പരമാവധി താഴ്ന്ന താപനില പൂജ്യത്തിന് താഴെ -273.15 ഡിഗ്രി സെൽഷ്യസ് നമുക്കറിയാവുന്നതാണ്. (കേവലപൂജ്യം absolute zero)ഇതിനേക്കാൾ താപനില കുറയില്ല എന്നാണ് ശാസ്ത്രം.അതുപോലെ ഉയർന്ന ഊഷ്മാവ് എത്രയാണ്?കൃത്യമായിട്ടില്ലെങ്കിലും അതിന് അർഹതപ്പെടുന്ന ഒരു താപനിലയുണ്ട്,പ്ലാങ്ക് ടെമ്പറേച്ചർ എന്നാണതിനെ പറയുന്നത്.142 നു പിന്നാലെ 30 പൂജ്യം ചേർത്താൽ കിട്ടുന്ന പടുകൂറ്റൻ സംഖ്യയാണ് പ്ലാങ്ക് താപനില.കെൽവിൻ കണക്കാക്കിയാൽ 142 നോനില്ല്യൻ കെൽവിൻ.സെൽഷ്യസ് പോലെ താപനില അളക്കുന്ന ഒരു യൂണിറ്റാണ് കെൽവിൻ.കെൽവിനും സെൽഷ്യസും തമ്മിൽ 273 ഡിഗ്രിയുടെ വ്യത്യാസമേ ഉള്ളൂ.അതായത് പൂജ്യം ഡിഗ്രി സെൽഷ്യസിനു തുല്യമാണ് 273 കെൽവിൻ.100 ഡിഗ്രി 373 ഡിഗ്രി കെൽവിൻ.
ശാസ്ത്രീയമായി 142 നോനില്ല്യൻ കൈവരിക്കാവുന്നതേ ഉള്ളൂ.എന്നാൽ പ്രപഞ്ചത്തിൽ ഇന്നോളം ഈ താപനില ഉണ്ടായിട്ടില്ല. ഇന്നേ വരെ എത്തി പിടിക്കാൻ കഴിഞ്ഞ താപനില ഇതിനേക്കാൾ വളരെ കുറവാണ്. ബിഗ് ബാങ്ങിനു ശേഷം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നത് നമുക്കറിയാം. ആദ്യത്തെ നിമിഷങ്ങളിൽ ഈ വികസിക്കൽ അതിവേഗത്തിലായിരുന്നു. കണികകൾ തമ്മിൽ കൂട്ടിമുട്ടാനുള്ള സാവകാശം പോലും ഉണ്ടായിരുന്നില്ല. കണികകൾ തമ്മിൽ മുട്ടിയില്ലെങ്കിൽ ചൂടും ഉണ്ടാവില്ലല്ലൊ.അതിനു തൊട്ടുപിന്നാലെ പ്രപഞ്ചം ഭയങ്കരമായി ചൂടുപിടിക്കാൻ തുടങ്ങി.ഒന്നിനു പിന്നാലെ 27 പൂജ്യം ചേർത്താൽ കിട്ടുന്നത്ര ഡിഗ്രി ചൂട്. ഈ ഏകദേശ ചൂടിന് ഒക്ടില്ലൻ എന്നാണ് പേര്.അതിനു ശേഷം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്.താപനിലയും കുറഞ്ഞു വന്നു. അതായത് പ്രപഞ്ചത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും കൂടിയ ചൂട് ഒന്നിനു ശേഷം 27 പൂജ്യം ചേർത്താൽ കിട്ടുന്ന കെൽവിനാണ് എന്ന് കരുതാം.
ഡാർട്ട് മൗത്ത് യൂണിവേഴ്സിറ്റിയിലെ സ്റ്റീഫൻ അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകളാണ് ഇതെല്ലാം. 2014 നവംബറിലാണ് ഇവർ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.