ഡൽഹിയിലെ പുരാതനമായ ഇരുമ്പു സ്തൂപം ലോകപ്രശസ്തമാണ് .ലോകത്ത് കേടുപാടുകളില്ലാതെ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ ഇരുമ്പു സ്തൂപമാണത് .കഴിഞ്ഞ പതിനഞ്ചു നൂറ്റാണ്ടായി പ്രകൃതിശക്തികളെ പ്രതിരോധിച്ചുകൊണ്ട് ആ സ്തൂപം തലയുയർത്തി നിൽക്കുന്നു .അഞ്ചാം ശതകത്തിൽ ഗുപ്തചക്രവർത്തി ചന്ദ്രഗുപ്തൻ രണ്ടാമനാണ് ഈ മഹാത്ഭുതം നിർമിച്ചത് .ഫോർജ് വെൽഡിങ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രക്രിയയിലൂടെയാണ് ഏഴുമീറ്ററിലധികം ഉയരമുള്ള ആ ആയസ സ്തൂപം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .അടുത്തകാലത്തു നടത്തിയ രാസ പരിശോധനകളിൽ ഈ സ്തൂപം 99.99 % ശുദ്ധമായ ഇരുമ്പിനാൽ നിര്മിതമാണെന്ന് കണ്ടെത്തുകയുണ്ടായി .ഈ സ്തൂപത്തിലെ ഇരുമ്പിൽ കാർബണിന്റെ അളവ് വളരെ വളരെ കുറവാണ് ഏതാണ്ട് 0.01% ഫോസ്ഫറസാണ് ഇരുമ്പുകൂടാതെ ഈ സ്തൂപത്തിലുള്ളത് .
ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത്തരം തുരുമ്പിക്കാത്ത ആയസ സ്തൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട് .മധ്യപ്രദേശിലെ ‘ധാർ ‘ യിലും ,കർണാടകത്തിലെ കുടജാദ്രിയിലും ഡൽഹിയിലെ സ്തൂപത്തേക്കാൾ വലിയ സ്തൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട് .ഇരുപ്പിന്റെ നിർമാണത്തിൽ ഇന്ത്യക്കുണ്ടായിരുന്ന വൈദഗ്ധ്യവും സാങ്കേതിക തികവുമാണ് ഇത്തരത്തിലുള്ള പുരാതന ആയസ സ്തൂപങ്ങൾ വെളിവാക്കുന്നത് .പക്ഷെ ചരിത്ര വസ്തുതകളുടെ വിശകലനം ആയസ സ്തൂപങ്ങൾക്കും സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇന്ത്യ ഇരുമ്പിന്റെയും ഉരുക്കിന്റെയും നിർമാണത്തിൽ ഒരു വൻശക്തിയായിരുന്നു എന്നതിന് വളരെയധികം തെളിവുകളും സൂചനകളും നൽകുന്നു.
കർണാടകത്തിലെ ഹല്ലൂർ ആതി പുരാതനമായ ഇരുമ്പ്-ഉരുക്ക് നിര്മാണകേന്ദ്രമാണെന്നതിന് സുവ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് .ഇവിടെ നിന്നും ലഭിച്ച ശുദ്ധമായ ഇരുമ്പു പാളികളുടെ വിശകലനം അവ ബി സി ഇ 1300 കാ ലഘട്ടത്തിൽ നിര്മിക്കപ്പെട്ടവയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി .ഇ കാല ഗണന ലോകത്തിലേക്കും വച്ച ഏറ്റവും പുരാതനമായ ഇരുമ്പ്-ഉരുക്ക് വ്യവസായ കേന്ദ്രം ഇന്ത്യയിൽ ആയിരുന്നു എന്ന സൂചനയാണ് നൽകുന്നത് .കര്ണാടകത്തിലെതിനും പുരാതനമായ ഉരുക്കുനിർമാണം ഉത്തർ പ്രദേശിലെ മൽഹാർ എന്ന സ്ഥലത്തു നടന്നിരുന്നതായി ഈ അടുത്തകാലത്തെ കണ്ടെത്തലുകൾ തെളിയിച്ചിട്ടുണ്ട് .മൽഹാറിലെ ഇരുമ്പു നിർമാണം ഒരു പക്ഷെ ലോകത്തിലെ ആദ്യ സംരംഭമായിരുന്നിരിക്കാം .
ഇന്ത്യയിലെ മറ്റൊരു പുരാതന ഇരുമ്പു വ്യവസായ കേന്ദ്രമാണ് തമിഴ്നാട്ടിലെ ആദിചെലൂർ. ഇവിടെ ബി സി ഇ 1000 കാലഘട്ടത്തിൽ വളരെ സാങ്കേതിക തികവുള്ള ഇരുമ്പു -ഉരുക്കു നിർമാണം നടന്നിരുന്നു .കേരളത്തിലും മേല്പറഞ്ഞ കാലത്തുതന്നെ ഇരുമ്പിന്റെ നിർമാണവും ഉപയോഗവും തുടങ്ങിയിരുന്നിരിക്കണം .ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ആദിചേലൂരിൽ സഹസ്രാബ്ദങ്ങൾക്കുമുന്പ് വളരെ പുരോഗതി പ്രാപിച്ച ജനതയും ഇരുമ്പുരുക്ക് നിർമാണവും നിലനിന്നിരുന്നു എന്നത് പല പ്രചാരണങ്ങളുടെയും മുനയൊടിക്കാൻ പര്യാപ്തമായ വസ്തുതയാണ് .ഇന്നേക്ക് 3800-3000 കൊല്ലം മുൻപ് ഇന്ത്യയുടെ വടക്കു ഭാഗത്തും ,മധ്യഭാഗത്തും ഏറ്റവും തെക്കുഭാഗത്തും സമാനമായ സവിശേഷതകൾ ഉള്ള അന്നത്തെ സാങ്കേതിക വിദ്യയുടെ പരമ കോടിയായ ഒരു വ്യവസായം തഴച്ചു വളർന്നിരുന്നു എന്നത് വ്യവസ്ഥാപിത ഭരണ ക്രമങ്ങൾ നിലവിൽ വരുന്നതിനു മുൻപുള്ള അതി പുരാതന ഭൂതകാലത്തുപോലും ഇന്ത്യയുടെ നാനാ ഭാഗങ്ങൾ തമ്മിൽ ആശയങ്ങളുടെയും ,വസ്തുക്കളുടെയും ,സാങ്കേതിക വിദ്യയുടെയും നിരന്തരമായ കൈമാറ്റവും വിനിമയവും നടന്നിരുന്നു എന്നതിന്റെ സുവ്യക്തമായ തെളിവാണ്
—
ചിത്രo: ഗുപ്ത ചക്രവർത്തി വിക്രമാദിത്യൻ നിർമിച്ച ആയസ സ്തൂപം . courtsey: wikimedia commons
—
ref
1.http://archaeologyonline.net/artifacts/iron-ore.html
2.https://www.cambridge.org/…/3986B90D94F333149BE78616836…
3. http://asi.nic.in/asi_exec_adichchanallur.asp
4.http://www.iisc.ernet.in/currsci/jun10/articles13.htm
5.http://indiansteelassociation.in/iron-age/