ഒരു നിധി വേട്ട !!!!

Share the Knowledge

curseofoakisland_s3_2015_hero_b-H

1795 ലെ ഒരു രാത്രി . കാനഡയിലെ  Nova Scotia യിലെ  കടല്‍ തീരം . Daniel McGinnis എന്ന  ചെറുപ്പകാരന്‍ (16-18)  തന്‍റെ ഫിഷിംഗ്  ബോട്ടില്‍  ഏകനായി  ഇരിക്കുകയാണ്  .  എങ്ങും  ഇരുട്ട്  തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആണ്  ഡാനിയേല്‍ ആ കാഴ്ച്ച  കണ്ടത് !  അങ്ങ്  എതിര്‍ വശത്ത്  കടലില്‍  നിന്നും  ഒരു  വെളിച്ചം !  ഇടക്ക്  മിന്നുന്നുണ്ടോ  എന്നൊരു  സംശയം . അതെ അത്  അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള  ഒരു ചെറു ദ്വീപില്‍  നിന്നാണ്  ആ വെളിച്ചം  വരുന്നത് .  ആരോ  പന്തമോ റാന്തലോ മറ്റോ  കത്തിച്ച്  പിടിച്ചിട്ടുണ്ട് .  ആ തുരുത്തില്‍  ആരും താമസിക്കുന്നില്ല  എന്ന്  ഡാനിനു അറിയാം . പിന്നെ  ആരാണ്  ? പക്ഷെ ഇപ്പോള്‍  അങ്ങോട്ട്‌  പോകുന്നത്  ബുദ്ധിയല്ല  . വെളുക്കട്ടെ  എന്നിട്ട്  നോക്കാം എന്നുറച്ച്  വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള  ആകാംക്ഷ മൂലം   അതിരാവിലെ  തന്നെ  ആ ചെറുപ്പകാരന്‍ ദ്വീപിലേക്ക്  തിരിച്ചു . താന്‍ സ്ഥിരമായി ബോട്ടില്‍  പോകുമ്പോള്‍  കാണാറുള്ള ഓക്ക്  മരത്തിന്‍റെ  അടുക്കല്‍  നിന്നാണ്  രാത്രിയില്‍  വെളിച്ചം  വന്നതെന്ന്  ഡാനിനു അറിയാമായിരുന്നു . അവിടെ ചെന്നപ്പോള്‍  ആദ്യം പ്രത്യേകിച്ചൊന്നും  കണ്ടില്ല . പക്ഷെ മരത്തിന്‍റെ  തൊലി ഇളകിയിട്ടുണ്ട്‌ . സൂക്ഷിച്ചു  നോക്കിയപ്പോള്‍  കയറിട്ടു  വലിച്ചതാണ്  എന്ന് മനസ്സില്‍  ആയി . മുകളിലേക്ക്  നോക്കിയപ്പോള്‍  ചിത്രം പൂര്‍ണ്ണമായി  . കപ്പിയും   കയറും കൊളുത്തുമൊക്കെ  അവിടെ തന്നെ ഉണ്ട് . എന്തോ വലിച്ചു  കയറ്റാനോ  അല്ലെങ്കില്‍  ഇറക്കാനോ ശ്രമിച്ചതാണ് . തൊട്ടടുത്ത്‌  സാമാന്യം  വലിപ്പമുള്ള  ഒരു കുഴി കൂടി  കണ്ടപ്പോള്‍ ഡാനിയേലിന്റെ  തലക്കുള്ളിലൂടെ  മിന്നല്‍ പിണര്‍  പാഞ്ഞു ! അമ്മ പറഞ്ഞു തന്ന കടല്‍ കൊള്ളക്കാരുടെ  കഥകള്‍ കണ്‍മുന്നിലൂടെ  മിന്നി  മറഞ്ഞു . ഇവിടെ ആരോ  കൊള്ളമുതല്‍  കുഴിച്ചിട്ടിട്ടുണ്ട് ! അതറിയാവുന്ന ആരോ തലേ  രാത്രിയില്‍ അതെടുക്കാന്‍ ശ്രമിച്ചതാണ് ! പിന്നെ  ഒട്ടും  താമസിച്ചില്ല  നേരെ വീട്ടിലേക്ക്  കുതിച്ചു . തന്‍റെ  ഏറ്റവും അടുത്ത  രണ്ടു കൂട്ടുകാരോട്  വിവരങ്ങള്‍ ധരിപ്പിച്ചു . സംഭവം  കേട്ട  അവര്‍ കുഴിക്കുവാന്‍  ആവശ്യമായ  ഉപകരണങ്ങളും  എടുത്തുകൊണ്ടു  ഡാനിയേലിനെയും  കൂട്ടി  വീണ്ടും ദ്വീപില്‍ എത്തി .

