ചാൾസ് മാർട്ടെൽ

Share the Knowledge
യൂറോപിന്റെ ഗതി മാറ്റിമറിച്ച ഫ്രഞ്ച് ചക്രവർത്തി

127240023_01cf99d308_o

സിറിയ കേന്ദ്രമാക്കി, ദമാസ്കസ് തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ ഖാലിഫെറ്റ് ആയിരുന്നു ഉമയ്യാദ് ഖാലിഫെറ്റ് ( മുഹമ്മദ്‌ നബിയുടെ രാഷ്ട്രീയവും മതപരവുമായ പിന്തുടർച്ചക്കാരനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് ഖലീഫ, അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഇസ്ലാമിക ഭരണകൂടമാണ് ഖാലിഫേറ്റ് അഥവാ ഖിലാഫ). AD 730കൾ ഉമയ്യാദ് ഖാലിഫേറ്റിന്റെ സുവർണ കാലമായിരുന്നു. അക്കാലത്ത് ഏകദേശം 50 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ലോകചരിത്രത്തിലെ തന്നെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു അത്. AD 732ഓടെ പുരാതന റോമാ സാമ്രാജ്യത്തിന്റെ ചില ഭാഗങ്ങളും മിഡിൽ ഈസ്റ്റ്‌ മുഴുവനായും വടക്കൻ ആഫ്രിക്കയുടെ നല്ലൊരു ശതമാനം ഭൂവിഭാഗവും ദക്ഷിണ സ്പെയിനും ഖാലിഫേറ്റ് കീഴടക്കി തങ്ങളോട് കൂട്ടിച്ചേർക്കുകയുണ്ടായി. തുടർന്ന് ഉമയ്യാദ് സേന ഫ്രാൻസ് ലക്ഷ്യമാക്കി പടനീക്കം ആരംഭിച്ചു, ഫ്രഞ്ച് നഗരങ്ങളായ ബർഗണ്ടിയിലും അക്വിറ്റെയ്നിലും ബൊർദൊയിലും ഇസ്ലാമിക സേന റെയിഡുകൾ നടത്തുകയും വടക്കൻ ഫ്രാൻസ് പിടിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫ്രാങ്കിഷ് രാജാവായിരുന്ന ചാൾസ് മാർട്ടെൽ തന്റെ സേനയുമായി പ്രതിരോധം തീർക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം അധികാരക്കളികളിൽ പെട്ട് ചിതറിക്കിടക്കുകയായിരുന്ന ഗൌളിനെ (ഇന്നത്തെ ഫ്രാൻസ്) ഏകീകരിക്കുകയും ജെർമനിയുടെ നല്ലൊരു ഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് ശക്തമായ ഒരു ഫ്രാങ്കിഷ് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തത് ചാൾസ് മാർട്ടെൽ ആയിരുന്നു. യുറോപ്യൻ മധ്യ കാലഘട്ടത്തിന് ആരംഭം കുറിക്കുകയും ഫ്യൂഡലിസവും നൈറ്റ്‌ഹുഡും അവതരിപ്പിക്കുകയും ചെയ്തത് ഇദ്ദേഹമാണെന്നാണ് കരുതുന്നത്. (ഇദ്ദേഹത്തിനെ കൊച്ചുമകനാണ് ആധുനിക ഫ്രാൻസിന്റെയും ജെർമനിയുടെയും സ്ഥാപകനും ആദ്യത്തെ ഹോളി റോമൻ ചക്രവർത്തിയുമായ കാൾമെയിൻ). AD 725 മുതൽ തന്നെ ഒരു ഇസ്ലാമിക അധിനിവേശം മുന്നിൽകണ്ടുകൊണ്ട് സുശക്തമായ ഒരു മുഴുവൻ സമയ സേനയെ (റോമാ സാമ്രാജ്യത്തിന്റെ തകര്ച്ചയ്ക്ക് ശേഷം അവിടിവിടെയായി ചിതറിക്കിടന്നിരുന്ന തട്ടിക്കൂട്ട് സൈന്യങ്ങലായിരുന്നു ഫ്രാൻസിൽ ഉണ്ടായിരുന്നത്) അദ്ദേഹം തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. ഇങ്ങനെ ഒരു മുഴുവൻ സമയ സേനയെ സംഘടിപ്പിക്കുകയും പരീശീലിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നത് അന്നത്തെ സാഹചര്യത്തിൽ വലിയ പണച്ചിലവുള്ള കാര്യമായിരുന്നു. കത്തോലിക്കാ സഭയുടെ ഫ്രാൻസിലെ ഭൂമിയും ധനവും പിടിച്ചെടുത്ത് ഉപയോഗിക്കുക എന്നതായിരുന്നു സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗമായി അദ്ദേഹം കണ്ടത്, ഇത് സഭയെ ചൊടിപ്പിക്കുകയും ചാൾസ് മാർട്ടെലിനെ സഭയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയും ചെയ്തു. ഈ സമയത്താണ് ഇസ്ലാമിക സേന ദക്ഷിണ സ്പെയിനിൽ ആധിപത്യം ഉറപ്പിച്ചതിനുശേഷം ഫ്രാൻസിലേക്ക് തിരിയുന്നത്. ഇതേതുടർന്ന് മറ്റൊരു മുസ്ലിം സ്പെയിൻ ആവർത്തിക്കാതിരിക്കാൻ പടിഞ്ഞാറൻ യുറോപും സഭയും ചാൾസ് മാർട്ടെലിന്റെ ആശ്രയം തേടി. തുടർന്ന് അബ്ദ് റഹ്മാൻ അൽ ഗാഫിക്കിയുടെ നേതൃത്വത്തിലുള്ള 50000ൽ അധികം വരുന്ന ഉമയ്യാദ് സേനയെ പ്രതിരോധിക്കാനായി തന്റെ 30000 മാത്രം വരുന്ന സൈന്യവുമായി ചാൾസ് മാർട്ടെൽ യാത്രതിരിച്ചു.

