അടവി സഞ്ചാരികളെ വിളിക്കുന്നു

Share the Knowledge

തോരാതെ പെയ്യുന്ന മഴ, മരത്തലപ്പുകളില്‍ തട്ടി പുല്‍നാമ്പുകളിലേക്ക്‌ നൂഴ്‌ന്നിറങ്ങുന്ന മഞ്ഞിന്‍ പടലങ്ങള്‍… കാടിന്റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയുമൊരുക്കി അടവി വിളിക്കുകയാണ്‌, മണ്‍സൂണ്‍ കാനനവാസത്തിന്‌. ഇതിനായി മരമുകളില്‍ ഏറുമാടങ്ങള്‍ ഒരുങ്ങുന്നു. നേരത്തേ തന്നെ സുന്ദരിയാണ്‌ അടവി. മഴ നനഞ്ഞു നില്‍ക്കുമ്പോള്‍ അവള്‍ക്ക്‌ ചാരുതയേറും, അഴക്‌ വഴിയും. ഈ വന്യമനോഹര ദൃശ്യത്തിലേക്കാണ്‌ അടവി ഇക്കോ ടൂറിസം സഞ്ചാരികളെ വിളിക്കുന്നത്‌. കല്ലാറ്റിലൂടെയുള്ള കുട്ടവഞ്ചി യാത്രയാണ്‌ ഇക്കോ ടൂറിസത്തിന്റെ മുഖ്യ ആകര്‍ഷണമെങ്കിലും അകമ്പടിക്ക്‌ മഴ കൂടിയാകുന്നതോടെ അടവി മൊത്തത്തില്‍ നിറച്ചാര്‍ത്ത്‌ അണിയും.
ഇടവപ്പാതി നനഞ്ഞ്‌ കാട്ടുചോലയിലൂടെ നടത്തുന്ന കുട്ടവഞ്ചി സവാരി ജീവിതത്തിലെ അപൂര്‍വതകളിലൊന്നാകും. ഡി.എഫ്‌.ഒ പ്രദീപ്‌ കുമാര്‍ മുന്‍കൈയെടുത്താണ്‌ കോന്നിയുടെ കാനനസൗന്ദര്യം സഞ്ചാരികളിലേക്ക്‌ വിരുന്നെത്തിക്കുന്നത്‌. കോന്നിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ കാലം മുതല്‍ പ്രദീപ്‌കുമാര്‍ കല്ലാറിന്റെ തീരത്തെ അടവിയുടെ (വനം) വ്യത്യസ്‌തതയും വിനോദസഞ്ചാരത്തിനുള്ള സാധ്യതകളും തിരിച്ചറിഞ്ഞിരുന്നു. കല്ലാറിന്റെ മായികസൗന്ദര്യത്തിനു മുന്നില്‍ സംസ്‌ഥാനത്തെ മറ്റു പുഴകള്‍ ഒന്നുമല്ലെന്നാണ്‌ ഡി.എഫ്‌.ഒ പറയുന്നത്‌.
കല്ലാറ്റില്‍ നരകനരുവി മുതല്‍ അടവിക്കയം വരെയുള്ള അഞ്ചര കിലോമീറ്ററാണ്‌ പദ്ധതി നടപ്പാക്കിയിരിക്കുന്നത്‌. ആറ്റു തീരത്ത്‌ പണ്ടെന്നോ നടപ്പാക്കി പരാജയപ്പെട്ടു പോയ തേക്കുതോട്ടം പദ്ധതിയും നശിച്ചു പോയ അക്കേഷ്യകാടും സ്വാഭാവിക വനവും ഉള്‍പ്പെടെ 300 ഏക്കറിലായിട്ടാണ്‌ അടവി ഇക്കോ ടൂറിസം നടപ്പാക്കുന്നത്‌. മുണ്ടോംമൂഴിയില്‍ നിന്ന്‌ നരകനരുവി വരെയാണ്‌ ഇപ്പോള്‍ കുട്ടവഞ്ചി സവാരി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കല്ലാറിന്റെ തീരത്തു കൂടി അടവിക്കയത്തിലേക്കുള്ള കാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം അനുഭവിച്ചറിയാനാകും.
നീര്‍ക്കിളിയുടെ കിക്കിളി, വെള്ളം കുടിക്കാനെത്തുന്ന കാട്ടുപോത്ത്‌, മ്ലാവ്‌ ഇവയൊക്കെ കാഴ്‌ചക്കാര്‍ക്ക്‌ അത്ഭുതമാകും. പുഴയോരത്തു കൂടിയുള്ള സഞ്ചാരത്തിന്റെ ഏതാണ്ട്‌ മധ്യത്തിലെത്തുമ്പോള്‍ കല്ലാറിന്റെ വീതി കൂടിയ ഭാഗത്ത്‌ കാണപ്പെടുന്ന ഇരട്ടയാര്‍ ദ്വീപ്‌ ടൂറിസത്തിനും പ്രകൃതി പഠനത്തിനുമുള്ള അനന്തസാധ്യതകള്‍ തുറന്നിടുന്നു. അഞ്ച്‌ ഏക്കറോളം വിസ്‌തൃതിയുള്ള ദ്വീപ്‌ വന്‍മരങ്ങളും വള്ളിപ്പടര്‍പ്പും നിറഞ്ഞതാണ്‌. അപൂര്‍വയിനം പക്ഷികളുടെയും ശലഭങ്ങളുടെയും ആവാസകേന്ദ്രമാണ്‌ ഇവിടം.

adavi.jpg.image.784.410

ഉരുളന്‍പാറകളില്‍ ചവിട്ടി കണങ്കാല്‍ മാത്രം നനയാന്‍ പാകത്തിലുള്ള നീരൊഴുക്കിലൂടെ ദ്വീപിലേക്ക്‌ ചെല്ലുമ്പോള്‍ അവിടവിടെയായി ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളിലും മണല്‍തിട്ടകളിലും നിന്ന്‌ ആകാശത്തേക്ക്‌ പൂക്കള്‍ വാരി വിതറും പോലെ അപൂര്‍വയിനം ശലഭങ്ങള്‍ പറന്നുയരുന്നത്‌ കാണാം. പക്ഷി മൃഗാദികള്‍ക്കും മനുഷ്യനും ഒരു പോലെ സ്വാദിഷ്‌ടമായ നിരവധിയിനം കാട്ടുപഴങ്ങളുടെ ശേഖരം ദ്വീപിനെ പൂങ്കാവനമാക്കി മാറ്റുന്നു.
കാട്ടുപുന്ന, വെള്ളയും ചുവപ്പും നിറങ്ങളിലുമുള്ള പൈന്‍മരങ്ങള്‍, പൂമരുത്‌, നീലക്കടമ്പ്‌, പൂവണ്ണ, ഈയോലം, പൊന്നാമ്പൂവ്‌, മധുരഫലങ്ങള്‍ തരുന്ന വെട്ടിമരം, മൂട്ടിമരം, ഇലവ്‌, അകില്‍, മധുകമരം, ഇലവംഗം അങ്ങനെ വിവിധതരം സസ്യലതാദികള്‍ ദ്വീപിലുണ്ട്‌. പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന വള്ളി ഈറ (റീഡ്‌ ക്ലൈംബര്‍) ഇവിടെയുണ്ട്‌. കോന്നി-തണ്ണിത്തോട്‌-ചിറ്റാര്‍ വഴിയുള്ള അച്ചന്‍കോവില്‍-ശബരിമല പാത കല്ലാറിന്റെ കരയിലൂടെയാണ്‌ പോകുന്നത്‌.
കുട്ടവഞ്ചി സവാരി നടത്തിയ ശേഷം കാട്ടില്‍ വിശ്രമിക്കാനും വേണമെങ്കില്‍ താമസിച്ച്‌ കാനനസൗന്ദര്യം നുകരുന്നതിനും വേണ്ടി വനംവകുപ്പ്‌ കല്ലാറിന്റെ തീരത്ത്‌ ഏറുമാടം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്‌. ഉറപ്പുള്ള മരങ്ങളില്‍ കോര്‍ത്ത്‌ കെട്ടി മുളയും ഈറയും ഉപയോഗിച്ചാണ്‌ നിര്‍മാണം. ആദ്യഘട്ടത്തില്‍ ആറെണ്ണമാണ്‌ നിര്‍മിക്കുന്നത്‌. ഇവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. കോഴിക്കോട്‌ നല്ലളം ബാംബൂ ഫ്‌ളോറിങ്‌ ആന്‍ഡ്‌ ടൈല്‍ ഫാക്‌ടറിയില്‍ നിര്‍മിച്ച സാമഗ്രികള്‍, സംസ്‌കരിച്ച മുള, ബാംബൂപ്ലൈ, പ്ലാറ്റന്‍ ബോര്‍ഡ്‌ എന്നിവ കൊണ്ട്‌ സംസ്‌ഥാന ബാംബൂ കോര്‍പ്പറേഷനാണ്‌ ഏറുമാടം നിര്‍മിച്ചു നല്‍കുന്നത്‌.
തറനിരപ്പില്‍ നിന്നും 18 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ഹട്ടുകള്‍ക്ക്‌ 300 ചതുരശ്രഅടിയാണ്‌ വിസ്‌തീര്‍ണം. ഒരു കിടക്കമുറി, ടോയ്‌ലറ്റ്‌, വരാന്ത എന്ന രീതിയിലാണ്‌ നിര്‍മാണം. 1920-40 കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌ കോളനി വാഴ്‌ചയുടെ സമയത്ത്‌ മുണ്ടോംമൂഴി ഭാഗത്ത്‌ കൃഷിക്ക്‌ ഭൂമി പതിച്ചു നല്‍കുന്നതിനും കരംപിരിക്കുന്നതിനുമായി നിര്‍മിച്ച ഒരു ബംഗ്ലാവ്‌ ഇവിടെയുണ്ടായിരുന്നു. കാലമേറെ ചെന്നപ്പോള്‍ അതു നശിച്ചു പോയി. ഈ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയും.
ഇവിടെ നിന്നാണ്‌ കുട്ടവഞ്ചി സവാരി ആരംഭിക്കുന്നത്‌. വിനോദസഞ്ചാരത്തിനൊപ്പം കല്ലാറിന്റെയും വനഭൂമിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണവും നടപ്പാക്കുക എന്നതാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. വിപുലമായ സസ്യശേഖരം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബാംബുസെറ്റം, ശലഭോദ്യാനം എന്നിവയ്‌ക്ക്‌ പുറമേ 50 ഹെക്‌ടര്‍ പ്രദേശത്ത്‌ എലിഫന്റ്‌ റിഹാബിലിറ്റേഷന്‍ പ്ര?ജക്‌ട്‌ എന്നിവയും വൈകാതെ നടപ്പാക്കുമെന്ന്‌ കരുതുന്നു .

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