Collecting knowledge For you !

തെമുജിനിൽ നിന്നും ചെങ്കിസ് ഖാനിലേക്ക്

By:
Posted: May 12, 2018
Category: Historical Figures
Comments: 1
download palathully android app ! >>>> Get!

ലോകം മംഗോൾ നേതാവായ ചെങ്കിസ് ഖാനെ അറിയുനത് ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ സ്ഥാപക ചക്രവർത്തിയായും,ക്രൂരനും കൗശലക്കാരനായ സൈനിക നേതാവായും ആണ്. പക്ഷെ ഇല്ലായ്മയിൽ നിന്നും വെട്ടിപ്പിടിച്ചതായിരുന്നു ചെങ്കിസ് ഖാന്റെ ജീവിതവും സാമ്രാജ്യവും . ദുരിതവും അനാഥത്വവും പേറുന്നതായിരുന്നു ചെങ്കിസ് ഖാന്റെ ബാല്യ കൗമാരങ്ങൾ .

ചെങ്കിസ് ഖാൻ എന്നത് പിന്നീട് ലഭിച്ച സ്ഥാനപ്പേരാണ് . അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് തെമുജിൻ (Temüjin ) എന്നാണ് . തെമുജിൻ എന്ന പേരിന്റെ മംഗോൾ ഭാഷയിലെ വാച്യാർത്ഥം കൊല്ലപ്പണിക്കാരൻ എന്നാണ് . അതിനാൽ തന്നെ അദ്ദേഹത്തിന്റെ പിൻഗാമികൾ ലോഹപ്പണിയിൽ പ്രാവീണ്യം നേടിയ മംഗോൾ വംശജർ ആയിരുന്നു എന്ന് അനുമാനിക്കാം .സി ഇ 1162 ൽ മംഗോളിയയിലെ ബുർഖൻ പര്വതനിരകൾക്കടുത്താണ് തെമുജിൻ ജനിച്ചതെന്ന് കരുതപ്പെടുന്നു .
ഒരു ഗോത്ര തലവനായ യെസുഗേയി ( Yesügei ) ആണ് തെമുജിന്റെ പിതാവ് . മാതാവിന്റെ പേര് ഹോളുണ്( Hoelun).നാടോടികളായിട്ടായിരുന്നു തെമുജിന്റെയും ഗോത്രത്തിന്റെയും അക്കാലത്തെ ജീവിതം . തെമുജിനു പന്ത്രണ്ടു വയസ്സായപ്പോൾ മംഗോൾ ഗോത്രങ്ങളുടെ എതിരാളികളായ ടാർട്ടാറുകൾ യെസുഗേയി യെ ചതിയിൽ വധിച്ചു . ഒരു സദ്യക്ക് ക്ഷണിച്ചു വിഷം നൽകിയാണ് ടാർടാറുകൾ യെസുഗേയി യെ വധിച്ചത് .

