ഇന്നു് 2018 മേയ് 25 മുതൽ ഒരു പുതിയ യൂറോപ്യൻ ചട്ടം (General Data Protection Regulation) പ്രാബല്യത്തിൽ വന്നിട്ടുണ്ടു്.
ഇതിനുമുമ്പു തന്നെ പല യൂറോപ്യൻ രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന സമാനമായ, എന്നാൽ പരസ്പരം നേരിയ വ്യത്യാസങ്ങളുണ്ടായിരുന്ന, സ്വകാര്യതാസംരക്ഷണനിയമങ്ങളുടെ ഏകീകരണമാണു് ഈ ചട്ടത്തിലൂടെ നടപ്പിലാവുന്നതു്.
ഇതനുസരിച്ച് യൂറോപ്പിനുള്ളിൽ ജീവിക്കുന്ന ആളുകളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതിനുമുമ്പ് അവരുടെ ബോധപൂർവ്വമായ സമ്മതം നേടേണ്ടതുണ്ടു്. അല്ലാതിരുന്നാൽ അതു് നിയമവിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കും.
യൂറോപ്പിൽ ജീവിക്കുന്ന വ്യക്തികളുടെ വ്യക്തിപരമായ വിവരങ്ങൾ, യൂറോപ്പിനുള്ളിൽ ഡാറ്റ നിയന്ത്രിക്കുകയോ സംസ്കരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് മറ്റിടങ്ങളിലെ ആളുകളുടെ വ്യക്തിവിവരങ്ങൾ, മറ്റിടങ്ങളിലുള്ള അത്തരം ഏജൻസികളെസംബന്ധിച്ച് യൂറോപ്പിനുള്ളിലെ ആളുകളുടെ വ്യക്തിവിവരങ്ങൾ ഇവയെല്ലാം ഈ നിയമസീമനത്തിന്റെ പരിധിയിൽ ഉൾപ്പെടും.
According to the European Commission, “personal data is any information relating to an individual, whether it relates to his or her private, professional or public life. It can be anything from a name, a home address, a photo, an email address, bank details, posts on social networking websites, medical information, or a computer’s IP address.
വെബ് സൈറ്റുകൾ നടത്തുന്നവർ മനഃപൂർവ്വമോ അല്ലാതെയോ ആ സൈറ്റുകൾ സന്ദർശിക്കുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കാറുണ്ടു്. അതിൽ ഐ. പി. അഡ്രസ്സ് മുതൽ പേരും ഫോട്ടോയും വയസ്സും ഫോൺ നമ്പറും ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും ആരോഗ്യാവസ്ഥയും ഭൂസ്ഥാനാങ്കവും ഈ-മെയിലും വരെ ഉൾപ്പെടും. “സന്ദർശകരുടെ സമ്മതമില്ലാതെയാണെങ്കിൽ”, സ്ഥിതിവിവരക്കണക്കുകൾക്കു വേണ്ടി ചുമ്മാ യൂറോപ്യന്മാരുടെ ഐ.പി. അഡ്രസ്സ് രേഖപ്പെടുത്തിവെക്കുന്നതുപോലും ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടും.
ബ്ലോഗുകളിലും മറ്റും നാം നേരിട്ടോ നമ്മുടെ ബ്ലോഗ് സർവ്വർ / ബ്ലോഗിങ്ങ് സർവീസ് പ്രൊവൈഡർ മുഖേനയോ സൈറ്റ് വിസിറ്റ് കൗണ്ടറുകൾ തുടങ്ങിയവയ്ക്കുവേണ്ടി ഐ.പി. അഡ്രസ്സുകൾ രേഖപ്പെടുത്തിവെക്കാറുണ്ടു്.
