എയ്തത് കിളിക്ക് .. കൊണ്ടത്‌ സ്വന്തം വയറ്റത്ത് !!!

Share the Knowledge

“If you obey all the rules you miss all the fun”  (Katharine Hepburn)

നമ്മുടെയൊക്കെ  ഉള്ളില്‍ ഉറങ്ങി കിടക്കുന്ന  ജന്മസിദ്ധമായ  പൈശാചികതക്ക്  ഒരു പ്രത്യേകതയുണ്ട് . ഒരു അവസരം  കിട്ടിയാല്‍  മാത്രമേ  “അവന്‍ ” പുറത്തേക്ക്  ചാടുകയുള്ളൂ . ഇരുപത്തിനാല്  മണിക്കൂറും  കുരച്ചുകൊണ്ടു  ഒരു വിധത്തിലും  പഠിക്കാന്‍  സമ്മതിക്കാത്ത അയല്‍വക്കത്തെ  പട്ടിയെ ” നീ  പോയി  അതിനെ തല്ലി  കൊല്ലെടാ ” എന്ന്  സ്വന്തം അച്ഛന്‍ തന്നെ  പറയുമ്പോള്‍  ഉണ്ടാകുന്ന  സന്തോഷം ! .. അപ്പോള്‍ ഉണ്ടാകുന്ന  ആ ആവേശം ! … ..പക്ഷെ  വടിയും കൊണ്ട് ഇറങ്ങിയപ്പോഴേ  ദാ  വരുന്നു  … സമാധാനപ്രേമിയായ  അമ്മ ! ” മ   നിഷാദാ ! ” ഒരു അലര്‍ച്ച  ആയിരുന്നു  അത് . പക്ഷെ എവിടെ കേള്‍ക്കാന്‍ !  “കേന്ദ്രം ‘ ഉത്തരവിട്ടാല്‍ പിന്നെ “പഞ്ചായത്ത്  പ്രസിഡന്ടിനു പിന്നെ എന്ത്  വില . പ്രതികരണ ശേഷിയില്ലാത്ത  അയല്‍ക്കാരുടെ  വാക്കുകളെ  അവഗണിച്ച്  അവന്‍ ആ കൃത്യം “ഭംഗിയായി” തന്നെ നിര്‍വ്വഹിച്ചു . ഇനി സമാധാനമായി പഠിച്ചു മിടുക്കനാവാം  എന്ന്  കരുതി  പുസ്തകം  തുറന്നതേയുള്ളൂ … അതാ  പുറത്തുനിന്നും  അനുജത്തിയുടെ  നീണ്ട  നിലവിളി ! അയല്‍വാസി  പ്രതികാരം  ചെയ്യാന്‍ എത്തിയതാവും എന്ന് വിചാരിച്ചു പുറത്തിറങ്ങിയപ്പോള്‍  കണ്ടത് ! .. കുഞ്ഞനുജത്തിയെ കടിച്ചിട്ട്‌ ഒരു പാമ്പ്‌  അതാ ഇഴഞ്ഞ്  കുറ്റിക്കാട്ടിലേക്ക്  മറയുന്നു ! കണ്ണ്  മിഴിച്ചു തരിച്ചു  നിന്ന  സമയം കൊണ്ട്  അയല്‍വാസി അവളെയും കൊണ്ട്  ആശുപത്രിയിലേക്ക്  കുതിച്ചു . ഓടിവന്ന അയല്പക്കതുകാരന്റെ  ഭാര്യയുടെ  വാക്കുകള്‍ ഒരു ചാട്ടൂളി പോലെ അവന്‍റെ  കാതുകളില്‍ പതിച്ചു …” മോനെ നമ്മുടെ ചുറ്റും കിടക്കുന്ന പറമ്പുകളിലൊക്കെ ധാരാളം  പാമ്പുകളുണ്ട് …   മോന്‍  തല്ലിക്കൊന്ന  ആ പട്ടിയുടെ കുര   കേട്ടിട്ടാണ് ഇത്രയും നാളും  അവറ്റകളൊക്കെ  ഇങ്ങോട്ട്  അടുക്കാതിരുന്നത് … ഇനി പറഞ്ഞിട്ടെന്താ ….”

