നൂട്ടെല്ലായുടെ (Nutella) കഥ !

Share the Knowledge

article

കേരളത്തിലെ  ഇടത്തരം  കുടുംബത്തിലെ   ഒരു പിതാവ്  സ്വയം  കഴിച്ചില്ലെങ്കിലും കുട്ടികള്‍ക്ക്  ബ്രെഡില്‍ തേച്ചു കൊടുത്തിട്ടുണ്ടാവും ഈ ചോക്കലേറ്റ്  നിറമുള്ള പേസ്റ്റ് . ഏതു  സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നാലും ഒരു വരി നിറച്ച്  ഇരിപ്പുണ്ടാവും ഇത് . പറഞ്ഞു  വരുന്നത്  Nutella യെ പറ്റി  ആണ് . 3650 ലക്ഷം കിലോ Nutella യാണ്  ഒരു വര്‍ഷം ലോകമെമ്പാടും  വിറ്റഴിയുന്നത് ! മിക്ക  വിദേശ സ്കൂളുകളുടെയും പ്രഭാത മെനുവിലെ പ്രധാന  ഐറ്റം  നൂട്ടെല്ലാ തന്നെ ആണ് . ഏകദേശം  അന്‍പതില്‍  പരം വര്‍ഷങ്ങളായി  ലോക ജനതയെ ഈ പേസ്റ്റ്  തീറ്റിച്ചുകൊണ്ടിരിക്കുന്നത്  ഇറ്റാലിയന്‍  കമ്പനിയായ Ferrero ആണ് . ലോകത്തിലെ  ഏറ്റവും വലിയ മൂന്നാമത്തെ  ചോക്കലേറ്റ്  നിര്‍മ്മാതാവ്  ആണ്  ഇവര്‍.  Nutella യിലെ  പ്രധാന ഘടകമായ  ചെമ്പങ്കായ (Hazelnut) ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്ന കമ്പനിയും  ഫെരേരോ  തന്നെയാണ് . എന്നാല്‍  കാര്യങ്ങള്‍  ഇങ്ങനെയൊക്കെ  ആയി തീരാന്‍ കമ്പനി നന്ദി  പറയേണ്ടത്  രണ്ടു വ്യക്തികളോടാണ് . മറ്റാരുമല്ല ഈ രണ്ടു പേര്‍ … നെപ്പോളിയനും  ഹിറ്റ്‌ ലറും !!!

pietro-ferrero

എല്ലാത്തിനും  തുടക്കം ഇട്ടത്  1806 ലെ നെപ്പോളിയന്റെ  സൈനിക  നീക്കങ്ങള്‍  ആണ്  (War of the Fourth Coalition 1806–1807). ഈ സമയത്ത്  യൂറോപ്പിലെ  ചോക്കലേറ്റിന്റെ  വില അതി ഭീമയായി  വര്‍ധിച്ചു . മാത്രവുമല്ല  അത് തീരെ ലഭ്യമല്ലാതെ ആകുകയും ചെയ്തു . മെഡിറ്ററേനിയന്‍  ബ്രിട്ടീഷുകാര്‍  ഉപരോധിച്ചതോടെ  ഇറ്റലിയിലെ  ചോക്കലേറ്റ്  നിര്‍മ്മാതാക്കള്‍ ആകെ പ്രതിസന്ധിയില്‍  ആയി . അക്കാലത്ത്  ടൂറിനിലെ പ്രമുഖ  ചോക്കലേറ്റ്  നിര്‍മ്മാതാക്കളില്‍  ഒരാളായിരുന്ന Michele Prochet ന്  ഒരു ബുദ്ധി തോന്നി . തന്‍റെ  ഉല്പ്പന്നത്തിലെ  ചോക്കല്ട്ടിന്റെ  അളവ്  കുറച്ചു  പകരം ചെമ്പങ്കായയും  (Hazelnut), സ്വല്‍പ്പം  പഞ്ചസാരയും കൂടി  അരച്ച് ചേര്‍ത്ത്  വിറ്റഴിക്കുക !  നിറത്തിന്  നിറവും  രുചിക്ക്  രുചിയും ആയി ! ചെമ്പങ്കായ ആകട്ടെ  ടൂറിനില്‍  ധാരാളം  ലഭ്യവും ആയിരുന്നു . ധാരാളം വിറ്റഴിഞ്ഞ  ഈ  ഉല്‍പ്പന്നം ആദ്യം Gianduia എന്നറിയപ്പെട്ടു  എങ്കിലും  കാലക്രമേണ  അതിന്‍റെ  പേര്  Gianduja എന്നായി മാറി . Gianduja എന്നത് അക്കാലത്തെ  ഒരു ഇറ്റാലിയന്‍ കോമഡി കഥാപാത്രം  ആയിരുന്നു . വീണ്ടും  ഒരു നൂറ്റാണ്ട്  കഴിഞ്ഞപ്പോള്‍  രണ്ടാം  ലോക മഹായുദ്ധം ആരംഭിച്ചു . പഴയ  ചോക്കലേറ്റിന്റെ കഥ വീണ്ടും  തുടര്‍ന്നു  . എങ്ങും കിട്ടാനില്ലാത്ത  അവസ്ഥ ! ഇത്തവണ  രംഗത്തെത്തിയത്  Pietro Ferrero എന്ന ബേക്കറി  ഉടമയാണ്  . ചെമ്പങ്കായ ഉത്പാദനത്തിന്  പേര് കേട്ട    Piedmont ല്‍  ആയിരുന്നു  അദേഹത്തിന്റെ കട . കക്ഷി പഴയ  Gianduja വീണ്ടും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു (1946) . ഇത്തവണ   Pasta Gianduja എന്നായിരുന്നു  പേരിട്ടത്  (Gianduja യുടെ പേസ്റ്റ് ).  ഇത് കട്ടിയുള്ള  ഒരു പ്രോഡക്ട്റ്റ്  ആയിരുന്നു  . കത്തി വെച്ച് റൊട്ടി  മുറിക്കുന്നതുപോലെ കഷ്ണിച്ചു  ബ്രെഡിനു  ഇടയില്‍  വെച്ചാണ്  കുട്ടികള്‍ക്ക്  കൊടുത്തുകൊണ്ടിരുന്നത് . പക്ഷെ ഒരു കുഴപ്പം ! പിള്ളേര്‍  ബ്രെഡ്‌  ദൂരെയെറിഞ്ഞു  Pasta Gianduja മാത്രം കഴിക്കുവാന്‍  തുടങ്ങി ! അമ്മമാര്‍  ഇതൊരു പരാതിയായി കടയില്‍ വന്നു  പറഞ്ഞതോടെ  ഫെരേരോ  അടവ് മാറ്റി . Pasta Gianduja വയെ  ക്രീം ആക്കി  മാറ്റി . ഇപ്പോള്‍  ബ്രെഡില്‍ തേച്ചു പിടിപ്പിക്കാം. രണ്ടും കൂട്ടി കഴിച്ചാല്‍  നല്ല സ്വാദ് ! . അങ്ങിനെ Pasta Gianduja പേര് മാറ്റി “Supercrema” എന്ന പേരില്‍ വില്‍പ്പന  ആരംഭിച്ചു (1951) . 

1963 ല്‍  Ferrero മകന്‍  Michele Ferrero തങ്ങളുടെ ഈ സൂപ്പര്‍ ഫുഡ്  യൂറോപ്പ്  മുഴുവനും വിതരണം ചെയ്യുവാന്‍ തന്നെ ഉറച്ചു .  അതിന്‍റെ  ആദ്യപടിയായി   Supercrema എന്ന  പേര് മാറ്റി  Nutella എന്ന  പേര് സ്വീകരിച്ചു . “Made from Nut” എന്നാണ് Nutella എന്ന പേര് കൊണ്ട്  ഫെരേരോ ഉദ്യേശിചത് ( ഇതിന്‍റെ  ശരിയായ ഉച്ചാരണം(“nuh-tell-uh”) നട്ടെല്ലാ എന്നാണ്  പക്ഷെ ഇത് അമേരിക്കയില്‍  എത്തിയതോടെ ഉച്ചാരണം “new-tell-uh” എന്നായി  മാറി ) . ഇന്നത്തെ  രീതിയിലുള്ള  നുട്ടെല്ലായുടെ ആദ്യ ജാര്‍ ഫാക്റ്ററിയില്‍ നിന്നും പുറത്തിറങ്ങിയത്  1964  ഏപ്രില്‍ 20 നു ആയിരുന്നു . അക്കാലത്ത് ചോക്കലേറ്റിനു   Nutella യുടെ  ആറു ഇരട്ടി  വില ഉണ്ടായിരുന്നതിനാല്‍  പുതിയ ഉല്‍പ്പന്നം  യൂറോപ്പിലെങ്ങും  വ്യാപകമായി സ്വീകരിക്കപ്പെട്ടു .  ഇതിന്‍റെ  പ്രചാരത്തിനായി  “The Smearing” എന്നൊരു  പരിപാടിയും  ഇറ്റലിയില്‍  നടത്തി . ഒരു കഷ്ണം  ബ്രെഡും  ആയി ഒരു  കുട്ടി  Nutella സ്റ്റോറില്‍  ചെന്നാല്‍  ഫ്രീ ആയി അതില്‍ Nutella തേയ്ച്ചു  കൊടുക്കും !  എന്തായാലും Ferrero കമ്പനിക്കു  പിന്നെ  തിരിഞ്ഞു  നോക്കേണ്ടി  വന്നിട്ടില്ല . യൂറോപ്പുകാര്‍ മുഴുവനും Nutella കഴിച്ചു എന്ന്  ഉറപ്പു വരുത്തി ഫെരേരോ  നേരെ  അമേരിക്കയിലേക്ക്  തിരിഞ്ഞു .

 Nutella സ്റാമ്പ്

Nutella സ്റാമ്പ്

1983 ല്‍ അമേരിക്കയില്‍ എത്തിയ കമ്പനിക്കു  പക്ഷെ അവിടെ ചെറിയൊരു അമ്മളി പിണഞ്ഞു . നുട്ടെല്ലാ ഒരു “nutritious breakfast” ആണെന്ന് പരസ്യം ചെയ്തതാണ്  അബദ്ധം ആയത് . ഇതില്‍  കാര്യമായ “പോഷക ഗുണങ്ങള്‍ ” ഒന്നും ഇല്ലെന്നു കോടതിയില്‍ തെളിഞ്ഞതോടെ കമ്പനിക്കു അന്ന് മൂന്ന്  മില്ല്യന്‍  ഡോളര്‍  നഷ്ടപരിഹാരം കൊടുക്കേണ്ടി  വന്നു . മേലില്‍ ഇത്തരം “ഗീര്‍ വാണങ്ങള്‍ ” അടിക്കെരുതെന്നു  താക്കീതും കിട്ടി .  ഇത് ” രുചികരമായ ഭക്ഷണം ” എന്നതില്‍ കവിഞ്ഞു ഒന്നുമല്ല എന്നതായിരുന്നു  കോടതിയുടെ നിരീക്ഷണം . പക്ഷെ  ഉപഭോക്താക്കള്‍ Nutella യെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു .  ഇന്ന്  ലോകമെമ്പാടുമുള്ള  പതിനൊന്നില്‍  പരം  ഫാക്ടറികളില്‍  നിന്നും എഴുപത്തി അഞ്ചോളംരാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് . ഓരോ രണ്ടര സെക്കണ്ടിലും ഒരു Nutella ജാര്‍ വിറ്റുപോകുന്നു എന്നാണ് കണക്ക് ! 2005 ല്‍ നുട്ടെല്ലായുടെ നാല്‍പ്പത്തി അഞ്ചാം  വാര്‍ഷികത്തില്‍  ജര്‍മ്മനിയില്‍  നടത്തിയ പ്രഭാത വിരുന്ന് സല്‍ക്കാരത്തില്‍ 27,854 പേര്‍ ആണ് പങ്കെടുത്തത് . അതൊരു ലോക റെക്കോര്‍ഡ് ആണ്  (Largest continental breakfast -attendance). Nutella യുടെ  അന്‍പതാം  വാര്‍ഷികത്തില്‍ ഇറ്റാലിയന്‍ തപാല്‍ കമ്പനി ആയ    Poste italiane ഒരു സ്റ്റാമ്പ് തന്നെ ഇറക്കി Nutella  യെ ആദരിച്ചു !  ഇപ്പോള്‍  എല്ലാ വര്‍ഷവും  ഫെബ്രുവരി  അഞ്ചിന്  ലോക Nutella ദിനമായി  ആചരിക്കുകയാണ് കമ്പനിയും  ആരാധകരും !

ഇപ്പോഴത്തെ മേധാവി Giovanni Ferrero

ഇപ്പോഴത്തെ മേധാവി Giovanni Ferrero

അടിക്കുറിപ്പ് 

  1. 2012 ഇറ്റാലിയന്‍ സര്‍ക്കാര്‍ പാം  ഓയിലിന്‍റെ വിലയും ടാക്സും   വര്‍ദ്ധിപ്പിക്കുകയുണ്ടായി . പാം ഓയില്‍ Nutella യുടെ ഒരു പ്രധാന ഘടകം  ആയതിനാല്‍ ആ ടാക്സ്  പിന്നീട്   “the Nutella tax” എന്നാണ് പത്ര മാധ്യമങ്ങളില്‍  അറിയപ്പെട്ടത് .
  2. Nutella Ingredients: sugar, modified palm oil, hazelnuts, cocoa, skimmed milk powder, whey powder, lecithin, and vanillin
  3. രണ്ടു  ടേബിള്‍ സ്പൂണ്‍ Nutella യില്‍ 21gm ഷുഗര്‍ അടങ്ങിയിട്ടുണ്ട് ! (http://www.meghantelpner.com/blog/5-reasons-nutella-should-be-banned-from-your-breakfast-table/)

References

  1. http://www.nutellausa.com/history.htm
  2. http://www.linns.com/en/insights/international-stamps-and-postal-history/2014/05/italy-issues-nutella-stamp-for-its-50th-anniversar.html
  3. http://www.guinnessworldrecords.com/world-records/largest-continental-breakfast-(attendance)
  4. http://www.meghantelpner.com/blog/5-reasons-nutella-should-be-banned-from-your-breakfast-table
Image