ഒരു ഭാർഗ്ഗവീ നിലയത്തിന്റെ കഥ

Share the Knowledge

സീരിയൽ കില്ലർ എന്ന പദത്തിനു യോജിച്ച ആദ്യകാല ആധുനിക കൊലയാളികളിൽ ഒരാളായിരുന്നു H H ഹോംസ്. മറ്റ് കൊലയാളികളിൽ നിന്നും അയാളെ വ്യത്യസ്തനാക്കിയത് അയാളുടെ കുശാഗ്രബുദ്ധി നിറഞ്ഞ നടപടികളാണ്. കൊലപാതകം മനസ്സിൽ കണ്ട് ഒരു കൊട്ടാരംപോലുള്ള വീടുപോലും അയാൾ ഡിസൈൻ ചെയ്തു!. അയാളുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും അരങ്ങേറിയതും ആ കൊട്ടാരത്തിൽ തന്നെ. 27 കൊലപാതകങ്ങൾക്ക് ഹോംസ് കുറ്റസമ്മതം നടത്തി. എന്നാൽ അതിൽ 9 എണ്ണം ആണ് ഉറപ്പു വരുത്തിയത്. പക്ഷെ, യഥാർത്ഥ കൊലപാതകത്തിന്റെ എണ്ണം 200 വരുമെന്ന് പറയപ്പെടുന്നു!. ഒരു കൊലയാളി എന്നത് കൂടാതെ നല്ലൊരു തട്ടിപ്പുകാരനും ഒന്നിൽ കൂടുതൽ ഭാര്യമാരും ഉള്ളയാളായിരുന്നു ഹോംസ്!.

1861 മെയ് 16 നു ലേവി ഹൊർട്ടൻ മട്ഗെട്ടിന്റെയും തിയോടെറ്റ് പേജ് പ്രെയിസിന്റെയും മൂന്നാമത്തെ പുത്രനായി ന്യൂഹാംഷയറിൽ ഗിൽമാണ്ടനിൽ ഹോംസ് ജനിച്ചു. ഹോംസിനു എല്ലെൻ എന്ന പേരിൽ മൂത്ത ഒരു സഹോദരിയും ആർതർ എന്ന സഹോദരനും ഉണ്ടായിരുന്നു. ഹെന്രി എന്ന ഇളയ സഹോദരനും.

ഹോംസിന്റെ പിതാവ് ഒരു കർഷക കുടുംബത്തിൽ നിന്നുള്ള ദൈവഭക്തിയുള്ള, വിധിപ്രകാരം ജീവിക്കുന്ന കർഷകനായിരുന്നു. എന്നാൽ അയാൾ ആക്രമണകാരിയായ മദ്യപാനാസക്തിയുള്ള ഒരു മദ്യ പാനിയായിരുന്നു.

ക്ലാസ്സിലെ ഏറ്റവും മിടുക്കനായ ഒരു വിദ്യാർഥിആയിരുന്നു ഹോംസ്. അത് മറ്റ് കുട്ടികളുടെ അസൂയക്കും മുട്ടാളത്തരത്തിനും കാരണമായി. അവനെ ഭയപ്പെടുത്താനായി അവർ ഹോംസിനെ സമീപത്തുള്ള ഒരു ഡോക്റ്ററുടെ ഓഫീസിൽ കൊണ്ടുപോയി ഒരു അസ്ഥി കൂടത്തിനൊപ്പം മുഖാമുഖം നിർത്തി. പിന്നീട് അസ്ഥികൂടത്തിന്റെ കൈ ഹോംസിന്റെ മുഖത്ത് വച്ചു. ഹോംസ് പിന്നീട് ആ സംഭവം ആദ്യം ഭയപ്പെടുത്തി എന്ന് വെളിപ്പെടുത്തി. അത് അഭൂതപൂർവ്വമായ ഒരനുഭവം ആയിരുന്നുവെന്നും, ഭയത്തിൽ നിന്ന് തന്നെ മോചിപ്പിച്ച ഒരു സംഭവമായിരുന്നുവെന്നും പറഞ്ഞു. ഹോംസ് പിന്നീട് മരണത്തിൽ ആകൃഷ്ടനായി!. മൃഗങ്ങളെ കീറി മുറിക്കുന്നത് ഒരു ഹോബിയാക്കി.

16 വയസ്സിൽ ഹോംസ് ഹൈസ്ക്കൂളിൽ നിന്നും ഗ്രാജുവേഷൻ പൂർത്തിയാക്കി, അധ്യാപകനായി ഗില്മാണ്ടനിലും പിന്നീട് ആൽട്ടനിലും ജോലി ചെയ്തു. 1878 ജൂലൈ 4 നു ക്ലാര ലോവെറിങ്ങിനെ ഹോംസ് വിവാഹം ചെയ്തു. 1880 ഫെബ്രുവരി 3 നു റോബർട്ട്‌ എന്ന ആൺകുട്ടി അവർക്ക് ജനിച്ചു.

19 വയസ്സിൽ ഹോംസ് ബർലിങ്ങ്റ്റനിലെ വെർമോണ്ട് യൂണിവേഴ്സിറ്റിയിൽ എൻറോൾ ചെയ്തു. എന്നാൽ സംതൃപ്തി പോരാതെ ഒരു വർഷം കഴിഞ്ഞ് അവിടം വിട്ടു. 1882 ൽ മിച്ചിഗൻ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ & സർജറി ഡിപ്പാർട്ട്മെന്റിൽ പ്രവേശിച്ചു. 1884 ജൂലൈ 4 നു പരീക്ഷ പാസ്സായി എൻറോൾ ചെയ്തു. ആ സമയം ലബോറട്ടറിയിൽ നിന്നും മൃതദേഹങ്ങൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി അവർ ആക്സിടന്റിൽ കൊല്ലപ്പെട്ടതാനെന്നും പറഞ്ഞ് അവരുടെ പേരിൽ എടുത്ത ഇൻഷുറൻസ് തുക ഹോംസ് കൈപ്പറ്റി!.

