New Articles

ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മെറ്റ്‌ ധരിക്കേണ്ടതുണ്ടോ?

integral-helmet-shoei-qwest-matt-deep-grey-m_5815_500

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കണം എന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ എന്ന ശിരോ ആവരണം ധരിച്ചവര്‍ ആണ്പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല മറിച്ചു പോലീസ് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കാന്‍ ആണ്പലരും ഹെല്‍മെറ്റ്‌ ധരിക്കുന്നത്!! പലരും വാഹനത്തിന്റെ പല ഭാഗങ്ങളില്‍ ഹെല്‍മെറ്റ്‌ തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട്  നഗരപരിധി എത്തുമ്പോള്‍ “കിരീട ധാരണം” നടത്തുകയും ചെയ്യുന്നത് എവിടെയും കാണാം.ചിലര്‍ വാഹനം നിര്‍ത്താന്‍ പോലും സമയം കണ്ടെത്താതെ ഓടുന്ന വാഹനത്തില്‍ ഇരുന്നു ഈ പ്രക്രിയയ്ക്ക് വിധേയമാവുന്ന വിചിത്ര കാഴ്ചയും സുലഭമാണ്.

ഇരുചക്ര വാഹന യാത്രയില്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കേണ്ടത്തിന്റെ പ്രാധാന്യം.

ഇരുചക്ര വാഹന യാത്രികര്‍ മാരകമായ വാഹന അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്.ഇരുചക്ര അപകടങ്ങളില്‍ ഏറ്റവും സാധാരണമായ പരിക്ക് തലയ്ക്കു ഏല്‍ക്കുന്ന പരിക്ക്(Head Injury) ആണ്.മരണകാരണം ആവുന്ന പരിക്കുകളില്‍ അമ്പതു ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ ഉള്‍പ്പെടെ ഉള്ള പ്രധാന അവയവങ്ങള്‍ പേറുന്ന ഭാഗം ആണ് ശിരസ്സ്‌.തലയ്ക്കും കഴുത്തിനും  മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും  കാരണമാവാന്‍ സാധ്യത ഏറെ ആണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരുക്ക് 69% കണ്ടും മരണ സാധ്യത  42% ത്തോളവും കുറയും എന്നാണു 2008ല്‍ നടത്തിയ വിപുലമായ പഠനങ്ങള്‍ തെളിയിക്കുന്നത്.

Helmet-protective-diagram

എന്താണ് ഹെല്‍മെറ്റ്‌ ?

ഹെല്‍മെറ്റ്‌ പല വിധം ഉണ്ടെങ്കിലും (ഉദാ:പോലീസുകാര്‍,റേസിംഗ് വാഹനങ്ങളില്‍,സ്പോര്‍ട്സില്‍,അപകട സാധ്യത ഉള്ള ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന വിവിധയിനം).ഇരുചക്ര മോട്ടോര്‍ വാഹന യാത്രികര്‍  ശിരസ്സില്‍ ധരിക്കേണ്ട സുരക്ഷാ ആവരണം അഥവാ മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റ്‌  ആണ് ഇവിടെ  പ്രതിപാദ്യ വിഷയം.

ഹെല്‍മെറ്റിന്റെ പ്രാഥമികമായ ഉപയോഗം, 

ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുന്ന സമയത്ത് വാഹനത്തില്‍ സഞ്ചരിക്കുന്ന ആളുടെ ശിരസ്സിനു ഉണ്ടായേക്കാവുന്ന ക്ഷതം തടയുകയോ/കുറയ്ക്കുകയോ ചെയ്യുന്ന സുരക്ഷാ ആവരണം ആയി പ്രവര്‍ത്തിക്കുകയും  അതിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്ന ആളുടെ പരുക്കുകള്‍ കുറയ്ക്കുകയും അതിലൂടെ രോഗാതുരത കുറയ്ക്കുകയും  ജീവന്‍ തന്നെ സംരക്ഷിക്കുകയോ  ആണ് ഹെല്‍മെറ്റിന്റെ പ്രാഥമികമായ ധര്‍മ്മം.

