മറവി രോഗത്തെ അറിയാന്‍

Share the Knowledge

അല്‍ഷിമേഴ്സ് രോഗം മൂലം ഉള്ള  ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം ആയിട്ടാണ്  സെപ്റ്റംബര്‍ 21 “ലോക അൽഷെമേഴ്സ് ദിനം” ആയി ആചരിക്കുന്നത്.

brain-tree-dementia-624x295

എന്താണ് “അല്‍ഷിമേഴ്സ് രോഗം” ?

തലച്ചോറിനെ ബാധിക്കുന്ന  മേധാക്ഷയങ്ങളില്‍ (Dementia) ഏറ്റവും സാധാരണം ആയതാണ്  അല്‍ഷിമേഴ്സ്.ഈ രോഗ ബാധ മൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയോ നശിക്കുകയോ ചെയ്യുന്നു,തന്മൂലം തലച്ചോറിലെ കോശങ്ങള്‍ ആയ ന്യൂറോണുകള്‍ തമ്മില്‍ ഉള്ള സംവേദനം സാധ്യമാവാതെ വരുന്നു.മസ്തിഷ്കം തന്നെ ചുരുങ്ങി വരുന്നതിനു അനുസരിച്ച്  രോഗിക്ക് ക്രമേണ ഓര്‍മ്മ നശിക്കുകയും,ബൗദ്ധികവും,സാമൂഹികവും,തൊഴില്‍പരവും ഒക്കെ ആയിട്ടുള്ള ദൈനംദിന പ്രവത്തികളില്‍  ്പോലും ഏര്‍പ്പെടാനാവതെയും വരുന്ന അവസ്ഥ ആണ് അല്‍ഷിമേഴ്സ് രോഗം.

ഒരാളിന്റെ ശാരീരികവും മാനസികവുമായ കഴിവുകള്‍ ക്രമേണ നശിച്ച് പരാശ്രയത്തോടെ ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥ രോഗിക്കും അത് പോലെ തന്നെ അടുപ്പം ഉള്ളവര്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തും.ഓര്‍മ്മ,ധിഷണാശക്തി,ഭാഷാപരമായ കഴിവുകള്‍ , സ്ഥലകാലബോധം തുടങ്ങി തലച്ചോറിന്റെ സുപ്രധാനമായ കഴിവുകള്‍ ക്രമേണ കുറഞ്ഞു വരുമ്പോള്‍ ,വ്യക്തിയുടെ ഭൌതിക സാന്നിധ്യം ഉള്ളപ്പോള്‍ തന്നെ ആ വ്യക്തിയും അയാളുടെ വ്യക്തിത്വവും ഒക്കെ കൈവിട്ടു പോവുന്ന അവസ്ഥ വേദനാജനകം ആയിരിക്കും.ഒടുവില്‍ ഇതോടൊപ്പം തന്നെ മറ്റു രോഗങ്ങളും  പ്രവര്‍ത്തനവൈകല്യങ്ങളും ഒക്കെ പ്രകടമായെക്കാം.

icons_sintomas_ENG_L

“അല്‍ഷിമേഴ്സ് രോഗം” എത്രത്തോളം വലിയ ആരോഗ്യ പ്രശ്നം ?!

ലോകത്ത് ഓരോ ഏഴു സെക്കന്‍ഡിലും ഒരാള്‍ വീതം ഈ രോഗബാധിതന്‍ ആവുന്നു എന്നതിനാല്‍ ഇരുപതു വര്ഷം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ആവും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇന്ന് ഇന്ത്യയില്‍ ഉള്ള അല്‍ഷിമേഴ്‌സ് ബാധിച്ച 37 ലക്ഷം രോഗികള്‍ ആണ് കണക്കുകളില്‍ ഉള്ളത് എങ്കില്‍ ,2030 ആകുമ്പോഴേക്കും ഇത് 70 ലക്ഷമാകും എന്നാണു നിഗമനം.(അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസ്ഓര്‍ഡര്‍ സൊസൈറ്റി ഒഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ചുള്ള കണക്കുകളാണിത്.)

