ആധുനിക കവിത്രയത്തിനു ശേഷം കാവ്യ കൈരളിക്കു ലഭിച്ച ഒരു വരമാണ് ചങ്ങമ്പുഴ എന്ന കൃഷ്ണപിള്ള. ഇടപ്പള്ളിയിലെ ചങ്ങമ്പുഴത്തറവാട്ടില്‍ ,വക്കീല്‍ ഗുമസ്ഥനായിരുന്ന ശ്രീ. നാരായണ മേനോന്റെയും ശ്രീമതി. പാറുക്കുട്ടിയമ്മയുടേയും മകനായി 1911 ഒക്ടോബര്‍ 10ന് ശ്രീ. കൃഷ്ണപിള്ള ജനിച്ചു. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍ , ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ,ആലുവ സെന്റ്. മേരീസ് സ്കൂള്‍ , എറണാകുളം ഗവണ്മെന്റ് ഹൈസ്കൂള്‍, സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളിലായി അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം ആര്‍ട്ട്സ് കോളേജില്‍ നിന്ന് ബി.എ. ഓണേഴ്സ് ബിരുദവും കരസ്ഥമാക്കി . സെന്റ് മേരീസ് സ്കൂളിലെ പഠനകാലത്ത് കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി പരിചയപ്പെട്ടത് സാഹിത്യലോകത്തേക്കുള്ള വഴി തുറന്നു.
പത്താം വയസ്സില്‍ പിതാവിനെനഷ്ടപ്പെട്ട ചങ്ങമ്പുഴയുടെ സാഹിത്യജീവിതത്തില്‍ അദ്ധ്യാപകനായ ശ്രീ. അച്യുത വാര്യര്‍ വളരയേറെ സ്വാധീനം ചെലുത്തി. യൗവ്വനാരംഭത്തില്തന്നെ ദുശ്ശീലങ്ങളുടെ പിടിയിലകപ്പെട്ട കൃഷ്ണപിളളക്ക് ശ്രീ. വാര്യര്‍ തന്റെ വീട്ടില്‍ വായിക്കുവാനും എഴുതുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.അദ്ദേഹത്തിന്റെ വീട്ടുപേരു ചേര്‍ത്ത് ”സാഹിതി സദനം സി. കൃഷ്ണപിള്ള” എന്നപേരില്‍ മൂന്നു കൊല്ലത്തോളം കവിതകളെഴുതി.പതിനേഴു മുതല്‍ ഇരുപത്തൊന്നു വയസ്സുവരെയുള്ള കാലഘട്ടത്തില്‍ രചിച്ച കവിതകള്‍ ”ബാഷ്പാഞ്ജലി” എന്ന പേരില്‍ 1934 ല്‍ ശ്രീ. ഇ.വി.കൃഷ്ണപിള്ളയുടെ അവതാരികയോടു കൂടി പ്രസിദ്ധീകരിച്ചു.1935ല്‍ ”ഹേമന്ത ചന്ദ്രികയും” ”ആരാധകനും”പ്രസിദ്ധീകരിച്ചു. 1936ല്‍ തന്റെ ഉറ്റ ചങ്ങാതിയും കവിയുമായ ഇടപ്പള്ളി ശ്രീ. രാഘവന് പിള്ളയുടെ ആത്മഹത്യ കൃഷ്ണപിള്ളയില്‍ കനത്ത ആഘാതമാണേല്പിച്ചത്.ഇടപ്പള്ളിയുടെ വേര്‍പാടില്‍ തന്റെ ഇടനെഞ്ചിലുണ്ടായ വേദനയുടെ ആവിഷ്കാരമായിരുന്നു 1936 ജൂലൈ 20ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘തകര്‍ന്ന മുരളി’. പ്രശസ്തമായ ‘രമണ’ ന്റെ രചനക്കു കാരണമായതും ഇടപ്പള്ളിയുടെ പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യയായിരുന്നു.1940 മേയ് മാസം 9 ന് കൃഷ്ണപിള്ള , തന്റെ അദ്ധ്യാപകനായിരുന്ന ശ്രീ. രാമന് മേനോന്റെ മകള്‍ ശീദേവിയെ ജീവിതസഖിയാക്കി.
