1894 ൽ ഡിസംബർ 24 നാണ് ആദ്യമായി ആഗോളതാപനം എന്ന സിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്.സ്വീഡനിലെ രസതന്ത്രജ്ഞനായ സാന്റേ അറീനിയസ് ആയിരുന്നു താപവർധനയുടെ ഉപജ്ഞാതാവ്.അന്തരീക്ഷവായുവിലെ C02 സാന്ദ്രതയിൽ മൂന്നിലൊന്നു മുതൽ രണ്ടിലൊന്നു വരെ കുറവുണ്ടായാൽ ഭൂഗോളമാകമാനം 4-5°വരെ തണുക്കുമെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ വെളിപ്പെടുത്തി.യൂറോപ്പിലെ ഉത്തരഭാഗങ്ങൾ ഭൂരിഭാഗവും സ്ഥിരം മഞ്ഞ് മൂടികിടക്കാൻ ഇടയാക്കുമെന്നും കണ്ടെത്തി.എട്ടു പതിറ്റാണ്ടുകൾക്കുശേഷം അന്റാർട്ടിക്കയിൽ കഴിഞ്ഞ ഹിമയുഗത്തിലെ മഞ്ഞുകട്ടകളിൽ കുടുങ്ങിയ C02 സാന്ദ്രത പരിശോധിച്ചപ്പോൾ സാന്ദ്രതനിലയും അറീനിയസിന്റെ കണക്കും തുല്യമായിരുന്നു.അന്തരീക്ഷവായുവിൽ C02 സാന്ദ്രത ഇരട്ടിക്കുമ്പോൾ താപനില 5 – 6° ഉയരുമെന്നും അദ്ദേഹം കണക്കാക്കി.ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ഫൂറിയർ അന്തരീക്ഷതാപം ആഗിരണം ചെയ്യുന്നതിനുള്ള C02 വിന്റേയും നീരാവിയുടേയും ശേഷി അടിസ്ഥാനമാക്കി ഒരു ഫോർമുല വികസിപ്പിച്ചിരുന്നു.സൂര്യനിൽ നിന്നുള്ള UV വികിരണം മുഖേന വാതകങ്ങൾ അന്തരീക്ഷം കടന്നെത്തുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.എന്നാൽ വികിരണത്തിന്റെ നല്ലൊരു പങ്കും ഇൻഫ്രാറെഡ് തരംഗങ്ങളായി പരിവർത്തനം ചെയ്യപ്പെട്ട്,C02 ഇൻഫ്രാറെഡ് വികിരണം ആഗിരണം ചെയ്ത് താപനില ഉയരുന്നത് ഫൂറിയർക്ക് അറിയില്ലായിരുന്നു. അറീനിയസാണ് ഫൂറിയറുടെ ഫോർമുല കൊണ്ട് കണക്ക് കൂട്ടൽ നടത്തിയത്.അദ്ദേഹം ഭൂമിയുടെ ഉപരിതലത്തെ ചെറു സമചതുരങ്ങളായി വിഭജിച്ച് ഓരോ കള്ളികൾക്കും സൗര വികിരണം ആഗിരണം ചെയ്യുന്നതിനും പ്രതിഫലിപ്പിക്കുന്നതിനുമുള്ള ശേഷി നിർണയിച്ചു.വിവിധ രേഖാംശങ്ങൾക്കും സീസണുകൾക്കും ബാധകമായ താപനില പ്രവചിച്ചു.
“അന്തരീക്ഷവായുവിലെ കാർബോണിക് അമ്ലത്തിനു ഭൗമ താപനിലയിലുള്ള സ്വാധീനം”എന്ന ശീർഷകത്തിൽ പ്രസിദ്ധപ്പെടുത്തിയ കണ്ടെത്തൽ 1895 ൽ സ്റ്റോക് ഹോം ഫിസിക്കൽ സൊസൈറ്റി മുമ്പാകെ സമർപ്പിച്ചു.അന്ന് അറീനിയസിനല്ലാതെ ഇക്കാര്യത്തിൽ മറ്റാർക്കും താല്പര്യം ഉണ്ടായിരുന്നില്ല.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.