ഭൗതികശാസ്ത്രത്തിന്റെ ചരിത്രം ന്യൂട്ടനുമുൻപും ന്യൂട്ടനുപിൻപും എന്നുവ്യക്തമായി എഴുതാം. അത്രയ്ക്കായിരുന്നു ശാസ്ത്രത്തിനും പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെ അറിവിനും ന്യൂട്ടൻ നൽകിയ സംഭാവനകൾ. ന്യൂട്ടനെപറ്റി കേട്ടിട്ടുള്ളവർക്ക് എല്ലാം അറിയാവുന്നതാണ് അദ്ദേഹത്തിനെ തലയിൽ വീണ ആപ്പിളിന്റെ കഥ. 1665 -ൽ ഈ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ആപ്പിൾ താഴെ വീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്റെ ആ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണാസിദ്ധാന്തമായി 1687 -ൽ പുറത്തുവന്നത്. തലയിൽ ആണോ സമീപത്താണോ ആപ്പിൾ വീണത് എന്നതവിടെ നിൽക്കട്ടെ, ഇംഗ്ലണ്ടിലെ ലിങ്കൻഷെയറിലെ ന്യൂട്ടന്റെ വീട്ടിൽ ഇന്നും ആ ആപ്പിൾ മരം നിൽക്കുന്നുണ്ട്. ഗുരുത്വവൃക്ഷം (Gravity tree) എന്ന് അറിയപ്പെടുന്ന ഈ ആപ്പിൾ മരം കാണാൻ ഇന്നും ആൾക്കാർ എത്തിക്കൊണ്ടിരിക്കുന്നു. 1820 -ൽ ഒരു കാറ്റിൽപ്പെട്ട് ആ മരം മറിഞ്ഞുവീണു, പിന്നീട് അതു വീണുകിടക്കുന്നതുകാണാനായിട്ടായിരുന്നു ആൾക്കാരുടെ വരവ്. വന്നവർ അതിന്റെ പൊട്ടിവീണ ശിഖരങ്ങളും കഷണങ്ങളും എടുത്തുകൊണ്ടുപോയി സൂക്ഷിച്ചുവച്ചു. പൊട്ടിവീണെങ്കിലും നശിക്കാത്ത ആ മരത്തിനാവട്ടെ പിന്നെയും വേരുകൾ വരികയും പുതുനാമ്പുകളെടുത്ത് വളർന്ന് ഇന്നുകാണുന്ന മരം ആയിമാറുകയും ചെയ്തു.
ബ്രിട്ടനിലെ മഹത്തായ അമ്പതുവൃക്ഷങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ മരം ഇനിയും മറിഞ്ഞുവീഴാതിരിക്കാനും നശിക്കാതിരിക്കാനുമായി കൃത്യമായി കമ്പുകൾ മുറിച്ചുമാറ്റിയും ചുറ്റും വേലികെട്ടിയും സംരക്ഷിച്ചിരിക്കുന്നു. ഫ്ലവർ ഓഫ് കെന്റ് എന്ന ഇനത്തിൽപ്പെട്ടതാണ് ഈ ആപ്പിൾമരം. പച്ചനിറത്തിലുണ്ടാവുന്ന ഇതിന്റെ കായകൾക്ക് പിയറിന്റെ ആകൃതിയും പുളിരുചിയും ആണ്. ഇന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഈ ഇനം കൃഷിചെയ്യാറില്ല. ആകെ ഉള്ള കുറച്ചെണ്ണത്തിലെ മിക്കവയും ന്യൂട്ടന്റെ ആപ്പിൾമരത്തിന്റെ കുഞ്ഞുങ്ങളും ആണ്. അന്റാർട്ടിക്കയിൽ ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ന്യൂട്ടൻ മരത്തിന്റെ ക്ലോൺ ചെയ്തതോ കമ്പുകളിൽ നിന്ന് പതിവച്ചതോ ആയ ആപ്പിൾ മരങ്ങൾ വളരുന്നുണ്ട്. പല ശാസ്ത്രഗവേഷണസ്ഥാപനങ്ങളും കോളേജുകളും സസ്യോദ്യാനങ്ങളും അവരുടെ കാമ്പസുകളിൽ ഈ മരത്തിന്റെ പിന്മുറക്കാരെ അഭിമാനത്തോടെ വളർത്തുന്നുമുണ്ട്. എല്ലാത്തിനും ന്യൂട്ടന്റെ ആപ്പിൾമരത്തിന്റെ തൈയ്യിൽ നിന്നും മുളച്ചത് എന്ന ബോർഡുകളും തൂക്കിയതുകാണാം. ശരിക്കും ഈസ്റ്റ് മാളിംഗിലുള്ള പഴഗവേഷണകേന്ദ്രം 1820 -ൽ മറിഞ്ഞുവീണ ഈ മരത്തിന്റെ ഭാഗത്തിൽ നിന്നും കൊണ്ടുപോയി വളർത്തിയെടുത്ത മരത്തിന്റെ ക്ലോണുകളാണ് ഇന്ന് എല്ലായിടത്തേക്കും വ്യാപിച്ചത്. ഈ ഗവേഷണകേന്ദ്രത്തിൽ നിന്നും തൈകൾ കിട്ടുമെങ്കിലും പലരാജ്യങ്ങളുടെയും അതിർത്തികളിൽക്കൂടി ചെടികൾ കടത്തിക്കൊണ്ടുപോകുന്നത് വളരെ ദുഷ്കരമാണ്. ഇതുമുതലെടുത്ത് പലരും ന്യൂട്ടന്റെ ആപ്പിൾച്ചെടികൾ എന്നും പറഞ്ഞ് മറ്റുതൈകളും വിൽക്കാറുണ്ട്.
പ്രശസ്ത ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജയന്ത് നർളികർ ഡിറക്ടർ ആയിരിക്കേ 1994 -ൽ പൂനയിലെ ജ്യോതിശ്ശാസ്ത്രസർവ്വകലാശാലയിൽ ഇത്തരം തൈകൾ നടുകയുണ്ടായി. പൂനയിലെ ചൂടേറിയ കാലാവസ്ഥ മൂലമാവാം അവയൊന്നും തന്നെ പിടിച്ചില്ല. ഒടുവിൽ 1997 -ൽ ഒരു തൈ വേരുപിടിപ്പിക്കുന്നതിൽ അവർ വിജയിക്കുക തന്നെ ചെയ്തു. ഒരു ആപ്പിൾ പഴം പോലും ഉണ്ടായ ആ മരവും കഷ്ടിച്ച് ഒരു ദശകമേ നിലനിന്നുള്ളൂ. പലയിടത്തും ഇങ്ങനെ ആപ്പിൾ മരങ്ങൾ കാലാവസ്ഥയോട് ഒത്തുപോകാതെ നശിച്ചപ്പോൾ അവരെല്ലാം പിന്നീട് അതിന്റെ കൂടുതൽ തൈകൾ എത്തിച്ച് നടാൻ തുടങ്ങുകയും പലസ്ഥലങ്ങളിലും ചെറിയ ആപ്പിൾത്തോട്ടങ്ങൾ തന്നെ രൂപം കൊള്ളാനും ഇത് ഇടയാവുകയും ചെയ്തു.
ഈ മരത്തിനെ ചുറ്റിപ്പറ്റി ശാസ്ത്രകുതുകികൾ പലതും ചെയ്തുകൂട്ടുന്നുണ്ട്. ഇതിന്റെ വിത്തുകൾ ശേഖരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൊണ്ടുപോയി ഗുരുത്വാകർഷണമില്ലാത്തസ്ഥലത്ത് റേഡിയേഷൻ നൽകി പലതരം പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. എന്തൊക്കെയായാലും ന്യൂട്ടന്റെ ആപ്പിൾമരത്തിന്റെ തൈകൾ വളർത്തുന്നവർ അതിൽക്കൂടി ഒരുതരം സമയസഞ്ചാരമാണ് നടത്തുന്നത്. അങ്ങനെ അവർ ശാസ്ത്രത്തിന്റെ ധാരാളം രഹസ്യങ്ങൾ വെളിപ്പെടാൻ കാരണമായ മഹാശാസ്ത്രജ്ഞന്റെ സാമീപ്യം ആ മരങ്ങളിൽക്കൂടി അനുഭവിക്കുകയും ചെയ്യുന്നു.
Written By : Vinaya Raj V R