ക്ലാരയുമായുള്ള ഹോംസിന്റെ ജീവിതം പെട്ടെന്ന് അകന്നു. കുട്ടിയേയും ക്ലാരയേയും ഒഴിവാക്കി കുറച്ച് വർഷം പലജോലികളും തട്ടിപ്പുകളുമായി ഹോംസ് കഴിച്ചുകൂട്ടി. പിന്നീട് ഹോംസ് ന്യൂയോർക്കിലെ മൂർസ് ഫോർക്സിലെക്ക് നീങ്ങി. അപ്പോളവിടെ ഒരു ഊഹാപോഹം പറന്നു. ഹോംസിനോടൊപ്പം ഒരു ചെറിയ ആൺകുട്ടി ഉണ്ടായിരുന്നുവെന്നും പിന്നീട് ആ കുട്ടിയെ കാണാതായി എന്നും. ആ കുട്ടി മസ്സാച്ചുസെറ്റ്സിലെക് പോയി എന്ന് ഹോംസ് അവകാശപ്പെട്ടു. അതിന്റെ പേരിൽ അന്വേഷണം ഒന്നും ഉണ്ടായില്ല. ഹോംസ് പെട്ടന്ന് ആ നഗരം വിട്ട് ഫിലാഡല്ഫിയയിൽ എത്തി. നോരിസ് ടൌൺ സ്റ്റേറ്റ് ഹോസ്പിറ്റലിൽ ഓർ കീപ്പറായി ജോലിക്ക് കയറി. എന്നാൽ കുറച്ച് ദിവസത്തിനു ശേഷം ആ ജോലി ഉപേക്ഷിച്ചു.

പിന്നീട് അവിടെയുള്ള ഒരു ഡ്രഗ് സ്റ്റോറിൽ ജോലിക്ക് കയറി. അവിടുന്ന് മരുന്ന് വാങ്ങി കഴിച്ച ഒരു കുട്ടി മരിച്ചു. കുട്ടിയുടെ മരണത്തിൽ ഒരു പങ്കും ഇല്ല എന്ന് ഹോംസ് പറഞ്ഞു. പെട്ടന്ന് ആ നഗരം വിട്ട് ചിക്കാഗോയിലേക്ക് ഹോംസ് മാറി. മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ടെക്കുമെന്നു ഭയന്ന് ഹോംസ് തന്റെ പേരിൽ മാറ്റം വരുത്തി.1886 ആഗസ്റ്റ്‌ മാസം ഇന്ഗിൽ വുടിലെ West 63rd Street ലെ എലിസബത്ത്‌ ഹോൾട്ടന്റെ ഡ്രഗ് സ്റ്റോറിൽ ജോലിക്ക് കയറി. അവിടെ നല്ലൊരു ജോലിക്കാരനാണെന്ന് ഹോംസ് തെളിയിച്ചു. എലിസബത്തിന്റെ ഭര്ത്താവിന്റെ മരണത്തിനു ശേഷം ( ഹോംസ് തട്ടിയതാണോയെന്നു എനിക്ക് സംശയമുണ്ട്) ആ ഡ്രഗ് സ്റ്റോർ വാങ്ങാൻ ഹോംസ് താല്പ്പര്യം പ്രകടിപ്പിച്ചു. എലിസബത്ത്‌ സമ്മതിച്ചു. ആ ഡ്രഗ് സ്റ്റോർ മോർട്ട്ഗേജ് ലോൺ വച്ച് മാസത്തിൽ 100 ഡോളർ അടവ് വച്ച് ഹോംസ് സ്വന്തമാക്കി!. പിന്നീട് എലിസബത്ത്‌ ഹോൾട്ടനെ ആരും കണ്ടതേയില്ല!. എലിസബത്തിനെ കുറിച്ച് പഴയ കസ്റ്റമർ ചോദിച്ചാൽ എലിസബത്ത്‌ കട തനിക്ക് വിറ്റുവെന്നും അവൾ കാലിഫോർണിയയിലെ അടുത്ത ബന്ധുക്കളുടെ അടുത്തേക്ക് പോയിയെന്നും ഹോംസ് പറഞ്ഞു!.

1887 ജനുവരി 28 നു മിർട്ട ബെൽക്നാപ്പിനെ ഹോംസ് വിവാഹം ചെയ്തു. ക്ലാരയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ ഒരു കേസ് ഫയൽ ചെയ്തെങ്കിലും അതിനു തീരുമാനമായില്ല. 1889 ജൂലൈ 4 നു ലൂസി തിയോടെറ്റ് ഹോംസ് എന്ന് മിർട്ടയിൽ ഹോംസിനു ഒരു പെൺകുട്ടി ഇല്ലിനോയിസിലെ ഇന്ഗിൽ വുഡ് എന്ന സ്ഥലത്ത് ജനിച്ചു. മിർട്ടക്കും ലൂസിക്കുമൊപ്പം ഇല്ലിനോയിസിലെ വിൽമെറ്റിൽ ഹോംസ് താമസമാരംഭിച്ചു. എന്നാൽ കൂടുതൽ സമയവും ചിക്കാഗോയിൽ പോയി ജോലിയുമായി കഴിഞ്ഞു.

മിർട്ടയുമായുള്ള വിവാഹബന്ധം നിലനിൽക്കെ 1894 ജനുവരി 17 നു ജോർജിയാനോ യോക്കിനെ കൊളോറാഡോയിലെ ഡെൻവറിൽ വച്ച് വിവാഹം ചെയ്തു!. ഹോംസ് തന്റെ ബ്രഹ്മാണ്ട പദ്ധതികൾ തുടങ്ങാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ!. തന്റെ ഡ്രഗ് സ്റ്റോറിന്റെ എതിരെയുള്ള ഒരു കാലി സ്ഥലം ഹോംസ് വാങ്ങി. അവിടെ ഹോംസ് 162 അടി നീളവും 50 അടി വീതിയുമുള്ള വളരെ വലിയ ഒരു 3 നില ഹോട്ടൽ ബിൽഡിംഗ്‌ കെട്ടി. അതിന്റെ വലുപ്പം കണ്ട് പ്രാദേശിക വാസികൾ അതിനെ കൊട്ടാരം എന്നാണു വിളിച്ചിരുന്നത്!.

അതിന്റെ അഡ്രസ്‌ The World’s Fair Hotel , 601-603 West 63rd സ്ട്രീറ്റ് എന്നായിരുന്നു.1893 ലെ World’s Columbian Exposition നു ആതിഥ്യം അരുളാനാണ് അത് തുറന്നത്. ബിസ്സിനസ്സിനു വേണ്ടി ആ ബിൽടിങ്ങിന്റെ താഴത്തെ നിലയുടെ നല്ലൊരു ഭാഗം പല കടമുറികൾക്കായി ഹോംസ് അനുവദിച്ചിരുന്നു. അതോടൊപ്പം ഹോംസിന്റെ ഡ്രഗ് സ്റ്റോർ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ മുകളിലെ രണ്ടു നിലകളും ഉൾക്കൊണ്ടിരുന്നത് ഹോംസിന്റെ സ്വകാര്യ ഓഫീസും, കയറിയാൽ വഴിതെറ്റിപ്പോകുമായിരുന്ന വിധത്തിലുള്ള മുറികളുമായിരുന്നു!.