1950 കളുടെ അവസാനം. ചൈനയില്‍ മാവോ  ആണ്  അധികാരത്തില്‍ (Mao Zedong). എങ്ങിനെയും ചൈനയെ ലോകമുന്‍നിരയില്‍  എത്തിക്കാനായി  അഹോരാത്രം  ആലോചനയില്‍  ആണ്  അദ്ദേഹം . അതിന്‍റെ  ആദ്യപടിയായി  Great Leap Forward എന്നൊരു പദ്ധതി  അദ്ദേഹം  ആവിഷ്ക്കരിച്ചു (1958 to 1961). എല്ലാ  മേഖലയിലും ഉള്ള മുന്നേറ്റം  ആയിരുന്നു  ലക്‌ഷ്യം . അതിന്‍റെ ഭാഗമായി  കാര്‍ഷിക മേഖല  എങ്ങിനെ മെച്ചപ്പെടുത്താം എന്ന് ചര്‍ച്ച ചെയ്യുവാനായി ഒരു യോഗം  വിളിച്ചു ചേര്‍ത്തു . ബുദ്ധിജീവികളും  ശാസ്ത്രഞ്ജരും  എല്ലാം മേശക്കു  ചുറ്റും എത്തി . ചര്‍ച്ചക്കൊടുവില്‍ ഒരു ഉഗ്രന്‍ ആശയം അവര്‍ പരിഗണിച്ചു . വീട് വൃത്തിയാക്കെണമെങ്കില്‍  ആദ്യം നിലം കഴുകി തുടയ്ക്കണം  .  കാര്‍ഷിക  മേഖല  മെച്ചപ്പെടണം  എങ്കില്‍  ഉത്പാദനം  വര്‍ധിപ്പിക്കണം . രോഗങ്ങളും മറ്റും  ഇല്ലാത്ത ആരോഗ്യമുള്ള  കര്‍ഷകര്‍ വേണം . അതിന് ആദ്യമേ  ചെയ്യേണ്ടത്  കാര്‍ഷിക മേഖലക്ക്  ഏറ്റവും ഭീഷണി  ആയ ; ചെടികളും,  കായ്കളും ,  ധാന്യങ്ങളും  തിന്ന്  നശിപ്പിക്കുന്ന,  ഒരു കൂട്ടം  ജീവികളെ  ഉന്മ്മൂലനം  ചെയ്യണം . ആരൊക്കെ ആണ്  ആ ജീവികള്‍ ? എലികള്‍ , വണ്ട് മുതലായ കീടങ്ങള്‍ , രോഗം പരത്തുന്ന കൊതുകുകള്‍ , പിന്നെ ധാന്യങ്ങള്‍  തിന്നുന്ന  കുരുവികള്‍ ! അടിപൊളി !!!! എല്ലാവരും എഴുന്നേറ്റു  നിന്ന്  കരഘോഷം  മുഴക്കി  പുതിയ പദ്ധതി ഉത്ഘാടനം  ചെയ്തു . പദ്ധതിക്ക്  ഒരു പേരും കിട്ടി “The Four Pests campaign” !  കാട്ടില്‍ ആനകളുടെ എണ്ണം  കൂടി . അതുകൊണ്ട്  നാട്ടുകാരൊക്കെ  കാട്ടില്‍ കയറി  ആനയെ കൊന്നോള്ളൂ  എന്ന് നമ്മുടെ സര്‍ക്കാര്‍ പറഞ്ഞാല്‍  എന്താവും  സ്ഥിതി ? അത് തന്നെ  ചൈനയിലും സംഭവിച്ചു !