അല്‍ഷിമേഴ്‌സ് രോഗം 65 വയസ്സിനു മുകളില്‍ ഉള്ളവരില്‍ ആണ്  സാധാരണയായി കണ്ടുവരുന്നത്.എന്നാല്‍ അപൂര്‍വം ആയി നേരത്തെ തന്നെ അതായത് 40-50 വയസ്സുകളിലും ഈ രോഗം പ്രത്യക്ഷപ്പെടുന്നതായി കാണാം.

പ്രായാധിക്യം അല്ലെങ്കില്‍ വാര്‍ദ്ധക്യം കൊണ്ട് മാത്രം ഉണ്ടാവുന്ന ഒരു അവസ്ഥ അല്ല അല്‍ഷിമേഴ്സ്,അതിനെ പ്രത്യേക ഒരു രോഗാവസ്ഥ തന്നെ ആയി പരിഗണിക്കേണ്ടതുണ്ട്. സാധാരണ മേധാക്ഷയങ്ങളെക്കാള്‍ വേഗത്തില്‍ ഇത് മോശമായും ഇത്  രോഗിയെ കീഴ്പ്പെടുത്തും ഒട്ടു മിക്ക ആള്‍ക്കാരും രോഗബാധിതര്‍ ആയി 7 വര്‍ഷത്തിനുള്ളില്‍ മരണപ്പെടും. ദ്രുതഗതിയില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും പൂര്‍ണ്ണമായും തടയാനോ ഭേദമാക്കാനോ ഉള്ള മരുന്നുകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല.രോഗം കാഠിന്യം കുറയ്ക്കാനും,വേഗതയില്‍ രോഗം മുന്നേറുന്നത് തടയാനും ഒക്കെ ഉതകുന്ന മരുന്നുകള്‍ മാത്രം ആണ് നിലവില്‍ ഉള്ളത്. ആയതിനാല്‍ മരുന്നുകളെക്കാള്‍ ശ്രദ്ധയോടെ ഉള്ള പരിചരണവും  പരിചരിക്കുന്നവരില്‍ രോഗത്തെ കുറിച്ചുള്ള അവബോധവും ഒക്കെ പ്രാധാന്യം അര്‍ഹിക്കുന്നു.

അല്‍ഷിമേഴ്സ്  രോഗത്തിന്റെ കാരണങ്ങള്‍

ഈ രോഗത്തിന്റെ അടിസ്ഥാനമാവുന്ന യഥാര്‍ത്ഥ കാരണങ്ങള്‍ സംശയ രഹിതമായി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.വാര്‍ധക്യം ഈ രോഗത്തെ ത്വരിതപ്പെടുത്തും,ചില ജനിതക ഖടകങ്ങള്‍ രോഗബാധയെ സ്വാധീനിക്കും. പ്രമേഹം, രക്തസമര്‍ദ്ദം, വ്യായാമം ഇല്ലായ്മ എന്നിവയും അല്‍ഷിമേഴ്സിനെ സ്വാധീനിക്കുന്നു എന്നും കരുതപ്പെടുന്നു.

SymptomsAlzheimers3

അല്‍ഷിമേഴ്സ് രോഗ ലക്ഷണങ്ങള്‍

*ഓര്‍മ്മ നഷ്ടമാവല്‍ –  

സമീപകാലത്തുള്ള കാര്യങ്ങള്‍ ആയിരിക്കും തുടക്കത്തില്‍ മറന്നു പോവുക ,പിന്നീട് പതുക്കെ പതുക്കെ ആയിരിക്കും പഴയ ഓര്‍മ്മകളിലെക്കും മറവിയുടെ മാറാല നിറഞ്ഞു എല്ലാ ഓര്‍മ്മയും മൂടി പോവുന്നത്.

തൊട്ടു മുന്‍പ് പറഞ്ഞതും ചെയ്തതും ഒക്കെ മറന്നു പോവുക,പരിചിതമായ സ്ഥലത്ത് വഴി തെറ്റി പോവുക,മറുപടി കിട്ടിയത് മറന്നിട്ട് ഒരേ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചോദിക്കുക,ഇങ്ങനെ പലതും ആവും ആദ്യ ലക്ഷണങ്ങള്‍….

ഒടുവില്‍ ആവുമ്പോള്‍  ഏറ്റവും അടുപ്പം ഉള്ളവരെ തന്നെ മറക്കുകയും,ദൈനം ദിന കൃത്യങ്ങള്‍ എങ്ങനെ ചെയ്യണം എന്ന് പോലും മറക്കുകയും ചെയ്യുന്ന ദുരവസ്ഥയില്‍ വരെ എത്തും എല്ലാത്തിനെയും കുറിച്ചുള്ള ഓര്‍മ്മയും ഏകദേശം  പൂര്‍ണ്ണമായി തന്നെ മാഞ്ഞു പോവുന്ന അവസ്ഥ വരെ.

*കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനും ദൈനം ദിന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉള്ള കഴിവ്നഷ്ടപ്പെടുന്ന അവസ്ഥ.

ആദ്യമാദ്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയും സമയം കൂടുതല്‍ എടുക്കുകയും ആണ് ചെയ്യുന്നത് എങ്കില്‍ പിന്നീട് ഇത് ഒട്ടും നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്താം.

*സഥല കാല ബോധം നഷ്ടപ്പെടല്‍

സമയവും ,കാലവും ,എവിടെ ആണ് ഉള്ളത് എന്നും, എങ്ങനെ എത്തപ്പെട്ടു എന്നതും, ഒക്കെ ചിലപ്പോള്‍ നിന്ന നില്‍പ്പില്‍ മറന്നു പോവാം.പരിചരിക്കുന്ന ആള്‍ ഇത് മനസ്സില്‍ വെച്ചില്ലെങ്കില്‍ രോഗികള്‍ എവിടെ എങ്കിലും ഇറങ്ങി പോവുകയും തിരിച്ചു വരാന്‍ ആവാതെ വഴിയറിയാതെ ഉഴറുകയും ചെയ്യാം.

*ദൃശ്യങ്ങളും അവയുടെ ഖടനയും മനസ്സിലാക്കാന്‍ ഉള്ള പ്രയാസം.

ചിലര്‍ക്ക് വായിക്കാനും,മനസ്സില്‍ ഏകദേശം അകലം അളക്കാനും,നിറം മനസ്സിലാക്കാനും ഒക്കെ പ്രയാസം നേരിടും.ഡ്രൈവിംഗില്‍ ഒക്കെ പ്രയാസം നേരിടുമ്പോള്‍ ആയിരിക്കും ഇത് ആദ്യം മനസ്സിലാക്കുക.

*സംസാരിക്കാനും എഴുതാനും ഒക്കെ മുന്‍പില്ലാത്ത പ്രയാസങ്ങള്‍

ഒരു ചര്‍ച്ചയില്‍ പങ്കു ചേരാനോ, അതില്‍ തുടരാനോ, ഒക്കെ ഉള്ള പ്രയാസം ആയിരിക്കും ചിലര്‍ക്ക്.സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് നിര്‍ത്തുക എന്നിട്ട് മുന്‍പ് പറഞ്ഞു കൊണ്ടിരുന്നത് എന്തെന്ന് ഓര്‍ത്തെടുക്കാന്‍ ആവാതെ വരുക,ഉചിതം ആയ വാക്കുകള്‍ എത്ര ഓര്‍ത്തിട്ടും കിട്ടാതെ വരുക,പകരം സമാനം ആയ വാക്കുകള്‍ ഉപയോഗിച്ച് പോവുക എന്നിങ്ങനെ പലതും കാണാം.

