ഓഡിയും ബി എം ഡബ്ല്യുവും പിന്നെ ജാഗ്വാറുമൊക്കെ വന്ന വഴികള്‍

Share the Knowledge

അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലെ മിഷിഗണിലേക്ക് കുടിയേറുമ്പോള്‍ വില്യം ഫോര്‍ഡിന്റെ മനസ്സില്‍ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ബെല്‍ജിയത്തില്‍ നിന്നും മിഷിഗണിലേക്ക് കുടിയേറിയ ഒരു കര്‍ഷകകുടുംബത്തില്‍ പിറന്ന മേരി ഫോര്‍ഡിനെയാണ് വില്യം വിവാഹം ചെയ്തത്. വില്യത്തിന്റെ അഞ്ചുമക്കളില്‍ ആദ്യത്തെ കണ്മണിയായിരുന്നു പില്‍ക്കാലത്ത് വാഹനപ്രേമികളുടെ ദൈവമായി വാഴ്ത്തപ്പെട്ട ഹെന്‍ട്രി ഫോര്‍ഡ്. കൃഷിയിടത്തില്‍ പണിയെടുക്കുമ്പോഴും ഹെന്‍ട്രിക്ക് താല്‍പര്യം അവിടത്തെ വാട്ടര്‍ വീലുകളെപ്പറ്റി അറിയുന്നതിനും ആവി എഞ്ചിനുകളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനുമൊക്കെയായിരുന്നു. ആവി എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചേട്ടന്മാര്‍ക്കൊപ്പം സമയം ചെലവിട്ട് അവയുടെ പ്രവര്‍ത്തനം എങ്ങേനയും പഠിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. ഇതിനു പുറമേ മറ്റൊരു ഹോബി കൂടി ഉണ്ടായിരുന്നു ഹെന്‍ട്രിക്ക് വാച്ച് റിപ്പയറിങ്. വാച്ചുകള്‍ അഴിച്ചെടുത്ത് അതിലെ ഭാഗങ്ങള്‍ കൂട്ടിയിണക്കുന്നത് പഠിച്ചതിലൂടെയാണ് വാസ്തവത്തില്‍ ഹെന്‍ട്രി പില്‍ക്കാലത്ത് താന്‍ ഉണ്ടാക്കിയ യന്ത്രങ്ങളെക്കുറിച്ചുള്ള ബാലപാഠം പഠിക്കുന്നത്. പ്രദേശത്തെ സമര്‍ത്ഥനായ വാച്ച് റിപ്പയറര്‍ എന്ന പേര് വൈകാതെ തന്നെ ഹെന്‍ട്രിക്ക് ചാര്‍ത്തിക്കിട്ടുകയും ചെയ്തു. 

ഹെന്‍ട്രിയുടെ പതിനഞ്ചാം വയസ്സിലായിരുന്നു അമ്മ മേരിയുടെ മരണം. തനിക്ക് കൃഷിയുമായി ഉണ്ടായിരുന്ന ഏക ബന്ധം അമ്മയിലൂടെയായിരുന്നുവെന്ന് നന്നായി അറിയാമായിരുന്ന ഹെന്‍ട്രി അമ്മയുടെ മരണശേഷം റെയില്‍റോഡ് കാറുകള്‍ നിര്‍മ്മിച്ചിരുന്ന ഡെട്രോയിറ്റിലെ മിഷിഗണ്‍ കാര്‍ കമ്പനിയില്‍ അപ്രന്റീസായി ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് രണ്ടര വര്‍ഷത്തോളം അവിടേയും അതുപോലുള്ള മറ്റു പല കമ്പനികളിലുമൊക്കെ തൊഴിലെടുത്ത് അത്യാവശ്യം ആവി എഞ്ചിനുകള്‍ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് ഹെന്‍ട്രി ആര്‍ജിച്ചതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ അവിടെ കൃഷി ചെയ്ത് കൂടുന്നതിനു പകരം കര്‍ഷകരുടെ യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിലായിരുന്നു അവനു കമ്പം. എന്നാല്‍ പിന്നീട് ഡെട്രോയ്റ്റിലേക്ക് മടങ്ങി എഡിസണ്‍ ഇല്യുമിനേറ്റിങ് കമ്പനിയിലെത്തി അവിടെ വച്ച് ഫോര്‍ഡ് ക്വാഡ്രിസൈക്കിളിന് രൂപം നല്‍കിയതും തുടര്‍ന്ന് അവിടെ നിന്നും രാജിവച്ച് ഡെട്രോയ്റ്റ് ഓട്ടോമൊബൈല്‍ കമ്പനി തുടങ്ങിയതുമൊക്കെ ചരിത്രം.

കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ഹെന്‍ട്രി ഫോര്‍ഡിനെ ചീഫ് എഞ്ചിനീയറാക്കി തുടങ്ങിയ ഹെന്‍ട്രി ഫോര്‍ഡ് കമ്പനിയില്‍ നിന്നും പിന്നീട് ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഫോര്‍ഡ് രാജിവച്ചൊഴിയുകയായിരുന്നു. സ്വന്തം പേരുള്ള ആ കമ്പനിയില്‍ നിന്നും ഹെന്റി രാജി വച്ചൊഴിഞ്ഞപ്പോള്‍ അതിന്റെ മുതലാളിയായ വില്യം മര്‍ഫി അത് കാര്‍ഡിലാക് ഓട്ടോമൊബൈല്‍ കമ്പനിയായി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 1703-ല്‍ ഡെട്രോയിറ്റ് സ്ഥാപിച്ച ഫ്രഞ്ച് പ്രഭുവായ ആന്റണ്‍ ലുമെറ്റ് ദെ ലാ മോത്തം കാര്‍ഡിലാക്കിന്റെ പേരായിരുന്നു അത്. 1909-ല്‍ അത് ജനറല്‍ മോട്ടോഴ്‌സിന്റെ ഭാഗമായി തീര്‍ന്നു. തുടര്‍ന്ന് 1902-ല്‍ ഫോര്‍ഡും സുഹൃത്തായ മാല്‍കോംസലണും ചേര്‍ന്ന് ആരംഭിച്ച ഫോര്‍ഡ് മാല്‍കംസണ്‍ കമ്പനിയാണ് പിന്നീട് ഇന്നത്തെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയായി മാറിയത്. 825 ഡോളര്‍ നിരക്കില്‍ മോഡല്‍ ടിയും തുടര്‍ന്ന് മോഡല്‍ എയും പുറത്തിറക്കിയതില്‍പ്പിന്നെ ഫോര്‍ഡിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.

കര്‍ഷകനായ ഫോര്‍ഡിന്റെ നാമധേയം പില്‍ക്കാലത്ത് ലോകത്തെ വമ്പനായ ഒരു കാര്‍ കമ്പനിക്ക് കൈവന്നതുപോലെ തന്നെയാണ് വിവിധ കമ്പനികളുടെ പേരുകള്‍ക്കു പിന്നിലുള്ള ചരിത്രവും. ഓവര്‍ഹെഡ് വാല്‍വ് എഞ്ചിന്‍ കണ്ടുപിടിച്ച ഡേവിഡ് ബ്യൂക്ക് 1903-ല്‍ ആരംഭിച്ച ബ്യൂക്ക് മോട്ടോര്‍ കാര്‍ കമ്പനിയെ സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് ജനറല്‍ മോട്ടോഴ്‌സ് 1904-ല്‍ ഏറ്റെടുത്തെങ്കിലും ബ്യൂക്കിന്റെ നാമധേയം ഇന്നും തുടരുകയാണ്. ജനറല്‍ മോട്ടോഴ്‌സ് കമ്പനിയെ ഏറ്റെടുത്തപ്പോഴും 1908 വരെ ബ്യൂക്ക് കമ്പനിയുടെ ഡയറക്ടറായി തുടര്‍ന്നു. പക്ഷേ 1908-ല്‍ കമ്പനി വിട്ടുപിരിഞ്ഞ ബ്യൂക്ക് 1929-ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ കമ്പനി നിര്‍മ്മിച്ച ഒരു ബ്യൂക്ക് കാര്‍ വാങ്ങാനുള്ള പണം പോലും കൈയിലുണ്ടായിരുന്നില്ലത്രേ.