അതൊരു അസാധാരണമായ, മരണത്തിനു വേണ്ടി നിർമ്മിക്കപ്പെട്ട ഒരു ഹോട്ടൽ ആയിരുന്നു. അതിലെ പല മുറികൾക്കും ജനലുകൾ ഇല്ലായിരുന്നു!. അവക്ക് പുറമേനിന്നു മാത്രമേ പൂട്ട് ഉണ്ടായിരുന്നുള്ളൂ!. സ്റ്റെയർകേസുകളിലൂടെ മുകളിലേക്ക് നീങ്ങിയാൽ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാത്ത രീതിലുള്ള നിർമ്മാണമായിരുന്നു!. വാതിലോ മറ്റോ തുറന്നു മുന്നോട്ടു നീങ്ങിയാൽ മരണത്തിലെക്കായിരിക്കും പതിക്കുക!. റൂമില്ലാത്ത വാതിലും , വാതിലില്ലാത്ത റൂമും ഉണ്ടായിരുന്നു. മുകളിൽ ഭിത്തികളിൽ മുറിയിലേക്ക് ഗ്യാസ് കടത്തിവിടാനുള്ള സൗകര്യം ഉണ്ടായിരുന്നു!. അവിടെ നിന്ന് സാധാനങ്ങൾ താഴേക്ക് തെന്നിച്ച് മാറ്റാനുള്ള ചെരിഞ്ഞ രഹസ്യപ്രതലങ്ങൾ ഉണ്ടായിരുന്നു!. ആ കെട്ടിടത്തിന്റെ ബേസ്മെന്റിൽ മനുഷ്യാകൃതിയിലുള്ള ഒരു ഫർണസ്‌ ഉണ്ടായിരുന്നു!. മൂന്നാം നിലയിലെ ഒരു മുറി സൌണ്ട് പ്രൂഫ്‌ ആയിരുന്നു!. അതിലേക്ക് ഒരു ഗ്യാസ് പൈപ്പ് ശ്വാസം മുട്ടിച്ച് കൊല്ലാനായി ഘടിപ്പിച്ചിട്ടുണ്ടായിരുന്നു!. നിലവറ യിലേക്ക് ശരീരങ്ങൾ മാറ്റാനുള്ള രഹസ്യ നിർമ്മിതികളുണ്ടായിരുന്നു. നിലവറയിൽ ഒരു രഹസ്യ ഭിത്തിയും. അവിടെനിന്നു ഒരു ഇറച്ചി വെട്ടാനുള്ള മേശയും അസ്ഥികളും രക്തം പുരണ്ട വസ്ത്രങ്ങളും ശവശരീരം കത്തിച്ചു കളയാനുള്ള സൌകര്യവും പോലീസ് കണ്ടെത്തുക ഉണ്ടായി!. അവിടുന്ന് സ്ത്രീകളുടെ പല വസ്തുക്കളും പോലീസ് കണ്ടെത്തി.

World’s Columbian Exposition നു മായി ബന്ധപ്പെട്ട് നല്ലൊരു ശതമാനം ജനങ്ങൾ World’s Fair Hotel തെരഞ്ഞെടുത്തിരുന്നു. പ്രത്യേകിച്ചും ചെറുപ്പക്കാരിയായ പെൺകുട്ടികൾ. ഹോട്ടൽ നിർമ്മാണ ത്തിനിടയിൽ പണിക്കാരെ തുടരെത്തുടരെ ഹോംസ് മാറ്റിക്കൊണ്ടിരുന്നു!. അതിനുകാരണമായി ആർക്കും അനുകരിക്കാൻ പറ്റാത്ത ഒരു ജോലിയാണ് അവർ ചെയ്യുന്നതെന്നാണ് ഹോംസ് അവകാശപ്പെട്ടത്. എന്നാൽ അതിന്റെ യഥാർത്ഥ കാരണം, അതിന്റെ പരിപൂർണമായ നിർമ്മിതി താൻ മാത്രമേ മനസ്സിലാക്കാവൂ എന്ന അതി ബുദ്ധി ആയിരുന്നു.

കെട്ടിട നിർമ്മാണത്തിന്റെ തുടക്കത്തിൽ ബെഞ്ചമിൻ പിറ്റെസെൽ എന്ന ആശാരിയുമായി ഹോംസ് സൌഹൃദത്തിലായി. ബഞ്ചമിൻ മുൻപ് ക്രിമിനൽ പശ്ചാത്തലം ഉള്ള ആളായിരുന്നു. പിന്നീട് ഹോംസിന്റെ എല്ലാ കുറ്റകൃത്യങ്ങൾക്കും വലംകൈ ബഞ്ചമിൻ ആയിരുന്നു. ഹോട്ടൽ പണി പൂർത്തിയായപ്പോൾ ഹോംസ് ജോലിക്കാരായി തിരഞ്ഞെടുത്തത് കൂടുതലും പെണ്ണുങ്ങളെയാണ്. എന്നാൽ ജോലിക്ക് മുമ്പ് ഒരു നിബന്ധനയുണ്ടായിരുന്നു. എല്ലാവരും ഇൻഷുറൻസ് പോളിസി എടുക്കണമെന്ന്!. അയാൾ പ്രീമിയം അടക്കുമെന്നും അനുഭവാവകാശക്കാരൻ അയാളായിരിക്കുമെന്നും!.

ഹോംസിന്റെ പ്രണയിനികളും ഹോട്ടൽ ഗസ്റ്റുകളും പലരും ആ ഹോട്ടലിൽകൊല്ലപ്പെട്ടു. സൌണ്ട് പ്രൂഫ്‌ മുറികളിൽ ഗ്യാസ് തുറന്നു വിട്ട് പലരെയും ശ്വാസം മുട്ടിച്ച് ഹോംസ് കൊന്നു. രണ്ടാം നിലയിലെ രഹസ്യ തൂക്ക് മുറിയിൽ പലരെയും ഹോംസ് കെട്ടിത്തൂക്കി. ഹോംസിന്റെ ഓഫീസിനോട് ചേർന്ന് വലിയ ശബ്ദ രഹിതമായ ഒരു ബാങ്ക് വോൾട്ട് ഉണ്ടായിരുന്നു. അതിനുള്ളിലും പെട്ട് പലരും ശ്വാസംമുട്ടി മരിച്ചു!. അവിടെ ബ്രിക്കുകൾ കൊണ്ട് പൂർണമായും കൊട്ടിയടച്ച ഒരു രഹസ്യമുറി ഉണ്ടായിരുന്നു. അതിനുള്ളിലേക്ക് പ്രവേശിക്കാൻ ഒരു ട്രാപ് ഡോർ സീലിങ്ങിൽ നിന്നും ഉണ്ടായിരുന്നു. ഹോംസ് തന്റെ പല ഇരകളെയും ദിവസങ്ങളോളം അതിനുള്ളിലിട്ട് പട്ടിണിയും ദാഹവും അനുഭവിപ്പിച്ച് കൊന്നു!. ഹോംസ് മുകളിലത്തെ നിലയിലെ വാതിലിലെല്ലാം ഒരു പ്രത്യേക അലാറം ഘടിപ്പിച്ചു. ആരെങ്കിലും മുകളിൽ ചുറ്റിത്തിരിയുന്നുണ്ടെങ്കിൽ അറിയുവാൻ വേണ്ടിയായിരുന്നു അത്!. ചരിഞ്ഞ പ്രതലത്തിലൂടെ തെന്നി ബേസ് മെന്റിൽ എത്തുന്ന മൃതദേഹങ്ങൾ കീറി മുറിച്ച് മാംസം വേർപെടുത്തി അസ്ഥികൂട മാതൃക ഉണ്ടാക്കി മെഡിക്കൽ സ്കൂളുകൾക്ക് വിറ്റ് ഹോംസ് കാശുണ്ടാക്കി!. മൃതദേഹങ്ങൾ കത്തിച്ചുകലയാൻ രണ്ടു വലിയ ഫർണസ്‌ ഹോംസിനുണ്ടായിരുന്നു. മെഡിക്കൽ സ്കൂളുമായുള്ള ഹോംസിന്റെ ബന്ധം അസ്ഥികൂടങ്ങളും അവയവങ്ങളും വിറ്റഴിക്കാൻ എളുപ്പമാക്കി.

ഹോംസിന്റെ ഒരു വെപ്പാട്ടി ആയിരുന്നു ജൂലിയ സ്മിത്ത്. ഹോസിന്റെ ഫാർമസിയിലെ ജൂവലറി കൌണ്ടർ ജീവനക്കാരനായ നെട് കൊർണരുടെ ഭാര്യയായിരുന്നു അവൾ. ഹോംസുമായി അവൾ അടുപ്പത്തിലായി. ആ അവിശുദ്ധ ബന്ധം തിരിച്ചറിഞ്ഞ നെഡ് മകൾ പേളിനെയും ജൂലിയയേയും ഉപേക്ഷിച്ച് പോയി. ജൂലിയയും പേളും ഹോട്ടലിൽ താമസം തുടങ്ങി. 1891 ൽ ഗർഭിണിയായ ജൂലിയ ഹോംസിനോട്‌ വിവാഹത്തിനു നിർബന്ധിച്ചു. നമുക്കൊരു കുട്ടിയുടെ ആവശ്യമില്ലെന്ന് പറഞ്ഞു ഹോംസ് സമ്മതം മൂളി. ഹോംസ് ഒരു അബോർഷന് ജൂലിയയെ നിർബന്ധിച്ചു. ജൂലിയ സമ്മതിച്ചു. ക്രിസ്തുമസ് രാത്രി ക്ലോറോഫോം ഓവർ ഡോസ് കൊടുത്ത് ജൂലിയയെ ഹോംസ് കൊലപ്പെടുത്തി, പിന്നീട് പേളിനെയും!.

എന്നാൽ ബിൽഡിങ്ങിൽ താമസിച്ച ഒരാൾ ജൂലിയയേയും പേളിനെയും പറ്റി അന്വേഷിച്ചു. അവർ അയോവയിൽ ഒരു കുടുംബ കല്യാണത്തിനു പോയതാണെന്ന് ഹോംസ് പറഞ്ഞു!. ക്രിസ്തുമസിനു ശേഷം ഹോംസ് ജൂലിയയുടെ അസ്ഥികൂടം യോജിപ്പിക്കുന്നതിന് വേണ്ടി ചാൾസ് ചാപ്പൽ എന്നൊരാളെ വാടക്കെടുത്തു.ഹെന്രി ഗോർഡൻ എന്ന പേരിലാണ് ഹോംസ്, ചാൾസിനെ പരിചയപ്പെട്ടത്. രണ്ടാം നിലയിലെ മുറിയിലെത്തി ചാപ്പലും ഹോംസും ചർച്ച തുടങ്ങി. ചാപ്പൽ ജൂലിയയുടെ കൈയ്യുമായി വീട്ടിലേക്ക് പോയി സന്ധികൾ യോജിപ്പിക്കാനും ബാക്കിയുള്ളവ ഹോംസ് ചെയ്തുകൊള്ളുമെന്നും തീർച്ചപ്പെടുത്തി. ജൂലിയയുടെ കൈയ്യുമായി ചാപ്പൽ വീട്ടിലെത്തിയപ്പോൾ ഹോംസും മറ്റൊരു മനുഷ്യനും ( ബഞ്ചമിൻ പിറ്റെസെൽ ആയിരിക്കും) ചാപ്പലിന്റെ വാതിൽപ്പടിയിലെത്തി ജൂലിയയുടെ രണ്ടായി മുറിച്ച ശരീരം ചാപ്പലിനു കൈമാറി!. ഹോംസ് പിന്നെയും ചാപ്പലിന്റെ സഹായം തേടി. വീണ്ടും അതെ മുറിയിൽ എത്തിയ ചാപ്പൽ ഒരാണിന്റെ മൃതദേഹം കണ്ടു!. ചാപ്പലിന്റെ മൂന്നാമത്തെ ജോലി ഒരു സ്ത്രീയുടെ അസ്ഥികൂടം യോജിപ്പിക്കാനായിരുന്നു. എന്നാൽ ചാപ്പലിന്റെ പണി കഴിഞ്ഞപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രതിഫലം കൊടുക്കാൻ ഹോംസ് മടിച്ചു!. ചാപ്പൽ അസ്ഥികൂടം ഹോംസിനു കൊടുക്കാതെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി!. (പിന്നീട് ഹോംസ് പിടിക്കപ്പെട്ടു പൊതുജനമധ്യത്തിൽ എത്തിയപ്പോൾ ചാപ്പൽ പോലീസിനോട് സഹകരിക്കുകയുണ്ടായി. ചാപ്പൽ ആ തലയോട്ടി പോലീസിനു പരിശോധനയ്ക്കായി നൽകി. ഹോംസിന്റെ ആ മുറി പിന്നീട് “the room of the three corpses എന്നറിയപ്പെട്ടു ) .