പിതാവിന്റെ മരണശേഷം തനിക്കവകാശപ്പെട്ട ഗോത്രമുഖ്യസ്ഥാനം നേടിയെടുക്കാൻ തെമുജിൻ ഒരു ശ്രമം നടത്തി . മംഗോൾ ഗോത്രമുഖ്യന്മാർ അതിനനുവദിച്ചില്ല എന്ന് മാത്രമല്ല തെമുജിനെയും കുടുംബത്തെയും ഗോത്ര സഖ്യങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്തു . അതോടെ തെമുജിനും സഹോദരങ്ങളും അമ്മയുമടങ്ങുന്ന കുടുംബം മരുഭൂമിയിൽ അശരണരായ അലയാൻ വിധിക്ക പ്പെട്ടു .മരുഭൂമിയിലെ ചെറുജീവികളെയും കായ്കനികളും ഭക്ഷിച്ചു ഏതാനും വര്ഷം അവർ തള്ളിനീക്കി . ഇതിനിടയിൽ തെമുജിന്റെ അർദ്ധ സഹോദരൻ ബെഗ്റ്റർ (Begter ) കുടുംബത്തിലെ നേതാവാകാൻ ശ്രമം തുടങ്ങി . അപകടം മണത്ത തെമുജിൻ ഒരു വേട്ടക്കിടെ വിദഗ്ധമായി ബെഗ്റ്ററെ വധിച്ചു കുടുംബ നാഥനായി . തെമുജിനിൽ നിന്നും ചെങ്കിസ് ഖാനിലേക്കുള്ള മാറ്റം അവിടെ തുടങ്ങി .ഇതിനിടയിൽ മറ്റൊരു മംഗോൾ ഗോത്രം തെമുജിനെ ഒരു ഒളിയാക്രമണത്തിലൂടെ തടവുകാരനായി പിടിച്ചു . തെമുജിൻ വിദഗ്ധമായി തടവിൽ നിന്നും രക്ഷപ്പെടുകയും എതിർ ചേരിയിലുള്ള ചില സൈനികരെ തന്റെ സാഹചരന്മാരാക്കുകയും ചെയ്തു .മംഗോൾ സാമ്രാജ്യരൂപീകരണം അങ്ങിനെയാണ് തുടങ്ങിയത് . എതിരാളികളെ സ്വപക്ഷത്തേക്ക് കൊണ്ടുവരാനുളള സമാനതകളില്ലാത്ത കഴിവാണ് തെമുജിൻ ആദ്യകാലത്തു പ്രകടിപ്പിച്ചത് . ആ കഴിവിലൂടെ അലഞ്ഞു തിരിയുന്നവനായ ഒരു മംഗോൾ ചെറുപ്പക്കാരൻ ഏതാനും വർഷങ്ങൾക്കുള്ളിൽ മംഗോൾ ഗോത്ര പ്രമുഖരുടെ പ്രധാനി ആയി മാറി .

വളരെയധികം മംഗോൾ ഗോത്രങ്ങളെ ശക്തികൊണ്ടുകും ബുദ്ധികൊണ്ടും ഒരുമിപ്പിക്കുകയും തന്റെ അധികാരത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്ത തെമുജിന് പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ മംഗോൾ ഗോത്രമുഖ്യന്മാരുടെ ഒരു മഹാ യോഗം നൽകിയ സ്ഥാനപ്പേരാണ് ചെങ്കിസ് ഖാൻ എന്നുള്ളത് . ഇപ്പോഴത്തെപ്പോലെ അന്നും
മംഗോൾ ഗോത്രങ്ങൾ പ്രകൃതി ആരാധകരായ ബഹുദൈവ വിശ്വാസികൾ ആയിരുന്നു .ഇക്കാലത്തു ആ വിശ്വാസത്തെ തെൻഗെർഇസം (Tengrism ) എന്നാണ് പറയുന്നത് .ചെന്ഗിസ് എന്ന മംഗോൾ വാക്കിനർദ്ധം സമുദ്രം എന്നാണ് . സമുദ്രം പോലെ വിശാലമായ സാമ്രാജ്യത്തിനാധിപനായതു കൊണ്ടോ ശാന്തസമുദ്രത്തിന്റെ തീരത്തേക്ക് മംഗോൾ അതിർത്തികൾ വിസ്തൃതമാക്കിയ തുകൊണ്ടോ ആവണം ചെന്ഗിസ് എന്ന പേര് വരാൻ കാരണം ''ഖാൻ '' എന്നത് മംഗോൾ ഗോത്രങ്ങൾ പരമപ്രധാനിയായ സേനാനായകനോ രാജാവിനോ നൽകിയിരുന്ന സ്ഥാനപ്പേർ ആയിരുന്നു . വെറും നാല് പതിറ്റാണ്ടു കൊണ്ടാണ് ഇരുമ്പുപണിക്കാരുടെ പാരമ്പര്യമുള്ള തെമുജിൻ കടൽ പോലെ വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായ ചെങ്കിസ് ഖാൻ ആയി മാറിയത്
--
Ref
1. https://www.history.com/topics/genghis-khan
2. https://www.biography.com/people/genghis-khan-9308634
--
ചിത്രം : ചെങ്കിസ് ഖാൻ ഒരു പിൽക്കാല ശിൽപ്പം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

One thought on “തെമുജിനിൽ നിന്നും ചെങ്കിസ് ഖാനിലേക്ക്”

  1. Joseph Joseph says:

    good

Leave a Reply

Your email address will not be published. Required fields are marked *