തവളകളുടെ ലോകം! - ഡോ സത്യഭാമ ദാസ് ബിജു

Share the Knowledge

11220459_165728073779361_8731799912845800586_n

മലയാളി ആയതുകൊണ്ട് മാത്രം മലയാളികള്‍ അറിയാത്ത ചിലര്‍ നമ്മുടെ ഇടയില്‍ ഉണ്ട് . അങ്ങിനെ ഒരാളെയും അദ്ദേഹത്തിന്‍റെ ഒട്ടനവധി കണ്ടുപിടുത്തങ്ങളില്‍ ഒന്നും ആണ് നാം ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്. ആളുടെ പേര് സത്യഭാമദാസ് ബിജു (Sathyabhama Das Biju). ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ Department of Environmental Studies ല്‍ പ്രൊഫസറായി ജോലി നോക്കുന്നു . പ്രശസ്ത ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി.ബിജു (http://www.facebook.com/biju.sdas). 1999 ല്‍ കോട്ടയം ജില്ലയില്‍ ഒരിടത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നും ആണ് വിചിത്ര രൂപവും ഭാവവും ഉള്ള ഒരു തവളയെ കണ്ടെത്തിയത് . കണ്ടു പിടിക്കപ്പെട്ട തവളയുടെ രൂപം മാത്രമായിരുന്നില്ല പ്രത്യേകത . പുതിയ ഒരു തവള കുടുംബം ആയിരുന്നു ലോകത്തിന് മുന്നില്‍ ഡോ . ബിജു പരിചയപ്പെടുത്തിയത് . 1926 ശേഷം ശാത്രലോകം കണ്ടെത്തിയ ആദ്യ തവള ഫാമിലി കൂടെ ആയിരുന്നു ഇത് . Nasikabatrachus sahyadrensis (‘നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌” ) എന്ന പുതിയ “മലയാളി ” തവളയെ കണ്ടെത്തിയ വിവരം 2003 ല്‍ നേച്ചര്‍ ജേര്‍ണലിലൂടെ ആണ് ലോകം അറിഞ്ഞത് . പിന്നീട്‌ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന്‌ ഇതേയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമജൈവശാസ്‌ത്രജ്ഞനായ ഡോ.ബോസ്സയറ്റിനൊപ്പം പുതിയ തവളയുടെ ജനിതക സവിശേഷത പഠിച്ചപ്പോഴാണ്‌, താന്‍ കണ്ടെത്തിയിരിക്കുന്നത്‌ ഒരു സാധാരണ തവളയെയല്ല എന്ന്‌ ഡോ.ബിജുവിന്‌ ബോധ്യമായത്‌.‪#‎Nasikabatrachidae‬ എന്ന തവള കുടുംബത്തില്‍ (‪#‎family‬) ആണ് ഇപ്പോള്‍ ഈ ജീവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിന് പാതാള തവള എന്നും പേരുണ്ട് .

ഡോ സത്യഭാമ ദാസ് ബിജു

ഡോ സത്യഭാമ ദാസ് ബിജു

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള ‘നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌’ എന്ന തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍ 13 കോടി വര്‍ഷത്തെ പരിണാമകഥ ഡിഎന്‍എ യില്‍ പേറി നടക്കുന്ന മൂക്കന്‍ തവളയെ, ‘ജീവിക്കുന്ന ഫോസില്‍’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. സംസ്കൃത വാക്കായ നാസിക, ഗ്രീക്ക് പദമായ തവള എന്നർഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളിൽനിന്നാണ്‌ നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമം നിർമ്മിച്ചത്.  ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ആ തവളയുടെ ജനിതകബന്ധുക്കള്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപിലാണുള്ളതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. ‘സൂഗ്ലോസ്സിഡെ’യെന്ന ആ തവളവര്‍ഗവും സാഹ്യാദ്രേന്‍സിസും ഏതാണ്ട്‌ 13 കോടിവര്‍ഷം മുമ്പാണ്‌ വേര്‍പിരിഞ്ഞതെന്നും പഠനങ്ങള്‍ സൂചന നല്‍കി. ദിനോസറുകള്‍ ഭൂമിയില്‍ വിഹരിച്ചിരുന്ന ആ കാലം മുതല്‍, ഡോ.ബിജു കണ്ടെത്തിയ തവളവര്‍ഗം വലിയ മാറ്റമൊന്നും കൂടാതെ നിലനിന്നു. ഒരുകാലത്ത് ഇന്ത്യയും സെയ്‌ഷെല്‍ ദ്വീപുകളും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളവുകൂടിയായി മൂക്കന്‍ തവളയുടെ കണ്ടെത്തല്‍ . ഇപ്പോഴിതാ ഡോ.ബിജുവും സംഘവും മൂക്കന്‍ തവളയുടെ കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ചെറിയൊരു സമയത്തേക്ക് ഇണചേരാനായി മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ.