ഹെല്‍മെറ്റ്‌ കൊണ്ടുള്ള മറ്റു പ്രയോജനങ്ങള്‍ ,

 • മുഖാവരണം ഉള്ള ഹെല്‍മെറ്റ്‌ മുഖ ഭാഗങ്ങള്‍ക്ക് കൂടി സംരക്ഷണം നല്‍കുന്നു.മുഖത്തും പ്രത്യേകിച്ച് കണ്ണിലും  മഴ വെള്ളം,കാറ്റ്,പൊടിപടലങ്ങള്‍,പ്രാണികള്‍ എന്നിവ നേരിട്ട് പതിക്കുന്നത് പ്രതിരോധിക്കുന്നു.
 • ഗ്ലെയര്‍ അടിക്കുന്നതില്‍ നിന്ന് കാഴ്ചയെ സംരക്ഷിക്കുന്നു.
 • ചെവികളെ മൂടി ചെവിക്കുള്ളില്‍ കാറ്റ് കടക്കുന്നതില്‍ നിന്നും മറ്റും തടയുന്നു.
 • ചില ഹെല്‍മറ്റുകള്‍ അതിനുള്ളിലെ വായൂ സഞ്ചാരം കൃത്യമായി ക്രമീകരിക്കുന്നു.
 • വെയിലടിക്കുന്നതും ത്വക്കില്‍ സൂര്യാഘതത്തിന്റെ പ്രഭാവം ഉണ്ടാവുന്നതും കുറയ്ക്കുന്നു.

ഹെല്‍മെറ്റ്‌ ധരിക്കുന്നതും ആയി ബന്ധപ്പെട്ട ചില മിഥ്യാധാരണകളും അവയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും.

*സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നത് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവില്ല എന്ന് തന്നെ ആണ് നിലവിലെ വസ്തുതകള്‍ സൂചിപ്പിക്കുന്നത്.

*ഹെല്‍മെറ്റ്‌ന്റെ ഭാരം  മൂലം അപകടത്തില്‍ കൂടുതല്‍ പരുക്കുകള്‍ ഉണ്ടാവാം എന്നത് അബദ്ധ ധാരണ ആണെന്നാണ്‌ അടുത്തകാലത്തുണ്ടായ വിപുലമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്ന് മാത്രമല്ല തലച്ചോറിന്റെ പരുക്കുകള്‍ മാത്രമല്ല സ്പൈന്‍ injury അഥവാ നട്ടെല്ലിനു ഉള്ളിലെ സുഷുമ്ന നാഡി ക്കുള്ള പരിക്കുകള്‍ കുറയ്ക്കാന്‍ ഹെല്‍മെറ്റ്‌ ഉതകുന്നു എന്ന് Johns Hopkins ഇന്‍സ്റ്റിറ്റ്യൂട്ട് Journal of the American College of Surgeons പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു 2002 and 2006 നടന്ന 40,000 ഓളം ഇരുചക്രവാഹന അപകടനങ്ങളെ വിലയിരുത്തിയാണ് ഈ പഠനം. (Link 1, Link 2)

*ഹെല്‍മെറ്റ്‌ ധരിക്കുന്നത് കാഴ്ച്ചയെ തടസ്സപ്പെടുത്തും എന്നത് തെറ്റായ ധാരണയാണ്.

തെറ്റായ ധാരണ ആണിത്. വാഹനം ഓടിക്കുന്നതിനു  ആവശ്യമായ വിഷ്വല്‍ ഫീല്‍ഡ് ഹെല്‍മെറ്റ്‌ തടസ്സപ്പെടുത്തുന്നില്ല എന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുത.

*ഹെല്‍മെറ്റ്‌ ധരിക്കുന്നത് കേള്‍വിയെ ബാധിക്കും എന്നതും തെറ്റായ ധാരണയാണ്.

