സ്മാർത്ത വിചാരം

Share the Knowledge

“അദ്ദേഹത്തിന്റെ ദേഹം പവിത്രമത്രേ. നിര്‍ദേശങ്ങള്‍ ആജ്ഞയത്രേ. ചലനം എഴുന്നള്ളിപ്പത്രേ. ആഹാരം അമൃതേത്തത്രേ. മനുഷ്യജീവികളില്‍ ഏറ്റവും പൂജനീയന്‍, ഭൂമിയില്‍ ഈശ്വരന്റെ പ്രതിനിധി. ” ആരാണീ കേമനെന്ന് നിങ്ങള്‍ അമ്പരക്കുന്നുണ്ടാവും. മറ്റാരുമല്ല, സാക്ഷാല്‍ നമ്പൂതിരിയെക്കുറിച്ച് 1874 ലെ തിരുവിതാംകൂര്‍ സെന്‍സസിലെ വിവരണമാണിത്.
സമ്പത്തും അധികാരവും ഒരു പോലെ കൈയാളിയിരുന്ന ഇക്കൂട്ടര്‍, കേരളത്തില്‍ ഒരുകാലത്ത് സംപൂജ്യര്‍തന്നെയായിരുന്നു. എന്നാല്‍ ഈ കേമത്തമൊക്കെ നമ്പൂതിരിസമുദായത്തിലെ പുരുഷനില്‍ മാത്രം ഒതുങ്ങിനിന്നു. സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഇതിനു കാരണം നമ്പൂതിരിസമുദായത്തില്‍ അക്കാലത്തുണ്ടായിരുന്ന ചില സമ്പ്രദായങ്ങള്‍ തന്നെയായിരുന്നു. നമ്പൂതിരിസമുദായത്തില്‍ മൂത്ത പുരുഷനു മാത്രമേ സ്വജാതിയില്‍നിന്ന് വിവാഹം (വേളി) കഴിക്കുവാന്‍ പാടുണ്ടായിരുന്നുള്ളൂ. ഇളയവര്‍-ഉണ്ണിനമ്പൂതിരിമാര്‍ നായര്‍സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെട്ടുവന്നു. പകല്‍സമയം അമ്പലപ്പറമ്പിലും ആല്‍ത്തറകളിലുമായി വെടിവട്ടം പറഞ്ഞ് ഇവര്‍ സമയം കളഞ്ഞു. അക്ഷരശ്ലോകവും മണിപ്രവാളവും അവരുടെ നേരംപോക്കുകള്‍ക്ക് ആക്കംകൂട്ടി. മൂത്തയാള്‍ മാത്രം സ്വജാതിയില്‍നിന്ന് വിവാഹം കഴിക്കുക എന്ന ഏര്‍പ്പാടു കാരണം, ഇല്ലങ്ങളില്‍ ഒട്ടനവധി നമ്പൂതിരിപ്പെണ്‍കിടാങ്ങള്‍ അവിവാഹിതകളായി അവശേഷിച്ചു. അവര്‍ അടുക്കളയില്‍ നിന്ന് അരങ്ങത്ത് എത്താതെ മെഴുകുതിരിപോലെ സ്വയം ഉരുകി ജീവിതം തീര്‍ത്തു.

ഓരോ ഇല്ലത്തും മൂത്ത നമ്പൂതിരിക്കു (മൂസ്സാമ്പൂരി) മാത്രമേ വിവാഹത്തിനുള്ള അധികാരം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അനുജന്മാരായ നമ്പൂതിരിമാര്‍ അമ്പലവാസി ഭവനങ്ങളിലും നായര്‍ തറവാടുകളിലും നിത്യസംബന്ധവുമായി കൂറ്റന്‍കുത്തി നടന്നു. സമുദായത്തിലെ സ്വത്തുകളുടെയും സ്ത്രീകളുടെയും മേല്‍ പരമാധികാരമുണ്ടായിരുന്ന മൂസ്സാമ്പൂരിയാവട്ടെ പ്രായം വകവെക്കാതെ എട്ടും പത്തും വേട്ടു. ‘തൊ ണ്ണൂറു കഴിഞ്ഞ വയോവൃദ്ധന് പതിനഞ്ചു തികയാത്ത വധു’ എന്നത് അക്കാലത്ത് വിസ്മയമേ ആയിരുന്നില്ല.

വിവാഹിതരായ സ്ത്രീകള്‍ സപത്‌നീമത്സരങ്ങളും അസംതൃപ്തകാമചോദനകളുമായി ‘അകായി’ലെ ഇരുട്ടില്‍ മൃഗസമാനരായി പോരടിച്ചു കഴിഞ്ഞു. അവിവാഹിതരായിക്കഴിയാന്‍ വിധിവന്ന ഭൂരിപ ക്ഷം സ്ത്രീകളാവട്ടെ, സ്വപ്നങ്ങളും മോഹങ്ങളും ഉള്‍വലിച്ച്, വൃദ്ധകന്യകമാരായി, മൂത്തുനരച്ച് ഒടുങ്ങി. ഇങ്ങനെ വൃദ്ധകന്യകമാരായി മരിച്ചു പോവാന്‍ വിധിക്കപ്പെടുന്ന സ്ത്രീകള്‍ കുലത്തിനു വരുത്തിവെച്ചേക്കാവുന്ന ശാപം ഒഴിവാക്കാനായി ചിതയിലെടുക്കുംമുന്‍പ് അവരുടെ ജഡവുമായി ശരീരസംയോഗത്തിലേര്‍പ്പെടാന്‍ ആളെ നിയോഗിച്ചിരുന്ന ക്രൗര്യങ്ങള്‍വരെയുണ്ട് ഈ കാലത്തിന്റെ കേട്ടുകേള്‍വികളില്‍. (ഈ പ്രവൃത്തിയെ ‘നീചകര്‍മ’മെന്നും ഇതിനു നിയോഗിക്കപ്പെടുന്ന ഹീനജാതിക്കാരനെ ‘നീച’നെന്നുമാണത്രെ വിളിച്ചിരുന്നത്.)