12234998_165728157112686_1585332556478474018_n

വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ ഇവ മണ്ണിന്നടിയിലാണ് കഴിയുക (അണ്ടര്‍ഗ്രൗണ്ടിലായതിനാലാണ് ഈ കക്ഷികളെ അധികമാരും കാണാത്തത്). കത്രികപോലെ മൂര്‍ച്ചയേറിയ വിരലുകള്‍കൊണ്ട് 12 അടി താഴ്ച്ച വരെ മണ്ണ് കുഴിച്ചെത്താന്‍ ഇവറ്റകള്‍ക്കാകുമത്രേ! . പലരും ഈ തവളയെ കണ്ടിട്ടുണ്ടാകാം. പക്ഷേ, ആരും അതിനെപ്പറ്റി പഠിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല-നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.ഈ തവള അങ്ങനെ പുറത്തിറങ്ങാറില്ല. മണ്‍സൂണ്‍ കാലത്ത്‌ വെറും രണ്ടാഴ്‌ച മാത്രമാണ്‌ ഇവയെ പുറത്തുകാണുക. അതു കഴിഞ്ഞാല്‍ ഇവ മുങ്ങും`. അതുകൊണ്ടാവാം ശാസ്‌ത്രത്തിന്റെ കണ്ണില്‍പ്പെടാതെ ഇത്രകാലവും ഈ തവളയ്‌ക്ക്‌ കഴിയാന്‍ സാധിച്ചിട്ടുണ്ടാവുക. ഡോ.ബിജുവിന്റെ കണ്ടെത്തലിനെ ‘അസാധാരണം’ എന്ന്‌ വിശേഷിപ്പിക്കാന്‍ ലോകമാധ്യമങ്ങള്‍ മത്സരിച്ചതിന്‌ കാരണം മറ്റൊന്നല്ല.

സാധാരണ തവളകളേക്കാൾ ഉരുണ്ട ശരീരപ്രകൃതിയാണ് ഇവയ്ക്കുള്ളത്. വഴുവഴുപ്പുള്ളതും തിളക്കമേറിയതുമാണ് ഇവയുടെ ശരീരം. തല ചെറുതും ഉരുണ്ട് കൂർത്തതുമാണ്. നാസാദ്വാരങ്ങൾ കണ്ണിനോട് ചേർന്നാണ് കാണുക. കൂർത്ത മുഖത്തിന്റെ അഗ്രത്തായി ഇളം നിറത്തിലെ ഉരുണ്ട് തള്ളി നിൽക്കുന്ന അഗ്രഭാഗവും കാണാം. പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടല വർണ്ണമായിരിക്കും. ഏകദേശം അൻപത്തി മൂന്നു മില്ലിമീറ്റർ മുതൽ എൺപത്തിയൊൻപത് മില്ലിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ്‌ ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്. ആൺ തവളകൾ പെൺതവളകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ളവയാണ്.

മണ്ണിനടിയിലുള്ള ചിതലുകളാണ്‌ ഇവയുടെ മുഖ്യാഹാരം. മുന്നോട്ട് തള്ളി നിൽക്കുന്ന മൂക്കും ബലിഷ്ഠമായ ശിരോ അസ്ഥികൂടവും ബലിഷ്ഠമായ പാദങ്ങളും മണ്ണ് തുരന്ന് ഉള്ളിലേക്ക് തുരങ്കങ്ങൾ സൃഷ്ടിക്കാനും മണ്ണിനടിയിൽ താവളമാക്കിയിരിക്കുന്ന ചിതലുകളേയും പ്രാണികളേയും ആഹാരമാക്കുവാനും ഇവയെ സഹായിക്കുന്നു. മൺസൂൺ കാലത്ത് പ്രത്യുല്പാദനത്തിനായി രണ്ടാഴ്ചയോളം കാലം മാത്രമാണ് അവ പുറത്തേക്ക് വരുന്നത്.

ആൺ തവളകൾ വലിപ്പത്തിൽ ചെറുതാണ്. പെൺതവളകൾ ആൺ തവളകളെ പുറത്ത് വഹിച്ചാണ് പ്രജനനകാലത്ത് നടക്കുക. ഒരു പ്രജനന കാലത്ത് മൂവായിരത്തോളം മുട്ടകളാണ് അരുവികളുടെ ഓരത്തെ പാറക്കെട്ടുകളോട് ചേർന്ന് ഇവ ഇടുക. നൂറു ദിവസത്തോളം സമയം കൊണ്ടാണ് മുട്ടവിരിഞ്ഞ് വാൽമാക്രികൾ പുറത്തെത്തുക. സുദീർഘമായ ഇക്കാലയളവിനിടെ അരുവികളിലെ ഉണക്കും മറ്റു ജീവികളുടെ കടന്നുകയറ്റവും മൂലം നല്ലൊരു പങ്ക് മുട്ടകളും നശിച്ചു പോകാറുണ്ട്.

