത്തിയെടുത്തു. ഹോമി ഭാഭാ ഡയറക്ടറായിരുന്ന അക്കാലത്തു് ഹരീഷ്ചന്ദ്ര, ഡിറാക്, ടൊമൊനാഗ തുടങ്ങിയ പല പ്രശസ്ത ശാസ്ത്രജ്ഞരും അവിടെ സന്ദര്‍ശകരായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന, അപ്പോഴേ പ്രശസ്തനായിരുന്ന, റോബര്‍ട്ട മാര്‍ഷക് (Robert Marshak) എന്ന സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞന്‍, ജോര്‍ജിന്റെ കഴിവുകള്‍ കണ്ടു് തന്റെ കൂടെ പണിയെടുക്കാന്‍ ക്ഷണിച്ചു. അങ്ങനെ 1955ല്‍ ജോര്‍ജ് റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയിലേയ്ക്കു് പോയി. 1958ല്‍ അവിടെനിന്നു് ഡോക്ടറേറ്റ് എടുത്ത ശേഷം തുടര്‍ന്ന്‌ രണ്ടുവര്‍ഷം അവിടെത്തന്നെ അസി. പ്രഫസറായിരുന്നു. പിന്നീട്‌ അസോഷ്യേറ്റ്‌ പ്രഫസറായി ഉയര്‍ന്നു. അതിനുശേഷം സൈറക്യൂസ്‌ സര്‍വകലാശാലയില്‍ ഫിസിക്‌സ്‌ പ്രഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്‌ സംബന്ധിച്ച ഗവേഷണ വിഭാഗത്തിന്റെ ഡയറക്‌ടറുമായി സേവനമനുഷ്‌ഠിച്ചു ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ ജൂലിയന്‍ ഷ്വിംഗര്‍ (Julian Schwinger) എന്ന പ്രഗത്ഭനായ ഭൌതികശാസ്ത്രജ്ഞനോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനു് കൂടി.

ഭൌതികശാസ്ത്രത്തിന്റെ പല മേഖലകളില്‍ കാര്യമായ സംഭാവന നല്‍കാന്‍ ജോര്‍ജ് സുദര്‍ശനു് കഴിഞ്ഞിട്ടുണ്ടു്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണു് പ്രാഥമിക കണങ്ങള്‍ ലഘുബലത്തിലൂടെ (weak force) പ്രതിപ്രവര്‍ത്തിക്കുന്നതു് വിശദീകരിക്കാന്‍ ശ്രമിച്ച V-A സിദ്ധാന്തം. (നാലു് പ്രാഥമിക ബലങ്ങളില്‍പ്പെട്ട ഒന്നാണു് ലഘുബലം. പരമാണുകേന്ദ്രത്തില്‍ ചേര്‍ന്നു് നില്‍ക്കുന്ന പ്രോട്ടോണുകളും ന്യൂട്രോണുകളും ചില സമയത്തു് വേര്‍പെട്ടു പോകാന്‍ കാരണമാകുന്ന ബലമാണിതു്. ദൃഢബലം (strong force), വിദ്യുത്കാന്ത ബലം, ഗുരുത്വാകര്‍ഷണ ബലം എന്നിവയാണു് മറ്റു മൂന്നു ബലങ്ങള്‍.) മാര്‍ഷക്കും ഫെയ്ന്‍മാനും ജെല്‍മാനും ചേര്‍ന്നു് വളര്‍ത്തിയെടുത്തതു്. 1979ല്‍ അബ്ദുസ് സലാം, സ്റ്റീവന്‍ വീന്‍ബര്‍ഗ്, ഷെല്‍ഡണ്‍ ഗ്ലാഷൊ എന്നിവര്‍ക്കു് നൊബെല്‍ സമ്മാനം നേടിക്കൊടുത്ത വിദ്യുത്കാന്ത-ലഘുബല (electro-weak theory) സിദ്ധാന്തത്തിനു് ഇതു് വഴിമാറി കൊടുത്തു.കോഹറന്‍റ് ലൈറ്റിനെ സംബന്ധിച്ച ക്വാണ്ടം റപ്രസെന്‍റേഷന്‍ - ഇന്ന് സുദര്‍ശന്‍ -ഗാബ്ളര്‍ റപ്രസെന്‍റേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഒരുപക്ഷെ ജോര്‍ജ് സുദര്‍ശന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതു് പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്യോണ്‍ (tachyon) എന്ന കണങ്ങളുടെ പേരിലായിരിക്കും. ഐന്‍സ്റ്റൈന്റെ വിശേഷ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു് പദാര്‍ത്ഥത്തിനു് ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവില്ല. കാരണം വേഗത കൂടുന്നതനുസരിച്ചു് അതിന്റെ പണ്ഡം വര്‍ദ്ധിക്കുകയും പ്രകാശത്തിന്റെ വേഗത എത്തുമ്പോള്‍ പണ്ഡം അപരിമേയമാകുകയും ചെയ്യുമെന്നാണു് സിദ്ധാന്തം കാണിക്കുന്നതു്. അക്കാരണത്താല്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം തെറ്റാണെന്നു് തെളിയിച്ചു എന്നുള്ള ഖ്യാതി പലയിടത്തും അദ്ദേഹത്തിനു് ലഭിച്ചു. എന്നാല്‍ ജോര്‍ജിന്റെ സിദ്ധാന്തം ഉപരിപ്ലവമായി മനസിലാക്കിയതിന്റെ ഫലമായിരുന്നു അതു്. ഒരിക്കലും പ്രകാശത്തിന്റെ വേഗത പ്രാപിക്കാനാവാത്ത കണങ്ങളുള്ളതുപോലെ എല്ലായ്പ്പോഴും പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളും ഉണ്ടാവാമെന്നാണു് ജോര്‍ജ് സൈദ്ധാന്തീകരിച്ചതു്. ഇത്തരം കണങ്ങള്‍ ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഓപ്പന്‍ ക്വാണ്ടം സമ്പ്രദായം പഠിക്കാനായി അദ്ദേഹം ഡൈനാമിക്കല്‍മാപ്പ് രൂപകല്പന ചെയ്തു.

