ലോകത്തെ ഏറ്റവും സമൃദ്ധമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം . ഒരു വർഷത്തിൽ ശരാശരി 300 സെന്റീമീറ്റർ വരെ മഴ കേരളത്തിൽ ലഭിക്കുന്നുണ്ട് . ഈ നിരക്കിൽ കാര്യമായ പ്രാദേശിക വ്യതിയാനങ്ങളുമുണ് . കേരളത്തിന്റെ തെക്കൻ മേഖലയി ൽ ശരാശരി വാർഷിക വര്ഷപാതം 170 സെന്റീമീറ്ററാണ് . പശ്ചിമ ഘട്ടത്തിന്റെ പല മേഖലകളിലും നാനൂറു സെന്റീമീറ്ററിലധികമാണ് വാർഷിക വര്ഷപാതം
കേരളത്തിലെ വര്ഷപാതം നാല് വ്യത്യസ്ത കാലയളവുകളിലാക്കി വേര്തിരിച്ചിട്ടുണ്ട് . ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കുന്നത് തെക്കു പടിഞ്ഞാറൻ കാലവർഷം , ഒക്ടോബർ മുതൽ ഡിസംബർ വരെ വടക്കു കിഴക്കൻ കാലവർഷം ,ജനുവരി ഫെബ്രുവരി മാസങ്ങളിൽ സത്യകാല വര്ഷപാതം ,മാർച്ചുമുതൽ മെയ് വരെ പ്രീ മൺസൂൺ വര്ഷപാതം , ഇങ്ങിനെയാണ് കേരളത്തിലെ വാർഷിക വര്ഷപാതത്തെ തരാം തിരിച്ചിട്ടുളളത് .
ഇതിൽ ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല വര്ഷപാതം അളവിൽ വളരെ കുറവാണ് . കേരളത്തിൽ ലഭിക്കുന്ന മൊത്തം മഴയുടെ രണ്ടുമുതൽ നാലുശതമാനം മഴ മാത്രമാണ് ശൈത്യകാല വര്ഷപാതമായി ലഭിക്കുനന്ത് . ചുരുക്കം ചില വർഷങ്ങളിൽ ശൈത്യകാലവർഷപാതം കാര്യമായി ഉണ്ടായിട്ടുമില്ല . നാല്പതുകളിൽ ഏതാനും വര്ഷം ശൈത്യകാല വര്ഷപാതം ഇരുപതു സെന്റീമീറ്റർ ആയിട്ടുണ്ട് .
മാർച്ചുമുതൽ മെയ് വരെയുള്ള പ്രീ മൺസൂൺ കാലഘട്ടം മിതമായ മഴ ലഭിക്കുന്ന സമയമാണ് . ശരാശരി നാല്പതു സെന്റീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലഘട്ടത്തിൽ ലഭിക്കുനന്ത് . ചില വർഷങ്ങളിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിനുമുന്പ് ആരംഭിക്കാറുണ്ട് . ആ വർഷങ്ങളിൽ പ്രീ മൺസൂൺ മഴയും അധികമായിരിക്കും . ശക്തമായ പ്രീ മൺസൂൺ മഴ പലപ്പോഴും ശക്തമായ തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ മുന്നോടിയായാണ് സംഭവിക്കുന്നത് . കേരളത്തിന് ലഭിക്കുന്ന മഴയുടെ പതിനഞ്ചു മുതൽ ഇരുപതു ശതമാനം വരെയാണ് പ്രീ മൺസൂൺ മഴയുടെ സംഭാവന .
കേരളത്തിലെ ഏറ്റവും ശക്തമായ മഴക്കാലമാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം . കേരളത്തിന് ലഭിക്കുന്ന മഴയുടെ 60 മുതൽ 75 ശതമാനം വരെ തെക്കുപടിഞ്ഞാറൻ കാലവർഷം വഴിയാണ് ലഭിക്കുന്നത് . കേരളത്തിന്റെ ഏറ്റവും തെക്കൻ മേഖലയിൽ 70-100 സെന്റീമീറ്റർ മഴ തെക്കുപടിഞ്ഞാറൻ കാലവർഷം വഴി ലഭിക്കുമ്പോൾ വടക്കൻ മേഖലയിൽ അത് 250-300 സെന്റീമീറ്റർ വരെയാകുന്നു . പശ്ചിമഘട്ടത്തിന്റെ ഉന്നതമേഖലയി ൽ വര്ഷപാതം 400 സെന്റീമീറ്റർ കടക്കാറുമുണ്ട് . വര്ഷം തോറും ഏതാണ്ട് 100 കുബിക് കിലോമീറ്റർ ശുദ്ധജലമാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവര്ഷമായി പെയ്തിറങ്ങുന്നത് . നിർഭാഗ്യവശാൽ അതിന്റെ സിംഹഭാഗവും ദിവസങ്ങൾക്കുള്ളിൽ പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഒഴുകിപോകുകയാണ് ചെയുന്നത് .
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ശരാശരി 40-60 സെന്റീമീറ്റർ മഴയാണ് പെയ്യിക്കുന്നത് . തെക്കു പടിഞ്ഞാറൻ കാലാവര്ഷത്തിനു നേർ വിപരീതമായി കേരളത്തിന്റെ തെക്കൻ മേഖലയിൽ കൂടുതൽ മഴയും വടക്കൻ മേഖലകളിൽ കുറഞ്ഞ തോതിലുള്ള മഴയുമാണ് വടക്കു കിഴക്കൻ കാലവർഷത്തിന്റെ പ്രത്യേകത . തിരുവനന്തപുരം ജില്ലയിൽ അറുപതു മുതൽ എൺപതു വരെ സെന്റീമീറ്റർ മഴ പെയ്യുമ്പോൾ കാസർകോട് കണ്ണൂർ ജില്ലകളിൽ ശരാശരി പത്തുമുതൽ ഇരുപതു സെന്റീമീറ്റർ മഴ വരെയേ പെയുന്നുളൂ . വളരെ വിരളമായി ചില വർഷങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം പണി മുടക്കാറുണ്ട് . അത്തരം ഒരു വർഷമായിരുന്നു 2016 . 2016 ൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന വടക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ ഇരുപതു ശതമാനം പോലും ലഭിച്ചില്ല .
കേരളത്തിൽ ലഭിക്കുന്ന മഴ പല ചാക്രിക വ്യതിയാനങ്ങളും പ്രകടമാക്കുന്നുണ്ട് . പക്ഷെ ആ വ്യതിയാനങ്ങളൊന്നും തന്നെ കാര്യമായ പഠനങ്ങൾക്ക് വിഷയമായിട്ടില്ല എന്ന് തോന്നുന്നു . അത്തരത്തിൽ ഒരു വിശദമായ പഠനം പല മറഞ്ഞിരിക്കുന്ന മഴ രഹസ്യങ്ങളുടെയും മറ നീക്കിയേക്കാം .
—
ref
1.http://imd.gov.in/Welcome%20To%20IMD/Welcome.php
—
ചിത്രം : കടപ്പാട് .http://imd.gov.in