Four Pests Campaign

നാടായ  നാട്  മുഴുവനും  പോസ്റ്ററുകള്‍ നിരന്നു . പ്രാദേശിക സര്‍ക്കാര്‍  ഓഫീസുകളിലും  സ്കൂളുകളിലും സെമിനാറുകളും , എലികളെയും  കിളികളെയും  കൊല്ലുവാനുള്ള വിവിധ പരിശീലന  പരിപാടികളും  അരങ്ങേറി . മാവേലെറിഞ്ഞ്  നടന്ന പിള്ളേരൊക്കെ  “ടാര്‍ഗറ്റ് ‘ മാറി പിടിച്ചു . ഒന്നിനും കഴിയാത്ത വൃദ്ധരും  കുട്ടികളും, ചെണ്ടകളും  പാട്ടകളും ആയി  നിരത്തിലിറങ്ങി . കിളികളെ  നിലം തൊടാന്‍ സമ്മതിക്കാതെ ശബ്ധകൊലാഹലങ്ങള്‍ കൊണ്ട്  തെരുവ്  വീഥികള്‍ ഉത്സവപറമ്പായി മാറി . കൊല്ലുന്ന  കുരുവികളുടെയും  എലികളുടെയും  തൂക്കം  അനുസരിച്ച്  വിവിധ പാരിതോഷികങ്ങള്‍  പ്രഖ്യാപിച്ചു .  ഇതിനിടെ സര്‍ക്കാര്‍ “ഉദ്യേശിക്കാത്ത” കുറെ രീതികള്‍  നാട്ടുകാര്‍ വികസിപ്പിച്ചെടുത്തു . ചെടികളിലും മറ്റും  വിഷം പുരട്ടല്‍  ആയിരുന്നു  അത് . ആ ഇലകളും കായ്കളും കഴിക്കുന്ന  കുരുവികള്‍ അവിടെ തന്നെ ചത്ത്‌ വീഴും ! Eurasian tree sparrow  എന്ന കിളികള്‍  ആണ്  കൂടുതലും  ആക്രമണ വിധേയര്‍ ആയത് . ചൈനീസ്  സയന്റിസ്റ്റുകളുടെ കണക്കു കൂട്ടലില്‍ ഈ വിഭാഗത്തില്‍ പെടുന്ന  ഒരു കുരുവി 4.5 kg ധാന്യം ഒരു വര്‍ഷം അകത്താക്കും . അങ്ങിനെ എങ്കില്‍  ഒരു മില്ല്യന്‍  കുരുവികളെ  കൊന്നാല്‍  ഏകദേശം  60,000 പേര്‍ക്കുള്ള ഭക്ഷണം നമ്മുക്ക് സേവ് ചെയ്യാം ! ഇതൊക്കെ കേട്ട് കോള്‍മയിര്‍ കൊണ്ട ജനം Eurasian tree sparrow യെ തിരഞ്ഞു പിടിച്ചു തല്ലി കൊല്ലാന്‍ തുടങ്ങി ! കുരുവികളുടെ കൂടുകള്‍ കണ്ടെടുത്തു തീയിട്ടു ……മുട്ടകള്‍ തല്ലിപ്പൊട്ടിച്ചു … കുഞ്ഞുങ്ങളെ ചവിട്ടിയരച്ചു …..! അങ്ങിനെ ഏകദേശം നൂറു മില്ല്യന്‍  Eurasian tree sparrow കളെ ജനങ്ങള്‍  കൊന്നു തീര്‍ത്തു ! Xincheng ജില്ലയില്‍ ഒരൊറ്റ ദിവസം തന്നെ ഔദ്യോഗിക കണക്കു  അനുസരിച്ച് 194,432 കുരുവികളെ കൊന്നു എന്നാണ്  Shanghai യിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് . (കൊല്ലുന്നതിന്  പാരിതോഷികം  പ്രഖ്യാപിച്ചിരുന്നതിനാല്‍ കണക്കെടുപ്പ് എളുപ്പം ആയിരുന്നു ) .