ഹെല്‍മെറ്റ്‌ ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും എന്നാല്‍ സ്വരഭേദങ്ങള്‍ വേര്‍ തിരിച്ചു അറിയാനുള്ള ചെവിയുടെ പ്രവര്‍ത്തനത്തെ ഹെല്‍മെറ്റ്‌ തടസ്സപ്പെടുത്തുന്നില്ല ആയതിനാല്‍ വാഹനം ഓടിക്കുന്ന ആള്‍ കേള്‍ക്കേണ്ട ശബ്ദങ്ങള്‍ കേള്‍ക്കാനും തിരിച്ചറിയാനും ഹെല്‍മെറ്റ്‌ തടസ്സമാവുന്നില്ല.

*ചെറിയ ദൂരം സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കേണ്ടതില്ല എന്ന് ചിലര്‍ കരുതുന്നത് അബദ്ധം ആണ്. വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അപകടം  ഉണ്ടായേക്കാം ആയതിനാല്‍ മുന്‍കരുതല്‍ എല്ലായ്പ്പോഴും ആവശ്യം ആണ്. (Link 1, Link 2)

ഹെല്‍മെറ്റ്‌ തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

ശരിയായ ഹെല്‍മെറ്റ്‌ തിരഞ്ഞെടുക്കുക ആണ് പ്രാഥമിക നടപടി.ഹെല്‍മെറ്റ്‌ ഭൂരിഭാഗം പേരും ധരിക്കുന്നത് പോലീസ് നടപടി ഒഴിവാക്കാനുള്ള നടപടി ആയിട്ടാണ്.എന്നാല്‍ ശരിയായ ഹെല്‍മെറ്റ്‌ ധരിക്കാതിരിക്കുന്നതും അത് പോലെ തന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ്‌ ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാന്‍ ഉള്ള സാധ്യത കൂട്ടുന്നു.

 • ഗുണ നിലവാരം ഉള്ള ഹെല്‍മെറ്റ്‌ തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ -IS 4151  ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.
 • വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റ്‌കള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.മോശമായ ഹെല്‍മെറ്റ്‌ പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക  മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.ഇവ സെകന്റെ ഹാന്റ് ആവാന്‍ ഉള്ള സാധ്യത യും തള്ളിക്കളയാനാവില്ല
 • യാതൊരു കാരണവശാലും സെക്കന്റ് ഹാന്‍ഡ് ഹെല്‍മറ്റ് വാങ്ങരുത്.കാരണം അത് മുന്‍പ് അപകടത്തിനു ഇടയാവുകയോ,Ultra Violet degradation സംഭവിക്കുകയോ ഒക്കെ ചെയ്ത ഗുണ നിലവാരം കുറഞ്ഞ ഒന്നാവാം.അപകടത്തിനു ഇട ആയ ഹെല്‍മെറ്റ്‌ ചിലപ്പോള്‍ പുറമേ നിന്ന് കണ്ടാല്‍ തിരിച്ചറിയാനാവണം എന്നില്ല എന്നാല്‍ ഉള്ളിലെ ലൈനെര്‍ സംരക്ഷണം കേടു പറ്റി ഉപയോഗ ശൂന്യം ആയിക്കാണും.

ആകൃതി അനുസരിച്ച് പല തരം  ഹെല്‍മെറ്റ്‌ ഉള്ളതില്‍ ഏതു തിരഞ്ഞെടുക്കണം?

 • പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ്‌(Full face helmets) ആണ് ഏറ്റവും സുരക്ഷിതം.അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും ,വായു പ്രതിരോധം കുറയ്ക്കാനും,ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം.
 • 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത Open face ഹെല്‍മെറ്റ്‌ സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.
 • പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ്‌ യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില്‍ നിന്ന് പരിരക്ഷ കിട്ടാന്‍ വേണ്ടി ചിലര്‍ വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള  ആകൃതിയുള്ള ഇത്തരം ഹെല്‍മെറ്റ്‌കള്‍ തലയോടിനെ വെയില്‍ അടിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക കൂടിപ്പോയാല്‍ പുറമേ ഉരസല്‍ മൂലമുള്ള പരുക്ക് തടഞ്ഞേക്കാം എന്നാല്‍ തലയോടിനും മസ്തിഷ്കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയുകയില്ല.ആയതിനാല്‍ ഇത് സംരക്ഷണത്തിനു ഉപയോഗയോഗ്യം അല്ല.

