നിലത്തിറങ്ങാതെ പതിനായിരത്തിലധികം കിലോമീറ്ററുകൾ പറക്കാൻ കഴിവുള്ളവരാണ് ആൽബട്രോസ് പക്ഷികൾ . നിലനിൽക്കുന്ന പറക്കും പക്ഷികളിൽ ഏറ്റവും ചിറക് അളവ് ( wingspan) ഉള്ളതും ആൽബട്രോസ് പക്ഷികൾക്ക് തന്നെ . ഇവക്ക് 12 അടിയോളം ചിറക് അളവ് ഉണ്ടാവാറുണ്ട് .പത്തു കിലോയിലധികം ഭാരമുള്ള ഇവ കുറെ ദൂരം ഓടിയാണ് പറന്നുയരാനുള്ള ലിഫ്റ്റ് ആർജിക്കുന്നത് . ആയുർ ദൈർഖ്യത്തിലും ഈ പക്ഷികൾ മുന്നിലാണ് . അമ്പതു വർഷത്തിലേറെ ആയുസ്സ് ഈ പക്ഷികൾക്കുണ്ട് . മുൻകാലങ്ങളിൽ സമുദ്രത്തിൽ മരിച്ച നാവികാരാണ് ആൽബട്രോസ് പക്ഷികളായി പുനർജനിക്കുന്നത് എന്ന വിശ്വാസം പല നാടുകളിലും നിലനിന്നിരുന്നു .അതിനാൽ തന്നെ ഈ പക്ഷികളെ ഉപദ്രവിക്കുന്നത് സമുദ്രയാത്രികർക്ക് ദുരന്തം വരുത്തിവക്കും എന്ന വിശ്വാസവും ചില നാടുകളിൽ നിലനിന്നിരുന്നു .
പാസിഫിക്ക് ദ്വീപായ ഹവായിലെ വിശ്വാസപ്രകാരവും പിതൃക്കളുടെ ആത്മാക്കളാണ് ആൽബട്രോസ് പക്ഷികളായി പുനർജനിക്കുന്നത് . അതിനാൽ തന്നെ ഹവായിയൻ കഥകളിലും ആചാരങ്ങളിലും ആൽബട്രോസുകൾക്ക് ദിവ്യത്വം കല്പിച്ചിരുന്നു .
യവന ഇതിഹാസങ്ങൾ പ്രകാരവും വിശുദ്ധ പക്ഷികളാണ് ആൽബട്രോസുകൾ . യവന നായകൻ ഡയോമെഡിസിന്റെ സ്മരണയിൽ ഡിയോമെഡിയടെ ( Diomedeidae) എന്ന പേരാണ് ആൽബട്രോസുകൾ ഉൾപ്പെടുന്ന പക്ഷി വർഗത്തിന് നല്കപ്പെട്ടിരിക്കുന്നത്.
മധ്യരേഖാ പ്രദേശങ്ങളിൽ ആൽബട്രോസുകളെ വളരെ വിരളമായേ കാണാറുളൂ. അന്റാർട്ടിക്ക ഭൂഖണ്ഡത്തിനു ചുറ്റുമുള്ള തണുപ്പേറിയ സമുദ്ര മേഖലകളും പസഫിക്ക് സമുദ്രത്തിന്റെ ഉത്തര മേഖലകളുമാണ് ആൽബട്രോസുകളുടെ വിഹാരഭൂമി .
500 ഗ്രാം വരെ ഭാരമുള്ള മുട്ടയാണ് ആൽബട്രോസിന്റെത് . 80 ദിവസം അടയിരുന്നാലേ മുട്ട വിരിയൂ .ആൺപക്ഷിയും പെൺപക്ഷിയും ഊഴമിട്ടാണ് അടയിരിക്കുന്നത് . പക്ഷികളിലെ ഏറ്റവും ദൈർഖ്യമേറിയ കാലയളവുകളിൽ ഒന്നാനാണിത് .
==
ചിത്രം കടപ്പാട് :By JJ Harrison (https://www.jjharrison.com.au/) – Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=16591617
—
rishidas s
ps:Albatross around someone’s neck -എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് പിന്നിൽ
===
ദ റൈം ഓഫ് ദ എനിഷ്യന്റ് മാരിനർ എന്ന ഇംഗ്ലീഷ് കവിതയിലെ ഒരു സംഭവമാണ് ആ പ്രയോഗത്തിന് ആധാരം.ഒരു നാവികൻ ഒരു കാരണവുമില്ലാതെ ഒരാൽ ബട്രോസിനെ അമ്പെയ്ത് കൊല്ലുന്നു. നാവിക വിശ്വാസമനുസരിച്ച് ഭാഗ്യം കൊണ്ടുവരുന്നവരാണ് ആൽബട്രോസ് പക്ഷികൾ. അതിനാൽ നാവികന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു .പക്ഷിയെ വധിച്ച ശേഷം കപ്പൽ ദുരന്തങ്ങളിൽ അകപ്പെടുന്നു. പഛാതാപ വിവശനായ നാവികന് താൻ വധിച്ച പക്ഷിയുടെ ശരീരം തന്റെ കഴുത്തിൽ കിടക്കുന്നതായി തോന്നുന്നു. അതാണ് ആ കഥയുടെ പ്രസക്ത ഭാഗത്തിന്റെ ചുരുക്കം.