ജനറല്‍ മോട്ടോഴ്‌സിന്റെ (ജി എം) സ്ഥാപകനായ വില്യം ഡ്യുറന്റ് പക്ഷേ ഒരിക്കലും തന്റെ പേരില്‍ ഒരു കാര്‍ കമ്പനി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും 1921-ല്‍ ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു പുറത്തായപ്പോള്‍ ഡ്യുറന്റ് മോട്ടോഴ്‌സിന് അദ്ദേഹം ജന്മം നല്‍കി. 1908-ല്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ കമ്പനിയെന്ന പേരില്‍ ന്യൂജഴ്‌സിയില്‍ ആരംഭിച്ചതാണ് ജി എം. യുണൈറ്റഡ് മോട്ടോര്‍ കമ്പനിയെന്ന പേര് അതിന് നല്‍കാനായിരുന്നു ഡ്യുറന്റിന്റെ ആഗ്രഹം. പക്ഷേ അതേ പേരില്‍ മറ്റൊരു കമ്പനി അമേരിക്കയിലുണ്ടായിരുന്നതിലാല്‍ അദ്ദേഹത്തിന്റെ നിയമോപദേശകര്‍ ജനറല്‍ മോട്ടോഴ്‌സ് കമ്പനി എന്ന പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. പല കാര്‍ കമ്പനികളും സ്വന്തമാക്കിയപ്പോഴും അവയുടെ സ്ഥാപകര്‍ അവയ്ക്ക് നല്‍കിയ പേരുകള്‍ തന്നെ തുടരാനാണ് ഡ്യുറന്റ് ആഗ്രഹിച്ചത്.

സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച ലൂയിസ് ഷെവര്‍ലേ ധൈര്യശാലിയായ ഒരു റേസ് ഡ്രെവറായിരുന്നു. 1911-ല്‍ തന്റെ പുതിയ കാര്‍ നിര്‍മ്മാണ സംരംഭത്തിലേക്ക് ജനറല്‍ മോട്ടോഴ്‌സിന്റെ ഡ്യൂറന്റ് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. ഷെവര്‍ലേ എന്ന റേസ് ഡ്രൈവറുടെ പ്രശസ്തി മുതലാക്കി ബ്രാന്‍ഡ് നിര്‍മ്മിച്ചെങ്കിലം രണ്ടു വര്‍ഷത്തിനുശേഷം 1913-ല്‍ തന്നെ ലൂയിസ് ഷെവര്‍ലേ ആ കമ്പനി വിട്ടു.

റേസിങ് ഉപേക്ഷിച്ച് കാര്‍ നിര്‍മ്മാണത്തിലേക്ക് പോകാനുള്ള മടിയായിരുന്നുവത്രേ ജോലി ഉപേക്ഷിക്കാന്‍ ഷെവര്‍ലേയെ പ്രേരിപ്പിച്ചത്. രണ്ടു വര്‍ഷം മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളുവെങ്കിലും ഷെവര്‍ലേയുടെ പേര് ഇന്നും ജനറല്‍ മോട്ടോഴ്‌സിന്റെ പ്രധാന ബ്രാന്‍ഡുകളിലൊന്നായി തന്നെ നിലകൊള്ളുന്നു. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നും പുറത്താക്കപ്പെട്ട ഡ്യുറന്റ് 1921-ല്‍ ഡ്യുറന്റ് മോട്ടോഴ്‌സിന് ജന്മം നല്‍കുകയും സ്റ്റാര്‍, ഫ്ലിന്റ്, ഈഗിള്‍ തുടങ്ങിയ കാറുകള്‍ പുറത്തിറക്കിയെങ്കിലും വാള്‍ സ്ട്രീറ്റ് ഓഹരി വിപണിയുടെ തകര്‍ച്ച കമ്പനിയുടെ നടുവൊടിച്ചു. 1936-ല്‍ ഡ്യുറന്റ് പാപ്പരായി. ജനറല്‍ മോട്ടോഴ്‌സ് നല്‍കിയിരുന്ന തുച്ഛമായ പെന്‍ഷന്‍ തുകയിലായിരുന്നു ഡ്യുറന്റിന്റെ അവസാനകാല ജീവിതം.

ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ക്രിസ്‌ലര്‍ മോട്ടോഴ്‌സിന് പേര് കിട്ടിയ കഥ. മാക്‌സ്‌വെല്‍ മോട്ടോര്‍ കമ്പനിയുടെ പേരിടാനുള്ള അവകാശം രണ്ടു വര്‍ഷക്കാലയളവില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി നേടിയെടുത്ത വ്യവസായിയായ വാള്‍ട്ടര്‍ പി ക്രിസ്‌ലര്‍ തന്റെ പേര് കമ്പനിക്ക് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ജീപ്പ് എന്ന പേരിനു പിന്നിലുമുണ്ട് ഒരു കഥ. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന തട്ടിക്കൂട്ടിയുണ്ടാക്കുന്ന വാഹനങ്ങളെയാണ് പൊതുവേ ജീപ്പ് എന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ 1950-ല്‍ ടൊളീഡോയിലെ വില്ലീസ്ഓവര്‍ലാന്‍ഡ് ഇന്‍ക് എന്ന ആദ്യകാല ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളുടെ നിര്‍മ്മാതാക്കള്‍ ഈ പേര് ട്രേഡ്മാര്‍ക്കറ്റു ചെയ്യുകയായിരുന്നു.

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പേരെടുത്തിരിക്കുന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടെയോട്ട ജപ്പാനിലെ കാരിയയില്‍ നിന്നുള്ള ടെയോഡ ഓട്ടോമാറ്റിക് ലൂം വര്‍ക്‌സ് എന്ന തറി നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഉണ്ടായതാണെന്ന് പലര്‍ക്കുമറിയില്ല. സകിചി ടെയോഡ എന്നയാളായിരുന്നു ടെയോഡ ലൂം വര്‍ക്‌സിന്റെ സ്ഥാപകന്‍. സകിചി ടെയോഡ തന്റെ അറുപതാം വയസ്സില്‍ മരണപ്പെട്ടതിനുശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ കിചിറോ ടൊയോഡ തറി നിര്‍മ്മാണ ഫാക്ടറിക്കടുത്തുള്ള ഷെഡ്ഡില്‍ കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നത്. 1933-ലായിരുന്നു അത്. കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നപ്പോള്‍ ടെയോഡ എന്ന പേരുമാറ്റി ഉച്ചാരണ സും കുറെക്കൂടി നല്‍കുംവിധം ടെയോട്ട ആക്കി മാറ്റുകയായിരുന്നു. ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ മോഡല്‍ എ എ എന്ന പേരില്‍ ടെയോട്ടയുടെ ആദ്യ പാസഞ്ചര്‍ കാര്‍ തയാറായി.

ജപ്പാനിലെ മെക്കാനിക്ക് ആയിരുന്ന സോയ്ചിറോ ഹോണ്ടയാണ് ഹോണ്ട ബ്രാന്‍ഡിന്റെ പേരിനു പിന്നില്‍. ആര്‍ട് ഷോക്കെ ഗ്യാരേജില്‍ മെക്കാനിക്കായിരുന്ന ഹോണ്ടയുടെ പ്രധാന ജോലി റേസിങ്ങിനായി കാറുകള്‍ ട്യൂണ്‍ ചെയ്ത് നല്‍കുകയായിരുന്നു. ടോക്കിയോ സെക്കി എന്ന പേരില്‍ പിസ്റ്റണ്‍ റിങ്ങുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനി ആരംഭിച്ചതിലൂടെയാണ് ബിസിനസ് സംരംഭകനെന്ന നിലയില്‍ ഹോണ്ടയുടെ തുടക്കം. മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണത്തില്‍ നിന്നും ഹോണ്ട പതുക്കെ കാറുകളുടേയും പിക്അപ്പ് ട്രക്കുകളുടേയും നിര്‍മ്മാണത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