ഹെല്‍മെറ്റ്‌ ന്റെ നിറം- 

 • ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ്‌ ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ്‌ ധാരിയെ കാണാന്‍ എളുപ്പം ഉണ്ടാക്കുന്നു ആയതിനാല്‍ തന്നെ അത് അപകട സാധ്യത തന്നെ കുറയ്ക്കുന്നു എന്നാണു.( high visibility clothing ഉം ഇത്തരത്തില്‍ ഉപകാരപ്പെടും )
 • ഹെല്‍മെറ്റ്‌ ന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിന് അനുസരിച്ച് വെച്ച് നോക്കി തിരഞ്ഞെടുക്കേണ്ടതാണ് അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ്‌ ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം.ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.
ഹെല്‍മെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 • ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു!!

ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ്‌ ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റ്‌നെ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

 • ഹെല്‍മെറ്റ്‌ ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തന ക്ഷമത കുറയും ആയതിനാല്‍ അങ്ങനെ ഉള്ള അവസരങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പഴയത് ഉപകേഷിച്ചു പുതിയത് ഉപയോഗിക്കണം.(വലിയ ക്ഷതം ഉണ്ടായാലും ചിലപ്പോള്‍ ഹെല്‍മെറ്റ്‌നു പുറമേ അതിന്റെ വലിയ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നാല്‍ അകമേ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവം.)
 • ഒരു ഹെല്‍മെറ്റ്‌ പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ്‌ വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്തു  ചിലരില്‍ അത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവുകയും ചെയ്യാം.
 • സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റ്‌നു ഏകദേശം അഞ്ചു വര്ഷം ആണ് ആയുസ്സ് എന്നാല്‍ നിരന്തരം  ഉപയോഗിക്കുന്നു എങ്കില്‍ മൂന്നു വര്ഷം കഴിയുമ്പോള്‍ മാറണം.
 • കൃത്യമായ വലിപ്പം – അതായത് അമിത മുറുക്കമോ അയവോ ഇല്ലാത്ത രീതിയില്‍ ഉചിതമായ വലിപ്പത്തില്‍ ഉള്ള ഹെല്‍മെറ്റ്‌ ധരിക്കണം അല്ലെങ്കില്‍  അപകട സമത്തുള്ള അമിത വേഗതയില്‍ ഹെല്‍മെറ്റ്‌നു സ്ഥാന ഭ്രംശം സംഭവിക്കാം.
ഹെല്‍മെറ്റ്‌ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