അവിടെയാണ് ഒരൊറ്റയാള്‍പ്പട്ടാളമായിനിന്ന് ആ പ്രാകൃത സ്മൃ തി നിയമങ്ങളുടെ അധികാരസ്വരൂപത്തെ അതിന്റെ ബലക്ഷയങ്ങള്‍ കൊണ്ടുതന്നെ താത്രി നേരിട്ടത്.

സാഹചര്യങ്ങളാണല്ലോ മനുഷ്യനെ വഴിതെറ്റിക്കുന്നത്. ഇക്കൂട്ടരില്‍ ചിലരെങ്കിലും ഒന്ന് വഴി തെറ്റാറുണ്ട്. പ്രേമമായി തുടങ്ങി പിന്നീട് അത് അതിരു കടന്ന് വഴിതെറ്റിപ്പോകുന്ന അവസരങ്ങളും കുറവായിരുന്നില്ല. ഇവിടെയാണ് നാം സ്മാര്‍ത്തവിചാരം, ഭ്രഷ്ട് എന്നീ ആചാരങ്ങളിലേക്ക് എത്തിച്ചേരുന്നത്. വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ വിശദമായിത്തന്നെ സ്മാര്‍ത്തവിചാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വഴിവിട്ട ബന്ധങ്ങളില്‍പ്പെടുന്ന നമ്പൂതിരിസ്ത്രീകളെ സ്വസമുദായംതന്നെ വിചാരണ നടത്തി വിധി പറയുന്ന സമ്പ്രദായത്തെയാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്.

നമ്പൂതിരിയുവതികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു ദാസിയും മറക്കുടയും. ദാസിയറിയാതെ നമ്പൂതിരിപ്പെണ്‍കുട്ടിക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അവളുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിയായിരുന്നു സത്യത്തില്‍ ഈ ദാസി. അതുകൊണ്ടൊക്കെത്തന്നെ ദാസിക്കും സ്മാര്‍ത്തവിചാരത്തില്‍ ഒരു പങ്കുണ്ട്. സ്മാര്‍ത്തവിചാരത്തിന് രാജാവില്‍നിന്നോ നാടുവാഴിയില്‍നിന്നോ മുന്‍കൂട്ടി സമ്മതം വാങ്ങിച്ചിരിക്കണം. സ്മാര്‍ത്തവിചാരത്തിന്റെ മുന്നോടിയായി കുറ്റം ആരോപിക്കപ്പെട്ട യുവതിയെ ഇല്ലത്തുനിന്നു മാറ്റി ഒറ്റയ്ക്കായി താമസിപ്പിക്കുന്നു. ഇത് ദാസി തന്റെ യജമാനത്തി കുറ്റം ചെയ്തിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നതോടുകൂടിയാണ്. ഇതുമുതല്‍ വിചാരണ കഴിയുന്നതുവരെ യുവതിയെ ‘സാധനം’ എന്നാണ് വിളിക്കേണ്ടത്. സ്മാര്‍ത്തന്‍ വിചാരണ തുടങ്ങുന്നതിനു മുന്‍പ് വളരെ അത്ഭുതത്തോടെ ചോദിക്കണം- ‘ഇവളെങ്ങനെ ഇവിടെ ഒറ്റയ്ക്കായി?’ തുടര്‍ന്ന് വിചാരണ ആരംഭിക്കുന്നു. സ്മാര്‍ത്തനാണ് (വേദങ്ങളില്‍ പരിജ്ഞാനമുള്ളവന്‍) ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. ഉത്തരം, പ്രതി തന്റെ ദാസി വഴിയാണ് അറിയിക്കേണ്ടത്. പ്രതി കതകിന്റെ പിറകില്‍ മാത്രമേ നില്ക്കാവൂ. മുഖവും ദേഹവും വെള്ളത്തുണികൊണ്ട് മറച്ചിരിക്കണം. സ്മാര്‍ത്തനും പരിവാരങ്ങള്‍ക്കും പുറമെ അകക്കൊയിമ എന്നൊരു നമ്പൂതിരിയും കൂടെ കാണും. സ്മാര്‍ത്തന്‍ വല്ല ചോദ്യവും വിട്ടുപോയിട്ടുണ്ടെങ്കില്‍ അകക്കൊയിമ തന്റെ തോളിലെ തോര്‍ത്ത് നിലത്തിടും. അതില്‍നിന്ന് സ്മാര്‍ത്തന് താന്‍ കാര്യമായതെന്തോ ചോദിക്കാന്‍ വിട്ടുപോയി എന്ന് മനസ്സിലാവും. ഇവര്‍ക്കൊക്കെ സമൃദ്ധമായ സദ്യ കൊടുക്കേണ്ടത് ‘സാധന’ത്തിന്റെ ബന്ധുക്കളുടെ കടമയാണ്. പലപ്പോഴും വിചാരണ മാസങ്ങളും വര്‍ഷങ്ങളും എടുക്കാറുണ്ട്. രാത്രിയാണ് വിധി പറയുക. ഒരു കുട്ടിപ്പട്ടര്‍ ഒരു പലകയില്‍ കയറിനിന്നാണ് വിധി പറയുക.

കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ ആദ്യമായി മറക്കുടയെടുത്ത് കളയും. ഇതോടുകൂടി യുവതി സമുദായഭ്രഷ്ടയായി. തുടര്‍ന്ന് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്കു പോകാം. സമുദായത്തിന് അവരെ സ്വീകരിക്കാന്‍ നിയമമുണ്ടായിരുന്നില്ല. കോഴിക്കോട്ട് ഇവരെ സ്വീകരിച്ചിരുന്നത് ചെട്ടിസമുദായക്കാരായിരുന്നു. ചെട്ടികള്‍ക്ക് ഇവരെ വിവാഹം കഴിക്കാമെന്നല്ലാതെ വില്ക്കാന്‍ വിലക്കുണ്ടായിരുന്നു. ഇത്തരം ഭ്രഷ്ടാക്കപ്പെട്ട യുവതികളെ സംരക്ഷിക്കാന്‍ രാജാവ് ഒരു കേന്ദ്രം തുറന്നിരുന്നു. പുലയാട്ടുപ്പെണ്‍ എന്ന പേരില്‍ ഒരു നികുതി യുവതിയുടെ ബന്ധുക്കള്‍ രാജാവിന് അടയ്ക്കണം. എങ്കിലേ യുവതിക്ക് ഈ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കൂ. ചിലര്‍ തങ്ങളുടെ പൂര്‍വകാമുകനെത്തന്നെ സ്വീകരിക്കും. ഒരു സ്മാര്‍ത്തവിചാരം കഴിയുമ്പോഴേക്കും യുവതിയുടെ വീട്ടുകാര്‍ സാമ്പത്തികമായി തകര്‍ന്നിരിക്കും.

നവോത്ഥാനകാലത്തിനു മുന്‍പുതന്നെ കേരളത്തിലെ കീഴാള സമുദായങ്ങള്‍ മിക്കതും സ്ത്രീക്കുകൂടി പ്രാമുഖ്യമുള്ള കുടുംബവ്യവസ്ഥകളെ സ്വീകരിച്ചിരുന്നതായി കാണാം. എന്നാല്‍ മേലാള-സവര്‍ണ സമുദായങ്ങളില്‍ പുരുഷാധിപത്യം അക്കാലത്തും സുശക്തമായിരുന്നു. 1859-ല്‍ തിരുവിതാംകൂറിലെ കീഴാളജനവിഭാഗമായിരുന്ന ചാന്നാന്മാര്‍ തങ്ങളുടെ സ്ത്രീകള്‍ക്ക് മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനുവേണ്ടി വമ്പിച്ച സമരങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്ത ചരിത്രം ഓര്‍മിക്കേണ്ടതാണ്. സ്ത്രീയുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ഒരേസമയം കേവലമായ മനുഷ്യനീതിയുടെയും സാമാന്യമായ സാംസ്‌കാരിക ബോധത്തിന്റെയും മൂല്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയാണ് ‘ചാന്നാന്‍ ലഹള’കള്‍ ചെയ്തത്. (‘മേല്‍മുണ്ട് പ്രക്ഷോഭം’ എന്നും ഇവ ചരിത്രത്തില്‍ അറിയപ്പെടുന്നു.) സ്ത്രീയുടെ പ്രശ്‌നം പുരുഷന്റെയും സമുദായത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും മുഴുവന്‍ പ്രശ്‌നമാക്കിത്തീര്‍ക്കുന്ന ആഴമുള്ള ഒരുള്‍ക്കാഴ്ചയും ആ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നു.

എന്നാല്‍ 1903-ല്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി. യോഗവും 1905-ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തി ല്‍ സാധുജനപരിപാലന സംഘവും രൂപീകരിക്കപ്പെട്ടുകഴിഞ്ഞ കാല ത്തും, കേരളത്തിലെ സമുദായ ഘടനയില്‍ മേലേക്കിടയില്‍ നിന്ന നമ്പൂതിരിമാര്‍ക്കിടയില്‍ പെണ്ണിന്റെ ‘അടുക്കളദോഷ’ത്തെ കേന്ദ്രീകരിച്ച് പ്രാകൃതമായ കുറ്റവിചാരണകള്‍ നടക്കുകയായിരുന്നു.
1905-ലാണ് സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചി രാജ്യത്തെ ധര്‍മ്മശാസ്ത്രപടുക്കളായ ബ്രാഹ്മണര്‍ കുറിയേട ത്തു താത്രിയെ ‘ചാരിത്ര്യദോഷ’ത്തിന്റെ പേരില്‍ വിചാരണ ചെയ്യു ന്നത്.