martel

( ഉമയ്യാദ് സേനയുടെ കുതിരപ്പട യുദ്ധമികവിന്റെ പേരിൽ യുറോപിലെങ്ങും പ്രശസ്തമായിരുന്നു,ചാൾസ് മാർട്ടെലിനാകട്ടെ കുതിരപ്പട ഉണ്ടായിരുന്നുമില്ല) രണ്ടു സേനകളും തമ്മിൽ വടക്കൻ-മധ്യ ഫ്രാൻസിലെ ടൂർസിൽ വെച്ച് കണ്ടുമുട്ടുകയും തുടർന്ന് നടന്ന യുദ്ധത്തിൽ അൽ ഗാഫിക്കിയുൾപ്പടെ 22000ത്തോളം ഉമയ്യാദ് സൈനികർ കൊലചെയ്യപ്പെടുകയും ചെയ്തു, ഏതാണ്ട് 1500ഓളം മാത്രമായിരുന്നു ഫ്രഞ്ച് സേനയ്ക്ക് വന്ന ആൾനാശം. ആധുനിക ചരിത്രകാരന്മാർ പടിഞ്ഞാറൻ യൂറോപിന്റെ ഗതി മാറ്റിമറിച്ച യുദ്ധമായാണ് ബാറ്റിൽ ഓഫ് ടൂർസിനെ കാണുന്നത്. ആ യുദ്ധത്തിൽ ചാൾസ് മാർട്ടെൽ പരാജയപ്പെട്ടിരുന്നെങ്കിൽ യൂറോപ്പ് മുഴുവൻ ഇസ്ലാമിക ഖാലിഫേറ്റിന്റെ കീഴിലായേനെ, കാരണം ഉമയ്യാദ് സേനയെ പ്രതിരോധിക്കാൻ തക്ക ശേഷിയുള്ള മറ്റൊരു സൈന്യവും രാജാവും അന്ന് യൂറോപ്പിലുണ്ടായിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കാൾ മെയ്നും ഹോളി റോമൻ എമ്പയറും ഉണ്ടാകുമായിരുന്നില്ല. ക്രിസ്ത്യനിറ്റിയും ആധുനിക യൂറോപും ഇന്ന് കാണുന്ന അവസ്ഥയിലുമായിരിക്കുമായിരുന്നില്ല. യൂറോപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹെവി ഇൻഫെന്റ്രി ഒരു ഹെവി കാവൽറി ഫോഴ്സിനെ കീഴടക്കിയ യുദ്ധം കൂടിയായിരുന്നു ഇത്.

Written by Blinkappan Shibu
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image