ആധുനിക കവിത്രയങ്ങളിലെ ”ഉജ്ജ്വല ശബ്ദാഢ്യന്‍ ” ഉള്ളൂര്‍ എസ്സ് . പരമേശ്വരയ്യര്‍ 1887 ജൂണ്‍ 06 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്തു ജനിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയും അദ്ധ്യാപകനുമായിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യരും ചങ്ങനാശ്ശേരി സ്വദേശി ശ്രീമതി. ഭഗവതിയമ്മയുമായിരുന്നു മാതാപിതാക്കള്‍.ബാല്യകാലം പെരുന്നയിലാണു ചെലവഴിച്ചത്.അച്ഛന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് അമ്മയോടൊപ്പം ഉള്ളൂരിലേക്കു താമസം മാറി. കവി, സാഹിത്യചരിത്രകാരന്‍,ഭാഷാഗവേഷകന്‍ എന്നീ നിലകളികല് തിളങ്ങിയിരുന്ന ഉള്ളൂര്‍ കഴിവുറ്റ ഭരണാധികാരി കൂടെയായിരുന്നു. കുട്ടിക്കാലം മുതല്ക്കേ സാഹിത്യത്തോടുള്ള അഭിരുചി അദ്ദേഹത്തില്‍ പ്രകടമായിരുന്നു.സംസ്കൃത പദങ്ങള്‍ അനുവാചകര്‍ക്കു പഥ്യമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടു രചനകള്‍ നടത്തിയിരുന്നതിനാല്‍ ”ഉജ്ജ്വല ശബ്ദാഢ്യന്‍” എന്ന വിശേഷണത്തിനര്‍ഹനായി.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാള കവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.1937 ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ”മഹാകവി” എന്ന ബിരുദം നല്കി ആദരിച്ചു. പിന്നീട് കൊച്ചി മഹാരാജാവ് ”കവി തിലകന്” പട്ടവും കാശി വിദ്യാപിഠം ” സാഹിത്യഭൂഷണ്‍” പട്ടവും നല്കി.പൗരാണിക മുഹൂര്‍ത്തങ്ങള്‍ കാല്പനികഭംഗിയോടെ അവതരിപ്പിക്കുന്ന കവിശ്രേഷ്ഠരില്‍ പ്രാതഃസ്മരണീയനായിരുന്നു ഉള്ളൂര്‍.
സാഹിത്യ ചരിത്രകാരൻ , സെൻസസ് ക്ലാർക്ക് , തഹസിൽദാർ ,മജിസ്ട്രേറ്റ് , മുൻസിഫ് , സെക്രട്ടറി , ദിവാന്‍പേഷ്കാർ , റവന്യു കമ്മിഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു .തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൃതികള്‍
________
കിരണാവലി (1925)
താരഹാരം (1925)
തരംഗിണി (1928)
അരുണോദയം (1930)
മണിമഞ്ജുഷ (1933)
ഹൃദയകൗമുദി (1935 )
രത്നമാല (1938)
അമൃതധാര (1938)
കല്പശാഖി (1938)
തപ്തഹൃദയം (1938)
വഞ്ചീശഗീതി (1905)
സുജാതോദ്വാഹം ചമ്പു (1908)
മംഗളമഞ്ജരി (1918)
കർണ്ണഭൂഷണം (1929)
പിങ്ഗള (1929)
ചിത്രശാല (1931)
ചിത്രോദയം (1932)
ഭക്തിദീപിക (1933)
ദീപാവലി (1935)
ചൈത്രപ്രഭാവം (1938)
ശരണോപഹാരം (1938)
പ്രേമസംഗീതം
ഉമാകേരളം (1914)(മഹാകാവ്യം)
ഗദ്യകൃതികള്‍
കേരളസാഹിത്യചരിത്രം (1950)
സദാചാരദീപിക
ബാലദീപിക
മാതൃകാജീവിതങ്ങൾ
ഭാഷാസാഹിത്യവും മണിപ്രവാളവും
ഭാഷാചമ്പുക്കൾ
ഗദ്യമാലിക
വിജ്ഞാനദീപിക
അംബ(നാടകം)
ആനന്ദിഭായി(നാടകം)
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു.സ്വതസിദ്ധമായ രചനകള്‍ക്കു പുറമേ നടത്തിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഉള്ളൂരിനെ മറ്റു കവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു.ഔദ്യോഗികത്തിരക്കിനിടയിലാണ് ഉള്ളൂര്‍ ഈ രചനകള്‍ നടത്തിയിരുന്നത് . ഇതില്‍ നിന്നും അദ്ദേഹത്തിന്റെ സാഹിത്യരചനാ വൈഭവം എത്രയോ ഉന്നതശ്രേണിയിലാണെന്നു നിസംശ്ശയം പറയാം.മലയാള സാഹിത്യചരിത്രം എഴുതിത്തീര്‍ത്ത് ആറുദിവസം കഴിഞ്ഞ് 1949 ജൂണ്‍ 15 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജീവിച്ചിരുന്നകാലമത്രയും തൊട്ടതെല്ലാം പൊന്നാക്കി , വിലമതിക്കാനാകാത്ത അനേകം സാഹിത്യ സൃഷ്ടികള്‍ മലയാളത്തിനു സമ്മാനിച്ചാണ് ഉള്ളൂരെന്ന മഹാനുഭാവന് കാലയവനിക പൂകിയത്.
”നമിക്കിലുയരാം നടുകില്‍ത്തിന്നാം നല്കുകില് നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ
അടുത്തു നില്പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം ”(പ്രേമസംഗീതം)
മലയാളി മനസ്സിൽ ഇഴുകിച്ചേർന്ന പാട്ട്.
അരനൂറ്റാണ്ടിലേറെയായി എല്ലാ അമ്മമാരും
കുഞ്ഞുങ്ങളെ മുറ്റത്തു കൊണ്ടുനടന്നു
ചോറൂട്ടുമ്പോൾ പാടാറുള്ള പാട്ട് .
‘കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്
കുഞ്ഞു കിടന്നു കരഞ്ഞീടും’
‘കുഞ്ഞേ, കുഞ്ഞേ, നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം?’
‘ഇല്ല, തരില്ലീ നെയ്യപ്പം…
അയ്യോ! കാക്കേ, പറ്റിച്ചോ!’