തൂണൂകളുടെ കൊട്ടാരം

Share the Knowledge

തമിഴ്നാട്ടിലെ പൈതൃകനഗരമായ മധുരയുടെ ഹൃദയത്ത് സ്ഥിതി ചെയ്യുന്ന ആ ചരിത്രശേഷിപ്പിന്‍റെ വിശേഷം …. കണ്ണാളനേ എനതു കണ്ണൈ നേട്രോടു കനവില്ലൈ… 
എ.ആര്‍. റഹ്മാന്‍റെ സംഗീതത്തില്‍ കെ.എസ്. ചിത്ര ആലപിച്ച മനോഹര ഗാനം. അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയുമാണ് ഗാന രംഗത്ത്. തൂണുകള്‍ക്കിടയിലൂടെ തട്ടത്തിന്‍റെ മറവില്‍ ഓടി നടന്നു പാടുന്ന മനീഷ കൊയ്‌രാള. ഇതേ തൂണുകള്‍ക്കിടയിലൂടെ നായികയെ തേടുന്ന അരവിന്ദ് സ്വാമി. ഗാന രംഗത്ത് അഭിനേതാക്കള്‍ക്കൊപ്പം പ്രധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു കൊട്ടാരം. ഇതാണ് മധുരയിലെ തിരുമലനായ്ക്കര്‍ മഹല്‍. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കൊട്ടാരം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായിരുന്നു. തൂണുകളുടെ കൊട്ടാരമെന്നാണ് മഹല്‍ അറിയപ്പെടുന്നത്.

മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്താണ് തിരുമലനായ്ക്കര്‍ മഹല്‍ സ്ഥിതി ചെയ്യുന്നത്. വാസ്തുശില്‍പ കലയുടെ മകുടോദാഹരണമെന്ന് തിരുമലനായ്ക്കര്‍ മഹലിനെ വിശേഷിപ്പിക്കാം. ഏത് ആംഗിളില്‍ ക്യാമറവച്ചാലും കൊട്ടാരം നല്‍കുന്നത് മനോഹരമായ ഫ്രെയ്മുകള്‍. ഇന്ത്യന്‍ സിനിമയുടെ ഷോമാന്‍ മണിരത്നത്തിന്‍റെ ഇഷ്ടലൊക്കേഷനുകളില്‍ഒന്നാണ് തിരുമലനായ്ക്കര്‍ മഹല്‍. ബോംബെ, ഇരുവര്‍, ഗുരു തുടങ്ങിയ ചിത്രങ്ങളുടെ പ്രധാന സീനുകള്‍ ഈ കൊട്ടാരത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. 2012 ഓടെ ഹൈക്കോടതിയുടെ മധുര ബഞ്ച് ഇവിടെ ഷൂട്ടിങ് നിരോധിച്ചു. സിനിമാ ചിത്രീകരണം സംരക്ഷിത വിഭാഗത്തില്‍പ്പെട്ട കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ജോഡി, ആടുകളം, നേര്‍ക്കുനേര്‍, കുലനരിക്കൂട്ടം തുടങ്ങി ധാരാളം തമിഴ്സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രണയ ഗാനങ്ങള്‍ ചിത്രീകരിക്കാനാണ് കൊട്ടാരം കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.
17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മഹല്‍
മധുര നഗരത്തിനു സമീപം തിരക്കേറിയ പാതയുടെ വശത്താണ് പ്രൗഡഗംഭീരമായ ഈ കൊട്ടാരം. 17ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചതെന്നു വിശ്വാസം. തൂണുകളാണ് മഹലിന്‍റെ പ്രധാന ആകര്‍ഷണം. 248 തൂണുകളാണ് ഇവിടെയുള്ളത്. 82 അടി ഉയരവും 19 അടി വീതിയുമാണ് തൂണുകള്‍ക്ക് ഉള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണെങ്കിലും ഇപ്പോഴും തൂണുകളുടെ തിളക്കത്തിന് മങ്ങലേറ്റിട്ടില്ല. എവിടെ നോക്കിയാലും തൂണുകള്‍ മാത്രമാണ് കൊട്ടാരത്തില്‍. രാജഭരണകാലത്ത് നിര്‍മിച്ച മറ്റു കൊട്ടാരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മഹല്‍. ദ്രാവിഡ- മുസ്ലിം മാതൃകയിലാണ് നിര്‍മാണം. ചില സ്ഥലങ്ങള്‍ മുസ്ലിം പള്ളികളെ ഓര്‍മിപ്പിക്കും. സുന്ദരം എന്നതിനേക്കാള്‍ ഗാംഭീര്യം എന്ന ഭാവമാണ് മഹലിന്. പ്രത്യേകം റൂമുകളൊന്നുമില്ല. ഹാളുപോലെ വിശാലമായ ഇടങ്ങള്‍. ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന തൂണുകള്‍. വളരെ വിശാലമായ ഒരു രാജസദസിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം. ഇറ്റലിയില്‍ നിന്നുമെത്തിയ എന്‍ജിനീയറുടെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നതെന്നും വിശ്വാസമുണ്ട്. രണ്ടു പ്രധാന ഭാഗങ്ങളാണ് കൊട്ടാരത്തിനുള്ളത്. സ്വര്‍ഗ വിലാസം, രംഗ വിലാസം എന്നാണ് ഇവയുടെ പേര്. താമസ്ഥലം, പൂന്തോട്ടം, തിയെറ്റര്‍ തുടങ്ങിയവ ഈ രണ്ടു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. നൃത്ത ഹാളാണ് കൊട്ടാരത്തിലെ മറ്റൊരു പ്രത്യേകത. നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നുണ്ട്…