The ‘Money Pit’ on Oak Island in 1947

The ‘Money Pit’ on Oak Island in 1947

അവര്‍ കണ്ട  കുഴിക്ക്  ഏകദേശം അഞ്ചു മീറ്ററോളം വ്യാസം ഉണ്ടായിരുന്നു . തലേന്ന്  ആരൊക്കെയോ  കിളക്കുകയും ഇറങ്ങുകയും കയറുകയും ചെയ്തതിന്‍റെ  പാടുകള്‍  ദ്രിശ്യമായിരുന്നു . രണ്ടും കല്‍പ്പിച്ചു  അവര്‍ കുഴിയിലേക്കിറങ്ങി . അവിടെ നിന്നും  വീണ്ടും ഒന്നര മീറ്ററോളം അവര്‍ വീണ്ടും കുഴിച്ചു . അപ്പോള്‍ ഒരു പാവുകല്ല്‌ ( flagstones) ദ്രിശ്യമായി. നിധി കുഴിച്ചിട്ടവര്‍ സ്ഥാപിച്ച  സ്ലാബ്  ആണ് ! ആവേശ പൂര്‍വ്വം  അത് തകര്‍ത്തു  വീണ്ടും കുഴിച്ചു . മൂന്ന് മീറ്ററോളം ചെന്നപ്പോള്‍  അതാ വിറകുതടികള്‍  അടുക്കി  വെച്ചിരിക്കുന്നു ! വര്‍ഷങ്ങള്‍ക്ക്‌ ശേഷം വന്ന് വീണ്ടും നിധി എടുക്കാന്‍  ശ്രമിക്കുമ്പോള്‍  തങ്ങള്‍ കുഴിക്കുന്ന  ദിശ  ശരിയാണോ  എന്നറിയാന്‍ കൊള്ളക്കാര്‍  ചെയ്യുന്ന ഒരു  പണി ആണിത് . അത്ര എളുപ്പം ദ്രവിക്കാത്ത  ഡ്രിഫ്റ്റ് വുഡ്  ആണ്  ഇതിനു ഉപയോഗിക്കുന്നത് . ശ്രദ്ധാപൂര്‍വ്വം  അതെല്ലാം  മാറ്റിയ ശേഷം  വീണ്ടും  കുഴിക്കല്‍ തുടര്‍ന്നു . ആറാം മീറ്ററിലും  ഒന്‍പതാം  മീറ്ററിലും  വീണ്ടും  മരക്കുറ്റികള്‍  പ്രത്യക്ഷപ്പെട്ടു ! (കൃത്യമായ ഇടവേളകള്‍ ! ) . പക്ഷെ  ഇനിയും  താക്കണമെങ്കില്‍ തങ്ങളുടെ കയ്യില്‍ ഉള്ള ഉപകരണങ്ങള്‍  മതിയാവില്ല  എന്നും  കൂടുതല്‍  പണം ആവശ്യമാണ്‌  എന്നും   അവര്‍ക്ക് മനസ്സില്‍  ആയി .  ഈ വിവരം  ആരോടും  പറയരുതെന്നും  പണവും ഉപകരണങ്ങളും ആളുകളും  കൂട്ടി  വീണ്ടും ഇവിടെ എത്തും  എന്ന്  പ്രതിജ്ഞ ചെയ്ത ശേഷം ആ കൂട്ടുകാര്‍ അവിടം വിട്ടു .  വീണ്ടും എട്ട് ഒന്‍പതു    വര്‍ഷങ്ങള്‍ക്ക്‌  ശേഷമാണ്  അവര്‍  അവിടേക്ക് വീണ്ടും  എത്തിയത് . ഇത്തവണ  കൂടെ Simeon Lynds എന്ന  ബിസിനസുകാരനും  ഉണ്ടായിരുന്നു . പ്രാദേശിക  ലേബര്‍ ഓഫീസിന്‍റെ പിന്തുണ  കൂടി ലഭിച്ചതോടെ  ആവേശപൂര്‍വ്വം  കുഴിക്കല്‍  വീണ്ടും  ആരംഭിച്ചു . ഇവരുടെ കൂട്ടിന്  Onslow Company  എന്നൊരു ഗ്രൂപ്പും എത്തി .  ഇത്തവണ ആദ്യ ഘട്ടത്തില്‍  പതിനെട്ടു  മീറ്റര്‍ വരെ കുഴിച്ചു . പഴയതുപോലെ  മൂന്നു  മീറ്റര്‍  ഇടവിട് ഇടവിട്ട്‌  അടുക്കി വെച്ച  മരക്കുറ്റികള്‍  പ്രത്യക്ഷപ്പെട്ടുകൊണ്ടേ  ഇരുന്നു ! 21 മീറ്റര്‍ കഴിഞ്ഞപ്പോള്‍ വലിയ  ഒരു  ഓക്കുമര പലക  കണ്ടു.  ചുണ്ണാമ്പു  പശ കൊണ്ട്  അത് ഉറപ്പിച്ചിരുന്നു . 24ആം  മീറ്ററിലും ഇത്  ആവര്‍ത്തിച്ചു . ആളുകളുടെ  താല്‍പ്പര്യം കുറഞ്ഞു  തുടങ്ങി . പക്ഷെ 27.4 മീറ്റര്‍  എത്തിയപ്പോള്‍  കാര്യങ്ങള്‍  വേറൊരു  തലത്തില്‍ എത്തി ! രഹസ്യ ലിഖിതം  അടങ്ങിയ ഒരു കല്ല്‌  അവിടെ നിന്നും  ലഭിച്ചു ! അതോടെ  ഏതോ ഒരു വന്‍ കൊള്ള  മുതലിന്റെ  മുകളില്‍  ആണ് തങ്ങള്‍  നില്‍ക്കുന്നത് എന്ന് അവര്‍ക്ക്  തോന്നി തുടങ്ങി .

Forty Feet Below Two Million Pounds Are Buried

“Forty Feet Below Two Million Pounds Are Buried”

ഡാനിയേലിന്റെ  കൂട്ടുകാരില്‍ ഒരുവനായിരുന്ന  ജോണ്‍ സ്മിത്ത് , ആ കല്ലില്‍  എഴുതിയിരുന്ന  രഹസ്യ ഭാഷ  ഡിക്രിപ്റ്റ്  ചെയ്യിച്ചു . അതില്‍  എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു . ” നാല്‍പ്പതു  മീറ്റര്‍ താഴ്ചയില്‍  രണ്ടു  മില്ല്യന്‍  പൌണ്ട്സ്  കുഴിച്ചിട്ടിട്ടുണ്ട് ! ” (Forty Feet Below Two Million Pounds Are Buried) . രാത്രിയായത്തോടെ അന്നെത്തെ കുഴിക്കല്‍ ഉപേക്ഷിച്ചു  സംഘം  മടങ്ങി  . പിറ്റേന്ന് ഞായര്‍ ആയിരുന്നു  . തിങ്കളാഴ്ച  ആവേശ പൂര്‍വ്വം  ദ്വീപിലെത്തിയ  അവര്‍ കണ്ടത് നിരാശാജനകമായ  ഒരു കാഴ്ച്ച ആയിരുന്നു . തങ്ങള്‍  കുഴിച്ച  കുഴി മുഴുവനും  കടല്‍ വെള്ളം  കയറി നിറഞ്ഞിരിക്കുന്നു ! ഏകദേശം പത്തു മീറ്റര്‍ താഴ്ച്ച വരെ ജലം  നിറഞ്ഞിട്ടുണ്ട്‌ . വെള്ളം  ഏതുവഴി വന്നു എന്ന് മാത്രം  മനസ്സില്‍ ആയില്ല . വെള്ളം വറ്റിക്കാനുള്ള  എല്ലാ  ശ്രമങ്ങളും  നടത്തിയെങ്കിലും  അതെല്ലാം  പരാജയപ്പെട്ടു . അതോടെ ആ ഉദ്യമം പരാജയപ്പെട്ടു . ഒരു വര്‍ഷത്തിനു ശേഷം  ശ്രമം പുനരാരംഭിച്ച സ്മിത്ത് , ഇത്തവണ  പഴയ കുഴിക്കടുത്തു  മറ്റൊരു  ടണല്‍ നിര്‍മ്മിച്ച്‌  ജലം അതിലേക്കു  ഒഴുക്കാന്‍  ശ്രമിച്ചു . പക്ഷെ 33.5 മീറ്റര്‍  എത്തിയപ്പോഴേക്കും  പുതിയ ടണല്‍ ഇടിയുകയും രണ്ടിലും ജലം  വീണ്ടും  നിറയുകയും ചെയ്തു . ജോലിക്കാര്‍  കഷ്ടിച്ചാണ് രക്ഷപെട്ടത് . അതോടെ പ്രകൃതി തനിക്കു എതിരാണെന്ന്  മനസ്സിലാക്കിയ സ്മിത്ത്  തന്‍റെ ശ്രമം  എന്നന്നേക്കുമായി  ഉപേക്ഷിച്ചു .