*വസ്തുക്കള്‍ സ്ഥാനം തെറ്റിച്ചു വെക്കുക

സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ അസാധാരണമായ സ്ഥലത്ത് ഒക്കെ വെക്കുകയും, പിന്നീട് ഇത് എത്ര വിചാരിച്ചാലും ഓര്‍മ്മിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുക.കൂടെ ഉള്ളവര്‍ അത് എടുത്തു എന്നായിരിക്കും ചിലപ്പോള്‍ രോഗി ആരോപിക്കുക.

*വസ്തുതകള്‍ ഗ്രഹിക്കാനും ,തീരുമാനം എടുക്കാനും ഉള്ള കഴിവ് നഷ്ടപ്പെടുക.

ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുമ്പോള്‍ ചെറിയ തുക വേണ്ടിടത്ത് കൂടുതല്‍ നോട്ടുകള്‍ നല്‍കുക.

*സാമൂഹിക ഇടപെടലുകളില്‍ നിന്ന് ഉള്‍വലിയല്‍

സ്വന്തം വൃത്തി,തലമുടി ചീകുന്നത് പോലെ ഉള്ള കാര്യങ്ങളില്‍ പോലും ശ്രദ്ധ ഇല്ലാതെ ആവുന്നതൊക്കെ ചിലപ്പോള്‍ കാണാം.മുന്‍പ് താല്പര്യം ഉണ്ടായിരുന്ന ഹോബികള്‍,സ്പോര്‍ട്സിലും മറ്റും ഉള്ള ശ്രദ്ധ,മറ്റു പൊതു പ്രവര്‍ത്തികളില്‍ ഉള്ള താല്പര്യം നഷ്ടപ്പെടുകയും അതെക്കുറിച്ച് പൂര്‍ണ്ണമായും മറക്കുകയും ചെയ്യാം.മറ്റുള്ളവരും ആയി ഇടപഴകുന്നതും കുറയാം.

*സ്വഭാവത്തിലും മനസികാവസ്ഥയിലും ഉള്ള വ്യതിയാനങ്ങള്‍

പരിചിതവും അല്ലാത്തതും ആയ സാഹചര്യങ്ങളില്‍ എല്ലാം തന്നെ ആശയക്കുഴപ്പങ്ങളും,സംശയങ്ങളും,ദേഷ്യവും,ഉല്‍ക്കണ്ഠയും,നിരാശയും,ഭീതിയും ഒക്കെ ഇവരില്‍ പ്രത്യക്ഷപ്പെടാം.പെട്ടന്ന് ദേഷ്യം വരുകയും,അപൂര്‍വം ചിലര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ തുനിയുകയും ഒക്കെ ചെയ്യാം.പ്രാഥമിക കൃത്യങ്ങള്‍ പോലും എവിടെ എങ്ങനെ ചെയ്യണം എന്ന് മറന്നു പോവുന്ന അവസ്ഥയില്‍ വരെ ഒടുവില്‍ എത്താം.

രോഗനിര്‍ണ്ണയം

ഡോക്ടറുടെ വിവിധതരം പരിശോധനകളിലൂടെയും വിലയിരുത്തലിലൂടെയും  ആണ് രോഗനിര്‍ണ്ണയം സാധ്യം ആവുന്നത്  രോഗം നിര്‍ണ്ണയിക്കാന്‍ ഒരേഒരു  ടെസ്റ്റ്‌നെ അല്ല ആസ്പദം ആക്കുന്നത്.ഒരു ഫിസിഷ്യന്റെ സഹായം തേടുകയാണ് ഉചിതം.