പതിനേഴാം നൂറ്റാണ്ടില്‍ മധുര ഭരിച്ചിരുന്ന പ്രമുഖ നായ്ക്കര്‍ ഭരണാധികാരിയായിരുന്നു തിരുമലനായ്ക്കര്‍. 1625 മുതല്‍ 59 വരെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ ഭരണകാലം. സമര്‍ഥനായ സൈന്യാധിപനായിരുന്ന ഇദ്ദേഹം പല സ്ഥലങ്ങളും ആക്രമിച്ചു കീഴടക്കി. മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപം ഈ കൊട്ടാരം നിര്‍മിക്കുന്നത് തിരുമലനായ്ക്കരാണ്. ഇദ്ദേഹത്തിന്‍റെ സൈന്യത്തില്‍ യുദ്ധനൈപുണ്യമുള്ള യോദ്ധാക്കളുടെ പല വിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. 1634ല്‍ തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് ആ പ്രദേശം കീഴടക്കുകയുണ്ടായി. പോര്‍ച്ചുഗീസുകാരോട് സൗഹൃദം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ഡച്ചുകാരെ അംഗീകരിച്ചില്ല. ക്രൈസ്തവ മിഷണറിമാര്‍ക്ക് തിരുമലനായ്ക്കന്‍ പ്രോത്സാഹനം നല്‍കി. ലങ്കാവതരണം, നളചരിത നാടകം, നീലകണ്ഠവിജയം എന്നീ കൃതികള്‍ നായ്ക്കരുടെ പ്രോത്സാഹനത്തില്‍ രചിക്കപ്പെട്ടവയാണ്. മധുര മീനാക്ഷി ക്ഷേത്രം ഉള്‍പ്പെടെ ആ പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന പല ക്ഷേത്രങ്ങളേയും നായ്ക്കന്‍ പുനര്‍നിര്‍മിച്ചു. റോബര്‍ട്ട് ഡി. നൊബിലി എന്ന റോമന്‍ കത്തോലിക്കാ മിഷണറി മധുരയില്‍ വസിച്ച് തമിഴ് ഭാഷയുടെ വികാസത്തിനായി പ്രവര്‍ത്തിച്ചത് തിരുമലനായ്ക്കന്‍റെ കാലഘട്ടത്തിലാണ്. ….!!!!

 കടപ്പാട്÷ശ്രീജീത്ത്

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