how-to-correctly-fit-a-bike-helmet

ആധുനിക ഹെല്‍മെറ്റ്‌കള്‍ക്ക്  പൊതുവില്‍ രണ്ടു സംരക്ഷണ ഘടകങ്ങള്‍ ആണ് ഉള്ളത്,കട്ടിയുള്ളതും എന്നാല്‍ അധികം കനം ഇല്ലാത്തതും ആയ പുറമേ ഉള്ള ഷെല്‍( സാധാരണ ഗതിയില്‍ ഇത്  പോളികാര്‍ബോേണറ്റ് /ഫൈബര്‍ ഗ്ലാസ്‌ അല്ലെങ്കില്‍ കെവ്ലാര്‍  കൊണ്ടായിരിക്കും നിര്‍മ്മിക്കപ്പെട്ടിരിക്കുക).അകമേ ഉള്ള ഇന്നെര്‍ ലൈനിംഗ് അല്പം മൃദുവായ എക്സ്പാന്റെഡ് പോളിസ്റെറിന്‍ അല്ലെങ്കില്‍ പോളി പ്രോപ്പെലിന്‍( Expanded Polystyrene foam) ഇ പി എസ് ഫോം ആയിരിക്കും. തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ്‌ എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക.എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല.മസ്തിഷ്കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ്ത ലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തേതായ പരിഗണനാ വിഷയം മാത്രമാണ്. പ്രാഥമിക ക്ഷതം എല്ക്കുന്നിടത്തു ആഘാതം സ്വീകരിച്ചു അപഭ്രംശം  സംഭവിക്കുന്നതിലൂടെ   ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മം ആണ് ഹെല്‍മെറ്റ്‌നുള്ളത്. പുറമേ ഉള്ള ഷെല്‍  കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക്  തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ആ കൂടെ  അകമേ ഉള്ള ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം – ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌ നുള്ളില്‍ ശിരസ്സിനുള്ള ആഘാതം കുറയ്ക്കുക.

സാധാരണ ആയി ഇത്തരം അപകടങ്ങളില്‍ ക്ലോസ്ഡ് ബ്രെയിന്‍ ഇന്ജ്വരി ആണ് ഉണ്ടാവുക ഇതിനു കാരണം ആവുന്നത് അമിത വേഗതയില്‍ ഉലച്ചില്‍ ഉണ്ടാവുന്ന തലയ്ക്കുള്ളില്‍ തലയോടിനുള്ളില്‍ തലച്ചോറിനു ഉണ്ടാവുന്ന ക്ഷതം ആണ്.
ഇതോടൊപ്പം തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ക്ക് ഇടയിലുള്ള രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ മാരകമായ ആന്തരിക രക്ത സ്രാവം ഉണ്ടാവനിടയുണ്ട്. മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ച ഹെല്‍മെറ്റ്ന്റെ ഇന്നര്‍ ലൈനെര്‍ മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത  ,സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്‍ ഉതകുന്ന കട്ടി ഉള്ളത് ആയിരിക്കണം. നിശ്ചിത സ്പീഡ്നു അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് ഹെല്‍മെറ്റ്‌കള്‍ നിര്‍മ്മിച്ചിരിക്കുന്നത് അതിനാല്‍ അമിത വേഗതയില്‍ ഉണ്ടാവുന്ന ആഘാതത്തില്‍ ഹെല്‍മെറ്റ്‌ന്റെ പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞേക്കാം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ്‌ ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്  (ലിങ്ക് ). എങ്കിലും നിലവിലും വലിയൊരു ശതമാനം ആളുകളും ശരിയായ രീതിയില്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യം ആണ് (ലിങ്ക്)

ഹെല്‍മെറ്റ്‌ നെ കുറിച്ച് പലവിധ ആവലാതികള്‍ പറയുന്നവര്‍ ഉണ്ട് എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് കഴമ്പില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള്‍ മാത്രമാണ് ഓര്‍ത്തിരിക്കേണ്ട സംഗതി ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെ ഇരുന്നാല്‍ ഉണ്ടാവുന്ന അപകട സാധ്യതകളും ആയി തുലനം ചെയ്യുമ്പോള്‍ അത് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള്‍ നിസ്സാരമാണ്.
ജീവനോളം/ആരോഗ്യത്തോളം വില  മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ്‌ ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്.

488e39fb4ffc10af021fd835d97b861c.1000x646x1
വിവരങ്ങള്‍ക്ക് അവലംബം:

 1. http://onlinelibrary.wiley.com/doi/10.1002/14651858.CD004333.pub3/abstract
 2.  http://www.ncbi.nlm.nih.gov/pubmed/18254047
 3. http://www.hindawi.com/journals/neuroscience/2015/696787/
 4. http://www.bmj.com/content/328/7444/857.full
 5. http://crash.org.au/
 6. http://www.ncbi.nlm.nih.gov/pubmed/15106247
 7. ലിങ്ക് 
Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers