അനന്ത വിശാലമായ നീന്തൽ കുളം !

Share the Knowledge
Marina Bay Sands- Infinity edge pool

Marina Bay Sands- Infinity edge pool

ലോകത്തിലെ  ഏറ്റവും  വിലയുള്ള  കസിനോ  ആണ്  സിംഗപ്പൂരിലെ Marina Bay Sands Hotel. അതിന്റെ ഏറ്റവും  മുകളിലത്തെ  നിലയായ സ്കൈ പാർക്കിൽ (Skypark) നിന്നുള്ള  ഒരു  ദൃശ്യമാണ്   ഈ ചിത്രത്തിൽ  കാണുന്നത് ! മാനം  മുട്ടെ  തുളുമ്പി  നിറഞ്ഞൊഴുകുന്ന  ഒരു  ജലായശയം ! അതിൽ  നീന്തി രസിക്കുന്ന  ടൂറിസ്റ്റുകൾ …. ഇപ്പോൾ  താഴെ  പോകും  എന്ന രീതിയിൽ  അതിന്റെ   അരികിൽ  നിന്നും  വിശാലമായ  നഗരം  വീക്ഷിക്കുന്ന  ആളുകൾ !  ഒരു  ഫോട്ടോഷോപ്പ്  ട്രിക്ക്  അല്ലേ  എന്ന്  നാം  ചിന്തിച്ചു  പോയേക്കാമെങ്കിലും  സത്യം  അതല്ല ! Infinity edge pool എന്ന്  പേര്  ചൊല്ലി  വിളിക്കുന്ന  എന്ജിനീയറിംഗ് നിർമ്മിതിയാണ്‌  നാം  കാണുന്നത് ! ഒരു  സാധാരണ  നീന്തൽ  കുളത്തെക്കാൾ എന്ത്  പ്രത്യേകതയാണ്   Infinity edge pool ന്  ഉള്ളത് ? ഒന്നാമത്തെ  പ്രത്യേകത  നാം  ഇവിടെ  കാണുന്ന  ഈ മായ  കാഴ്ച  തന്നെയാണ് . ഒരു സാധാരണ  കുളത്തിന്  ഈ “അനുഭൂതി ” സൃഷ്ടിക്കുവാൻ  സാധിക്കില്ല . പിന്നെ  എങ്ങിനെയാണ്  അനന്ത വിശാലതയിലേക്ക്‌ അലിഞ്ഞ് ചേരുന്ന  ഈ സ്പെഷ്യൽ  എഫെക്റ്റ്  ഉണ്ടാക്കി  എടുക്കുന്നത്  എന്ന്  നോക്കാം . നാം  കാണുന്ന  സാധാരണ  നീന്തൽ  കുളങ്ങളിൽ ഒക്കെയും നിശ്ചലമായ ജലവിതാനം  ആണ്  ഉള്ളത് . അതിൽ  ഒരു  പുതുമ  സൃഷ്ടിക്കുവാൻ  ചിലർ  ” നിറഞ്ഞൊഴുകുന്ന ” (deck level pool or overflow pool)  കുളങ്ങൾ നിർമ്മിക്കുവാൻ  തുടങ്ങി . നിറഞ്ഞൊഴുകുന്ന  ജലം, കുളത്തിന്റെ  അതേ  ഉയരത്തിൽ തന്നെ സ്ഥിതി  ചെയ്യുന്ന  ഒരു  അരിപ്പയിലേക്ക്  വീഴുകയാണ്  ചെയ്യുന്നത്  ( നമ്മുടെ  കുളിമുറിയിലെ  വെള്ളം, മുറിയുടെ  മൂലയ്ക്കുള്ള  അരിപ്പയിൽ (Mesh ) ഒഴുകി വീഴുന്നത്  പോലെ ). എന്നാൽ  