സൂര്യനെ പറ്റിച്ചവര്‍ !

Share the Knowledge

വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ്  Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത്  സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comuneഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത് .  ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള  എല്ലാ പ്രത്യേകതകളും , സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; ഒന്നൊഴിച്ച് ! എന്താണെന്നോ ?  സൂര്യപ്രകാശം !!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം . പക്ഷെ സത്യമാണ് , പക്ഷെ ഈ പ്രകാശമില്ലായ്മ്മ  എപ്പോഴുമില്ല . വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും  . ഇത് ഉണ്ടാക്കുന്നതോ , ചുറ്റുമുള്ള മലകളും !  ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ്  പ്രശനം . ശീതകാലം തുടങ്ങുമ്പോള്‍ ആണ്  ഈ ഗതികേട് ആരംഭിക്കുന്നത് . നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ് ! അത്രയും നാള്‍ പകല്‍ എന്ന് വെച്ചാല്‍ ഒരു ഇരുണ്ട സന്ധ്യ ആണ് ഇവര്‍ക്ക് . നേരിട്ടുള്ള സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ അത്രയും ദിവസത്തെ ജീവിതം ബുദ്ധിമുട്ട് തന്നെ ആയിരുന്നു. (നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്കു മുകളില്‍ വരുമ്പോള്‍ പ്രകാശം കിട്ടില്ലേ എന്ന് ചിന്തിച്ചേക്കാം . പക്ഷെ ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിനാര്‍ദ്ധഗോളത്തിലും സൂര്യന്‍ ഒരിക്കലും തലയ്ക്കു മുകളില്‍ വരില്ല എന്ന് ഓര്‍ക്കുക . സൂര്യൻ ഒരു സൈഡിലൂടെ ആണ് ഉദിക്കുന്നതും അസ്തമിക്കുന്നതും! ) വൈറ്റമിന്‍ D യുടെ അഭാവം ഉണ്ടാകുമോ എന്ന് പേടിച്ച്  കഴിയുന്ന ദിവസങ്ങളിലെല്ലാം  മല മുകളിലേക്ക് വണ്ടിയോടിച്ചു കയറ്റി സൂര്യപ്രകാശം കൊള്ളുന്നത്‌  ഇവര്‍ ഒരു ശീലമാക്കി മാറ്റി . ഇതിനൊന്നും കഴിയാത്ത ആളുകള്‍  അവിടെ നിന്നും മാറി താമസിക്കുവാനും തുടങ്ങി. ഇങ്ങനെ പോയാല്‍ ഗ്രാമം വിജനമാകും എന്നൊരു അവസ്ഥ വന്നപ്പോള്‍ ഇതിനൊരു പരിഹാരം കാണണം എന്ന തീരുമാനത്തില്‍ അവര്‍ എത്തി . അവസാനം ഒരു നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി . മലക്ക് അപ്പുറത്ത് നിന്നും ഒളിച്ചു നിന്ന് ചിരിച്ചു കാണിക്കുന്ന സൂര്യനെ സൂത്രത്തില്‍ ഗ്രാമത്തിലേക്ക് കൊണ്ടുവരുക ! എങ്ങിനെയെന്നോ ? മല മുകളില്‍ കൂറ്റന്‍ ദര്‍പ്പണങ്ങള്‍ വെക്കുക . അവ പകല്‍ സമയം സൂര്യപ്രകാശം ഗ്രാമത്തിലേക്ക് പ്രതിഫലിപ്പിക്കും . 

 Viganella യിലെ ദര്‍പ്പണം

Viganella യിലെ ദര്‍പ്പണം. താഴെ ഗ്രാമം കാണാം ! 