A memorial dedicated to those who lost their lives while searching for the mysterious treasure on Oak Island

A memorial dedicated to those who lost their lives while searching for the mysterious treasure on Oak Island

അനേക വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1849 ല്‍ Truro Company എന്നൊരു ഗ്രൂപ്പ്  നിധി  കണ്ടെത്തല്‍ പുനരാരംഭിച്ചു . 26 മീറ്റര്‍ വരെ വിജയകരമായി  കുഴിച്ചെങ്കിലും വീണ്ടും  തണലില്‍ ജലം നിറഞ്ഞു തുടര്‍ പര്യവേഷണം അസാധ്യമാക്കി . 1861 ല്‍ ഈ ദൗത്യം പിന്നീട്  ഏറ്റെടുത്തത് Oak Island Association ആണ് . ആപ്പോഴേക്കും  ഈ കുഴിക്ക്   ആളുകള്‍  “Money Pit” എന്ന  പേര് നല്‍കിയിരുന്നു . അസോസിയേഷന്‍ കാരുടെ കുഴിക്കലില്‍ ആണ്  ഈ കുഴിയുടെ  ചരിത്രത്തിലെ  എറ്റവും വലിയ അപകടം സംഭവിച്ചത് . കുഴിയുടെ  അടിവശം താഴേക്കു ഇടിഞ്ഞ് തകര്‍ന്നു  വീണു !  ഇതൊരു ട്രാപ് ആണ്  എന്നാണ്  ” നിധി  വിദഗ്ദര്‍ ” പറയുന്നത്‌  . നമ്മള്‍ ആനയെ പിടിക്കാന്‍ വേണ്ടി പണ്ട് വെച്ചിരുന്ന  വാരിക്കുഴി പോലെ ഒന്ന് . പക്ഷെ ഇത് ഭൂമിക്കടിയില്‍ ആണെന്ന്  മാത്രം ! വലിയ കുഴിയുടെ നടുവില്‍ പലക കഷ്ണങ്ങളും മരക്കുറ്റികളും കുറുകെ  വെച്ച്  ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി  നിധിപ്പെട്ടികള്‍  അതില്‍  വെയ്ക്കും . ഇതറിയാതെ  നിധി എടുക്കാന്‍ ഇറങ്ങുന്നവര്‍ നിധിയോടൊപ്പം  കൂറ്റന്‍ ഗര്‍ത്തത്തിലേക്ക്  പതിക്കും ! അങ്ങിനെ എങ്കില്‍  ഈ പേടകങ്ങളും  താഴേക്കു  പോയി കാണും എന്ന്  ചിലര്‍  സംശയിച്ചു . ഉദ്യമത്തില്‍ നിന്നും പിന്‍മാറണോ എന്ന്  സംശയിച്ചു  നിന്ന സമയത്താണ്  പമ്പിംഗ് എഞ്ചിന്റെ  ബോയിലര്‍  പൊട്ടിത്തെറിച്ച്  ഒരാള്‍  കൊല്ലപ്പെട്ടത് . ഓക്ക്  ഐലണ്ട്  എന്നറിയപ്പെടുന്ന  ആ ദ്വീപിലെ  ആദ്യത്തെ “നരബലി ” ! അതോടെ Oak Island Association കെട്ടു കെട്ടി (1864).

