“ഞങ്ങൾക്ക് വോട്ട് ചെയ്താൽ ഇന്ധന വില കുറക്കാം എന്ന് പറഞ്ഞ് ആര് നിങ്ങളുടെ പക്കൽ വരുന്നോ അവർ എല്ല ഒരു രാഷ്ട്രിയ കക്ഷിയെയും നിലവിലെ സാഹചര്യത്തിൽ നിങ്ങൾ വിശ്വസിക്കരുത് ” കാരണം ലളിതമാണ്, അനായാസമായി ലഭിക്കുന്ന എണ്ണ നികുതി എന്ന പൊൻ മുട്ട ഇടുന്ന താറാവിനെ കൊല്ലാൻ ആരും തയ്യാറല്ല എന്നതാണ് വാസ്തവം. നികുതി കുടിശ്ശിഖ പിരിച്ചെടുക്കുന്നതിലും ലളിതമാണ് വിൽപ്പന നികുതിയും എക്സൈസ് നികുതിയും വർദ്ധിപ്പിക്കുന്നത്. ഇലക്ഷൻ സമയത്ത് മാത്രം എന്തെങ്കിലും മിനുക്ക് പണികൾ കൊണ്ട് മറച്ചു പിടിക്കാവുന്നതും, ജനങ്ങൾക്ക് നിത്യോപയോഗ വസ്തു ആയതു കൊണ്ടും ഇതിന്റെ സാദ്ധ്യത അനന്തമാണ്.
2010 ൽ പെട്രോളിന്റയും, 2014 ൽ ഡീസലിന്റെയും വില നിയന്ത്രണം എടുത്തു കളഞ്ഞതിനു ശേഷം ആണ് ഇന്ത്യയിൽ ഇന്ധന വില നിയന്ത്രണമില്ലാതെ ഉയർന്നത്. പെട്രോൾ വില നിയന്ത്രണം നീക്കിയപ്പോൾ ഉണ്ടായതിനേക്കാൾ ജനരോഷം ആണ് ഡീസൽ വില നിയന്ത്രണം നീക്കിയപ്പോൾ ഉണ്ടായത്. വില നിയന്ത്രണ അധികാരം കമ്പനികൾക്ക് നൽകി എങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ കഴിയും എന്നത് വാസ്തവമാണ്. എന്നാൽ ആ ചോദ്യം ചെയ്യപ്പെടൽ ഒഴിവാക്കണം എന്ന ബുദ്ധിപരമായ ആശയം കൂടി ആ തിരുമാനത്തിൽ പ്രകടമാണ്. കുറ്റം കമ്പനികളുടേത് മാത്രം എന്ന് പറഞ്ഞ് കേന്ദ്രം തടിയൂരുന്ന നിലപാടുകളും നമ്മൾ കണ്ടതാണ് പലപ്പോഴും. സംസ്ഥാനങ്ങളുടെയും പ്രധാനവരുമാന മാർഗ്ഗം എന്നനിലയിൽ അവരുടെയും നിലപാട് കേന്ദ്ര സമാനം ആണ്.
നമുക്ക് കാര്യത്തിലേക്ക് വരാം, ആഗോള കമ്മോഡിറ്റി മാർക്കറ്റിൽ ക്രൂഡ് അധിഷ്ടിതമായ സമ്പദ് വ്യവസ്ഥ വളരെ ആഴത്തിലും വിസ്തൃതവും ആണ് . ക്രൂഡ് ആധാരമായി ആണ് ഭൂരിഭാഗം രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നതും. അതിനാൽ ഭൂരിഭാഗം രാഷ്ട്രങ്ങളും ആഗോള കറൺസി ആയ ഡോളർ അടിസ്ഥാനമായാണ് ക്രയവിക്രയങ്ങൾ നടത്തുന്നത്. ഇത് എഴുതുന്ന സമയത്തെ ആഗോള എണ്ണ വില ബിരലിന് 84 ഡോളർ ആണ്, സംസ്ക്കരണ ശേഷം യഥാക്രമം പെട്രോളിന് 1.17ഡോളറും (84 രൂപ) ഡീസലിന് 1.07ഡോളറും (77.04 രൂപ) ആണ്. ഒരു ക്രൂഡ് ബാരൽ എന്നത് 158.9873 ലിറ്റർ ആണ്. ഇതര ക്രൂഡ് അധിഷ്ടിത ഉൽപ്പന്നങ്ങളെയും വിലയെ ഇപ്പോൾ ഇതിൽപ്രദിപാദിക്കുന്നില്ല. ഡീസൽ, പെട്രോൾ വില ആഗോള ശരാശരി നികുതി കണക്കാക്കി ആണ് പറഞ്ഞിരിക്കുന്നത്. ഡോളർ വിലയുമായി അതാതുരാഷ്ട്രങ്ങളിലെ കറൺസി വിനിമയ നിരക്ക് താരതമ്യം ചെയ്യുമ്പോൾ അവിടങ്ങളിലെ വിലയിലും വ്യത്യാസം വരുന്നതാണ്.
ലോകത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില Iceland ൽ ആണ് 1.97 $ (141 രൂപ) കുറഞ്ഞ വില lran ലും ആണ് 0.29$ (20. 88 രൂപ), ഡീസൽ വിലയെപ്പറ്റി പറയുമ്പോൾ കുറഞ്ഞ വില Iran ൽ തന്നെ ആണ് 0.07$ (5.04 രൂപ) ഉയർന്നവില ICELAND ൽ തന്നെആണ് 1.96$(141.12 രൂപ) ഈ വില 2018 ഒക്ടോബർ ലെ ആണ്. നിത്യേന എന്നോണം വിലയിൽ മാറ്റം വരുന്നതിനാൽ ഈ വില വിവരം മാറാനും സാധ്യത ഉണ്ട്. അതേ സമയം ഇന്ത്യയിൽ ഡീസലിന് 1.05$ (75.6 രൂപ) യും, പെട്രോളിന് 1.17$ (84.24 രൂപ) യും ആണ്. ഈ വിനിമയ നിരക്കിനായി ലേഖനത്തിൽ ഡോളറിന് 72 രൂപ എന്ന നിരക്കിൽ ആണ് കണക്ക് കൂട്ടിയിരിക്കുന്നത്. ഗ്ലോബൽ പെട്രോൾ പ്രൈസ് എന്ന വെബ് സൈറ്റിനെ ഉദ്ധരിച്ചാണ് ഈ വില വിവരം തയ്യാറാക്കിയത്. ആയതിനാൽ ഇന്ത്യയിലെ യധാർത്ഥ വില എന്നതിനേക്കാൾ ആഗോള വിലനിലവാരത്തെ കുറിച്ചുള്ള താരതമ്യ പഠനം ആണ് ഉദ്ദേശിക്കുന്നത്.
നമ്മുടെ അയൽരാജ്യങ്ങളിൽ എല്ലാം ഇന്ത്യയേക്കാൾ താഴ്ന്ന വില തന്നെ ആണ് പെട്രോളിനും ഡിസലിനും. ആ വിലകൾ ഇവിടെ യഥാക്രമം ഡോളർ നിരക്കിൽ പറയാം. (ആദ്യം ഡീസൽ രണ്ടാമത് പെട്രോൾ ) പാക്കിസ്ഥാൻ (0.86, 0.75) , ശ്രീലങ്ക (0.72,0.95), മ്യാൻമാർ (0.56, 0.57) , നേപ്പാൾ ( 0.85, 0.96). ഓരോ രാജ്യങ്ങളിലെയും നികുതിയും വാണിജ്യ സാധ്യതകളും വിലയിൽ ഏറ്റകുറച്ചിൽ ഉണ്ടാകും. ഇന്ത്യ ഒരു വൻകിട എണ്ണ ഉപഭോക്തൃരാഷ്ട്രമായതിനാൽ സർക്കാരിന് ഇത് ഒരു മികച്ച വരുമാന മാർഗ്ഗം കൂടി ആണ്. എണ്ണ ഇറക്കുമതിക്ക് ആയിട്ടാണ് ലോക രാഷ്ട്രങ്ങളുടെ ഇറക്കുമതി ചിലവിലെ പ്രധാന പങ്കും പോകുന്നത്. ആയതിനാൽ ഇറക്കുമതി ചിലവും ഡോളർ വിനിമയ നിരക്കും എണ്ണ വിലയെ സ്വാധീനിക്കുന്നു.
മൻമോഹൻ സിംഗ് നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്ന സമയത്ത് 1991ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നട്ടെല്ല് ഒടിഞ്ഞനിലയിൽ ആയിരുന്നു. അവിടെ നിന്ന് ഇന്ന് ഈ നിലയിൽ വരെ എത്തിനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ ഒന്നായിരുന്നു ഇന്ത്യയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. എണ്ണവില നിർണ്ണയവും ഇറക്കുമതിയിലെ അന്നുവരെ നിലനിന്നിരുന്ന പരമ്പരാഗത നാണയ വിനിമയ രീതികളിലെ മാറ്റങ്ങളും, ഇന്ത്യയെ ഇന്നത്തെ ശക്തമായ നിലയിൽ എത്തിച്ചു. അവിടെ നിന്ന് വൻ സാമ്പത്തിക ശക്തി എന്ന നിലയിൽ ഇന്ത്യ എത്തി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്പത്തിക പാഠങ്ങൾ ഇന്ത്യക്ക് മുതൽക്കൂട്ടായിട്ടുണ്ട്. അതിൽ എണ്ണയുടെ പങ്ക് വിസ്മരിക്കാൻ ആകാത്തതാണ്. 2017 – 2018 സാമ്പത്തിക വർഷത്തെ ഇന്ത്യാ ഗവൻമെന്റിന്റെ എണ്ണയിൽ നിന്നുള്ള നികുതി വരുമാനം മാത്രം 2,57,850 കോടി രൂപയാണ്. അത്രയും തന്നെ വരുമാനം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്നും കൂട്ടി വായിക്കേണ്ടതാണ്. അദ്ദേഹം പ്രധാന മന്ത്രി ആയിരുന്ന ഒന്നും രണ്ടും UPA സർക്കാരിന് എടുക്കാൻ ധൈര്യപ്പെടാതിരുന്ന ഡീസൽ വിലനിയന്ത്രണം എടുത്തു കളഞ്ഞ NDA സർക്കാർ ആണ് മൻമോഹന്റെ സാമ്പത്തിക പാഠങ്ങൾ പൂർണ്ണ അത്ഥത്തിൽ നടപ്പിലാക്കിയത്.
ഇനിയൊരു പുതിയ സർക്കാർ വന്നാലും ഈ നയങ്ങളിൽ ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് വാസ്തവം.
കടപ്പാട്
globalpetrolprices.com
wikipedia
economic times