പ്രമേഹരോഗികളുടെ മൂത്രത്തിന് ഒരു പ്രത്യേകതരം മധുരമുണ്ടെന്ന് 1674 ൽ സർ തോമസ് വിൽസ് കണ്ടെത്തിയിരുന്നു.1776 ൽ ഡോബ്സൻ എന്ന ഗവേഷകൻ പ്രമേഹരോഗികളുടെ മൂത്രം വറ്റിച്ചതിലൂടെ വെളുത്ത പരൽ രൂപത്തിലുള്ള ഒരു അവക്ഷിപ്തം ലഭിക്കുകയുണ്ടായി.എന്നാൽ 1815ൽ ക്രോമറ്റോഗ്രാഫി വന്നതോടെ പ്രമേഹ ചികിൽസയിൽ വൻ മുന്നേറ്റമുണ്ടായി. രക്തത്തിൽ നിന്ന് പഞ്ചസാര വേർതിരിച്ചെടുക്കുന്ന രീതിയാണിത്.പ്രമേഹത്തിന്റെ യഥാർത്ഥ കാരണം രക്തത്തിൽ പഞ്ചസാര കൂടുന്നതാണെന്ന് മനസ്സിലാക്കിയതോടെ അത് കുറയ്ക്കുവാനായി പിന്നീടുള്ള ശ്രമം.1875 ൽ ബുഷർഡെറ്റ് എന്ന ഫ്രഞ്ച് ഗവേഷകനാണ് പ്രമേഹത്തെ രണ്ടായി തിരിച്ച് ചെറുപ്പക്കാരിൽ മെലിയുന്നതും മുതിർന്നവരിൽ തടിക്കുന്നതുമെന്നും ഉള്ള നിഗമനത്തിലെത്തിയത്. അത് ഏതാണ്ട് ശരിയാണെന്ന് ഇന്ന് നമുക്കറിയാം.
പ്രമേഹ അറിവുകളിൽ വിസ്ഫോടനം സൃഷ്ടിച്ച ഗവേഷക വിദ്യാർത്ഥിയാണ് പോൾ ലാംഗർ ഹാൻ. പാൻക്രിയാസിലെ ഒരു പ്രത്യേക കോശത്തിലുണ്ടാകുന്ന വസ്തു പ്രമേഹത്തിൽ പ്രധാനമെന്ന് കണ്ടെത്തി.ശേഷം 50 കൊല്ലത്തോളം കഴിഞ്ഞാണ് അത് ഇൻസുലിനാണെന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആ കോശ സമൂഹത്തെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന് പേരിട്ടു.1889 ൽ വോൺ മെറിങ് എന്ന ശാസ്ത്രജ്ഞൻ പാൻക്രിയാസിന്റെ പഠനങ്ങളിലാണ് ഇൻസുലിൻ കണ്ടെത്തുന്നത്.അദ്ദേഹം നായ്ക്കളിലെ പാൻക്രിയാസ് നീക്കം ചെയ്ത് പരീക്ഷിച്ചതിൽ നായ്ക്കൾക്ക് പ്രമേഹം ഉണ്ടാവുകയായിരുന്നു.1910 ൽ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ സ്രവം ഇല്ലാതാവുന്നതാണ് പ്രമേഹത്തിന് കാരണമെന്ന് ജീൻ ഡി മേയർ എന്ന ശാസ്ത്രജ്ഞൻ മനസ്സിലാക്കി.സ്രവത്തിന് ഇൻസുലിൻ എന്ന് പേരിട്ടതും മേയറാണ്.
ഐതിഹാസികമായ കണ്ടുപിടുത്തം നടന്നത് 1921 ൽ ടൊറന്റോ സർവ്വകലാശാലയിലാണ്. ചാൾസ് ബെസ്റ്റും ഫ്രഡറിക് ബാന്റിങും ചേർന്ന് ഇൻസുലിൻ വേർതിരിച്ചെടുത്തതോടെ പ്രമേഹരോഗികളുടെ ആയുസ്സ് കൂട്ടുന്ന അൽഭുത മരുന്ന് പിറവിയെടുത്തു.മാർജോറി എന്ന നായയിലാണ് ആദ്യമായി ഇൻസുലിൻ പരീക്ഷിച്ചത്.1922 മുതൽ ഇൻസുലിൻ പ്രമേഹത്തിന് മരുന്നായി ഉപയോഗിച്ചു തുടങ്ങി.