ഒരിക്കൽ ഹോംസ് ഒരു ബിസ്സിനസ് ട്രിപ്പിൽ ബോസ്ടനിൽ വച്ച് വളരെ ധനികയായ മിന്നി വില്യംസ് എന്ന യുവതിയെ ഹെന്രി ഗോർഡൻ എന്ന peril പരിചയപ്പെട്ടു. അവർ തമ്മിൽ ഒരു ബന്ധം ആരംഭിച്ചു. ചിക്കാഗോയിൽ തിരിച്ചെത്തിയ ഹോംസ് പ്രണയ ലേഖനങ്ങളിലൂടെ അവളുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു!. 1893 മിന്നി ചിക്കാഗോയിലെത്തി ഹോംസിനെ കണ്ടു!. തന്റെ സ്റ്റെനൊ ഗ്രാഫർ ആയി മിന്നിക്ക് ഹോംസ് ജോലി വാഗ്ദാനം ചെയ്തു. മന്നി ആ വലയിൽ വീണു. മിന്നി വില്യംസിന്റെ വിശ്വാസം നേടിയെടുത്ത ഹോംസ് മിന്നിയുടെ റ്റെക്സാസി ലുള്ള പ്രോപെർട്ടി അലക്സാണ്ടർ ബോണ്ട്‌ എന്നയാൾക്ക് കൈമാറാൻ നിർദ്ദേശിച്ചു ( അലക്സാണ്ടർ മറ്റാരുമല്ല നമ്മുടെ അളിയൻ ഹോംസ് തന്നെ!).

1893 ൽ മിന്നി ആ പ്രോപെർട്ടി ഹോംസ് നോട്ടറിയായി കൈമാറി! ( ഹോംസ് പിന്നീട് ആ പ്രൊപ്പെർട്ടി ബെന്ടൻ ടി. ലൈമാണ് കൈമാറി. ലൈമാൻ ഹോംസ് ഏർപ്പെടുത്തിയ ബഞ്ചമിൻ പിറ്റെസെൽ അല്ലാതെ മറ്റാരുമായിരുന്നില്ല!.). പിന്നീട് മിന്നി വില്യംസിനോട് വിവാഹ അഭ്യർത്ഥന നടത്തിയ ഹോംസ് അവളുടെ സഹോദരി ആനിയെ ചിക്കാഗോയിലേക്ക് ക്ഷണിക്കാൻ പ്രോത്സാഹിപ്പിച്ചു!. ആനിയുടെ കഷ്ടകാലം അടുത്തതുകൊണ്ട് അവളാ ക്ഷണം സ്വീകരിച്ചു!. ഹോംസ് താമസിയാതെ ആനിയുമായി സൌഹൃദം തുടർന്നു. ഓഫീസിൽ ജോലിചെയ്തുകൊണ്ടിരുന്ന ആനിയോടു ഒരിക്കൽ ഓഫീസിന്റെ വോൾട്ടിൽ പോയി ഒരു ഫയൽ എടുത്തുകൊണ്ടുവരാൻ ഹോംസ് പറഞ്ഞു. ആനി വോൾട്ടിൽ കയറിയ സമയം ഹോംസ് ലോക്ക് ചെയ്തു . അതിനുള്ളിലേക്ക് ഗ്യാസ് കടത്തി വിട്ട് ആനിയെ കൊന്നു!. വേൾഡ് ഫെയറിനു പിന്നാലെയുള്ള അതിഭീകരമായ സാമ്പത്തിക മാന്ദ്യത്തെ (Panic of 1893 – As a result of the panic, stock prices declined. 500 banks closed, 15,000 businesses failed, and numerous farms ceased operation. The unemployment rate hit 25% in Pennsylvania, 35% in New York, and 43% in Michigan.) ഹോംസ് ചിക്കാഗോ വിട്ടു.

ടെ ക്സാസിലെത്തിയ ഹോംസ് വില്യംസ് സഹോദരിമാരുടെ സ്വത്ത് കൈവശപ്പെടുത്തി. അവിടെ ചിക്കാഗോയിലെ പോലെ ഒരു കൊട്ടാരം പണിയുന്നതിനെ കുറിച്ച് അന്വേഷിച്ചു!. എന്നാൽ പെട്ടന്ന് തന്നെ ആ പദ്ധതി ഉപേക്ഷിച്ചു, അമേരിക്കയിലും കാനഡയിലുമായി ചുറ്റിത്തിരിഞ്ഞു. 1894 ൽ കുതിരയുമായി ബന്ധപ്പെട്ട ഒരു വഞ്ചന കേസിൽ ഹോംസ് സെന്റ്‌ ലൂയിസിൽ അറസ്റ്റിലായി. ഹോംസിനു ജാമ്യം കിട്ടി പുറത്ത് പോകാമായിരുന്നു. എന്നാൽ ജയിലിൽ 25 വർഷത്തെ ശിക്ഷകിട്ടി കിടക്കുന്ന മരിയൻ ഹെട്ജ്പെത് എന്ന ട്രെയിൻ റോബറുമായി പരിചയത്തിലായി. തന്റെ മരണം അവതരിപ്പിച്ച് ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും 10000 ഡോളർ തട്ടിക്കാനുള്ള ഒരു പദ്ധതി ആയിരുന്നു അത്! ( നമ്മുടെ സുകുമാര കുറുപ്പിനെ പോലെ!). വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു വക്കീലിന്റെ പേര് പറയാൻ ഹെട്ജ്പെത്തിനു 500 ഡോളർ ഹോംസ് വാഗ്ദാനം ചെയ്തു!. ജെഫ്ത ഹോവ് എന്ന സെന്റ്‌ ലൂയിസ് അറ്റോർണിയെ ഹെട്ജ്പെത് നിർദ്ദേശിച്ചു.

