വോയേജർ - നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യ സൃഷ്ടി ! (ഭാഗം നാല് )

Share the Knowledge

സൂര്യപ്രകാശം മാത്രമല്ല നമ്മുടെ സൂര്യന്‍റെ അടുക്കല്‍ നിന്നും പുറത്തേക്ക് വമിക്കുന്നത്‌ . ചാര്‍ജ്ജുള്ള ധാരാളം ചെറു കണങ്ങളും സൂര്യപ്രതലത്തില്‍ നിന്നും നാനാ ഭാഗങ്ങളിലേക്കും ചിതറി തെറിക്കുന്നുണ്ട് . ഇതില്‍ ഇലക്ട്രോണും പ്രോട്ടോണും ആല്‍ഫാ കണങ്ങളും ഒക്കെയുണ്ട് . ഇങ്ങനെ സൂര്യനില്‍ നിന്നും നാനാ ഭാഗങ്ങളിലേക്കും ചിതറുന്ന ഈ കണങ്ങളുടെ സമാഹാരത്തെ ആണ് സൗരക്കാറ്റ് അഥവാ സോളാര്‍ വിന്‍ഡ്  എന്ന് വിളിക്കുന്നത്‌ . ഇതിന് പരമാവധി 750 km/s വേഗത വരെ ഉണ്ടാവാം . ഇവ സൂര്യനില്‍ നിന്നും അകന്ന് ഇവിടം വരെ പോകും ? ആരെങ്കിലും ഇവയെ തടയുന്നത് വരെ പോകും !  ആരാണ് ഇവരെ തടയാന്‍ ഉള്ളത് ? ആരെങ്കിലും ഇവര്‍ക്ക് എതിരെ വരണം . അങ്ങിനെ ആരെങ്കിലും വരണമെന്നുണ്ടെങ്കില്‍ അത് മറ്റു നക്ഷത്രങ്ങളില്‍ നിന്നും ആവണം വരേണ്ടത് . പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളില്‍ നിന്നും മറ്റും വരുന്ന ബാഹ്യ കണങ്ങളും സൂര്യനില്‍ നിന്നും വരുന്ന സോളാര്‍ വിന്‍ഡും തമ്മില്‍ ഏറ്റു മുട്ടുന്ന സ്ഥലം  എവിടെ ആയിരിക്കും ? അത് പ്ലൂട്ടോ കിടന്ന് കറങ്ങുന്ന സ്ഥലത്തിനും അപ്പുറത്ത് എവിടെയോ ആണ് . ഈ സ്ഥലം എങ്ങിനെ തിരിച്ചറിയാം ? കുതിച്ചു പായുന്ന നദിയെ ഒരു ഡാം കൊണ്ട് തടഞ്ഞാല്‍ എന്ത് സംഭവിക്കും ? നദിയിലെ ജലം അതിനെ തടയുന്നത് എവിടെയാണോ അവിടെ അടിഞ്ഞു കൂടും, ഒഴുക്ക് കുറയും  . അവിടെ നദിയിലെ ജലത്തിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കും . അങ്ങിനെ ഒരു തടാകം രൂപപ്പെടും . ശരിയല്ലേ ! അപ്പോള്‍ സൂര്യനില്‍ നിന്നും വരുന്ന സൌര കണങ്ങളെ പുറത്തു നിന്നും വരുന്ന കണങ്ങള്‍ തടഞ്ഞാല്‍ എന്ത് സംഭവിക്കും ? അവിടെ സൌരകണങ്ങളുടെ വേഗത കുറയും , അവയുടെ എണ്ണം ( സാന്ദ്രത ) വര്‍ധിക്കും . ഇത്രയും പിടികിട്ടി എന്ന് കരുതുന്നു .