അല്‍ഷിമേഴ്സ് രോഗചികില്‍സ

Alzheimer-Ribbon_01

മുന്‍പ് പറഞ്ഞത് പോലെ രോഗം പരിപൂര്‍ണ്ണമായി ഭേദമാക്കാന്‍ നിലവില്‍ സാധ്യമല്ലാത്തതിനാല്‍, ഈ സങ്കീര്‍ണ്ണമായ രോഗാവസ്ഥയോട് രോഗിയെക്കാള്‍ ഉപരി രോഗിയുടെ ബന്ധുമിത്രാദികള്‍ പൊരുത്തപ്പെടുകയും രോഗിക്ക് ആവശ്യം ആയ പരിചരണം കൊടുക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ മനസ്സിലാക്കാന്‍ പലപ്പോളും ബന്ധുക്കള്‍ പരാജയപ്പെടും, പൊതുവില്‍ വീടുകളില്‍ വാര്‍ധക്യത്തില്‍ എത്തുന്നവരെ അവഗണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ മനസ്സിലാക്കാതെ രോഗി അഭിനയിക്കുന്നതായും ,”വേല ഇറക്കുന്നതായും” ,ഒരു വേള മാനസിക രോഗം ആയി തന്നെയും തെറ്റിദ്ധരിക്കുന്നത് അസാധാരണം അല്ല.

രോഗിയെ ഭാരമായോ ശല്യമായോ കാണാതെ ശ്രദ്ധയോടെ,ക്ഷമാ പൂര്‍വം ഉള്ള പരിചരണം,ജീവിതക്രമവും പരിസരവും ചിട്ടപ്പെടുത്തുക അതോടൊപ്പം രോഗിയ്ക്ക് ആവുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഉള്ള സ്വാതന്ത്ര്യവും,അര്‍ഹമായ പരിഗണനയും നല്‍കി ആത്മവിശ്വാസം നില നിര്‍ത്തുക എന്നിവയാണ് പ്രധാനം.

രോഗപരിചരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം ശുശ്രൂഷകര്‍ക്ക് ഉണ്ടാവണം.മറ്റു രോഗങ്ങള്‍ പിടിപെടാന്‍ ഉള്ള സാധ്യത ഏറെ ആണ് എന്നത് പരിചരണം നല്‍കുന്നവര്‍ മനസ്സില്‍ കണ്ടു അതിനുള്ള സാധ്യതകള്‍ ഒഴിവാക്കണം.

ആരോഗ്യപരം ആയ ജീവിതശൈലി പൊതുവില്‍ ആരോഗ്യത്തെ സംരക്ഷിക്കും എന്നതിനാല്‍ രോഗം ഇല്ലാത്തവരും അമിത രക്തസമ്മര്‍ദ്ദം ,പ്രമേഹം,രക്തത്തിലെ കൊഴുപ്പ് എന്നിവ നിയന്ത്രിക്കുകയും പുകവലി മദ്യപാനങ്ങള്‍ പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നതും ക്രമമായി വ്യായാമം ചെയ്യുന്നതും കരണീയം ആയിരിക്കും. ഇന്നലെകള്‍ പോലും നഷ്ടപ്പെട്ടു,ഓര്‍മ്മയുടെ മണിച്ചെപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നതെല്ലാം  കൈമോശം വന്നു, ഒടുക്കം നമ്മില്‍ നിന്ന് നമ്മെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തുന്നത് എത്ര ഭീകരം ആയിരിക്കും എന്ന് ഒരു നിമിഷം ഈ അവസരത്തില്‍ ചിന്തിക്കാന്‍ കഴിയട്ടെ,ഈ അവസ്ഥയില്‍ ഉള്ള സഹജീവികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന കൊടുക്കാന്‍ ഏവര്‍ക്കും ആവട്ടെ.

വാല്‍ക്കഷ്ണം : എല്ലാ മറവിയിയും  അല്‍ഷിമേഴ്‌സ്‌ അല്ല – വല്ലപ്പോളും ഉള്ള മറവിയും,ചെറിയ രീതിയില്‍ ഉള്ള സമാന ലക്ഷണങ്ങളും ഇതും ആയി ചേര്‍ത്തു വെച്ച് അമിത ആശങ്കയില്‍ ആരും അകപ്പെടെണ്ടതില്ല.വേണ്ടത് കരുതല്‍ ആണ് ആകാംഷ അല്ല.

shutterstock_140613973-e1421193121827

 

Image