ജെഫ്ത ഹോവ് തന്റെ മൂത്ത സഹോദരനായ അല്ഫോൻസോയോടൊപ്പം ജോലിചെയ്യുന്ന സമയമായിരുന്നു അത്. ഹോംസ് തന്റെ പദ്ധതി ജെഫ്തയെ അറിയിച്ചു. അത് ബുദ്ധിപരമായ ഒരു സൂപ്പർ സ്കീം ആണെന്ന് ജെഫ്ത മനസ്സിലാക്കി. എന്നാൽ ഈ തട്ടിപ്പിൽ അല്ഫോൻസോക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ മരണം അവതരിപ്പിക്കാനുള്ള ഹോംസിന്റെ പദ്ധതി പൊളിഞ്ഞുപോയി. സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പണം നൽകാൻ മടിച്ചു. ഇൻഷുറൻസ് അവകാശമുന്നയിക്കാതെ അടുത്ത പദ്ധതി തന്റെ വലം കൈ ആയ ബഞ്ചമിൻ പിറ്റെസെലുമായി ആലോചിച്ചു!. ബഞ്ചമിൻ തന്റെ മരണം അഭിനയിക്കാം എന്ന് സമ്മതിച്ചു. ഇൻഷുറൻസ് തുകയായ 10000 ഡോളർ ഭാര്യ കൈപ്പറ്റി മൂന്നായി വിഭജിച്ച് ഒരു ഭാഗം ഹോംസിനും ജെഫ്തഹോവിനും നല്കാം എന്നായിരുന്നു കരാർ!. ഈ പദ്ധതി ഫിലാഡല്ഫിയയിൽ വച്ച് നടത്താനായിരുന്നു ഉദ്ദേശം. ബി.എഫ്. പെറി എന്ന പേരിൽ ഒരു ശാസ്ത്രജ്ഞൻ ആയി ബഞ്ചമിൻ അവതരിക്കുക, പുള്ളി ഒരു ലാബ്‌ എക്സ്പ്ലോഷനിൽ കൊല്ലപ്പെടുന്നു , ബഞ്ചമിനു പകരം ഒരു മൃതദേഹം ഹോംസ് കണ്ടുപിടിക്കുക എന്നിവയായിരുന്നു വൈതരണികൾ. എന്നാൽ അതിനുപകരം ഹോംസ് തന്റെ എല്ലാ പ്രവൃത്തിക്കും കൂട്ടുനിന്ന ബഞ്ചമിനെ ക്ലോറോഫോം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊലപ്പെടുത്തി!. ബെൻസീൻ ഉപയോഗിച്ച് കത്തിച്ചു.

പിന്നീട് ഹോംസ് വെളിപ്പെടുത്തിയത് തീ കൊളുത്തുന്നതിനു മുമ്പ് ബഞ്ചമിനു ജീവൻ ഉണ്ടായിരുന്നു എന്നാണു!. ഹോംസ് ബഞ്ചമിൻ പിറ്റെസെല്ലിന്റെ ശരിയായ മൃതദേഹം കൊടുത്ത് ഇൻഷുറൻസ് തുക കൈപ്പറ്റി!. പിന്നീട് ബഞ്ചമിന്റെ ഭാര്യയെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു. ഹോംസിൽ ഒരു സംശയവും തോന്നാതിരുന്ന അവൾ തന്റെ 5 കുട്ടികളിൽ 3 എണ്ണത്തിന്റെ സംരക്ഷണം ഹോംസിനെ ഏൽപ്പിച്ചു!. അവളുടെ വിചാരം ബഞ്ചമിൻ ജീവിച്ചിരിക്കുന്നുണ്ട് എന്നായിരുന്നു!. ഏറ്റവും മൂത്ത പുത്രിയും കൈക്കുഞ്ഞും മിസ്സിസ് ബഞ്ചമിനൊപ്പം കഴിഞ്ഞു.

ഹോംസ് 3 കുട്ടികളുമായി അമേരിക്കയിലും കാനഡയിലുമായി യാത്ര തുടർന്നു. അതെ സമയം ഹോംസ് മിസ്സിസ് ബഞ്ചമിനെ പിന്തുടർന്നുകൊണ്ടിരുന്നു. ബഞ്ചമിൻ ലണ്ടനിൽ ഒളിവിൽ കഴിയുകയാണെന്നും, 3 കുട്ടികൾ എവിടെയാണെന്നുമുള്ള കാര്യങ്ങളിൽ മിസ്സിസ് ബഞ്ചമിനെ പറഞ്ഞു പറ്റിച്ചു. എന്നാൽ കാനഡയിലേക്ക് കടക്കുന്നതിനു മുമ്പ് ഡിട്രോയിട്ടിൽ വച്ച് അവർ ചെറിയ അകലത്തിൽ വേർപിരിഞ്ഞു. അത് അടുത്തുതന്നെയുള്ള മറ്റൊരുസ്ഥലത്ത് ഭാര്യയുമൊത്ത് താമസിക്കുന്നതിനായിരുന്നു!. അവർക്ക് ഈ സംഭവങ്ങളെ കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല.

ഹോംസ് പിന്നീട് ബഞ്ചമിന്റെ രണ്ടു മക്കളായ അലീസിനെയും നെല്ലിയെയും കൊന്നകാര്യം വെളിപ്പെടുത്തിയതിങ്ങനെയാണ്. അലീസിനെയും നെല്ലിയെയും ബലം പ്രയോഗിച്ച് വലിയ ഒരു ട്രങ്ക് പെട്ടിയിലേക്ക് കയറ്റി പൂട്ടി. അടപ്പിന്റെ ഭാഗത്ത് ഡ്രിൽ ചെയ്ത് ഒരു ചെറിയ dhwaaram ഉണ്ടാക്കി. പിന്നീട് ഒരു ഹോസ് ഉപയോഗിച്ച് ആ ദ്വാരത്തിലേക്ക് ഗ്യാസ് കടത്തിവിട്ടു!. അങ്ങനെയവരെ ശ്വാസം മുട്ടിച്ച് കൊന്നു!. ആ മൃതദേഹങ്ങൾ ഒരു വാടകവീടിന്റെ ബേസ്മെന്റിൽ ഹോംസ് മറവുചെയ്തു.
ഒരു ഫിലാഡൽഫിയ ഡിറ്റക്റ്റീവ് ആയ ഫ്രാങ്ക് ഗെയെർ ഹോംസിനെ പിന്തുടർന്നിരുന്നു. ടോരോന്ടോയിലെ 16 St. Vincent Lane ൽ ഉള്ള വീടിന്റെ നിലവറയിൽ നിന്ന് അഴുകിയ മൃതദേഹങ്ങൾ അയാൾ കണ്ടെത്തി. ശരീരം നീക്കം ചെയ്യുമ്പോൾ നെല്ലിയുടെ പാദം നീക്കം ചെയ്തിരുന്നതായി ഫ്രാങ്ക് ശ്രദ്ധിച്ചു. ആ ശരീരം പ്രത്യേകിച്ച് തിരിച്ചറിയാതിരിക്കാൻ ഹോംസ് അങ്ങനെ ചെയ്തതാണെന്ന് ഫ്രാങ്ക് വിശ്വസിച്ചു. ഫ്രാങ്ക് ഹോംസിനെ പിന്തുടർന്ന് ഇന്ത്യാനപോളിസിൽ എത്തി. ഹോംസ് അവിടെ ഒരു കോട്ടേജ് വാടകക്ക് എടുത്തിരുന്നു.

