Galapagos penguin

Share the Knowledge

പെന്‍ഗ്വിനുകളുമായി ബന്ധപ്പെട്ടു ക്വിസുകളില്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് ആഫ്രിക്കയില്‍ പെന്‍ഗ്വിന്‍ ഉണ്ടോ ? എന്നത് . ഉണ്ട് ആഫ്രിക്കയില്‍ പെന്‍ഗ്വിന്‍ ഉണ്ട്  എന്ന് നമ്മുക്ക് ഇപ്പോള്‍ അറിയാം . ദക്ഷിണാഫ്രിക്കന്‍ തീരങ്ങളില്‍ കാണുന്ന black-footed penguin ആണ് അത് . സാധാരണയായി ദക്ഷിണ ധ്രുവത്തില്‍ കാണപ്പെടുന്ന പെന്‍ഗ്വിനുകള്‍ ദക്ഷിണാഫ്രിക്കന്‍ തീരം വരെ ഉണ്ട് എന്നത് നമ്മെ അത്ഭുതപ്പെടുത്തും . എന്നാല്‍ ഇതാ അടുത്ത ചോദ്യം . ഇനിയും വടക്കോട്ട്‌ പോയാല്‍ പെന്‍ഗ്വിനുകളെ കാണാന്‍ സാധിക്കുമോ ? അതായത് ഭൂമധ്യരേഖക്ക് മുകളില്‍ ഉത്തരാര്‍ദ്തഗോളത്തില്‍ ? നമ്മെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട്  മറ്റൊരു പെന്‍ഗ്വിന്‍ വര്‍ഗ്ഗം ഭൂമധ്യരേഖക്ക് അടുത്ത്  ഉത്തരാര്‍ദ്തഗോളത്തില്‍ വസിക്കുന്നുണ്ട് ! അതാണ്‌ ഗാലപ്പഗോസ് പെന്‍ഗ്വിന്‍ !

Galapagos penguin

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിന്റെ കീഴില്‍ , ശാന്ത സമുദ്രത്തില്‍ പരന്നുകിടക്കുന്ന , ചാള്‍സ് ഡാര്‍വിന്‍ മുഖേന പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകളില്‍ ആണ്  ഈ പെന്‍ഗ്വിനുകള്‍ പാര്‍ക്കുന്നത് . അവിടുത്തെ താപനിലയില്‍ ഇവ എങ്ങിനെ ജീവിക്കും എന്ന് നാം ചിന്തിച്ചേക്കാം . Humboldt Current , Cromwell Current എന്നീ രണ്ടു സമുദ്ര നീരൊഴുക്കുകള്‍ ഗാലപ്പഗോസ് ദ്വീപിനടുത്തുള്ള സമുദ്രത്തിലെ താപനിലയെ ഗണ്യമായി കുറക്കുന്നുണ്ട്‌ . ഇതാണ് ഈ ജീവികളെ ഇവിടെ നില നിര്‍ത്തുന്നത് . വൈകുന്നേരങ്ങളില്‍ മാത്രമാണ് ഇവ കരക്ക്‌ കയറുന്നത് .

Galapagos Penguin Map

ഗാലപ്പഗോസ് പെന്‍ഗ്വിനുകള്‍ banded penguins എന്ന വര്‍ഗ്ഗത്തില്‍ പെടുന്നവയാണ് . ഇതേ വംശത്തില്‍ തന്നെയാണ് ആഫ്രിക്കന്‍ പെന്‍ഗ്വിനും , ചിലിയിലും അര്‍ജന്റീനയിലും മറ്റും കാണുന്ന മഗേല്ലനിക് പെന്‍ഗ്വിനും , ചിലിയന്‍ പെന്‍ഗ്വിനും ഉള്‍പ്പെടുന്നത് . ഇവ നാലും കണ്ടാല്‍ ഏകദേശം ഒരുപോലെ ഇരിക്കും .

Galapagos penguin

വെറും രണ്ടരകിലോ മാത്രം ഭാരം വരുന്ന ഗാലപ്പഗോസ് പെന്‍ഗ്വിന്‍, പെന്ഗ്വിനുകളുടെ കൂട്ടത്തില്‍  വലിപ്പത്തില്‍ പിറകില്‍ നിന്നും രണ്ടാമനാണ് . ഗാലപ്പഗോസ് ദ്വീപുകളില്‍ വലിപ്പത്തില്‍ മൂന്നാമനായ Fernandina ദ്വീപുകളില്‍ ആണ് ഇവ ധാരാളമായി കാണപ്പെടുന്നത് . ഇവിടെത്തന്നെയുള്ള ഇസബെല്ല ദ്വീപുകളിലും ഇവ കാണപ്പെടുന്നുണ്ട് . ഇസബെല്ല ദ്വീപുകളുടെ ഒരു ഭാഗം ഭൂമധ്യരേഖക്ക് വടക്ക് ആയതിനാല്‍ , അവിടെ കാണുന്ന ഏക പെന്‍ഗ്വിന്‍ വര്‍ഗ്ഗം എന്ന പേര് ഗാലപ്പഗോസ് പെന്‍ഗ്വിനുകള്‍ സ്വന്തമാക്കി !! വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ ഇനി ഏകദേശം ആയിരത്തി അഞ്ഞൂറോളം മാത്രമേ അവശേഷിക്കുന്നുള്ളൂ !

Galapagos penguin

Image