അല്‍ ജസീറ അല്‍ ഹംറ

Share the Knowledge

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും പഴക്കംചെന്ന കുടിയേറ്റമേഖലകളില്‍ ഒന്നായ അല്‍ ജസീറ അല്‍ ഹംറയെക്കുറിച്ച് പറഞ്ഞുകേട്ട കഥകള്‍ വിചിത്രങ്ങളും ഭയാനകങ്ങളുമായിരുന്നു. 16-ാം നൂറ്റാണ്ടില്‍ കുടിയേറിയതെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെറുപട്ടണം കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ജിന്നുകളുടെയും പ്രേതങ്ങളുടെയും ഉപദ്രവം കാരണമാണ് ഇതെന്ന് വിശ്വസിക്കുന്നവരാണ് പ്രദേശവാസികള്‍. ഇവരുടെ വിശ്വാസത്തിന് ഉപോല്‍ബലകമായി നിരവധി വീഡിയോ ചിത്രങ്ങള്‍ യൂട്യൂബിലും നിരവധി വെബ് സൈറ്റുകളിലും പ്രചരിക്കുന്നു.

അല്‍ ജസീറ അല്‍ ഹംറ എന്നാല്‍ ചുവന്ന ദ്വീപ് എന്നാണര്‍ഥം. പഴയകാലത്ത് ഇവിടെ ഒരു തുറമുഖവും ഉണ്ടായിരുന്നു. റാസ് അല്‍ ഖൈമ നഗരത്തില്‍നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറിയാണ് അല്‍ ജസീറ അല്‍ ഹംറ. വലത്തോട്ടു തിരിയുന്ന ഭാഗത്ത് മരംകൊണ്ടുള്ള ചെറിയ ഒരു ചൂണ്ടുപലക കണ്ടു. അങ്ങോട്ട് തിരിച്ചതും കാര്‍ ഒരു വലിയ വെട്ടില്‍ ചാടി. സൈലന്‍സര്‍ റോഡിലെ കല്ലില്‍ ഇടിച്ചു. ഞങ്ങള്‍ അതുവരെ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട റോഡായിരുന്നു അത്. ദിനോസറിന്റെ പുറംഭാഗം ഓര്‍മിപ്പിക്കുന്ന റോഡ്. ശല്‍ക്കങ്ങള്‍ പോലെ പൊട്ടിപ്പൊളിഞ്ഞ കരിങ്കല്‍ കഷണങ്ങള്‍. വളരെ ശ്രമപ്പെട്ടാണ് സിയാദ് കാര്‍ ഓടിച്ചുകൊണ്ടിരുന്നത്. ഇടയ്ക്ക് ഒന്നുരണ്ട് തവണ വണ്ടി റോഡില്‍നിന്ന് തെന്നിമാറി. ടയര്‍ കേടാകാനുള്ള സാധ്യതയെക്കുറിച്ച് അവന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

തലേന്ന് കണ്ട ഒരു യൂട്യൂബ് വീഡിയോ ആയിരുന്നു എന്റെ മനസ്സില്‍. അതില്‍ വിവിധ ദേശക്കാരായ കുറെ പേരെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. പലരും വളരെ ഭയത്തോടുകൂടിയാണ് സംസാരിച്ചത്. ശുഭ്രവസ്ത്രധാരിണിയായ ഒരു യുവതിയുടെ പ്രേതം വീഡിയോയില്‍ കുടുങ്ങിയ ഭാഗം വൃത്തം വരച്ച് കാണിച്ചിരുന്നു. വഴിവക്കില്‍ അധികമാരെയും കണ്ടില്ല. പൊതുവേ ആ പ്രദേശം ഒറ്റപ്പെട്ടുനില്‍ക്കുകയാണ്. സമീപത്തെങ്ങും വീടുകളോ കടകളോ ഇല്ല. ദേ, ഒരു ചായക്കട, നമുക്ക് ഒരു ചായ കഴിച്ചു പോകാം. ഒരുപക്ഷേ ഇനി ഒരു കട കണ്ടെന്നുവരില്ല. അശോകന്റെ അഭിപ്രായത്തോട് അബ്ദുള്ളയും യോജിച്ചു. രണ്ട് ബംഗാളി പയ്യന്മാര്‍ മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളൂ. സപ്ളെ ചെയ്യാനും കാഷ്യറുമായി ഒരാള്‍. ചായ ഉണ്ടാക്കാന്‍ മറ്റേയാള്‍. നാട്ടിലെ കുഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന പഴകിയ ഡെസ്കും ബെഞ്ചുമായിരുന്നു കടയില്‍. യുഎഇയില്‍ വന്നശേഷം ഇങ്ങനെ ഒരു സ്ഥലം ആദ്യമായി കാണുകയായിരുന്നു.