ഇരുപതാം നൂറ്റാണ്ടിലെ കേരളചരിത്രത്തില്‍ ഇരുളടഞ്ഞ ഒരധ്യായം മാത്രമായി കുറിയേടത്തു താത്രിയുടെ കഥയും 1905-ലെ സ്മാര്‍ത്തവിചാരവും കുപ്രസിദ്ധപ്പെട്ടു കിടക്കുന്നു.
ആ സ്മാര്‍ത്തവിചാരത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, പക്ഷേ അക്കാലത്തെ സാംസ്‌കാരിക സാഹചര്യങ്ങളിലെ ചില വൈ രുധ്യങ്ങള്‍കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. വിശേഷിച്ചും മേലാള-കീഴാള സമുദായ ഘടനകളില്‍ അന്ന് പ്രകടമായി നിലനിന്നിരുന്ന സ്ത്രീ-പുരുഷബന്ധങ്ങളിലെ വ്യത്യാസങ്ങള്‍. കീഴാള കുടുംബബന്ധങ്ങളിലെ അന്നത്തെ ബഹുഭര്‍ത്തൃത്വസമ്പ്രദായവും മേലാളര്‍ക്കിടയി ലെ ബഹുഭാര്യാത്വവും ഇതിന്റെ പ്രാഥമികമായ ഉദാഹരണങ്ങള്‍ മാത്രമാണ്.

സ്മാര്‍ത്തവിചാരം എന്ന ദുഷിച്ച സമ്പ്രദായത്തിനെതിരേ മലബാറില്‍ ബ്രിട്ടീഷ് കോടതികള്‍ രംഗത്തു വന്നു. 1816 ലെ ശക്തമായൊരു കോടതിവിധിയെത്തുടര്‍ന്നാണ് സ്മാര്‍ത്തവിചാരം മലബാറില്‍നിന്ന് പതുക്കെ പിന്‍വലിഞ്ഞത്.

ആ വിധിയുടെ പശ്ചാത്തലം ഇങ്ങനെയാണ്: മലബാറിലെ കുഞ്ഞിക്കുട്ടി എന്നൊരു നമ്പൂതിരിയുവതിയാണ് ഇതിനു മുന്‍കൈയെടുത്തത്. കുഞ്ഞിക്കുട്ടി മറ്റേതു പെണ്‍കിടാവിനെപ്പോലെയും ജീവിതത്തെ സ്‌നേഹിച്ച ഒരു യുവതിയായിരുന്നു. കുളിക്കും തൊഴീലിനും തേവാരത്തിനുമപ്പുറം ജീവിതമുണ്ടെന്ന് അവര്‍ വിശ്വസിച്ചുപോയി. അവിവാഹിതയായി അടുക്കളയില്‍ത്തന്നെ കഴിയേണ്ടിവന്ന കുഞ്ഞിക്കുട്ടി, തന്നെ വേളി കഴിക്കാന്‍ ഒരു മൂത്ത നമ്പൂതിരിയും വരുന്നില്ലെന്നു കണ്ടപ്പോള്‍ ഒന്നു പ്രേമിച്ചുപോയി; ഇല്ലത്തെ കാര്യസ്ഥനായ ഒരു നായരുടെ മകനെയോ മറ്റോ. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്നറിയാഞ്ഞിട്ടൊന്നുമല്ല. ഒന്നു പാളിപ്പോയി അത്രതന്നെ. ചില നമ്പൂതിരിമാര്‍ അത് കണ്ടു. മറ്റു ചിലരത് കേട്ടു. എന്തിനു പറയണം സ്മാര്‍ത്തവിചാരത്തിന് തയ്യാറെടുത്തു നമ്പൂതിരിസമൂഹം. ആദ്യപടിയായി യുവതിയെ വീട്ടില്‍നിന്ന് ഒറ്റയ്ക്കാക്കി താമസിപ്പിച്ചു. പക്ഷേ, മാസങ്ങളായിട്ടും വിചാരണ തീര്‍ന്നില്ല. സദ്യ വിളമ്പി കുഞ്ഞിക്കുട്ടിയുടെ അമ്മ “ശ്ശി ങ്ങ് ട് ” വിഷമിച്ചു. അളമുട്ടിയാല്‍ ചേരയും കടിക്കുമല്ലോ. കുഞ്ഞിക്കുട്ടി ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ നീട്ടിപ്പിടിച്ച് ഒരു ഹര്‍ജി കൊടുത്തു. ‘ദയവുചെയ്ത് ഈ സ്മാര്‍ത്തവിചാരം ഒന്നു തീര്‍ത്തുതരണം’ എന്നു മാത്രമേ അവര്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. കോടതിയാവട്ടെ, എത്രയും പെട്ടെന്ന് സ്മാര്‍ത്തവിചാരംതന്നെ തീര്‍ക്കുവാന്‍ കല്പനയായി. നമ്പൂതിരിമാര്‍ നെട്ടോട്ടമായി. അവരൊത്തുകൂടി വിധിയെഴുതി ഭ്രഷ്ടും കല്പിച്ചു. പക്ഷേ, കുഞ്ഞിക്കുട്ടി വിടാനുള്ള ഭാവമില്ലായിരുന്നു. അവര്‍ പ്രൊവിന്‍ഷ്യല്‍ കോര്‍ട്ട് ഓഫ് സര്‍ക്യൂട്ട് എന്ന അപ്പീല്‍ക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. അപ്പീല്‍ സശ്രദ്ധം കേട്ട കോടതി ഇങ്ങനെ വിധിയെഴുതി: ‘കുഞ്ഞിക്കുട്ടിയെയും അമ്മയെയും സമുദായത്തില്‍നിന്ന് പുറത്താക്കാന്‍ ഒരധികാരവും നമ്പൂതിരിമാര്‍ക്കില്ല. സ്മാര്‍ത്തവിചാരവും ഭ്രഷ്ടും ഒരു വിധത്തിലും അംഗീകരിക്കാന്‍ ഈ കോടതിക്ക് കഴിയില്ല. ഇതിനു പുറപ്പെടുന്ന നമ്പൂതിരിമാരെ നിയമംമൂലം നിലയ്ക്കു നിര്‍ത്തണം. ഈ കോടതിവിധിയുടെ പകര്‍പ്പ് മലബാറിലെ എല്ലാ കീഴ്‌ക്കോടതികളിലേക്കും ഉടനടി എത്തിച്ചുകൊടുക്കുക. ഇനിമുതല്‍ സ്മാര്‍ത്ത വിചാരം, ഭ്രഷ്ട് എന്നീ വിഷയങ്ങളില്‍ ഈ കോടതിവിധിയായിരിക്കും കീഴ്‌ക്കോടതികള്‍ പിന്തുടരേണ്ടത്.’ ഇതോടുകൂടി ഏറക്കുറെ മലബാറില്‍ സ്മാര്‍ത്തവിചാരത്തിനു തിരശ്ശീല വീണു.