1942ല്‍ പൂനയില്‍ മിലട്ടറി സര്‍വ്വീസില്‍ ക്ലര്‍ക്കായി ചേര്‍ന്നു.രണ്ടു വര്‍ഷത്തിനു ശേഷം ജോലി രാജിവച്ചു മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങി.പിന്നീടു മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായി സേവനമനുഷ്ഠിച്ചു. വാതരോഗവു ക്ഷയ രോഗവും അദ്ദേഹത്തെ കാര്‍ന്നു തിന്നുമ്പോഴും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങിയ ഒട്ടനവധി കവിതകള്‍ രചിച്ചു. ”നീറുന്ന തീച്ചൂള’യാണ് അവസാന രചന. കാവ്യകൈരളിയെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് 1948 ജൂണ്‍ പതിനേഴാം തീയതി തൃശ്ശൂര്‍ മംഗളോദയം ആശുപത്രിയില്‍ വച്ച്, തന്റെ മുപ്പത്തിയേഴാം വയസ്സില്‍ ചങ്ങമ്പുഴയെന്ന കവിശ്രേഷ്ഠന് ഇഹലോകവാസം വെടിഞ്ഞു.
കവിതാ സമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലുമുള്പ്പടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴയുടെ സംഭാവനയായി സാഹിത്യകേരളത്തിനു ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ കാവ്യങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ ശ്രീ. ജോസഫ് മുണ്ടശ്ശേരി ‘ നക്ഷത്രങ്ങളുടെ പ്രേമഭാജനം ‘ എന്നാണു വിശേഷിപ്പിച്ചത്.
ചങ്ങമ്പുഴക്കവിതകള്‍ ആ കാലഘട്ടത്തിലെ യുവാക്കള്‍ക്ക് സ്വന്തം വികാരങ്ങളുടെ ദര്‍പ്പണം തന്നെയായിരുന്നു. തൊഴിലാളികളില്‍ വര്‍ഗ്ഗബോധം രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടത്തില്‍ വിപ്ലവം കുറഞ്ഞൊരളവില്‍ ”വാഴക്കുല” പോലെയുള്ള ചങ്ങമ്പുഴ കവിതകളിലും കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ മലയാളികള്‍ മനസ്സില്‍ താലോലിച്ചത് ചങ്ങമ്പുഴ എന്ന പ്രേമഗായകനെയായിരുന്നു.
പദ്യകൃതികള്‍
*************
കാവ്യനർത്തകി
തിലോത്തമ
ബാഷ്പാഞ്ജലി
ദേവത
മണിവീണ
മൗനഗാനം
ആരാധകൻ
അസ്ഥിയുടെ പൂക്കൾ
ഹേമന്ത ചന്ദ്രിക
സ്വരരാഗ സുധ
രമണൻ
നിർവ്വാണ മണ്ഡലം
സുധാംഗദ
മഞ്ഞക്കിളികൾ
ചിത്രദീപ്തി
തളിർത്തൊത്തുകൾ
ഉദ്യാനലക്ഷ്മി
പാടുന്നപിശാച്
മയൂഖമാല
നീറുന്ന തീച്ചൂള
മാനസേശ്വരി
ശ്മശാനത്തിലെ തുളസി
അമൃതവീചി
വസന്തോത്സവം
കലാകേളി
മദിരോത്സവം
കാല്യകാന്തി
മോഹിനി
സങ്കൽപകാന്തി
ലീലാങ്കണം
രക്തപുഷ്പങ്ങൾ
ശ്രീതിലകം
ചൂഡാമണി
ദേവയാനി
വത്സല
ഓണപ്പൂക്കൾ
മഗ്ദലമോഹിനി
സ്പന്ദിക്കുന്ന അസ്ഥിമാടം
അപരാധികൾ
ദേവഗീത
ദിവ്യഗീതം
നിഴലുകൾ
ആകാശഗംഗ
യവനിക
നിർവൃതി
വാഴക്കുല
കാമുകൻ വന്നാൽ
മനസ്വിനി
നിരാശ
ഗദ്യകൃതികൾ
_____________
തുടിക്കുന്നതാളുകൾ
സാഹിത്യചിന്തകൾ
അനശ്വരഗാനം
കഥാരത്നമാലിക
കരടി
കളിത്തോഴി
പ്രതികാര ദുർഗ്ഗ
ശിഥിലഹൃദയം
മാനസാന്തരം
പൂനിലാവിൽ
പെല്ലീസും മെലിസാന്ദയും
വിവാഹാലോചന
ഹനേലെ
ശാലിനി – ചങ്ങമ്പുഴ
#############
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍മ്മ മാത്രം മതി
മായരുതാ തളിര് ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍ന്നൊരാ സുസ്മിതം.
താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും
ആയിരം അംഗനമാരൊത്തുചേര്‍ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും
ഞാനസൂയപ്പെടിലെന്റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ
അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ്ങു തന് ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍
ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം
ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!