അങ്ങിനെ അവസാനം മാനം തെളിഞ്ഞു ! ശല്യക്കാരായ  കുരുവികള്‍ ഇല്ലാത്ത ഒഴിഞ്ഞ  ആകാശം നിശ്ചലമായതായി  ചിലര്‍ക്കെങ്കിലും  തോന്നി . എലികളില്ലാത്ത കൃഷിയിടങ്ങള്‍ എതിരാളികളില്ലാതെ തല ഉയര്‍ത്തി നിന്നു . അങ്ങിനെ എല്ലാം ശാന്തമായി . മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രഭാതം …. വിശാലവും ശൂന്യവും ആയിരുന്ന ആകാശംഅതാ ഇരുണ്ടു വരുന്നു !!  മഴയാണോ ? അല്ല ! പിന്നെ ? ആകാശത്ത്  വന്നു കൂടിയ ആ കറുത്ത മേഘം  താഴേക്കു ഒരൊറ്റ വീഴ്ച ! …….കണ്ടു നിന്നവര്‍ വിളിച്ചു കൂവി …. വെട്ടുക്കിളി !!!!!!  വന്നു വീണയിടം  വെളുപ്പിച്ചു  മടങ്ങുന്ന വെട്ടുക്കിളികള്‍ ചൈനീസ്  പാടശേഖരങ്ങളെ  മൂടി . വെട്ടുക്കിളികളുടെ കണ്ണില്‍പെടാതെ രക്ഷപെട്ട കൃഷിചെടികളെ പുഴുക്കളും വണ്ടുകളും ആക്രമിച്ചു . കിളികളെ കൊല്ലാന്‍ തളിച്ച വിഷം ശരിക്കും പ്രവര്‍ത്തിച്ചു തുടങ്ങി . പഴങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങള്‍ ഉണങ്ങാന്‍  തുടങ്ങി !

great sparrow campaign dead

അങ്ങിനെ ചൈന കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ കൊടിയ വരള്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തി . തങ്ങള്‍ കൊന്നു തീര്‍ത്ത  Eurasian tree sparrow എന്ന  സാധു കുരുവി ധാന്യങ്ങള്‍ മാത്രമല്ല , പുഴുക്കളെയും വണ്ടുകളെയും വെട്ടുകിളികളെയും തിന്നുമായിരുന്നെന്നു ചൈനീസ് ജനത അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത് . എതിരാളികളില്ലാത്ത യുദ്ധഭൂമിയില്‍  പുഴുക്കളും വണ്ടുകളും വെട്ടുകിളികളും അഴിഞ്ഞാടി . തെറ്റ് മനസ്സിലായ സര്‍ക്കാര്‍ കൊല്ലേണ്ട ലിസ്റ്റില്‍ നിന്നും കുരുവികളെ ഒഴിവാക്കി  പകരം പുഴുക്കളെയും മൂട്ടകളെയും കൂട്ടി ചേര്‍ത്ത്  ലിസ്റ്റ്  അപ്ഡേറ്റ് ചെയ്തു ! പക്ഷെ കാര്യങ്ങള്‍ വളരെ താമസിച്ചു പോയിരുന്നു . വിളിച്ചു വരുത്തി ക്ഷമ ചോദിക്കാന്‍ മരുന്നിനു പോലും ഒരു Eurasian tree sparrow യെ ആരും കണ്ടില്ല !  രാജ്യം കണ്ട കൊടും പട്ടിണിയില്‍ (Great Chinese Famine, 1959–1961) ഏകദേശം മുപ്പതു മില്ല്യന്‍ ജനങ്ങള്‍ ആണ് മരണമടഞ്ഞത് !  (ഔദ്യോഗിക കണക്കു അനുസരിച്ച്  പതിനഞ്ച് മില്ല്യനും  പത്രപ്രവര്‍ത്തകരുടെ (By Chinese journalist Yang Jisheng )  കണക്കു അനുസരിച്ച് 40 മില്ല്യനും). സര്‍ക്കാരിന്റെ ധാന്യ ശേഖരത്തില്‍  നിന്നും ജനങ്ങള്‍ക്ക്‌  കൊടുത്തിരുന്നുവെങ്കില്‍ ഇത്രയും മരണം ഉണ്ടാവില്ലായിരുന്നു എന്ന് ഒരു ആരോപണം ഉണ്ട് .

