12 cm വ്യാസവും 1.2 mm കനവുമുള്ള CD യുടെ പ്രധാനഭാഗം പോളികാർബണേറ്റ് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പ്രതലമാണ്.നിർമ്മാണ സമയത്ത് പഞ്ചിംഗിലൂടെ ഈ പ്രതലത്തിൽ സൂക്ഷ്മമായ പിറ്റുകൾ സൃഷ്ടിക്കപ്പെടുന്നു.CD യുടെ മധ്യഭാഗത്തു നിന്നു തുടങ്ങി പുറമേക്കു വ്യാപിക്കുന്ന തുടർച്ചയായ സ്പൈറൽ ആകൃതി ട്രാക്കിലാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്.ഇതിനു മുകളിൽ ലേസർ രശ്മിയെ പ്രതിഫലിപ്പിക്കുന്ന അലൂമിനിയത്തിന്റേയൊ മറ്റേതെങ്കിലും ലോഹത്തിന്റേയൊ നേർത്തൊരു ആവരണമുണ്ടാവും.ഇതിന്റെ സംരക്ഷണത്തിനായി പൂശുന്ന അക്രലിക് ലെയറിലാണ് CD യുടെ ലേബലും മറ്റും പ്രിൻറ് ചെയ്യുന്നത്.എന്നാൽ റെക്കോർഡബിൾ CD കളിൽ പിറ്റുകൾക്ക് പകരം ഡാറ്റ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു റിഫ്ലക്റ്റീവ് മെറ്റീരിയൽ പൂശിയിരിക്കുന്ന പ്രതലമാണുള്ളത്. CD പ്ലെയറിലും CD ഡ്രൈവിലും ലേസർ രശ്മികളുപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വായിക്കുന്നത്.ഇവയ്ക്ക് പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്.ഡിസ്ക്കുകളെ വ്യത്യസ്ത വേഗതയിൽ കറക്കുന്നതിനുള്ള മോട്ടോർ,ട്രാക്കിലെ വിവരങ്ങൾ വായിക്കുന്നതിനുള്ള ലേസർ ആൻഡ് ലെൻസ് അസംബ്ലി,ലേസർ ആൻഡ് ലെൻസ് അസംബ്ലിയെ വ്യത്യസ്ത ട്രാക്കുകളിലേക്ക് നീക്കുന്നതിനുള്ള ട്രാക്കിംഗ് മെക്കാനിസം എന്നിവയാണവ.ലേസർ രശ്മികൾ പോളി കാർബണേറ്റ് പാളിയിലൂടെ കടന്നുപോകുമ്പോൾ അലുമിനിയം ലെയറിൽ തട്ടി പ്രതിഫലിച്ച് പ്രകാശത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്ന ഒപ്റ്റൊ ഇലക്ട്രോണിക് സെൻസറിൽ പതിക്കുന്നു.പിറ്റിലൂടെ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രത അലുമിനിയം പാളിയുടെ മറ്റുഭാഗങ്ങളിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയെക്കാൾ വ്യത്യസ്തമായിരിക്കും.ഈ വ്യത്യാസം ഒപ്റ്റൊ ഇലക്ട്രോണിക് സെൻസർ തിരിച്ചറിയുകയും ചെയ്യുന്നു.
സംഗീതപ്രേമിയായ ശാസ്ത്രജ്ഞൻ ജെയിംസ് ടി റസ്സലാണ് CD കണ്ടുപിടിച്ചത്, 1965 ൽ.തന്റെ ഫോണോഗ്രാഫിന്റെ പരിതാപകരമായ അവസ്ഥയാണ് CD യുടെ കണ്ടെത്തലിന് വഴിയൊരുക്കിയത്.ആദ്യകാലങ്ങളിൽ ഓഡിയോ റെക്കോർഡ് ചെയ്യുന്നതിനു മാത്രമായിരുന്നു CD കൾ ഉപയോഗിച്ചിരുന്നത്. തുടക്കത്തിൽ വിപണിയിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാൻ CD ക്ക് ആയിരുന്നില്ല.1980 കളിൽ ഇതിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സോണി,ഫിലിപ്സ് കമ്പനികൾ നിർമ്മാണത്തിനുള്ള ലൈസൻസുകൾ കരസ്ഥമാക്കിയതോടെയാണ് CD കളും വ്യാപകമായത്.