map-oak-island

പിന്നീട് അങ്ങോട്ട്‌ പര്യവേഷക  സംഘങ്ങളുടെ  ഘോഷയാത്ര  ആയിരുന്നു . പക്ഷെ ഒന്നും ഫലം കണ്ടില്ല . അതിനിടക്ക്  1897 ല്‍ മറ്റൊരാള്‍ നിധി ഖനനതിനിടയില്‍  അപകടത്തില്‍പെട്ടതോടെ മരണം രണ്ടായി . 1909 ല്‍ പിന്നീട് അമേരിക്കന്‍  പ്രസിഡണ്ട്  ആയ റൂസ്‌വെല്‍റ്റും (Franklin Roosevelt ) നിധി തപ്പി ഇവിടെ എത്തിയിരുന്നു . 1931  ല്‍ William Chappell ആണ്  ഓക്ക്  ഐലണ്ട്  നിധി പര്യവേഷണത്തില്‍  ശ്രദ്ധേയമായ ഒരു കാല്‍ വെപ്പ്  നടത്തുന്നത് .  അദ്ദേഹം , ആദ്യ കുഴിയില്‍ നിന്നും കുറച്ചു തെക്ക് പടിഞ്ഞാറ് മാറി അമ്പതു മീറ്റര്‍ താഴ്ചയില്‍ മറ്റൊരു ടണല്‍ കുഴിച്ചു . ( ഇത് ഇപ്പോള്‍  Borehole 10-x എന്നാണ് അറിയപ്പെടുന്നത് ).  39 m കുഴിച്ചപ്പോള്‍ കുറച്ചു മണ്‍കലങ്ങളും ചില  ആയുധങ്ങളും ചാപ്പലിനു കിട്ടിയിരുന്നു . പക്ഷെ ഇതൊക്കെ 1795 ലെ ഡാനിയേലിന്റെ  കണ്ടുപിടുത്തത്തിന് മുന്‍പ് നടന്ന  നിധി വേട്ടകളുടെ ശേഷിപ്പുകള്‍  ആവാം എന്നാണ്  വിദഗ്ദമതം . 1965 ല്‍ Robert Dunfield ഉം  കുടുംബവും 70 ടണ്ണിന്റെ  കൂറ്റന്‍ ക്രെയിന്‍  ദ്വീപില്‍ എത്തിച്ച് കുഴിക്കല്‍  തുടര്‍ന്നെങ്കിലും നാല്  തൊഴിലാളികളുടെ  അപകട മരണങ്ങളില്‍ ആണ്   അത്  അവസാനിച്ചത്‌ ! 1967 ല്‍ Triton Alliance Ltd എന്ന കമ്പനി കുഴിയുടെ അടിയില്‍ ക്യാമെറ എത്തിച്ചെങ്കിലും  വെളിച്ചത്തിന്‍റെ അപര്യാപ്ത്തത മൂലം പ്രയോജനപ്പെട്ടില്ല .