ജസീറത്ത് അല്‍ ഹംറയിലേക്കാണെന്ന് (ജസീറത്ത് അല്‍ ഹംറയെന്നും പറയും) പറഞ്ഞപ്പോള്‍ ബംഗാളി പയ്യന്‍ സലീമിന്റെ കണ്ണ് തള്ളി. ഉധര്‍ നഹീ ജാനാ ഭായീ സാബ്. യേ ജഗാ ഇത്ത്ന അച്ചാ നഹീ ഹൈ -അങ്ങോട്ട് പോകണ്ട സഹോദരാ ആ പ്രദേശം അത്ര ശരിയല്ല എന്നാണവന്‍ പറയുന്നത്. ക്യോം, ക്യാ പ്രോബ്ളം ഹൈ ഉധര്‍ – എന്താ അവിടെ പ്രശ്നം ഞാന്‍ തിരക്കി? അവിടെ ഭൂതപ്രേതാദികള്‍ ഉണ്ടെന്ന് സമീപപ്രദേശത്തെ ആളുകള്‍ വിശ്വസിക്കുന്നതായി അവന്‍ പറഞ്ഞു. അതുകൊണ്ടാണത്രെ അല്‍ ഹംറയിലെ ആളുകള്‍ കുടിയൊഴിഞ്ഞുപോയത്. ചില മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് കണ്ടെടുത്തതായി അവന്‍ പറഞ്ഞു. ചിലരൊക്കെ രാത്രിയില്‍ വന്നുപോകുന്നുണ്ടെന്നും. വാര്‍ത്ത കേട്ട് പലരും അല്‍ ഹംറ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. പലരും പുറത്തുനിന്ന് നോക്കിക്കണ്ട് അകത്ത് കയറാതെ മടങ്ങിപ്പോകുന്നുമുണ്ട്. എല്ലാം കേട്ടിട്ടും എന്റെ പത്നി ലൈല കൂടി ഉള്‍പ്പെട്ട ഞങ്ങളുടെ സഹൃദ്സംഘം അല്‍ഹംറയിലേക്ക് യാത്രതുടര്‍ന്നു.

പുരാതനമായ ഒരു സ്കൂളിന്റെ അവശിഷ്ടങ്ങളാണ് ആദ്യം ദൃശ്യമായത്. പിന്നീട് വളരെ ചെറിയ മിനാരങ്ങളുള്ള പള്ളികള്‍ കണ്ടു. പത്തോ ഇരുപതോ പേര്‍ക്ക് നമസ്കരിക്കാം. പക്ഷേ വാതിലുകളും ജനവാതിലുകളുമൊക്കെ അടര്‍ന്നുവീണ് ദ്വാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുഎയിലെ ഏറ്റവും പുരാതനമായ കുടിയേറ്റമേഖലയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അന്തിവെയില്‍ പൊന്നുരുകാന്‍ തുടങ്ങിയിരുന്നു. പ്രേതഭവനങ്ങളെ ഓര്‍മിപ്പിക്കുന്ന കാലപ്പഴക്കംചെന്ന മണ്‍വീടുകള്‍ ഞങ്ങളെ 16-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോയി.