മുംബൈയിലെ റ്റി.ഐ.എഫ്.ആര്‍., ന്യൂ യോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാല, സിറാക്യൂസ് സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠിപ്പിച്ചിട്ടുള്ള ജോര്‍ജ് സുദര്‍ശന്‍ 1969 മുതല്‍ ടെക്സാസ് സര്‍വ്വകലാശാലയില്‍ ഭൌതികശാസ്ത്രത്തില്‍ പ്രൊഫസറാണു്. കൂടാതെ, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സീനിയര്‍ പ്രൊഫസറുമാണു്. 1980കളില്‍ അഞ്ചു വര്‍ഷക്കാലം സുദര്‍ശന്‍ മദിരാശിയിലെ മാത്‌സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ പത്നി ഭൌതികശാസ്ത്രജഞയായ ഭാമതിയാണു്. സുദര്‍ശനു് മൂന്നു് ആണ്‍മക്കളാണു് ഉള്ളതു്.

ഇതിനിടയ്ക്കെപ്പഴോ ഹിന്ദുമതത്തില്‍ താല്പര്യം തോന്നി ജോര്‍ജ് ഹിന്ദുവാകാന്‍ തീരുമാനിച്ചു. അങ്ങനെയാണു് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് ഇ.സി.ജി. സുദര്‍ശനായതു്. വര്‍ഷങ്ങളായി അമേരിക്കയിലാണു് സുദര്‍ശന്‍ കഴിഞ്ഞുകൂടുന്നതെങ്കിലും ഭാരതീയ സംസ്ക്കാരത്തിലോ മലയാള ഭാഷയിലോ ഉള്ള താല്പര്യം അദ്ദേഹത്തെ മലയാള ഗ്രന്ഥങ്ങള്‍ ധാരാളം വായിക്കാന്‍ പ്രേരിപ്പിച്ചു.

സുദര്‍ശനു് അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ടു്. 1970ല്‍ സി.വി. രാമന്‍ പുരസ്ക്കാരം, 1976ല്‍ പത്മഭൂഷണ്‍, 1977ല്‍ ബോസ് മെഡല്‍, 2006ല്‍ മൂന്നാം ലോക അക്കാദമിയുടെ (Third World Academy of Sciences) പുരസ്ക്കാരം, 2007ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികള്‍. നൊബെല്‍ സമ്മാനം, ഫീല്‍ഡ്സ് മെഡല്‍, വുള്‍ഫ് ഫൌണ്ടേഷന്‍ സമ്മാനം എന്നിവ ലഭിച്ചിട്ടില്ലാത്തവര്‍ക്കു് മാത്രം നല്‍കുന്ന പുരസ്ക്കാരമാണു് സുദര്‍ശനു് ലഭിച്ചിരിക്കുന്ന ഐ.സി.ടി.പി.യുടെ (International Centre for Theoretical Physics) ഡിറാക് മെഡല്‍. ``വളരെ വൈകി വന്ന അംഗീകാരം" എന്നാണു് ഇതു് നല്‍കിക്കൊണ്ടു് ഐ.സി.ടി.പി.യുടെ ഡയറക്ടര്‍ ഫെര്‍ണാണ്ടൊ ക്വിവെഡൊ പറഞ്ഞതു്.

ആറു തവണയാണു് സുദര്‍ശന്റെ പേരു് നൊബെല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ടതു്. 2005ലും നൊബെല്‍ സമ്മാനത്തിനു് പരിഗണിക്കപ്പെട്ട സുദര്‍ശനു് അതു് നിഷേധിക്കപ്പെടുകയായിരുന്നു. എന്നുതന്നെയല്ല, 2005ല്‍ നൊബെല്‍ സമ്മാനം ലഭിച്ച രണ്ടു പേരില്‍ ഒരാളായ ആര്‍.ജെ. ഗ്ലോബെറിനു് (R.J. Glauber) സമ്മാനം നല്‍കാനുള്ള കാരണമായി ജേതാവിനെ തിരഞ്ഞെടുത്ത കമ്മിറ്റി എടുത്തു കാട്ടിയ അദ്ദേഹത്തിന്റെ സംഭാവന വാസ്തവത്തില്‍ സുദര്‍ശന്റേതാണു് എന്നു് പ്രസിദ്ധീകരണങ്ങള്‍ സൂചിപ്പിക്കുന്നു. സ്വീഡിഷ് അക്കാദമിയ്ക്കു് സുദര്‍ശന്‍ എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, ``കമ്മിറ്റിയിലെ അംഗങ്ങള്‍ ശുഷ്ക്കാന്തിയോടെയും ശ്രദ്ധയോടെയും തങ്ങളുടെ കര്‍മ്മം ചെയ്യും എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ടു് ഈ വര്‍ഷത്തെ സമ്മാനത്തില്‍ ഞാന്‍ വാസ്തവത്തില്‍ അത്ഭുതവാനും നിരാശനുമാണു്. ശാസ്ത്രേതര പരഗണനകള്‍ ഈ തീരുമാനത്തിനു് കാരണമായിട്ടുണ്ടെങ്കില്‍ അതു് എനിക്കും മറ്റു പലര്‍ക്കും വേദനാജനകമായിരിക്കും. ... ഗ്ലോബെറിനുള്ളതു മാത്രം ഗ്ലോബെറിനു് നല്‍കുക."
Pscvinjanalokam PSC VINJANALOKAM

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *