1873 , ജൂണ്‍ അഞ്ചിനാണ് ലാലാ റൂഖ് എന്ന കപ്പല്‍ 452 ഇന്ത്യന്‍ ജോലിക്കാരുമായി സൂരിനാം തീരത്തണഞ്ഞത് . കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചുകൊല്ലത്തേക്ക് കരിമ്പിന് തോട്ടങ്ങളില്‍ പണിയെടുക്കുവാനാണ് അവരെ കൊണ്ടുവന്നത് . വീണ്ടും പല കപ്പലുകളിലായി പതിനായിരങ്ങള്‍ ഇവിടെയെത്തി . കാലാവധി കഴിഞ്ഞ് മിക്കവരും തിരികെ പോയെങ്കിലും ഏതാണ്ട് ഇരുപത്തിമൂവായിരത്തോളം ആളുകള്‍ അവിടെത്തന്നെ താമസമുറപ്പിച്ചു . അവരുടെ പിന്‍ഗാമികളാണ് ഇന്നീ ദക്ഷിണഅമേരിക്കന്‍ രാജ്യത്തെ 27% ഹിന്ദുസ്ഥാനികള്‍ . ഇന്ന് ജൂണ്‍ അഞ്ചിന് ആ രാജ്യം Indian Arrival Day ആഘോഷിക്കുന്നു .
ഇവിടുത്തെ ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും ഉത്തരപ്രദേശ് ബീഹാര്‍ സംസ്ഥാനങ്ങളില്‍ വേരുള്ളവരാണ് . സൂരിനാമിലെയും ഗയാനയിലെയും ഇന്ത്യാക്കാര്‍ നമ്മോട് സംസാരിക്കുമ്പോള്‍ പലപ്പോഴും ഇന്ത്യ എന്നത് അഭിമാനപൂര്‍വ്വം പറയുന്നത് കണ്ടിട്ടുണ്ട് . പെരുമ്പറ കൊട്ടുന്ന താളത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇവരെ അമേരിക്കയിലുടനീളം കാണാം . ഇന്ന് മരം നടുമ്പോള്‍ വേരറ്റു പോയ ഇത്തരം അനേകം പ്രവാസികളെയും കൂടെ നമ്മുക്ക് സ്മരിക്കാം .