ശാസ്ത്രം എന്നാൽ അർത്ഥമില്ലാത്ത കുറെ വസ്തുതകൾ അല്ല. പ്രപഞ്ചത്തെയും പ്രകൃതിപ്രതിഭാസങ്ങളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ അന്വേഷണങ്ങളുടെ ഫലമായി ലഭിച്ച കണ്ടെത്തലുകൾ ആണ്. നിത്യജീവിതത്തിലാണ് ശാസ്ത്രത്തിന്റെ സ്ഥാനം. ഒരിക്കലും പുസ്തകങ്ങളിൽ അല്ല.
“ശാസ്ത്രം പൊതുവേ ആളുകള്‍ക്ക് മനസിലാവില്ല എന്നാണു ധാരണ. എന്നാല്‍ അത് ശാസ്ത്രം എങ്ങനെ അവതരിപ്പിക്കുന്നു എന്നനുസരിച് ഇരിക്കും. ഒരു മദ്യപാനിയോട് 2/3 ആണോ അതോ 3/5 ആണോ വലുത് എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ അയാള്‍ക്ക് അത് പറയാന്‍ സാധിക്കില്ല. എന്നാല്‍ അതെ ചോദ്യത്തെ അല്പം മാറ്റി 2 ബോട്ടില്‍ വോഡ്ക 3 പെര് ചേര്‍ന്ന് പങ്ക് വെക്കുമ്പോള്‍ ആണോ, അതോ 3 ബോട്ടില്‍ വോഡ്ക 5 പേര് ചേര്‍ന്ന് പങ്ക് വെക്കുമ്പോള്‍ ആണോ കൂടുതല്‍ കിട്ടുക. അയാള്‍ ഉടനടി ഉത്തരം പറയും – 2 ബോട്ടില്‍ 3 പേര് ചേര്‍ന്ന് പങ്ക് വെക്കുമ്പോള്‍! ”
– Israel Gelfand, Mathematician
ബെക്കാമും റോബര്‍ട്ടോ കാര്‍ലോസും അനശ്വരമാക്കിയ ഡിഫന്‍സ് മതിലിന് പുറത്തേക്ക് പോയി പിന്നീട് അകത്തേക്ക് തിരഞ്ഞു കയറുന്ന മനോഹരമായ ബനാന ഫ്രീ കിക്കുകള്‍ മനസില്‍ ഇല്ലാത്ത ആരും ഉണ്ടാവില്ലലോ. ആദ്യത്തെ പിക്: ഡിഫന്‍സ് മതിലിന് വലത് ഭാഗം വഴി റോബര്‍ട്ടോ കാര്‍ലോസ് അടിച്ച പന്ത് മുന്നോട്ട് പോയി ഇടത് ഭാഗത്തേക്ക് വളഞ്ഞു ഗോള്‍പോസ്റ്റില്‍ കയറുന്ന സുന്ദരദൃശ്യം കാണുക. (1997 ഫ്രാൻസ് vs ബ്രസീൽ) <3
എങ്ങനെ ആണ് വായുവില്‍ വെച്ച് പന്ത് വളയുന്നത്?
Magnus effect എന്ന പ്രതിഭാസം ആണ് പന്തിനെ വായുവില്‍ വളയ്ക്കുന്നത്. മുന്നോട്ട് പോകാന്‍ കൊടുക്കുന്ന ശക്തിക്ക് പുറമേ, പന്തിന് ഒരു കറക്കവും(spin) കൂടെ കൊടുക്കുകയാണ് കളിക്കാര്‍ ചെയ്യുന്നത്. കറങ്ങി കൊണ്ട് മുന്നോട്ട് പോവുന്ന പന്തിന്റെ ചിത്രം നോക്കുക. മുന്നോട്ട് പോകുന്ന പന്തിനെ സ്വയം കറക്കിയാല്‍, പന്തിന്റെ ഇരുഭാഗങ്ങളിലും വായു ആയുള്ള ആപേക്ഷിക ചലനം എതിര്‍ദിശകളില്‍ ആവും. ചിത്രം രണ്ട് നോക്കുക. പന്തിന്റെ ഇടത് ഭാഗത്ത് പന്ത് കറങ്ങുന്ന അതെ ദിശയില്‍ (പുറകോട്ട്) ആണ് വായുവിന്റെ ആപേക്ഷികചലനം. പന്തിന്റെ വലത് ഭാഗത്ത് ആണെങ്കില്‍ പന്ത് കറങ്ങുന്നത് മുന്നോട്ടും വായുവിന്റെ (ആപേക്ഷിക) ചലനം പുറകോട്ടും ആണ്. ചുരുക്കത്തില്‍ പന്തിന്റെ ഇടതു ഭാഗത്ത് ആപേക്ഷിക വേഗത കൂടുതലും, വലതു ഭാഗത്ത് ആപേക്ഷിക വേഗത കുറവും ആണ്. ഇവിടെ വിശ്വപ്രസിദ്ധമായ ബര്ണോലി സിദ്ധാന്തം പ്രയോഗിച്ചാല്‍ – വായുവിന്റെ വേഗം കൂടിയ സ്ഥലത്ത് – ഇടത് ഭാഗത്ത് – മര്‍ദ്ദം കുറയുകയും, വായുവിന്റെ വേഗം കുറഞ്ഞ സ്ഥലത്ത് – വലത് ഭാഗത്ത് – മര്‍ദം കൂടുകയും ചെയ്യും. ഫലം:- പന്തിന് വലത് നിന്ന് ഇടത്തോട്ട് – മര്‍ദം കൂടിയ ഭാഗത്ത് നിന്ന് മര്‍ദം കുറഞ്ഞ ഭാഗത്തേക്ക് ഒരു തള്ള് ലഭിക്കും. അഥവാ. മുന്നോട്ട് പോവുന്നതോടൊപ്പം പന്ത് ഇടത്തേക്ക് വളയും. സുന്ദരമായ ബനാന കിക്ക് ആയിരിക്കും ഫലം. 🙂
എത്ര കണ്ട് വേഗത്തില്‍ പന്ത് അടിക്കുന്നു, ഏത് ദിശയില്‍ പന്ത് അടിക്കുന്നു, ഏതു ദിശയില്‍ പന്തിനെ കറക്കുന്നു, ഗ്രൌണ്ടിലെ കാറ്റിന്റെ വേഗത, ദിശ എല്ലാം പന്തിന്റെ ചലനത്തെ സ്വാധീനിക്കും. ഫുട്ബോളിന്റെ പ്രതലത്തിന്റെ പ്രത്യേകതകള്‍ വരെ ബാധിക്കാം. magnus effect വളരെ കുറഞ്ഞ പന്ത് ആണ് 2010 ലോകകപ്പില്‍ ഉപയോഗിച്ചത് എന്നത് വിവാദം ഉണ്ടാക്കിയിരുന്നു. കളിക്കാര്‍ക്ക് കുറെ കൂടെ ചലനം നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ നിര്‍മിച്ച Adidas Telstar 18 Mechta ഫുട്ബാള്‍ ആണ് ഇത്തവണത്തെ ലോകകപ്പില്‍ ഉപയോഗികുന്നത്. 🙂