1894 ൽ തടവുപുള്ളിയായ ഹെട്ജ്പെത്ത്തിൽ നിന്നും ഹോംസിനെ പറ്റി പോലീസിനു വിവരം ലഭിച്ചിരുന്നു. ജെഫ്ത ഹോവ് എന്ന വക്കീലിനെ ഏർപ്പാടാക്കിയ ഹെട്ജ്പെത്തിനു അഞ്ചുനയാപൈസപോലും ഹോംസ് കൊടുത്തിരുന്നില്ല!. 1894 നവംബര് 17 നു ബോസ്ടനിൽ വച്ച് ഹോംസ് അറസ്റ്റിലായി. അയാളുടെ കൊലപാതക പരമ്പരക്ക് അവസാനമായി.

പോലീസ് കൊട്ടാരത്തിലെ ജോലിക്കാരെ ചോദ്യം ചെയ്തു. കെയർ ടേക്കർ ആയ പാറ്റ്‌ കിൻലാൻ രണ്ടാം നില ക്ലീൻ ചെയ്യാൻ ഒരിക്കലും അനുവാദം ഇല്ലായിരുന്നു എന്ന് പറഞ്ഞു. ഒരുമാസം പോലീസ് തകൃതിയായി അന്വേഷിച്ചു. മുകളിലത്തെ നിലകളിലെ പീഡന മുറികളും രഹസ്യവഴികളും പോലീസ് വെളിപ്പെടുത്തി. മൂന്നാം നിലയിൽ വലിയ ഒരു സ്റ്റൗവ് , സ്വർണ്ണമാലയുടെ കഷണം, സ്ത്രീകളുടെ തലമുടികൾ, ഒരു സ്ത്രീയുടെ ഷൂ എന്നിവ പോലീസ് കണ്ടെത്തി. മാല മിന്നി വില്യംസിന്റെയാണെന്നു തിരിച്ചറിഞ്ഞു. വോൾട്ട് പരിശോധിച്ച പോലീസ് വളരെയധികം ഉരഞ്ഞ പാടുകൾ കണ്ടെത്തി. അതിലൊരു അടയാളം ഷൂ പതിഞ്ഞ രീതിയിലായിരുന്നു. ശ്വാസം മുട്ടി മരിക്കുന്നതിനുമുമ്പ് മരണവെപ്രാളത്തിൽ ആനി വില്യംസിന്റെ ഷൂവിൽ നിന്നുണ്ടായതാണ് ആ പാട് എന്ന് ഹോംസ് പറഞ്ഞു!. മുകൾനിലയിലെ അന്വേഷണം കഴിഞ്ഞ് പോലീസ് താഴെ ബേസ് മെന്റിലെക്ക് നീങ്ങി. ലൈം പിറ്റുകളിൽ അസ്ഥിക്കഷണങ്ങൾ , രണ്ടുതരത്തിലുള്ള മുടികൾ എന്നിവ കണ്ടെത്തി. അത് ആനിയുടെയും മിന്നിയുടെയും ആണെന്ന് തിരിച്ചറിഞ്ഞു. ഒരു ആസിഡ് പിറ്റിന്റെ അടിത്തട്ടിൽ നിന്നും വളരെയധികം അസ്ഥി കഷണങ്ങൾ കണ്ടെത്തി. ബേസ് മെന്റിന്റെ മറ്റൊരു ഭാഗത്തുനിന്നു 6 നും 8 നും ഇടയ്ക്ക് പ്രായമുള്ള ഒരു കുട്ടിയുടെ കുറച്ച് അസ്ഥികളും ജൂലിയ സ്മിത്തിന്റെ എന്ന് കരുതുന്ന വസ്ത്രവും കണ്ടെടുത്തു.

അന്വേഷണം ബേസ് മെന്റിൽ നിന്ന് സ്ട്രീറ്റിലേക്ക് പോകുന്ന ഒരു ടണലിന്റെ നേർക്കായി. ആ ടണൽ പൊള്ളയായ ഒരു ഭിത്തിയുടെ സമീപം അവസാനിച്ചു. 3 ഫയർമാൻമാർ ആ ഭിത്തി തകർത്തു. വെട്ടത്തിനായി ഒരു പ്ലംബർ തീപ്പെട്ടി ഉരച്ചു. ആ കൊട്ടാരം മൊത്തത്തിൽ ഉലയുമാറുള്ള ഒരു വലിയ സ്ഫോടനം നടന്നു!. വളരെയധികം ആൾക്കാർക്ക് ആ സ്ഫോടനത്തിൽ പരിക്കേറ്റു. ആ സ്ഫോടനത്തിനുകാരണം ഭിത്തിയുടെ പുറകിൽ ഒളിപ്പിച്ച ഒരു ഓയിൽ ടാങ്കായിരുന്നു!. ഓയിൽ ടാങ്കിനെ കുറിച്ച് ഒരു വിശദീകരണവും ഹോംസ് നൽകിയില്ല. കെമിസ്റ്റുകൾ ഓയിൽ പരിശോധിച്ച് അതി നിന്നുള്ള പുകക്ക് ഒരു മിനിട്ടിനുള്ളിൽ ഒരാളെ കൊല്ലാൻ കഴിയുമെന്നു വെളിപ്പെടുത്തി!.

ബേസ് മെന്റിൽ കണ്ട അസ്ഥികൾ സിമിത്തേരിയിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവന്ന ഒരാളിൽ നിന്നും വാങ്ങിയതാണെന്ന് ഹോംസ് പറഞ്ഞു. എന്നാൽ ആ മനുഷ്യന്റെ പേരോ, സിമിത്തേരിയുടെ പേരോ പറയാൻ ഹോംസിനു പറ്റിയില്ല!. 
9 കൊലപാതകങ്ങൾ പോലീസ് ഉറപ്പിച്ചു. 20 നും 200 നും ഇടയിൽ ആൾക്കാർ ഹോംസിന്റെ ഇരകലായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. അയൽക്കാരിൽ പലരും ഹോംസിനോടൊപ്പം തിരിച്ചറിയാത്ത പലയുവതികളെ കണ്ടെന്നും പിന്നീട് അവിടുന്ന് ഒഴിവായി പോകുന്നത് കണ്ടിട്ടില്ലന്നും പറഞ്ഞു!. വേൾഡ് ഫെയർ കാണാൻ വന്ന പലരും പലകാരണങ്ങളാൽ വീട്ടിൽ തിരിച്ചെത്തിയില്ല!.