1917-ല്‍ റാപ്പ് എഞ്ചിന്‍ ബവേറിയന്‍ മോട്ടാര്‍ വര്‍ക് എന്ന പേരില്‍ നാലു വര്‍ഷം മാത്രം പ്രായമുള്ള വിമാന എഞ്ചിന്‍ നിര്‍മ്മാണത്തില്‍ നിന്നും കാര്‍ എഞ്ചിന്‍ നിര്‍മ്മാണത്തിലേക്ക് കടന്നതോടെതാണ് ബി എം ഡബ്ല്യു എന്ന പേര് അനശ്വരമാകുന്നത്. വിമാന എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായിരുന്നതിനാല്‍ അവയുടെ ചിഹ്നം നീലാകാശത്തില്‍ ചുറ്റുന്ന ഒരു വെളുത്ത പ്രൊപ്പല്ലറാണ് ഇപ്പോഴും. ആദ്യ ബി എം ഡബ്ല്യു കാര്‍ ജനിച്ചത് കാര്‍ നിര്‍മ്മാണരംഗത്തേക്ക് അവര്‍ കടന്ന് 11 വര്‍ഷത്തിനു ശേഷമാണെന്നത് അതിനു പിന്നില്‍ അവര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച മികവിന് നല്‍കേണ്ടി വന്ന സമയം മാത്രം. ഫിയറ്റിന്റെ പേരും ബി എം ഡബ്ല്യുവിന്റെ പോലെ ചുരുക്കപ്പേരാണ്. ഫാബ്രിക്കാ ഇറ്റാലിയാനി ഓട്ടോമൊബൈല്‍ ടോറിയാനോ എന്നതിന്റെ ചുരുക്കപ്പേരാണ് ഫിയറ്റ്.

1922-ല്‍ സ്വാലോ സൈഡ് കാര്‍ കമ്പനിയെന്ന പേരില്‍ ആരംഭിച്ചതാണ് ഇന്നത്തെ ബ്രിട്ടീഷ് കാര്‍ ഭീമനും ടാറ്റ കൈവശപ്പെടുത്തിയവനുമായ ജാഗ്വാര്‍. എലിസബത്ത് രാജ്ഞിക്കും ചാള്‍സ് രാജകുമാരനും ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വരെ കാര്‍ നിര്‍മ്മിച്ചു നല്‍കിയ ജാഗ്വറിന്റെ പേര് അങ്ങനെയാക്കി മാറ്റിയത് ഒരു ബ്രിട്ടീഷ് പരസ്യ ഏജന്‍സിയാണ്. 1935-ല്‍ എസ് എസ് കമ്പനി പുറത്തിറക്കിയ എസ് എസിന്റെ 2.5 ലിറ്റര്‍ സലൂണിലാണ് ആദ്യമായി ജാഗ്വര്‍ എന്ന പേര് ഇടംപിടിച്ചത്. എസ് എസ് ജാഗ്വര്‍. ഇന്നത് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കമ്പനിയായി മാറിയിരിക്കുന്നു.

കാറുകളിലെ അനിഷേധ്യനായ മെര്‍സിഡസ് ബെന്‍സിന്റെ പേരിനു പിന്നില്‍ പെട്രോള്‍ ഇന്ധനമാക്കി ഉപയോഗിക്കുന്ന ആദ്യ കാര്‍ നിര്‍മ്മിച്ച കാള്‍ ബെന്‍സിന്റേയും ബെന്‍സിന്റെ എതിരാളിയായിരുന്ന ഡി എം ജി മോട്ടോഴ്‌സിന്റെ പടിഞ്ഞാറന്‍ യൂറോപ്പിലേയും അമേരിക്കയിലേയും ഡീലറായിരുന്ന എമില്‍ ജെല്ലിനെക് എന്ന ആസ്ട്രിയന്‍ നയതന്ത്രജ്ഞന്റെ മകളുടെ പേരായ മെര്‍സിഡസിന്റേയും പേരുകളാണെന്നത് അത്ഭുതത്തിന് ഇടയാക്കിയേക്കാം. ജര്‍മ്മന്‍ എഞ്ചിനീയര്‍മാരായ ഡെയ്മറും മേബാക്കും ചേര്‍ന്ന് നിര്‍മ്മിച്ച ഡി എം ജി എന്ന കമ്പനിയുടെ കാറിന് നാമകരണം ചെയ്യാനുള്ള അവകാശം ലഭിച്ച എമില്‍ ജെല്ലിനെക് ഡീലര്‍ തന്റെ മകളുടെ പേര് കാറിന് നല്‍കുകയായിരുന്നു. യൂറോപ്പിലേയും അമേരിക്കയിലേയും വിതരണത്തിന് ആദ്യം 36 കാറുകളാണ് 1900-ല്‍ 5,50,000 മാര്‍ക്‌സിന് (ഇന്നത്തെ വില ഏതാണ്ട് 30 ലക്ഷം യൂറോ) ജെല്ലിനെക് ഓര്‍ഡര്‍ ചെയ്തത്. ഡി എം ജിയുടെ എഞ്ചിനീയറായിരുന്ന വില്‍ഹെം മേബാക്ക് 35 കുതിരശക്തിയുള്ള ആദ്യ മെര്‍സിഡസ് വാഹനം ജെല്ലിനെക്കിന് 1900 ഡിസംബര്‍ 22-നാണ് നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ രണ്ടാം ലോക യുദ്ധാനന്തരം എതിരാളികളായിരുന്ന ബെന്‍സും ഡി എം ജിയും ലയിച്ചപ്പോഴാണ് ഇരു കമ്പനികളുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് മെര്‍സിഡസ് ബെന്‍സ് എന്ന പുതിയ ബ്രാന്‍ഡിന് ഡെയ്മര്‍ ബെന്‍സ് കമ്പനി രൂപം നല്‍കിയത്. അത് ലോകോത്തര ഹിറ്റാകുകയും ചെയ്തു.

ജര്‍മ്മന്‍ കമ്പനിയായ ഓഡിയുടെ പിന്നിലുമുണ്ട് രസകരമായ ഒരു പേരു കഥ. കാള്‍ ബെന്‍സിന്റെ കമ്പനിയിലെ എഞ്ചിനീയറായിരുന്ന ഓഗസ്റ്റ് ഹോര്‍ഷ് അവിടെ നിന്നും പിരിഞ്ഞ് ആരംഭിച്ച എ ഹോര്‍ഷ് ആന്റ് സി മോട്ടോര്‍ വാഗണ്‍ വെര്‍ക് എന്ന കമ്പനി അല്‍പായുസ്സായിരുന്നു. പങ്കാളികളുമായി തെറ്റിപ്പിരിഞ്ഞ ഹോര്‍ഷ് വിക്കാവോയില്‍ തുടങ്ങിയ പുതിയ കമ്പനിയായിരുന്നു ഓഡി. പേരു വന്നതെങ്ങനെയെന്നല്ലേ? ഹോര്‍ഷ് എന്ന ജര്‍മ്മന്‍ വാക്കിന് ഇംഗ്ലീഷില്‍ കേള്‍ക്കുക എന്നാണ് അര്‍ത്ഥം. ഹോര്‍ഷിന്റെ ലാറ്റിന്‍ ഭാഷാന്തരമാണ് ഓഡി. ഇന്നിപ്പോള്‍ ലോകോത്തര ബ്രാന്‍ഡായിരിക്കുന്നു ഹോര്‍ച്ചിന്റെ പരിഭാഷാ നാമം. അതുപോലെ തന്നെയാണ് പോര്‍ഷെയുടെ കഥയും. ആസ്ട്രിയഹംഗറിയില്‍ ജനിച്ച ആട്ടോമൊബൈല്‍ എഞ്ചിനീയറായ ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയുടെ പേരില്‍ നിന്നാണ് ജര്‍മ്മന്‍ ബ്രാന്‍ഡായ പോര്‍ഷെയുടെ പിറവി. ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ഇനി ദയവായി ചോദിക്കരുത്..!

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>Mohammed Rafi K

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