കടലിനോടു  ചേർന്നും , ഉയരമുള്ള  കെട്ടിടങ്ങളുടെ  മുകളിൽ  ആകാശത്തോട്  മുട്ടിയുരുമ്മിയും  നീന്തൽ  കുളങ്ങൾ   നിർമ്മിച്ചപ്പോൾ  മറ്റൊരാശയം  പൂവിട്ടു . നീന്തൽ  കുളത്തിന്റെ  അരിക്  കടലിനോടും ആകാശത്തിനോടും  ചേർന്ന്  നിന്നാൽ …. നീന്തൽ കുളത്തിന്  ഒരു അരിക്  ഇല്ലാതായാൽ  ….. കുളത്തിൽ  നീന്തുന്നവർ  കടലിൽ  നീന്തുന്നതായി  തോന്നും  !! ജലം  ഒഴുകി  ആകാശത്തിൽ  ചേരുന്നതായി  തോന്നും !!! അപ്പോൾ  ഈ അരിക്  എങ്ങിനെ  ഇല്ലാതാകും  എന്നായി  ചിന്ത . മുൻപ്  പറഞ്ഞ , “കവിഞ്ഞൊഴുകുന്ന ” overflow pool നു  അരികില്ല . കാരണം  അരികിൽ  കൂടെ  ജലം പുറത്തേക്ക്  ഒഴുകുകയാണെല്ലോ ! പക്ഷെ  അത് കഴിഞ്ഞ്  ജലം  ഒഴുകിയിറങ്ങുന്ന  അരിപ്പ  വെച്ചിട്ടുണ്ട് . അപ്പോൾ  അത് കാഴ്ച്ചയെ  തടസപ്പെടുത്തും എന്ന് മനസ്സിൽ ആയി . കവിഞ്ഞൊഴുകുന്ന  ജലത്തിന്റെ  അതെ ഉയരത്തിൽ  മറ്റൊന്നും  കാണാൻ  പാടില്ല . അപ്പോൾ  അടുത്ത  ആശയം  ഉദിച്ചു . അരികിലുള്ള  തടയണയുടെ  (weir)  മുകളിലൂടെ  കവിഞ്ഞൊഴുകുന്ന ജലം അരിപ്പയിലേക്ക്  പോകേണ്ട , പകരം കുറച്ചു  താഴെ  മറ്റൊരു  ചെറു കുളത്തിലേക്ക്‌ പോയാലോ (catch basin) ! (അവിടെ നിന്നും ജലം തിരികെ പമ്പ് ചെയ്തു കയറ്റുകയും  ആവാം ). അങ്ങിനെ ആയാൽ നീന്തുന്നവർക്കു  കുളത്തിന്റെ  അരിക് ദൃശ്യമാവുകയുമില്ല , ജലം അനന്തമായ കടലിലെക്കോ  ആകാശത്തെക്കോ  ലയിച്ച് ചേരുന്ന  പ്രതീതി ഉളവാകുകയും ചെയ്യും ! അരികില്ലാതെ  അന്തന്തമായി ” പരന്നൊഴുകുന്ന ” ഇത്തരം  കുളങ്ങൾക്കു  പറയുന്ന  പേരാണ് Infinity edge pool എന്നത്  . ലോകത്തിലെ  ഏറ്റവും നീളമേറിയ Infinity edge pool ആണ്  ചിത്രത്തിൽ  കാണുന്ന Marina Bay Sands Hotel ലെ  മട്ടുപ്പാവിലെ  നീന്തൽ കുളം ! കവിഞ്ഞൊഴുകുന്ന  ഇതിന്റെ  അരികിന് 146 മീറ്റർ  ആണ് നീളം . നിലത്തു  നിന്നും 191 മീറ്റർ ഉയരത്തിൽ ആണ്  ഇത് നിർമ്മിച്ചിരിക്കുന്നത് .

Singapore. Marina Bay Sands Hotel. The Pool offers a breathtaking view over Singapore.

Singapore. Marina Bay Sands Hotel. The Pool offers a breathtaking view over Singapore.

Infinity edge pool ന് negative edge, zero edge,infinity pool, disappearing edge, vanishing edge pool എന്നിങ്ങനെ അനേകം  പേരുകൾ ഉണ്ട് . ഇതിന്റെ  ഏറ്റവും  വലിയ പോരായ്മ്മ , ഇത് നിർമ്മിക്കുവാനുള്ള ഭീമമായ  ചെലവ് തന്നെ  ആണ്  . മാത്രവുമല്ല  നാം  ഉദ്യേശിക്കുന്ന  എഫക്റ്റ്  കിട്ടണമെങ്കിൽ  കടൽ തീരത്തോ , ബഹുനില  കെട്ടിടങ്ങളുടെ മുകളിലോ  ആണ് ഇത്  പണിയേണ്ടത് . വനത്തിനുള്ളിലെ  ചില റിസോർട്ടുകളിലും  ഇത്  നിർമ്മിച്ചിട്ടുണ്ട് ( negative edge) . ചുറ്റുവട്ടവുമായി   ലയിക്കുവാൻ , പരിസരങ്ങളിലെ  നിറം തന്നെ  കുളത്തിന്  നല്കുകയും വേണം ( കാട്ടിനുള്ളിൽ  പച്ച , മലമുകളിൽ  നീല …). 1600 കളിൽ പാരിസിലെ Palace of Versailles ൽ നിർമ്മിച്ച  “Stag Fountain” ആണ്  എല്ലാ ഇൻഫിനിറ്റി  പൂളുകളുടെയും അമ്മ . ഇത്തരം  പൂളുകൾ മനുഷ്യൻ മാത്രമല്ല , പ്രകൃതിയും നിർമ്മിച്ചിട്ടുണ്ട് . പ്രശസ്തമായ  വിക്ടോറിയ ജലപാതത്തിന്  മുകളിലെ ഡെവിൽസ്  പൂൾ  ഇതിന് ഉദാഹരണമാണ് . ലാവോസിലെ Tat Kuang Si (Luang Prabang) ജലപാതവും ഇത്തരം  ഒന്നാണ് . കടൽതീരങ്ങളിലെ  പാറയിടുക്കുകളിൽ  കടൽ വെള്ളം  കെട്ടി  നിന്ന്  ഉണ്ടാവുന്ന ചില   റ്റൈട്  പൂളുകളും (Tide pool) നാച്ചുറൽ  ഇൻഫിനിറ്റി  കുളങ്ങൾ  ആണ്  ( ഉദാ : North Narrabeen Tidal Pool – Sydney).

ഒരു  ഇൻഫിനിറ്റി  പൂൾ  കാണാൻ   വിദേശത്ത്   പോകണം  എന്നില്ല . വയനാട്ടിലെ  വൈത്തിരിയിൽ  ഉള്ള Patels  റിസൊർട്ടിലും  ഒരു  ചെറിയ  ഇൻഫിനിറ്റി   പൂൾ  ഉണ്ട് . സുഹൃത്ത്‌ അലക്സ്‌  വർഗീസ്‌  എടുത്ത  സെൽഫിയാണ്  താഴെ  കാണുന്നത് .

Patels Resots, Near St Jude Church Vythiri Waynad Kerala  (Photo : Alex Varghese )

Patels Resots, Near St Jude Church Vythiri Waynad Kerala (Photo : Alex Varghese )

 

devils-pool-vic-falls

ഡെവിൽസ് പൂൾ

അടിക്കുറിപ്പ് :

ഇതുപോലെ  മറ്റൊരു തരം   രസകരമായ കുളമുണ്ട് . Endless Pool എന്നാണ് അതിനെ  വിളിക്കുക . ഇത്തരം  കുളത്തിൽ ശക്തമായ ഒഴുക്ക്  ഉണ്ടാവും . അതിന്റെ വേഗത നമ്മുക്ക്  കൂട്ടുകയും കുറയ്ക്കുകയും  ചെയ്യാം . ‘treadmill for swimmers’ എന്നാണ്  ഇത്തരം കുളങ്ങളെ രസകരമായി  വിളിക്കാറ് . treadmill ഒരു സ്ഥലത്ത് തന്നെ “നിന്ന് ” നടക്കാൻ നമ്മെ  സഹായിക്കുമ്പോൾ, Endless Pool ശക്തമായ  എതിരോഴുക്ക് സൃഷ്ടിച്ച്  ഒരു സ്ഥലത്ത് തന്നെ “കിടന്നു കൊണ്ട് ” നീന്താൻ സഹായിക്കുന്നു !!!

Infinity Pool in Khummala, Phuket, Thailand

Infinity Pool in Khummala, Phuket, Thailand

References

  1. http://watershapes.com/lessons-learned/vanishing-edge-pools-problems-and-solutions.html
  2. http://www.endlesspools.com/infinity-pool.php
  3. http://www.compass-pools.co.uk/faqs/a-guide-to-designing-and-building-an-infinity-pool-and-how-it-works/
  4. http://www.bluehaventulsa.com/about/m.blog/144/how-infinity-pools-work-the-optical-illusion-explained

 

How the infinity effect is created

How the infinity effect is created

കുറച്ചു  നല്ല ഇൻഫിനിറ്റി  പൂളുകളുടെ  ചിത്രങ്ങൾ ഇതാ …(twistedsifter.com)

Image