ആദ്യത്തെ സെലിബ്രിറ്റി ഷെഫ്‌ !

Share the Knowledge
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സെലിബ്രിറ്റി ഷെഫും ആദ്യത്തെ കുക്ക് ബുക്കും

2_roman_cookbook.original

“കുക്കറി ഷോ”കൾ ഇന്നു മാധ്യമങ്ങളിലെ ഒരു പ്രധാന പരിപാടിയാണ്, ഭൂരിഭാഗം കുക്കറി പരിപാടികളിലെയും പ്രധാന പാചകക്കാരൊക്കെ സെലിബ്രിറ്റികളായി കരുതപ്പെടുകയും ചെയ്യുന്നുണ്ട്. ഗോർഡൻ റാംസേയും ബോബി ഫ്ലേയും ആന്തണി ബൊർദെയ്നും റേച്ചൽ റേയും ഒക്കെ അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ സെലിബ്രിറ്റി ഷെഫുകളാണെങ്കിൽ കേരളത്തിലെ പ്രശസ്തയായൊരു സെലിബ്രിറ്റി ഷെഫാണ് ലക്ഷ്മി നായർ. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സെലിബ്രിറ്റി ഷെഫ്‌ AD ഒന്നാം നൂറ്റാണ്ടിൽ പുരാതന റോമാ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന മാർകസ് ഗാവിയസ് അപീസിയസ് (Apicius )എന്ന പുരുഷനായിരുന്നു. റോമിലെ സമ്പന്ന വർഗ്ഗത്തിന്റെ ഇടയിൽ അദ്ദേഹത്തിന്റെ പാചകവിധികൾ വളരെ പ്രശസ്തമായിരുന്നു(അന്നത്തെ സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലുള്ളതായിരുന്നില്ല പല ഇൻഗ്രേഡിയന്റ്സും). ഭക്ഷണവും ആർഭാടവും അതിയായി ഇഷ്ടപ്പെട്ടിരുന്ന അപീസിയസിന്റെ സുഹൃത്തുകളെല്ലാം റോമാ സാമ്രാജ്യത്തിലെ അതിസമ്പന്നരും ശക്തരുമായ ആളുകളായിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന ടൈബീരിയസും സൈന്യാധിപനായിരുന്ന സെജനുസും അഗസ്റ്റസ് ചക്രവർത്തിയുടെ ഉപദേശകനായിരുന്ന മേയ്സെനസും ഒക്കെ അദ്ദേഹത്തിന്റെ പാചകകലയുടെ ആരാധകരിൽപെട്ടവരായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു “കുക്ക് ബുക്ക്” പ്രസിദ്ധപ്പെടുത്തുന്നത് അപീസിയസാണ് (അപീസിയസിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്റെ പേരിൽ മറ്റാരോ ആണ് ഈ പുസ്തകം എഴുതിയത് എന്ന് കരുതുന്നുണ്ട്, പുസ്തകത്തിലെ പാചകവിധികളെല്ലാം അപീസിയസ് പിന്തുടർന്നിരുന്നതായിരുന്നു). ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട “ദെ രെ കോക്വിനാരിയ” (De re coquinaria (on the subject of cooking) എന്ന ഈ പുസ്തകത്തിൽ വിവിധങ്ങളായ പച്ചക്കറികൊണ്ടുള്ള വിഭവങ്ങൾ, സൂപുകൾ, ഇറച്ചി വിഭവങ്ങൾ, സീ ഫുഡ്‌ തുടങ്ങി വിവിധ പാചക രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന 10 അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു. (ഈ ബുക്കിന്‍റെ  ഒരു നിരൂപണം ഈ ലിങ്കില്‍  ഉണ്ട് )

cdar02

ഈ പുസ്തകം എഴുതപ്പെട്ടത് സാധാരണ റോമൻ ജനതയുടെ ഭാഷയായിരുന്ന വൾഗർ ലാറ്റിനിൽ ആയിരുന്നെങ്കിലും(സമ്പന്നർ സംസാരിച്ചിരുന്നത് ക്ലാസ്സിക്‌ ലാറ്റിൻ ആയിരുന്നു) ഇതിലെ ഭൂരിഭാഗം ഭക്ഷണ വിഭവങ്ങളും സമ്പന്നർ മാത്രം കഴിച്ചിരുന്നവയായിരുന്നു, കാരണം ചില ഭക്ഷണക്കൂട്ടുകൾ ആയിരുന്ന അരയന്നത്തിന്റെ കരൾ, ഫ്ലെമിന്ഗോയുടെ നാക്ക്, ഡോർമൈസ്‌ (കഴിക്കാനായി വളർത്തുന്ന ഒരുതരം എലി) എന്നിവ സമ്പന്നവർഗതിനു മാത്രം താങ്ങാവുന്നവയായിരുന്നു. പിൽക്കാലത്ത്‌ ഈ പുസ്തകത്തിന്റെ അനേകം പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്. ആർഭാട ജീവിതം നയിച്ചിരുന്ന അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയെതുടർന്നു വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
അപീസിയസിന്റെ ഒരു റെസിപി താഴെ കൊടുക്കുന്നു.

പുള്ളസ് ഫ്യുസിലസ് (stuffed chicken) – Ingredients

ഫ്രഷ്‌ ചിക്കൻ (1-1.5kg) – 1
തീരെ ചെറിയ കഷ്ണങ്ങളാക്കിയ ഇറച്ചി – 300ഗ്രാം (പകുതി പന്നിയും പകുതി ബീഫും)
ഓട്സ് – 100 ഗ്രാം
മുട്ട – 2 എണ്ണം
വൈറ്റ് വൈൻ – 250 ml
ഒലിവ് ഓയിൽ – ഒരു ടേബിൾ സ്പൂണ്‍
ചീരയില – ചെറുതായരിഞ്ഞത് ഒരു ടേബിൾ സ്പൂണ്‍
ഇഞ്ചി ചതച്ചത്- കാൽ ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത്- കാൽ ടീസ്പൂണ്‍
പച്ച കുരുമുളക്- ഒരു ടീസ്പൂണ്‍
പൈൻ നട്സ് – 50 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടിച്ചതും ചീരയിലയും ഇറച്ചിയും ഇഞ്ചിയും പാകം ചെയ്ത ഒട്സും എടുത്തു അതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ്‌ ചെയ്യുക, പച്ചകുരുമുളകും പൈൻ നട്സും എണ്ണയിലിട്ട് ചെറുതായി ചൂടാക്കിയശേഷം അതിലേക്കു വൈറ്റ് വൈൻ ചേർത്ത് season ചെയ്തെടുക്കുക, ഇതു ആദ്യത്തെക്കൂട്ടുമായി ചേർത്ത് മിക്സ്‌ ചെയ്യുക, ഇത് കോഴിക്കുള്ളിൽ നിറച്ച് ഒരു മണിക്കൂറോളം ഉയര്ന്ന ചൂടിൽ പോരിചെടുക്കുക.

Written By Blinkappan Shibu

Image