ഇനി മുതൽ അങ്ങനെ ചെയ്യുന്നതിനുമുമ്പ് നാം നമ്മുടെ ബ്ലോഗ് സന്ദർശിക്കുന്ന ആൾക്കു് ഒരു അറിയിപ്പ് കൊടുത്തിരിക്കണം:
“ഈ വെബ് സൈറ്റ് നിങ്ങളുടെ ഐ.പി.അഡ്രസ്സ് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നു. അതു നിങ്ങൾക്കു സമ്മതമല്ലെങ്കിൽ, ദയവായി ഈ സന്ദർശനം ഒഴിവാക്കുക”
(മിക്കവാറും ആളുകളൊക്കെ, ശരി, സമ്മതം എന്നു ക്ലിക്കു ചെയ്തു ബ്ലോഗു വായന തുടർന്നോളും. അവർ സമ്മതിച്ചാൽ പിന്നെ കുഴപ്പമൊന്നുമില്ല. സമ്മതിച്ചില്ലെങ്കിൽ, അവർക്കു് ബ്രൗസർ വിൻഡോ അടയ്ക്കാം. നമ്മുടെ ബ്ലോഗ് അവർ വായിച്ചില്ലെങ്കിൽ നമുക്കെന്തു നഷ്ടം? നല്ലൊരു വായനയവസരം അവർക്കു പോയി ഹല്ല പിന്നെ!).
ബ്ലോഗിങ്ങിന്റെ സങ്കേതം തന്നെ കഷ്ടിപിഷ്ടിയറിയാവുന്ന സാദാ ബ്ലോഗർമാർ ഇത്തരം ഒരു ‘ചുമ്മാ‘ മുന്നറിയിപ്പ് എങ്ങനെ തയ്യാറാക്കും? ബ്ലോഗർ, വേർഡ്പ്രെസ്സ് തുടങ്ങിയ സൈറ്റുകൾ അങ്ങനെയുള്ളവർക്കുവേണ്ടി അവരുടെ കീഴിൽ വരുന്ന ബ്ലോഗുകളിലെല്ലാം സ്വതേ ഇത്തരം ഒരു മുന്നറിയിപ്പ് ഇനിമുതൽ ഉൾപ്പെടുത്തുന്നതാണു്.
അതാണു് ബ്ലോഗർ ഡാഷ്ബോർഡിൽ കണ്ട അറിയിപ്പിന്റെ അർത്ഥം.
എന്നാൽ, ഒരു ബ്ലോഗർക്കു വേണമെങ്കിൽ ആയാളുടെ ബ്ലോഗിന്റെ ഡിഫോൾട്ട് ടെമ്പ്ലേറ്റും മറ്റ് അലങ്കാരങ്ങളും തിരുത്തിയെഴുതാവുന്നതാണു്. അത്തരം ബ്ലോഗുകളിൽ മേൽപ്പറഞ്ഞ ഡിഫോൾട്ട് മുന്നറിയിപ്പ് ഉൾപ്പെടുത്താൻ ബ്ലോഗ് സ്പേസ് സേവനദാതാവിനു കഴിഞ്ഞെന്നു വരില്ല. അത്തരം കേസുകളിൽ അവർക്കുപകരം ബ്ലോഗ് ഉടമയ്ക്കുതന്നെയായിരിക്കും ഈ മുന്നറിയിപ്പ് നൽകേണ്ട ഉത്തരവാദിത്തം.
ഉദാഹരണത്തിനു്, പല ബ്ലോഗുകളിലും ആഡ്-ഓൺ ആയി സൈറ്റ് കൗണ്ടറുകളും മറ്റും ചക്കാത്തിനു കിട്ടുന്നതല്ലേ, എങ്കിൽ ആയിക്കളയാം എന്ന മട്ടിൽ കിട്ടുന്നിടത്തുനിന്നു് എടുത്തുചേർക്കാറുണ്ടു്. അവയിൽ പലതും ഇത്തരം വ്യവസ്ഥകളൊനും അനുസരിക്കാത്തവയാവാം. അത്തരം തേർഡ് പാർട്ടി സൈറ്റ് ഉല്പന്നങ്ങളുടെ ഉത്തരവാദിത്തം ബ്ലോഗർ.കോമിനോ വേർഡ്പ്രെസ്സ്.കോമിനോ ഒന്നും ഏൽക്കാനാവില്ല.
Girija Navaneeth ചോദിക്കുന്നു: ഇന്നു് എന്റെ ബ്ലോഗ് ഡാഷ്ബോർഡ് തുറന്നപ്പോഴാണു് ഇക്കാണുന്ന അറിയിപ്പ് കണ്ടതു്. ഇതിനെന്താ…
Posted by Viswa Prabha on Friday, May 25, 2018