ഇപ്പോൾ നിലവിലുള്ളതിനേക്കാൾ ജീര്‍ണമായിരുന്ന ലൈംഗിക അരാജകത്വത്തിന്റെ ഒരു കാലഘട്ടത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ ഒരു സ്മാര്‍ത്തവിചാരമായിരുന്നു കുറിയേടത്ത് താത്രിക്കുട്ടിയുടേത്.
കേരള ചരിത്രത്തില്‍ കുറിയേടത്തു താത്രിക്ക് ഒരു സാംസ്‌കാരിക നവോത്ഥാന നായികയുടെ സ്ഥാനം കല്പിച്ചുകൊടുത്തുകൊണ്ട് വി.ടി. ഭട്ടതിരിപ്പാട് ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്:
‘താത്രിക്കുട്ടി അക്കാലത്തു നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ലൈംഗികമായ അരാജകത്വത്തിനെതിരെ, അതേ ആയുധംകൊണ്ട് ബോധപൂര്‍വം സമരംചെയ്യുകയായിരുന്നു. കാമത്തിനായിരു ന്നുവെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും പേരെക്കൊണ്ട് തൃപ്തിപ്പെടാം. തീരെ ദരിദ്രരെക്കൂടി സമീപിച്ച സ്ഥിതിക്ക് പണത്തിനാണെന്നും കരുതുകവയ്യ. അപ്പോള്‍ വ്യക്തമാണ്, പ്രതിഷേധമനഃസ്ഥിതിയാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. സമുദായത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനമോ അധികാരമോ നേതൃത്വമോ അര്‍ഹിക്കുന്ന വ്യക്തികളെ പിടിച്ചെടുത്ത് ലൈംഗിക വേഴ്ചയിലൂടെ മാനംകെടുത്തി വിട്ടിട്ടുണ്ടാവാം.’

വി.ടി.യുടെ ഈ നിരീക്ഷണം പിന്നീട് വളരെയാരും പിന്തുടര്‍ന്ന ന്വേഷിച്ചിട്ടില്ല.
ആ ‘സ്മാര്‍ത്തവിചാരം’ നാല്പതു നാള്‍ നീണ്ടുനിന്നു. വിചാര ണയ്‌ക്കൊടുവില്‍ പ്രതിയായ ‘സാധനം’ അറുപത്തിനാലു പുരുഷന്മാരുടെ പേരുകള്‍ വിളിച്ചുപറഞ്ഞു. രാജനീതി അവരെയെല്ലാം സ്മൃതിനിയമമനുസരിച്ച് സമുദാ ഭ്രഷ്ട രാക്കി

പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ തന്റെ ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഈ കലാപത്തിന്റെ ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിച്ചറിയപ്പെടേണ്ടതാണ്. പതിനാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടന്ന അതിസങ്കീര്‍ണമായ ഒരാധിപത്യവ്യവസ്ഥയെയാണ് താത്രി ഒറ്റയ്ക്കു നേരിട്ടത്. അതിന്റെ പ്രാക്തനമായ നിയമശൃംഖലയ്ക്കുള്ളില്‍നിന്ന് അതിന്റെ തന്നെ അധികാരികളെ കുറ്റവാളികളാക്കാനും അവര്‍ക്കു കഴിഞ്ഞു.
സാമൂഹിക ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു വിപ്ലവശ്രമമായിരുന്നില്ല അതെന്നു സമ്മതിക്കാം. എങ്കിലും വി.ടി.യെപ്പോലുള്ള പില്‍ക്കാല സാമുദായിക പരിഷ്‌ക്കര്‍ത്താക്കളെ വളരെ ആഴത്തില്‍ സ്വാധീനിച്ച ഒരു സ്‌ഫോടനമായിരുന്നു അത്. അന്നത്തെ ജീര്‍ണമായ സാമൂഹികവ്യവസ്ഥയെ ‘അകം പുറംമറി’ക്കാന്‍പോന്ന ഒരു ചാലക ‘ശക്തി’യായി കുറിയേടത്തു താത്രി മാറിത്തീര്‍ന്നു.

സ്മാര്‍ത്തവിചാരങ്ങള്‍ നമ്പൂതിരി ചരിത്രത്തില്‍ താത്രിക്കുമുമ്പും ഉണ്ടായിട്ടുണ്ട്. അന്തര്‍ജ്ജനങ്ങളുടെ സദാചാരശീലം ഉറപ്പിച്ചു നിര്‍ത്താനുള്ള ബ്രാഹ്മണപുരുഷന്റെ സ്ഥിരം മര്‍ദ്ദനസംവിധാനമായിരുന്നു അത്. നമ്പൂതിരി ഗ്രാമസഭകളുടെ സന്മാര്‍ഗകാര്യ നടത്തിപ്പു മുഴുവന്‍ സ്മാര്‍ ത്തന്മാരുടെയും മീമാംസകന്മാരുടെയും അധ്യക്ഷതയിലുള്ള വിചാരണകളില്‍ നിക്ഷിപ്തമായിരുന്നുവെങ്കിലും അതില്‍ പുരുഷന്മാര്‍ ക്രൂരമായ ശിക്ഷയ്ക്കു വിധേയമായ ചരിത്രം താത്രിക്കു മുന്‍പ് വിരളമാണ്.

സ്മാര്‍ത്തവിചാരത്തെക്കുറിച്ച് ആധികാരികമായ വിവരണങ്ങള്‍ ശേഖരിച്ചിട്ടുള്ള വില്യംലോഗന്‍ 1887-ല്‍ തന്റെ ‘മലബാര്‍ മാന്വ’ലില്‍ ഇപ്രകാരം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്:
‘തന്നെ ദുര്‍വൃത്തിയിലേക്ക് നയിച്ച ആളെന്നു പ്രതി ഏറ്റുപറയുന്ന ആള്‍ക്കും പിന്നീടു വരുന്നവര്‍ക്കും അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കുക എന്ന പരീക്ഷണത്തിന് അവകാശമുണ്ട്. തിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷേത്രത്തില്‍വെച്ചായിരുന്നു സത്യം തെളിയിക്കാനുള്ള ഈ അസാധാരണ ചടങ്ങ് നടന്നി രുന്നത്. തിളച്ച എണ്ണയില്‍ മുക്കുന്ന വിരല്‍ പൊള്ളുകയാണെങ്കില്‍ കക്ഷി അപരാധിയായിരിക്കും. പൊള്ളുന്നില്ലെങ്കില്‍ നിരപരാധിയും. ഇങ്ങനെ ഒരു പരീക്ഷണത്തിന് വിധേയമാക്കേണമോ എന്നു നിശ്ചയി ക്കുന്നത് സ്മാര്‍ത്തനാണ്. പണംകൊണ്ട് പരീക്ഷണത്തിനു വിധേയമാവാതിരിക്കാന്‍ സാധിക്കും.’

ഈ സൂചനയില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. പഴയകാലത്ത് സ്മാര്‍ത്തവിചാരങ്ങളില്‍ കുറ്റവാളികളായിരുന്ന പുരുഷന്മാരില്‍ മിക്കവര്‍ക്കും പണംകൊണ്ടോ സ്വാധീനശക്തികൊണ്ടോ ശിക്ഷകളില്‍ നിന്നു രക്ഷപ്പെട്ടുപോരാനുള്ള അവസരങ്ങളുണ്ടായിരുന്നു. ‘ശുചീന്ദ്രംകൈമുക്ക്’ സത്യം തെളിയിക്കാനുള്ള ഒടുവിലത്തെ പരീക്ഷണമാണ്. അതുകൂടാതെത്തന്നെ പല വിചാരണതന്ത്രങ്ങളും അക്കാലത്ത് സ്മാര്‍ ത്തന്മാര്‍ കൈക്കൊണ്ടുപോന്നു. ‘പട്ടശ്ശന്മാര്‍’എന്നു വിളിക്കപ്പെട്ട സ്മാര്‍ ത്തകുലങ്ങള്‍ പാരമ്പര്യമായിത്തന്നെ ഇത്തരം കുറ്റവിചാരണകളില്‍ സവിശേഷ പരിശീലനം നേടിയവരായിരുന്നതുകൊണ്ട് അവരുടെ ചോദ്യംചെയ്യല്‍ രീതിതന്നെ അക്കാലത്തെ ഏറ്റവും ശാസ്ത്രീയമായ കുറ്റാന്വേഷണമുറയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ‘സാധന’ ത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നതുവരെ മാത്രമേ മിക്കപ്പോഴും ഈ കുറ്റാന്വേഷണം നീതിപൂര്‍വമായി നടന്നിരുന്നുള്ളൂ എന്ന് ‘സ്മാര്‍ ത്തവിചാരത്തെ’ പിന്നീട് വിലയിരുത്തിയ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂട്ടുപ്രതികളായ പുരുഷന്മാര്‍ക്ക് രക്ഷപ്പെടുവാന്‍ ഈ വിചാരണയില്‍ പഴുതുകളേറെയുണ്ടായിരുന്നു. ദുര്‍ന്നടപ്പുദോഷം ആരോപിക്കപ്പെട്ടിട്ടുള്ള സ്ത്രീയെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനവലംബിച്ചിരുന്ന പ്രാകൃതമായ പല ദണ്ഡനമുറകളെക്കുറിച്ചും ലോഗന്‍ വിസ്തരിക്കുന്നുണ്ട്:

‘പ്രതിയെ പായത്തിരയില്‍ കെട്ടി ഒരു മാളികമുകളില്‍നിന്ന് താഴെ മുറ്റത്തേക്ക് ഉരുട്ടി എറിയുകയാണ് ഒരു ദണ്ഡനരീതി. മറ്റു ഘട്ടങ്ങളില്‍ പ്രതി കിടക്കുന്ന മുറിയില്‍ ജീവനുള്ള അണലിപ്പാമ്പിനെയും മറ്റു വിഷജീവികളെയും അഴിച്ചുവിടുന്നു. മൂര്‍ഖന്‍പാമ്പിനെ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. മൂര്‍ഖന്‍പാമ്പിനോടൊത്ത് ഒരു നിശ്ചിത സമയം അപായമില്ലാതെ കഴിച്ചുകൂട്ടിയാല്‍ അത് പ്രതിയുടെ നിരപരാ ധിത്വത്തിന് അനിഷേധ്യമായ തെളിവാണെന്നും കണക്കാക്കപ്പെട്ടിരുന്നു.’

ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണിക്കിടും, ബന്ധുക്കളില്‍ നിന്നും സ്വന്തക്കാരില്‍നിന്നും എന്നെന്നേക്കുമായി അകറ്റിയും വാഗ്ദാനങ്ങള്‍ നല്കി പ്രലോഭിപ്പിച്ചും ഭീകരമായി ഭീഷണപ്പെടുത്തിയുമാക്കെ യാണ് സ്മാര്‍ത്തസഭ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചിരുന്നത്.
കുറിയേടത്തു താത്രി അതെല്ലാം വ്യക്തമായി പഠിച്ചറിഞ്ഞിരു ന്നു എന്നു വേണം വിചാരിക്കുവാന്‍. കാരണം താന്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ കൂട്ടുപ്രതിയാവാന്‍ താനുദ്ദേശിച്ചിരുന്ന ഒരൊറ്റ പുരുഷനും രക്ഷപ്പെട്ടുപോവാതിരിക്കാനുള്ള എല്ലാ തെളിവുകളും താത്രി സമര്‍ത്ഥമായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണല്ലോ താത്രി പേരുപറഞ്ഞ അറുപത്തിനാലുപേരും ശിക്ഷിക്കപ്പെട്ട് സമുദായഭ്രഷ്ടരായത്. അറുപത്തിഅഞ്ചാമന്‍ രക്ഷപ്പെട്ടതാവട്ടെ, പേരുപറയാതിരിക്കാന്‍ താത്രി കാണിച്ച കാരുണ്യം ഒന്നുകൊണ്ടുമാത്രവുമാണ്.

സ്മൃതിനിയമങ്ങളിലും വേദ-വേദാംഗങ്ങളിലും ആഴമുള്ള പാണ്ഡിത്യം നേടിയ വിദുഷിയായിരുന്നു താത്രി എന്ന്, തന്റെ പത്താമ ത്തെ വയസ്സിലെ കേട്ടറിവുവെച്ച് വി.ടി. ഭട്ടതിരിപ്പാട് സാക്ഷ്യപ്പെടുത്തു ന്നുണ്ട്. നേരില്‍ കാണാനവസരമുണ്ടായിട്ടില്ലെങ്കിലും അക്കാലത്തെ ഏറ്റവും കേള്‍വിപ്പെട്ട സുന്ദരിയായിരുന്നു താത്രി എന്നും അദ്ദേഹം പറയുന്നു. തന്നെ നശിപ്പിക്കാന്‍ ശ്രമിച്ച ആണ്‍ സമൂഹത്തോടുള്ള പ്രതികാരമായി താനുദ്ദേശിച്ച പ്രമാണിമാരെയെല്ലാം അവരുടെ നിയമത്തി ന്റെ വഴിയില്‍ത്തന്നെ ഭ്രഷ്ടരാക്കുവാന്‍ താത്രി നടത്തിയ ആസൂത്രിത മായ പരിശ്രമങ്ങളെക്കുറിച്ചും വി.ടി. ഒരിക്കല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

‘താത്രിയുടെ നേതൃത്വത്തില്‍ ഇതിനായി ഒരു വനിതാ ഗറില്ലാസമരം നിലവിലുണ്ടായിരുന്നതായി തെളിവില്ല. എന്നാല്‍ അവരുടെ ഇഷ്ടാനിഷ്ടത്തിനനുസരിച്ച് സ്വന്തം സഖികളില്‍ ചിലരെ ഈ സമരത്തില്‍ പങ്കാളികളാക്കിയതായി ഊഹിക്കാം. ഉദാഹരണത്തിന് താത്രിക്കുട്ടിയുമായി സഹശയനം ചെയ്തു എന്ന് ഊറ്റംകൊള്ളുന്ന പുരുഷാ ധമന്മാരുടെ കൂടെ ലൈംഗികവേഴ്ച നടത്തിയത് പലപ്പോഴും താത്രി ക്കുട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് ഏതെങ്കിലും കല്യാണിയോ മാധവി യോ ആയെന്നു വരാം. ആ മട്ടില്‍ വേഷത്തിലും ഭാഷണത്തിലും മാത്രമല്ല, പെരുമാറ്റത്തിലും ചിട്ടപ്പെടുത്തിയ ഒരു ലൈംഗികവേഴ്ചാക്രമം അവര്‍ പരിശീലിച്ചിട്ടുമുണ്ടാവാം. അങ്ങനെ ആള്‍മാറാട്ടത്തിലൂടെ ചില വൈദിക മുഖ്യന്മാരെ വലയില്‍ കുടുക്കുകയും തെളിവിനായി ചില അടയാളങ്ങള്‍ ശേഖരിക്കുകയും ചെയ്ത കഥകള്‍ കേട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ആനക്കാരന്‍ മുതല്‍ ആഢ്യന്‍ നമ്പൂതിരിവരെ ഉള്‍പ്പെട്ട ഈ ലൈംഗിക നായാട്ടില്‍ പ്രാമാണികരായ പലരേയും വലയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്പഷ്ടം.

മാടമ്പു കുഞ്ഞുകുട്ടന്റെ ‘ഭ്രഷ്ട്’, എം. ഗോവിന്ദന്റെ ഒരു ‘കൂടിയാട്ടത്തിന്റെ കഥ’, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’, ഉണ്ണികൃഷ്ണന്‍ പൂതൂരിന്റെ ‘അമൃതമഥനം’,
പിന്നെ, എം.ടി. വാസുദേവന്‍ നായരുടെ ‘പരിണയം’ അരവിന്ദ ന്റെ ‘മാറാട്ടം’, ഷാജി എന്‍.കരുണിന്റെ ‘വാനപ്രസ്ഥം’ തുടങ്ങിയ ചലച്ചിത്ര രചനകള്‍ ഒക്കെയും താത്രിയുടെ കഥയിൽ നിന്ന് പ്രചോദനം കൊണ്ടവയാണ്.

വാൽക്കഷണം:
അറുപത്തി അഞ്ചാമത്തെ പുരുഷന്റെ പേരുപറയാതെ താത്രി അദ്ദേഹം നല്കിയ മോതിരം വൃഷലി (ദാസി) മുഖേന സ്മാര്‍ത്തനെ കാണിച്ചു. ‘ഈ പേരും പറയേണമോ’ എന്നവള്‍ ചോദിച്ചപ്പോള്‍ സ്മാര്‍ ത്തനും മീമാംസകരും മഹാരാജാവും ഒന്നടങ്കം പരിഭ്രാന്തരായി. ‘മതി മതി’ എന്ന് പറഞ്ഞ് വിചാരണ അവസാനിപ്പിച്ചു .മഹാരാജാവ് തന്നെയായിരുന്നു അത് എന്ന് അഭ്യൂഹങ്ങളുണ്ട്.

(അവലംബം:കോഴിക്കോടിന്റെ പൈതൃകം,
താത്രിക്കുട്ടിയുടെ സ്മാര്‍ത്താവിചാരം എന്നീ പുസ്തകങ്ങൾ)
Note: ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം ചരിത്രത്തിൽ രേഖപ്പെട്ട സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നത് മാത്രമാണ് . ചരിത്രത്തിലേക്ക് ഉള്ള ഒരു ചൂണ്ടു പലക മാത്രമാണിത് .എന്നിരുന്നാലും ആരുടെയെങ്കിലും ജാതി / മത / രാഷ്ട്രീയ / ദേശീയ/ സാംസ്കാരിക / വർഗ്ഗീയ / ബൗദ്ധിക വിശ്വാസ പ്രമാണങ്ങളെ ഈ ലേഖനം സ്വാധീനിക്കുന്നുണ്ടെങ്കിൽ ലഭ്യമായ ചരിത്രരേഖകളും ,അതേപ്പറ്റിയുള്ള വിവരണങ്ങളും പരിശോധിച്ച് സ്വയം ബോദ്ധ്യപ്പെടുന്നതായിരിക്കും ഉചിതം എന്ന് ഓർമ്മിപ്പിക്കുന്നു)

<

p style=”margin: 6px 0px 0px;color: #141823;font-family: helvetica, arial, sans-serif;font-size: 14px;line-height: 19.32px”>By

Dhanish Antony

Image

ഒരു അഭിപ്രായം പറയൂ