Pic Courtesey Rajeev PC Rajakkad

Pic Courtesey Rajeev PC Rajakkad

മണ്ണിനടിയില്‍ നിന്നു തന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇടുക്കിയില്‍ കുളമാവിനടുത്ത് മേത്തോട്ടിയില്‍നിന്നാണ് മൂക്കന്‍ തവളയുടെ സംഗീതം റിക്കോര്‍ഡ് ചെയ്തത് (PLUS ONE ജേര്‍ണലില്‍ ഇതെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുക :http://goo.gl/xz6AOk ,പന്നി മൂക്കന്‍ തവളയുടെ സംഗീതവീഡിയോ >>http://goo.gl/iFQ0OW ) . 2003 ഇൽ ഈ വാർത്ത അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ (റ്റി വി, പത്രം) നിറഞ്ഞു നിന്നിരുന്നു. 2003 നവംബര്‍ 2 ന് മാതൃഭൂമി പത്രം മാത്രമാണ് കേരളത്തില്‍ ഇത് അന്ന് റിപ്പോര്‍ട്ട് ചെയ്തത് .

മഴക്കാലത്ത് കുളമാവിലെ തവളപിടുത്തം ഡോബിജുതന്നെ പകര്‍ത്തിയപ്പോള്‍ ....

മഴക്കാലത്ത് കുളമാവിലെ തവളപിടുത്തം ഡോബിജുതന്നെ പകര്‍ത്തിയപ്പോള്‍ ….

International Union for Conservation of Nature’s ന്‍റെ റെഡ് ഡേറ്റ (‪#‎reddata‬) ബുക്കില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ കൂട്ടത്തില്‍ ആണ് പന്നിമൂക്കന്‍ തവളകളുടെ സ്ഥാനം . ഇടുക്കിയിലെ കുളമാവ് ഡാമിന്റെ പരിസരങ്ങളില്‍ ഡോ . ബിജു തന്നെ നടത്തിയ ഗവേഷണങ്ങളില്‍ (2008–2012) നിന്നും തെളിയുന്നത് മണ്‍സൂണ്‍ മഴക്കാലത്ത് നമ്മള്‍ നടത്തുന്ന ‘ തവള പിടുത്തം ‘ തന്നെയാണ് ഈ അപൂര്‍വ്വ ജീവിയുടെ വംശനാശത്തിന് കാരണം . താന്‍ മരിക്കുന്നതിനു മുന്‍പ് തന്നെ ഈ തവള വര്‍ഗ്ഗം നാമാവിശേഷമാകും എന്നാണ് ഡോ . ബിജുവിന്‍റെ ഇപ്പോഴത്തെ ഭയം .

“I am worried about my ‪#‎frog‬. The pattern is very alarming and it’s possible that it will go ‪#‎extinct‬ in my lifetime, before my death”

എറണാകുളം ജില്ലയിലെ കോതമംഗലം, എരുമേലി, ഗവി, സൈലന്റ് വാലി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, മലപ്പുറത്തെ കരുവാരക്കുണ്ട്, തമിഴ്നാട്ടിൽ ആനമലയിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും ഈ തവളയെ   കണ്ടെത്തിയിട്ടുണ്ട്.

കടപ്പാട്

ചിത്രങ്ങള്‍ എല്ലാം തന്നെ ഡോ S D ബിജുവിന്‍റെ തന്നെ ആണ് . ഈ ആര്‍ട്ടിക്കിള്‍ ആദ്യം എഴുതിയത് മാതൃഭൂമിയിലെ ജോസഫ് ആന്റണി സാര്‍ ആണ് . അതില്‍ അത്യാവശ്യം മാറ്റങ്ങള്‍ വരുത്തുകയും പുതിയ കുറച്ചു വിവരങ്ങള്‍ ചേര്‍ക്കുകയും മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത് . അതിനായി റെഫര്‍ ചെയ്ത ലിങ്ക് >> http://goo.gl/cxQb7X .

കുറച്ചു  വിവരങ്ങള്‍  Prasanth Kumar S R ന്‍റെ FB  പോസ്റ്റില്‍ നിന്നും  എടുത്തിട്ടുണ്ട് . 

12239596_1204155389600844_9018028933917141680_n

Image