കാലത്തിന്റെ പിറകോട്ടുള്ള പ്രയാണം അതിശയിപ്പിക്കുന്നതായിരുന്നു. നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്ന ഒരു ഗന്ധം വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മേല്‍ക്കൂരയടര്‍ന്നും ജനല്‍പാളികള്‍ അടര്‍ന്നുവീണും വാതിലുകളുടെ സ്ഥാനത്ത് വെറും ദ്വാരങ്ങള്‍ മാത്രം ഉള്ളതുമായ ചെറു വീടുകള്‍. ചിലതൊക്കെ ഭിത്തിയുടെ ഒരു ഭാഗം മാത്രം ശേഷിക്കുന്നവയായിരുന്നു. മണ്‍കട്ടകള്‍ അടര്‍ന്നുവീണ് ഭിത്തിയോട് ചേര്‍ന്ന് മണ്‍കൂന രൂപപ്പെട്ടിരിക്കുന്നു. രൂപം നഷ്ടപ്പെട്ട മണ്‍കട്ടകളില്‍ നരച്ച പവിഴപ്പുറ്റുകള്‍ ഉണ്ടായിരുന്നു, ഇത്തിളും. കടലോരത്തെ പവിഴപുറ്റുകളില്‍നിന്ന് വെട്ടിയെടുത്ത കല്ലുകളാ(ഇീൃമഹ ൃീരസെ)യിരുന്നിരിക്കണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. തകര്‍ന്ന മേല്‍ക്കൂരകളില്‍ കണ്ടല്‍ ചെടികളുടെ തടികളുടെയും ഈന്ത പനയോലകളുടെയും അവശിഷ്ടങ്ങളും കാണാമായിരുന്നു. കുമ്മായവും മണ്ണും കണ്ടല്‍ത്തടികളും ചേര്‍ത്തായിരുന്നു മേല്‍ക്കൂര വാര്‍ത്തിരുന്നത്. കടലിനോട് ഏറ്റവും അടുത്താകയാല്‍ ഉന്മേഷം തോന്നി. പഴയ, തകര്‍ന്ന ഉരുക്കള്‍ കരയില്‍ കയറ്റി ഇട്ടിരിക്കുന്നു. കുറെ ഭാഗം ചെറുതിരമാലകള്‍ വന്ന് നക്കി തോര്‍ത്തുന്നു. 200ലധികം ചെറു വീടുകളുള്ള ഈ പട്ടണത്തില്‍ മനുഷ്യന്റെ മണംപോലും അനുഭവിക്കാനാകില്ലെന്നത് ഞങ്ങളില്‍ അത്ഭുതമുളവാക്കി. ജിന്നുകളെ കുറിച്ചും പ്രേതങ്ങളെ കുറിച്ചുമുള്ള കഥകള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറിയൊരു പേടിയോടെയാണ് ഞങ്ങള്‍ കുടിലുകളില്‍ കയറിനോക്കിയത്. കുടിലുകള്‍ക്കിടയിലൂടെ നിരവധി ചെറു വഴികളുണ്ട്. കുടിലുകള്‍ തമ്മില്‍ അകലം വളരെ കുറവാണ്. നടപ്പാതയാകട്ടെ വളരെ ഇടുങ്ങിയതും. കാഫ്, എരുക്ക് എന്നീ സസ്യങ്ങളും ചില പുല്ലുകളും പടര്‍ന്ന് വേണ്ടത്ര വെളിച്ചം കടന്നുവരുന്നില്ല. തിത്തിരി പക്ഷികളുടെ ഇടവിട്ടുള്ള നിലവിളികള്‍ കേള്‍ക്കാമായിരുന്നു. ഈ പക്ഷികള്‍ രാത്രിയില്‍ കൂടുതലായി ശബ്ദമുണ്ടാക്കും, പിന്നെ മൂങ്ങകളും. ഇതാകാം ഒരുപക്ഷേ പ്രേതകഥകള്‍ക്ക് ഊര്‍ജം പകര്‍ന്നത്. കൂടാതെ രാത്രികാലങ്ങളില്‍ അറേബ്യന്‍ കുറുക്കന്മാരും (ഒരിനം ചെറിയ കുറുക്കന്മാര്‍) പാമ്പുകളും മറ്റ് ഇഴജീവികളും നരിച്ചീര്‍ പോലുള്ള പക്ഷികളും കഥകള്‍ക്ക് കരുത്തേകുന്നുണ്ടാകും.

