ടയറിന്റെ ആയുസ് കൂട്ടാം

Share the Knowledge

വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധം ടയറുകളിലൂടെയാണ് . വാഹനത്തിന്റെ സഞ്ചാരത്തിനായി റോഡില്‍ ഉരഞ്ഞുതീരാന്‍ വിധിക്കപ്പെട്ട ജന്മം. വാഹനത്തിന്റെ സുരക്ഷയും ഇന്ധനക്ഷമതയും യാത്രാസുഖവും എല്ലാം നിശ്ചയിക്കുന്നത് ഈ റ‍ബര്‍ ചക്രമാണ്. കാറിന്റെ ടയര്‍ അതിന്റെ ഭാരത്തിന്റെ 50 ലേറെ മടങ്ങ് ഭാരമാണ് വഹിക്കുന്നതെന്ന് അറിയുക. ഇത്രയൊക്കെ ചെയ്യുന്ന ടയറിനെ കാര്യമായി തന്നെ പരിചരിക്കണം. അത് യാത്രകള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം സാമ്പത്തികലാഭവും നേടിത്തരും.

1. ടയര്‍ എത്ര ഗുണമേന്മയേറിയതായിട്ടും കാര്യമില്ല. വേണ്ടത്ര അളവില്‍ കാറ്റുനിറച്ചില്ലെങ്കില്‍ ടയറിന്റെ ആയുസ് കാര്യമായി കുറയും. ടയറിലെ വായു മര്‍ദ്ദം കൂടിയാലും കുറഞ്ഞാലും ടയറിന്റെ ആയുസിനെ മാത്രമല്ല വാഹനത്തിന്റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കും.

ടയറില്‍ വായുമര്‍ദ്ദം കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് ടയറിന്റെ ചൂട് കൂടാനും ടയര്‍ തേയ്മാനം കൂട്ടാനും ഇടയാക്കും. ഇന്ധനക്ഷമതയെയും അത് ബാധിക്കും. അതേസമയം ടയറിലെ വായുമര്‍ദ്ദം കൂടുതലാണെങ്കില്‍ വണ്ടിയുടെ സ്ഥിരത തകരാറിലാകും. ടയറിന്റെ മധ്യഭാഗം അമിതമായി തേയുകയും ചെയ്യും. ടയര്‍ പൊട്ടി അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ടയറില്‍ വായുമര്‍ദ്ദം കുറവുള്ള സാഹചര്യമാണ് അധികവും ഉണ്ടാകാറുള്ളത്. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി ടയര്‍ ഉള്‍പ്പടെയുള്ള ടയറുകളുടെ വായുമര്‍ദ്ദം പരിശോധിച്ച് കുറവുണ്ടെങ്കില്‍ നികത്തുക. വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ വേണം ടയറില്‍ വായു നിറയ്ക്കാന്‍ . ഈ അളവ് ഡ്രൈവര്‍ സൈഡിലെ ഡോറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.

2. ഡ്രൈവിങ് രീതികളും ടയറിന്റെ ആയുസിനെ ബാധിക്കും. പെട്ടെന്നുള്ള വേഗമെടുക്കല്‍ , സഡന്‍ ബ്രേക്കിങ് , ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂര്‍ത്ത അരികിലൂടെ വണ്ടി കയറ്റുക , ഉയര്‍ന്ന വേഗത്തില്‍ വളവുകള്‍ വീശുക എന്നിവയെല്ലാം ടയറിന്റെ തേയ്മാനം കൂട്ടുന്ന കാര്യങ്ങളാണ്.

3. എന്‍ജിന്‍ ഇരിക്കുന്ന ഭാഗത്ത് ഭാരക്കൂടുതലുള്ളതുകൊണ്ടു തന്നെ മുന്‍ ഭാഗത്തെ ടയറുകള്‍ക്ക് തേയ്മാനം കൂടുതലായിരിക്കും. അതിനാല്‍ നാലു വീലുകളുടെയും ടയര്‍ തേയ്മാനം ഒരുപോലെയാക്കാന്‍ നിശ്ചിതദൂരം കഴിയുമ്പോള്‍ ടയറുകള്‍ പരസ്പരം മാറിയിടണം. വാഹനനിര്‍മാതാക്കള്‍ കിലോമീറ്റര്‍ ഇടവേളകളില്‍ ടയര്‍ റൊട്ടേഷന്‍ നടത്താന്‍ ശ്രദ്ധിക്കുക. ഓരോ 5,000 കിമീ അല്ലെങ്കില്‍ 10,000 കഴിയുമ്പോഴാണ് ടയര്‍ റൊട്ടേഷന്‍ നടത്തേണ്ടത്. ടയര്‍ റൊട്ടേഷന്‍ നടത്തേണ്ട വിധം ചുവടെ ചേര്‍ക്കുന്നു.

4. ടയറിന്റെ എല്ലാ ഭാഗത്തും ഭാരം ഒരുപോലെ ആയിരിക്കില്ല. ഇത് തുലനം ചെയ്യുന്ന പ്രക്രിയയാണ് വീല്‍ ബാലന്‍സിങ്. ഈയക്കട്ടകളാണ് ഭാരം തുലനം ചെയ്യാന്‍ ഉപയോഗിക്കുന്നത്. സ്റ്റിയറിങ് വീലില്‍ വിറയല്‍ അനുഭവപ്പെട്ടാല്‍ വീല്‍ ബാലന്‍സിങ് നടത്തുക.

5. ടയറുകള്‍ ശരിയാം വിധം റോഡില്‍ ഉരുളാന്‍ പാകത്തിന് സ്റ്റിയറിങ് – സസ്പെന്‍ഷന്‍ ഘടകങ്ങള്‍ ക്രമീകരിക്കുന്നതാണ് വീല്‍ അലൈന്‍മെന്റ്. അലൈന്‍മെന്റ് തെറ്റിയ വണ്ടിയ്ക്ക് ഒരു വശത്തേയ്ക്ക് വലി അനുഭവപ്പെടും. ക്രമരഹിതമായ ടയര്‍ തേയ്മാനമാണ് മറ്റൊരു സൂചന.

Image