ബൈസൈക്കിള്‍ തീവ്സ്: നൂറ്റാണ്ടിന്റെ സിനിമ

Share the Knowledge

വിറ്റോറിയോ ഡി സിക്ക 1948-ൽ സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ഇറ്റാലിയൻ നവ റിയലിസ്റ്റിക് ചലച്ചിത്രമാണ്‌ ബൈസിക്കിൾ തീവ്‌സ് (Bicycle Thieves – “Ladri di biciclette”smile. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.

ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം ഇതിന്റെ പ്രത്യേകതകളാണ് (അന്റോണിയോയായി അഭിനയിച്ച ലാംബെർട്ടോ മാഗ്ഗിയോറാനി ഒരു ഫാക്റ്ററി തൊഴിലാളിയായിരുന്നു). ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ ‘റോം ഓപ്പണ്‍ സിറ്റി’ ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌ ‘ബൈസൈക്കിൾ തീവ്സ്’.

വിശദാംശങ്ങളിൽ പോലും പ്രകടമാകുന്ന ജീവിതാവബോധം, ഉള്ളുരുക്കുന്ന നൊമ്പരങ്ങൾക്കിടയിലും സ്വയമറിയാതെ ചിരി വിടർത്തുന്ന നർമ ബോധം, വാക്കിലോ പ്രവൃത്തിയിലോ പ്രതികരണങ്ങളിലൊ കൃത്രിമത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത യഥാർത്ഥ മനുഷ്യരുടെ ചിത്രീകരണം, അഭിനയമെന്നു പേർ ചൊല്ലി വിളിക്കാൻ മടി തോന്നും വിധം യഥാതഥമായ അഭിനയം ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണു ബൈസിക്കിൾ തീവ്‌സ്‌. ഇച്ചിത്രത്തിന്റെ ആകർഷണരഹസ്യങ്ങളിൽ ഏറ്റവും പ്രധാനം അതുൾകൊള്ളുന്ന പ്രമേയം തന്നെയാണ്. സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളും സമൂഹവും വിധിയും ഒരൊത്തുകളിയിലെന്ന പോലെ അവനെ പരാജയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും നാമിവിടെ കാണുന്നു.

‘ബൈസൈക്കിൾ തീവ്സ്’ ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു.എന്നാൽ ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

മകൻ ബ്രൂണോയുമൊത്ത് അയാൾ സൈക്കിൾ തിരഞ്ഞുനടക്കുന്ന ദൃശ്ശ്യങ്ങൾ ഹൃദയഭേദകമാണ്. പോലിസ്‌ സ്റ്റേഷനിൽ പരാതിബോധിപ്പിക്കാനായി പോകുമ്പോള്‍ അയാൾക്കുണ്ടാവുന്ന അനുഭവം ജീർണമായിക്കഴിഞ്ഞ ഒരു ഭരണ- ഔദ്യോഗിക സംവിധാനത്തിന്റെ ലക്ഷണമാണ്. തന്റെ സൈക്കിൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നയാൾ പറയുമ്പോൾ ക്യാമറ കെട്ടുകെട്ടായി കൂട്ടിവെച്ചിരിക്കുന്ന അത്തരം നിരവധി പരാതികളിലേക്കാണ് തിരിയുന്നത്. അധികാരികളുടെ മനോഭാവമാകട്ടെ കടുത്ത നിസ്സംഗതയോടെയുള്ളതും.

മോഷ്ടാവിനെ അവർക്ക് കണ്ടെത്താനാവുന്നുണ്ടെങ്കിലും പോലീസിനു മുമ്പിൽ വിശ്വസനീയമായ തെളിവുകൾ കാണിച്ചുകൊടുക്കാനാവത്തതിനാൽ ആ ശ്രമവും വിഫലമാകുന്നു. മാത്രമല്ല, കള്ളനായി സംശയിക്കപ്പെടുന്നവന്റെ വീട്ടുകാരും അയൽക്കാരും അവന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നതോടെ കാര്യങ്ങൾ അന്തോണിയോവിനു എതിരെ തിരിയുന്നു. ആകെ പ്രതിസന്ധിയിലാവുന്ന അന്തോണിയോ ഫുട്ബോൾ മൽസരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന നിരവധി സൈക്കിളുകളിലൊന്ന് മോഷ്ടിച്ചു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷെ ആ കാര്യത്തിലും പ്രാപ്തനല്ലാത്ത അയാൾ പെട്ടെന്ന് പിടിക്കപ്പെടുകയും ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനും അവഹേളനത്തിനും പാത്രമാകുകയും ചെയ്യുന്നു. അനിശ്ചിതമായ ഭാവിയുടെ ഇരുളിലേക്ക് നടന്നു നീങ്ങുന്ന നായകന്റെയും കുടുംബത്തിന്റെയും പ്രതീക്ഷാരാഹിത്ത്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

ഇത്രയുമാണ് ‘ബൈസൈക്കിൾ തീവ്സ്’ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന ‘രോഗം’ അനുഭവിക്കുന്നവരാനെന്നു അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം. എല്ലാ പ്രതീക്ഷയും അറ്റുപോയ ഒരു നേരത്ത്‌ കൈയിലുള്ള ചില്ലിക്കാശുകൊണ്ടയാൾ ബ്രൂണോയ്ക്ക് ഒരു പീസ്സ വാങ്ങിക്കൊടുക്കാൻ ഹോട്ടലിലെത്തുന്നു. കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. ‘അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം’ എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.

index (1)

ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്ന ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട് മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ‘ബൈസൈക്കിൾ തീവ്സ്’. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ‘പഥേർ പാഞ്ചാലി’ എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഭാഷ ഇറ്റാലിയൻ
സംവിധാനം: വിറ്റോറിയോ ഡി സിക്ക
നിർമ്മാണം: ഗിയുസെപ്പേ അമാറ്റോ
കഥ: ല്യൂഗി ബാർട്ടോലിനി
തിരക്കഥ:
വിറ്റോറിയോ ഡി സിക്ക
സെസാരെ സവറ്റിനി
സുസോ സേച്ചി ദ്‌അമികോ
ഗെരാഡോ ഗ്യുറീയേറി
ഒരെസ്റ്റേ ബിയാകോളി
അഡോൾഫോ ഫ്രാൻസി
അഭിനേതാക്കൾ:
അന്റോണിയോയായി ലാംബെർട്ടോ മാഗ്ഗിയോറാനി 
അന്റോണിയോയുടെ മകൻ ബ്രൂണോയായി എൻസോ സ്റ്റായൊള 
അന്റോണിയോയുടെ ഭാര്യ മരിയയായി ലയാനെല്ല കാരെൽ
സംഗീതം: അലേസ്സാണ്ട്രോ ഗിക്കോഗിനി
ഛായാഗ്രഹണം : കാർലോ മോൺട്യുയോറി
ചിത്രസംയോജനം : എറാൾഡോ ഡാ റോമ
റിലീസിങ് തീയതി: നവംബർ 24, 1948 (ഇറ്റലി)
ഡിസംബർ 12, 1949 (യു.എസ്. എ.)
സമയദൈർഘ്യം: 93 മിനിറ്റ്
ബജറ്റ് $133,000

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>കടപ്പാട്: ഫിലിം ക്ലബ്ബ് , Vipin Kumar

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