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ഇനിയും ഈ ആള്‍പ്പാര്‍പ്പില്ലാത്ത, കുടിയൊഴിഞ്ഞുപോയ പ്രദേശത്ത് ഇരുട്ടത്ത് നടക്കുന്നത് ശരിയല്ലെന്ന് ലൈല ഓര്‍മിപ്പിച്ചു. ടോര്‍ച്ചടിച്ചപ്പോള്‍ രണ്ടു കണ്ണുകള്‍ തിളങ്ങി. ലൈല ഉച്ചത്തില്‍ നിലവിളിച്ചു. അവള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു. നിറയെ രോമങ്ങളുള്ള വലിയൊരുതരം കാട്ടുപൂച്ച (ഹ്യിഃ) എന്റെ കാലുകള്‍ക്കിടയിലൂടെ കടന്നുപോയി. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു എനിക്ക്. ഞങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങി. മത്സ്യബന്ധനവും മുത്തുവാരലും തൊഴിലാക്കിയ ഒരുജനതയായിരുന്നു അവിടെ ജീവിച്ചിരുന്നത്. അവരുടെ മുന്‍ഗാമികള്‍ പഴയ പേര്‍ഷ്യക്കാരായിരുന്നു (ഇന്നത്തെ ഇറാന്‍). യുഎഇയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും പഴക്കംചെന്ന കുടിയേറ്റ പട്ടണം. സഅബ് വംശജരായിരുന്നു അവര്‍. അവസാനത്തെ ശരീഫ് ആയ ഷൈഖ് ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി 1970 ല്‍ യുഎഇ ഏകീകരിക്കുമ്പോള്‍ അന്നത്തെ റാസ് അല്‍ ഖൈമയുടെ ഭാഗമാകാന്‍ തയ്യാറായില്ല. റാസ് അല്‍ ഖൈമ ഭരണാധികാരിയുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ സഅബ് വംശജര്‍ പ്രദേശം ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയുണ്ടായി എന്ന് പറയപ്പെടുന്നു. എന്നാല്‍, സഅബ് വംശജരും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായി ഏതെങ്കിലും കലഹങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, സഅബ് എന്നപേരില്‍ അബുദാബിയില്‍ ഇപ്പോഴും ഒരു സ്ഥലമുണ്ട്. സഅബ് വംശജരാണ് അവിടെ വസിക്കുന്നത്. ഈ പ്രദേശത്തിന്റെ ഔദ്യോഗികനാമം അല്‍ തബിയ എന്നാണ്. അബുദാബി ഭരണാധികാരിയാണ് അവര്‍ക്ക് അവിടെ പുനരധിവാസം നല്‍കിയത്. സഅബ് വംശജരുടെ അവസാനത്തെ ശരീഫ്, ഹുസൈന്‍ ബിന്‍ റഹ്മ അല്‍ സഅബി ഇപ്പോള്‍ യുഎഇയുടെ ലബനീസ് അംബാസഡര്‍ ആണ്. ജസീറത്ത് അല്‍ ഹംറ, റാസ് അല്‍ ഖൈമ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പ്രാചീന പട്ടണം തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി.
(കടപ്പാട് : ദേശാഭിമാനി )

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