അങ്ങിനെ ആ കണ്ണാടിയുടെ നിര്‍മ്മാണം ആരംഭിച്ചു  .ഈ ഭീമൻ കണ്ണാടി എപ്പോഴും സൂര്യനെ അനുഗമിച്ച് കറങ്ങി കൊണ്ടേ ഇരിക്കും (heliostat). 8 m വീതിയും 5 m ഉയരവും ഉള്ള ഈ കണ്ണാടിയിൽ സ്റ്റീലിന്റെ 14 ഷീറ്റുകൾ ആണ് ഉള്ളത്. രണ്ടായിരത്തി ആറ് ഡിസംബറില്‍ (17)  ഗ്രാമവാസികള്‍ ഈ കമ്പ്യൂട്ടര്‍ നിയന്ത്രിതദര്‍പ്പണം ഉത്ഘാടനം ചെയ്തു .  ദിവസം ആറ് മണിക്കൂറാണ് കണ്ണാടി ഗ്രാമത്തിലേക്ക് പ്രകാശം ചൊരിയുന്നത് എല്ലായിടത്തും വെളിച്ചം ലഭിക്കുന്നില്ലെങ്കിലും പള്ളിയും പ്രധാന തെരിവും പ്രകാശ മയമാക്കാൻ ഇതിന് സാധിക്കും .Giacomo Bonzani എന്ന ആര്‍ക്കിടെക് റ്റ് ആണ് ഇത് രൂപകല്‍പ്പന ചെയ്തത് . Emilio Barlocco ആയിരുന്നു എഞ്ചിനീയര്‍ . ആകെ ചെലവ് ഒരുലക്ഷം യൂറോ .  നഷ്ടപെട്ട ദിനങ്ങൾ തിരികെ കിട്ടി  എന്നാണ് ഗ്രാമവാസികൾ ഇപ്പോൾ പറയുന്നത് .  എല്ലാ വര്‍ഷവും ഡിസംബര്‍  17  “day of the light” ആയി ആഘോഷിക്കുകയാണ്  ഇവര്‍ ഇപ്പോള്‍ .

 രൂപരേഖ (Viganella)

രൂപരേഖ (Viganella)

ഇതേ അവസ്ഥ തന്നെയാണ്  നോര്‍വയിലെ Rjukan ഗ്രാമവാസികള്‍ക്കും ഉണ്ടായിരുന്നത് .  അവര്‍ക്കാകട്ടെ ഏകദേശം ആറു മാസം ആയിരുന്നു വെളിച്ചമില്ലാതെ തള്ളി നീക്കെണ്ടിയിരുന്നത് . അപ്പോഴാണ്‌ മുകളില്‍ വിവരിച്ച ഇറ്റാലിയന്‍ വിജയഗാഥ ഇവര്‍ കേട്ടത് . പിന്നെ ഒട്ടും അമാന്തിച്ചില്ല , അവരും ഘടിപ്പിച്ചു ഒരു കൂറ്റന്‍ ദര്‍പ്പണം . ഇതിനാല്‍ ഇപ്പോള്‍ ഏകദേശം  600 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഇപ്പോള്‍ സൂര്യപ്രകാശം എത്തുന്നുണ്ട് . 2013  ഒക്ടോബറില്‍ ആണ് ഇത് പൂര്‍ത്തിയായത് .  എന്തായാലും സൂര്യനെ “കയ്യിലാക്കിയതിന്റെ ” ആഹ്ലാദത്തില്‍ ആണ് ഇരു ഗ്രാമങ്ങളും ഇപ്പോള്‍ !

നോര്‍വ്വയിലെ Rjukan നില്‍ കണ്ണാടി പ്രകാശം ചൊരിയുന്ന ദൃശ്യം

നോര്‍വ്വയിലെ Rjukan നില്‍ കണ്ണാടി പ്രകാശം ചൊരിയുന്ന ദൃശ്യം

കൂടുതല്‍ വിവരങ്ങള്‍

  1. Viganella – The Italian Village that Built Its Own Sun

  2. Using Giant Mirrors to Light up Dark Valleys

  3. Giant mirrors reflect winter sun into Norwegian town of Rjukan

Heliostats, computer-driven motors, control the position of Rjukan's giant mirrors, following the Sun's path to reflect sunlight into the valley below, on October 18, 2013

Heliostats, computer-driven motors, control the position of Rjukan’s giant mirrors, following the Sun’s path to reflect sunlight into the valley below, on October 18, 2013

Image