Eurasian tree sparrow

Eurasian tree sparrow

“Three Bitter Years” എന്നാണ് ഈ വര്‍ഷങ്ങളെ ഔദ്യോഗിക മാധ്യമങ്ങള്‍  വിശേഷിപ്പിക്കുന്നത് . ഇത്രയും വലിയ ദുരന്തം ഉണ്ടായതിനു  കാരണം മുപ്പതു ശതമാനം പ്രകൃതി ദുരന്തങ്ങളും ബാക്കി എഴുപതു ശതമാനവും ഉണ്ടാക്കിയത് കാര്യക്ഷമത ഇല്ലാത്ത  അന്നത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ആണെന്നാണ്‌  ഇപ്പോള്‍ ചിലര്‍ വിലയിരുത്തുന്നത് . മാവോ ഒറ്റക്കെടുത്ത തീരുമാനങ്ങള്‍ ആണ്  “The Four Pests campaign” പോലെ പലതും എന്നും ഇപ്പോള്‍ ആരോപണങ്ങള്‍ ഉണ്ട് . വ്യാവസായിക മുന്നേറ്റം കൈവരാന്‍ കൃഷിക്കാരെ വ്യവസായ ശാലകളില്‍ പണിയെടുപ്പിച്ചതും മറ്റും ഇതിനൊരു കാരണം ആവാം . 1959 ല്‍ ഉണ്ടായ മഞ്ഞ നദിയിലെ (Huang He) ജലപ്രളയം ദുരന്തത്തിന്  ആക്കം കൂട്ടി .  പക്ഷെ ഇതെല്ലാം പ്രകൃതിയെ ആക്രമിച്ചതിന്  പ്രകൃതിയുടെ  തിരിച്ചടി ആയി ആണ്  സാധാരണ ചൈനീസ് കര്‍ഷകര്‍ കാണുന്നത് .

കൂടുതല്‍ എഴുതി മടുപ്പിക്കുന്നില്ല . എത്ര അനുഭവങ്ങള്‍ ആയാലും പാഠം പഠിക്കാത്ത മനുഷ്യന്‍റെ ജന്മ സ്വഭാവത്തിന്  1998 ജൂണ്‍ 19 നു Chongqing ലെ Southwest Agricultural University സാക്ഷിയായി !  വീണ്ടുമൊരു  Four Pests campaign നുള്ള ആഹ്വാനമാണ്  ജനങ്ങളെ ഞെട്ടിച്ചത് ! ഇത്തവണ കുരുവിയെ ഒഴിവാക്കി പകരം പാറ്റയെ  ചേര്‍ത്തു അത്രതന്നെ !!!!

  1. 2004 ല്‍ Severe acute respiratory syndrome (SARS) തടയുന്നതിനായി  ദക്ഷിണ ചൈനയില്‍ പതിനായിരക്കണക്കിന്  civet cats, badgers, raccoon dogs തുടങ്ങിയ മൃഗങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു .
  2. ഇങ്ങ് കേരളത്തില്‍ 2014 ല്‍ പക്ഷിപനി ആരോപിച്ചു പതിനായിരക്കണക്കിന്  താറാവുകളെ കൂട്ടക്കൊല ചെയ്തു .
  3. ഇപ്പോള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 20 നു World Sparrow Day ആയി ആചരിക്കുന്നു

References

  1. http://io9.com/5927112/chinas-worst-self-inflicted-disaster-the-campaign-to-wipe-out-the-common-sparrow
  2. http://www.mnn.com/earth-matters/animals/stories/the-great-sparrow-campaign-was-the-start-of-the-greatest-mass
  3. https://en.wikipedia.org/wiki/Great_Chinese_Famine
  4. http://www.independent.co.uk/arts-entertainment/books/news/maos-great-leap-forward-killed-45-million-in-four-years-2081630.html
  5. https://en.wikipedia.org/wiki/Four_Pests_Campaign
  6. http://www.madhyamam.com/news/326286/141130

Creative Commons License
http://www.palathully.com by Julius Manuel is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.

Image