Dan Blankenship is lowered into Borehole 10X

Dan Blankenship is lowered into Borehole 10X

ഇതിനിടെ  Oak Island നിധിയെപ്പറ്റി അനേകം  കഥകള്‍  രൂപപ്പെട്ടിരുന്നു . അന്യഗ്രഹജീവികള്‍ , കടല്‍ കൊള്ളക്കാരായ  ക്യാപ്ടന്‍ കിഡ്  (William Kidd), Edward Teach (Blackbeard) എന്നിവര്‍ , അമേരിക്കന്‍ വിപ്ലവകാലത്തെ  ബ്രിട്ടീഷ് ട്രൂപ്പുകള്‍ ,  ഫ്രീ മേസണ്‍സ് , Knights Templar , വൈക്കിങ്ങുകള്‍  തുടങ്ങിയവര്‍ക്കൊക്കെ  ഇനിയും കണ്ടെടുക്കാത്ത ഈ  നിധിയുടെ  പ്രിതൃത്വം പലരും ആരോപിച്ചു . ബൈബിളിലെ വാഗ്ദാന പേടകം ഇവിടെയാണ്‌  ഉള്ളതെന്ന്  പോലുമുള്ള  കഥകള്‍ പ്രചാരത്തിലായി . ഓസ്ട്രിയന്‍  രാജ്ഞിയായിരുന്ന Marie Antoinette യുടെ രത്നങ്ങള്‍ ഇവിടെയാണ്‌  ഉള്ളതെന്ന കഥക്കും  വ്യാപകമായ  അംഗീകാരം ലഭിച്ചു . ഇതിനിടെ ഷേക്സ്പിയറിനും  കിട്ടി  ഒരു പണി ! ഷേക്സ്പിയര്‍  എഴുതിയ  കൃതികള്‍ ഒക്കെയും Francis Bacon എഴുതിയതാണെന്നത്തിനുള്ള  തെളിവുകളും  രേഖകളും ഇവിടെ (https://en.wikipedia.org/wiki/Baconian_theory_of_Shakespeare_authorship )കുഴിച്ചിട്ടിരിക്കുകാണെന്നും ഉള്ള  കഥകളും പ്രചരിച്ചു . മറ്റൊരു  രസകരമായ ആരോപണം , ഈ നിധിക്കുഴിയില്‍  ഒരു ചെറു കപ്പല്‍ കുത്തനെ  കുഴിച്ചിട്ടിരിക്കുകയാണ്  എന്നതാണ് ! ഓരോ  മൂന്ന് മീറ്ററുകള്‍  കൂടുമ്പോഴും  കാണുന്ന  തടിപ്പലകകള്‍  തുഴക്കാര്‍  ഇരിക്കുന്ന  പടികള്‍ ആണത്രേ ! എന്നാല്‍ ശരിക്കും നിധി ഉണ്ടെന്നും എന്നാല്‍ അടുത്തുള്ള  മറ്റേതോ  സ്ഥലത്ത്  ആവാം എന്നും ഒരു  അഭിപ്രായം  ഉണ്ട് . കാരണം കുഴിയില്‍ നിന്നും  കണ്ടെടുത്ത ലിഖിതം തന്നെ . ആരെങ്കിലും ഇവിടെ നിധി ഉണ്ട് എന്ന് എഴുതി ഇടുമോ എന്നാണ് ചോദ്യം . ഓക്ക്  ഐലന്‍ഡില്‍  നിധി ഉണ്ട്  എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറ്റി ശരിക്കുള്ള സ്ഥലം മറയ്ക്കാനുള്ള അടവായി ആണ് ചിലര്‍ ഇതിനെ കാണുന്നത് . ഏഴ് പേര്‍ ഈ ദ്വീപില്‍  മരിച്ചാല്‍ മാത്രമേ  നിധി പ്രത്യക്ഷപ്പെടൂ എന്ന് വിചാരിക്കുന്ന ചില മന്ത്രവാദികളും  ഉണ്ട്  ( ഇതുവരെ  ആറു പേര്‍ ആണ്  ഇവിടെ മരിച്ചിട്ടുള്ളത് ) . ഇതിനായി  ആരെയും ബലി കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ഥിക്കാം . ഇതൊരു സ്വാഭാവിക  പ്രകൃതി തുരങ്കം മാത്രമാണെന്ന്  ചിലര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും നിധി ഇല്ലെന്നു  പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല .

3410658778

ഇങ്ങനൊക്കെ ആണെങ്കിലും  വെറും നൂറ്റിനാല്‍പ്പത്  ഏക്കര്‍ മാത്രമുള്ള ഈ ചെറു തുരുത്തിലെക്കുള്ള മനുഷ്യന്‍റെ  പ്രയാണം തീര്‍ന്നു എന്ന്  വിചാരിക്കാന്‍  വരട്ടെ ! Rick Lagina , Marty Lagina എന്ന്  പേരുകളുള്ള രണ്ടു സഹോദരന്മ്മാര്‍ ഇപ്പോള്‍ ഈ ദ്വീപിന്റെ ഭൂരിഭാഗവും  വില കൊടുത്തു വാങ്ങിയിരിക്കുകയാണ്  (2006). ഇവര്‍ ഇപ്പോള്‍ ഇവിടം കുഴിക്കുവാനുള്ള Treasure Trove License നേടിയിട്ടുണ്ട് (http://www.facebook.com/OakIslandTreasure) . ഇതിനകം  രണ്ടു തവണ ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല . എല്ലാ ആധുനിക  സംവിധാനങ്ങളോടും  കൂടെയുള്ള ഇവരുടെ കുഴിക്കലിന്റെ  മൂന്നാം ഘട്ടം ഹിസ്റ്ററി ചാനല്‍  ഈ നവംബര്‍ പത്തിന്  പ്രക്ഷേപണം  ചെയ്യുന്നുണ്ട് !!!  THE CURSE OF OAK ISLAND എന്നാണ് പരിപാടിയുടെ പേര് . കാണാന്‍  മറക്കരുത് !! (http://www.history.com/shows/the-curse-of-oak-island).

Rick and Marty Lagina

Rick and Marty Lagina

References

  1. http://www.oakislandtreasure.co.uk/the-legend
  2. http://www.ancient-origins.net/unexplained-phenomena/lost-treasure-oak-island-and-centuries-old-quest-find-it-002427
  3. https://instagram.com/oakislandtreasure
  4. http://www.history.com/shows/the-curse-of-oak-island/about
  5. http://www.activemind.com/Mysterious/topics/oakisland/story.html
  6. http://www.wikipedia.com/en/The_Curse_of_Oak_Island

12083866_725643010899032_83134586_n

Image