27 പേരെ കൊന്ന കാര്യം ഹോംസ് സമ്മതിച്ചു. എന്നാൽ തൂക്കിക്കൊല്ലുന്നതിനു മുമ്പ് രണ്ടു പേരെ മാത്രമേ കൊന്നിട്ടുള്ളൂ എന്ന് ഹോംസ് അവകാശപ്പെട്ടു. ഹോംസിന്റെ ഇരകളിൽ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഉണ്ടായിരുന്നു. പിന്നെയൊരു പ്രത്യേകത ഇരകളിൽ കൂടുതലും സ്വർണ്ണ ത്തലമുടിക്കാരികളായിരുന്നു (Blonde Girl )! .

1895 ഒക്ടോബറിൽ ബഞ്ചമിനെ കൊന്നതിന്റെ പേരിലുള്ള വിചാരണ ആരംഭിച്ചു. കുറ്റക്കാരനെന്നുകണ്ട് മരണശിക്ഷ വിധിച്ചു.Hearst newspapers ഹോംസിനു തന്റെ കുറ്റ സമ്മതം കൈമാറിയതിന് 7500 ഡോളർ നല്കി!. ഹോംസ് തന്റെ ജീവിതത്തെ കുറിച്ച് വിവിധ വാദമുഖങ്ങൾ നിരത്തിയിരുന്നു. താൻ നിരപരാധിയാണെന്നും സാത്താൻ ആവേശിച്ച് ചെയ്തതാണെന്നും ഹോംസ് പറഞ്ഞു!.കള്ളം പറയാനുള്ള ഹോംസിന്റെ അസാധാരണമായ കഴിവുകാരണം അതിൽ എന്തുമാത്രം സത്യം ഉണ്ടെന്നു വിലയിരുത്താൻ ഗവേഷകർക്ക് കഴിഞ്ഞില്ല!.

 

1896 മെയ് 7 നു എന്റെ തങ്കക്കുടം ഹോംസിനെ മൊയാമെൻസിങ്ങ് പ്രിസണിൽ Also known as the Philadelphia County Prison ) തൂക്കിക്കൊന്നു.
മരണസമയം അടുക്കുന്നതുവരെ ഹോംസ് ശാന്തനായിരുന്നു. വലിയ മാനസിക സമ്മർദത്തിനോ, ഭയത്തിനോ ഹോംസ് അടിപെട്ടില്ല. 10 അടി താഴെയായി തന്റെ ശവപ്പെട്ടി സിമന്റിട്ട്‌ ഉറപ്പിക്കണമെന്നു ഹോംസ് ആവശ്യപ്പെട്ടു. കാരണം കല്ലറ മോഷ്ടാക്കൾ തന്റെ ശരീരം മോഷ്ടിക്കുമെന്നും കീറി മുറിക്കുമെന്നും ഹോംസ് ഭയന്നു. തൂക്കിക്കൊല്ലാൻ നേരം ഹോംസിന്റെ കഴുത്തിലെ കുടുക്ക് മുറുകി യിട്ടില്ലായിരുന്നു. അതുകൊണ്ട് വളരെ സാവധാനമാണ്‌ ഹോംസ് മരിച്ചത്. 15 മിനിട്ടോളം അയാൾ കുടുക്കിൽ കോച്ചിവലിച്ച് കിടന്നു!. 
1909 ന്യൂ ഇയർ രാത്രി ഹെട്ജ്പെത് ഒരു ചിക്കാഗോ സലൂണിൽ കൊള്ളയുമായി ബന്ധപ്പെട്ട് Edward Jaburek എന്ന പോലീസുകാരന്റെ വെടിയേറ്റ് മരിച്ചു. ഹോംസിനെ പറ്റി വിവരം കൊടുത്തതിനാൽ അയാളെ നേരത്തെ സ്വതന്ത്രനാക്കിയിരുന്നു. 1914 മാർച്ച് 7 നു ഹോംസിന്റെ മുൻ കെയർ ടേക്കർ ആയ കിൻലാൻ സ്റ്റ്രിച്നൈൻ കഴിച്ച് ആത്മഹത്യ ചെയ്തതായി Chicago Tribune റിപ്പോർട്ട് ചെയ്തു. അയാളുടെ മൃതദേഹം ബഡ് റൂമിൽ ” എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ” എന്ന കുറിപ്പിനൊപ്പം കാണപ്പെടുകയായിരുന്നു.
1895 ൽ ഹോംസിന്റെ മരണക്കൊട്ടാരം തീപിടിച്ച് നശിച്ചു.New York Times ന്റെ ഒരു പേപ്പർ ക്ലിപ്പിംഗ് പ്രകാരം സംഗതി ഇങ്ങനെയായിരുന്നു. 8 നും 9 നും ഇടയിൽ രണ്ടുപേര് കൊട്ടാരത്തിന്റെ പുറകു വശത്തുകൂടി അകത്തുകയറി.. അര മണിക്കൂറിനു ശേഷം അവർ കെട്ടിടത്തിനു പുറത്തുവന്നു പുറത്തേക്ക് ഓടി. തൊട്ടുപുറകെ പല പൊട്ടിത്തെറികൾ കേട്ടു. കൊട്ടാരം തീയിൽ പെട്ടു. പിന്നീട് അന്വേഷകർ കെട്ടിടത്തിന്റെ പുറകിലെ സ്റ്റെപ്പിന്റെ കീഴിലായി പകുതി കാലിയായ ഒരു ഗ്യാസ് കാൻ കണ്ടെത്തി. ചിലർ അത് അവശേഷിക്കുന്ന തെളിവ് നശിപ്പിക്കാൻ ആരോ ചെയ്തതാണെന്ന് പറഞ്ഞു. മറ്റ് ചിലർ കോപം പൂണ്ട നഗരവാസികൾ ഭാവിയിൽ ആ കൊട്ടാരം ഒരു ടൂറിസ്റ്റ് ആകർഷണം ആയേക്കുമെന്ന് കരുതി തീവച്ച് നശിപ്പിച്ച തായിരിക്കും എന്ന് പറഞ്ഞു. എന്നാൽ ആ കൊട്ടാരം തീ പിടുത്തത്തെ അതിജീവിച്ചിരുന്നു. 1938 ൽ ഹോംസിന്റെ ആ കൊട്ടാരം നാമാവശേഷമായി. ആ സ്ഥലത്തിപ്പോൾ United States Postal Service ന്റെ ഇന്ഗിൽ വുഡ് ബ്രാഞ്ച് സ്ഥിതി ചെയ്യുന്നു. 

 

 

By 

<

p style=”margin: 6px 0px 0px;color: #141823;font-family: helvetica, arial, sans-serif;font-size: 14px;line-height: 19.32px”>James Xaviour 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