പുറത്തു നിന്നും വരുന്ന കോസ്മിക് കണങ്ങളുടെ എണ്ണം തീരെ കുറവുള്ള , എന്നാല്‍ സൂര്യനില്‍ നിന്നും വരുന്ന കണങ്ങളുടെ എണ്ണം ധാരാളം ഉള്ള സ്ഥലത്തെ ആണ്  heliosphere എന്ന് വിളിക്കുന്നത്‌ .  നമ്മുടെ സൌരയൂഥം ഈ heliosphere നു അകത്താണ് . ഇനി ഈ heliosphere എവിടം കൊണ്ട് അവസാനിക്കും എന്നാണ് അറിയേണ്ടത് . നമ്മുടെ വോയേജര്‍ ഒന്ന് എന്ന പേടകം heliosphere നു ഉള്ളിലൂടെ സഞ്ചരിക്കുകയായിരുന്നു . വോയെജറില്‍ ഉള്ള മാപിനികളില്‍ നിന്നും സോളാര്‍ വിന്‍ഡ് കണികകളുടെ വേഗതയും സാന്ദ്രതയും നമ്മുക്ക് അറിയാന്‍ സാധിക്കും . അങ്ങിനെ ഇരിക്കെ 2010 ല്‍ സോളാര്‍ വിന്‍ഡിന്‍റെ വേഗത വളരെയധികം കുറഞ്ഞു വരുന്നതായി  വോയേജര്‍ തിരിച്ചറിഞ്ഞു . മാത്രമല്ല അവയുടെ അളവ് കൂടിയും വരുന്നു . എന്താണ് അര്‍ഥം ? പുറത്തു നിന്നും വരുന്ന കണികകള്‍ സൌര കണികകളുമായി ഇടിച്ച് അവയുടെ വേഗത കുറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു !! അതായത് നമ്മുടെ സൂര്യന്‍റെ സാമ്രാജ്യത്തിനും മേല്‍ക്കൊയ്മ്മയ്ക്കും അറുതി ആയിരിക്കുന്നു ! എന്ന് വെച്ചാല്‍ heliosphere  അവസാനിക്കാറായി എന്ന് ചുരുക്കം . ഈ അവസാന അതിരിനെ Heliosheath എന്നാണ് പറയുക . അങ്ങിനെ 2004 ജനുവരിയില്‍ നമ്മുടെ സ്വന്തം സൗരക്കാറ്റിന്റെ വേഗത തീരെ കുറഞ്ഞു  ! Termination shock എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്‌ .  Heliosphere പൂര്‍ണ്ണമായും അവസാനിച്ച ആ സ്ഥലത്തെ ആണ് Heliopause എന്ന് പറയുന്നത് . അതായത് സൂര്യ സാമ്രാജ്യത്തിന്റെ അതിര് !  അതേ വര്ഷം ഡിസംബറില്‍ വോയേജര്‍ ഒന്ന്  Termination shock  കടന്നതായി നാസ അറിയിച്ചു .അപ്പോള്‍ വോയേജര്‍ ഒന്ന് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 94 ഇരട്ടി അകലെ ആയിരുന്നു !  2012 ല്‍ Heliopause  അവസാനിക്കാറായാതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി . അങ്ങിനെ അവസാനം 2012 ആഗസ്റ്റ്‌  25 നു സൂര്യ സാമ്രാജ്യത്തിന്‍റെ അതിരായ Heliopause കടന്ന്  വോയേജര്‍ ഒന്ന്  ഇന്റര്‍ സ്റെല്ലാര്‍ സ്പേസില്‍ പ്രവേശിച്ചു ! interstellar space ല്‍ കടക്കുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവാണ് വോയേജര്‍ ഒന്ന് . സൂര്യന്‍റെ  Heliosphere പോലെ മറ്റുള്ള നക്ഷത്രങ്ങളുടെ സ്വാധീന മേഖലകള്‍ക്കിടയിലെ സ്ഥലത്തെ ആണ്  interstellar space എന്ന് വിളിക്കുന്നത്‌ . 2010 ഡിസംബറില്‍ വോയേജര്‍ ഒന്ന് വീണ്ടും സൌരകണങ്ങളെ കണ്ടെത്താന്‍  ശ്രമിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം . അതോടെ വോയേജര്‍ ഒന്ന്  ശരിക്കും interstellar space ല്‍ തന്നെയാണെന്ന്  ഉറപ്പായി . പക്ഷെ വോയേജര്‍ രണ്ടു ഇപ്പോഴും Heliosheath ല്‍ ആണ് ഉള്ളത് .

ഇപ്പോഴും റേഡിയോ തരംഗങ്ങള്‍ വഴി ഭൂമിയിലേക്ക്‌ സന്ദേശങ്ങള്‍ അയക്കുന്ന വോയെജറിനു പക്ഷെ അത് ഭൂമിയില്‍ എത്തിക്കാന്‍ പതിനേഴ്‌ മണിക്കൂറുകളില്‍ കൂടുതല്‍ സമയം എടുക്കും . കാരണം 1800 കോടി കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോള്‍ ഉള്ളത് !  2025 ഓടെ പ്ലൂട്ടോണിയം പൂര്‍ണ്ണമായും തീരുന്നതോടെ പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണ്ണമായും നിലയ്ക്കുകയും ഭൂമിയുമായുള്ള ബന്ധം എന്നന്നേക്കും ആയി ഇല്ലാതാവുകയും ചെയ്യും . മറ്റു ഉല്‍ക്കാ ശിലകളുമായി കൂട്ടിയിടിച്ചു തകര്‍ന്നില്ലെങ്കില്‍ 40,000 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വോയേജര്‍ മറ്റൊരു നക്ഷത്രത്തിന് മുന്നില്‍ എത്തും ! ഒരു അതിഥിയെപ്പോലെ ! അന്ന്  നമ്മുടെ ഭൂമി ഉണ്ടാവുമോ ????

“Voyager is in interstellar space — the space between the stars.”
– Dr. Ed Stone, Voyager Project Scientist

കൂടുതല്‍ അറിയുവാന്‍

  1. വോയെജറുകളുടെ ഇപ്പോഴത്തെ അവസ്ഥ അറിയുവാന്‍ >> http://voyager.jpl.nasa.gov/where/index.html
  2. വീഡിയോകള്‍, ചിത്രങ്ങള്‍  >> http://voyager.jpl.nasa.gov/interact/index.html
  3. വോയെജരിലെ ഗോള്‍ഡന്‍ ഡിസ്ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദങ്ങള്‍ >> http://voyager.jpl.nasa.gov/spacecraft/sounds.html
  4. http://news.nationalgeographic.com/space/voyager/
Image