1944 കളിലെ ഒരു മദിരാശി കൊലപാതകം

Share the Knowledge

1944 ലെ ഒരു പ്രഭാതം. ലക്ഷ്മീ കാന്തൻ എന്നയാൾ വേർപേരിയിലുള്ള തന്റെ ഉറ്റ സുഹൃത്തായ വക്കീൽ നാഗാർജുനത്തെ സന്ദർശിക്കാൻ പോയി പുരസവൽക്കത്തുള്ള വീട്ടിലേക്ക് ഒരു കൈവണ്ടി റിക്ഷയിൽ തിരിച്ചുവരുന്ന നേരം ഒരു കൂട്ടം അജ്ഞാതരായ ആക്രമണകാരികളാൽ ആക്രമിക്കപ്പെട്ടു. അതിലൊരാൾ ലക്ഷ്മീ കാന്തനെ അടിവയറിന് കുത്തി മുറിവേൽപ്പിച്ചു. കുത്തേറ്റ ലക്ഷ്മീകാന്തൻ ഒരുവിധത്തിൽ രക്തമൊലിപ്പിച്ച് സ്നേഹിതനായ വക്കീലിന്റെ വീട്ടിൽ തിരിച്ചെത്തി. വക്കീലിനോട് തനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു.

നാഗാർജുനം തന്റെ സുഹൃത്തും ആംഗ്ലോ ഇന്ത്യനുമായ ബ്രൂ എന്നയാളുടെ കൂടെ ലക്ഷ്മീകാന്തനെ മദ്രാസ് ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാൽ പോകുന്ന വഴിക്ക് ലക്ഷ്മീകാന്തൻ റിക്ഷാക്കാരനോട്‌ വേർപേരി പോലീസ് സ്റ്റേഷന്റെ സമീപത്ത് റിക്ഷ നിർത്താൻ അഭ്യർത്തിച്ചു. ആക്രമണ കാരികൾക്ക് എതിരെ ഒരു പരാതി ഫയൽ ചെയ്യുകയായിരുന്നു അയാളുടെ ലക്‌ഷ്യം.

ആ സമയം ബ്രൂ അവിടെ നിന്ന് പോയി. രക്തം നഷ്ടപ്പെട്ട് ചലിക്കാൻ പോലും പറ്റാത്ത ആ അവസ്ഥയിൽ റിക്ഷയിൽ ഇരുന്ന് ഇൻസ്പെക്ട്ടർ കൃഷ്ണൻ നമ്പ്യാർക്ക് ലക്ഷ്മീകാന്തൻ കൃത്യമായ മൊഴികൊടുത്തു. നമ്പ്യാർ വേണ്ടരീതിയിൽ ഒരു കക്ഷണം പേപ്പറിൽ അത് എഴുതിയെടുത്തു.

ജനറൽ ആശുപത്രിയിൽ വെൻലൊക് വാർഡിൽ ലക്ഷ്മീകാന്തനെ അഡ്മിറ്റ്‌ ചെയ്തു. എന്നാൽ അടിവയറ്റിലെ രക്തസ്രാവം നിന്നില്ല. വാർഡിൽ ഡോക്റ്റർ. ബാലകൃഷ്ണൻ അയാളെ വിശദ പരിശോധനക്ക് വിധേയമാക്കി. അടിവയറ്റിലെ മുറിവ്‌ സീരിയസ് ആണെന്ന് മനസ്സിലാക്കി.

നവംബർ 9, അതിരാവിലെ 4.15 നു ലക്ഷ്മീകാന്തന്റെ നില ഗുരുതരമായി. കിഡ്നിയുടെ പ്രവർത്തനം നിലച്ച് അയാൾ മരണമടഞ്ഞു.

പോലീസിന്റെ കൊണ്ടുപിടിച്ച അന്വേഷണത്തിനൊടുവിൽ പിറ്റേ ദിവസം 6 പേര് പോലീസ് പിടിയിലായി. തമിഴകം മുഴുവൻ ആ വാർത്തയറിഞ്ഞ് ഞെട്ടിപ്പോയി. അതിനു കാരണം പിടിയിലായവരിൽ തമിഴ് സിനിമാലോകം അടക്കി ഭരിക്കുന്ന രണ്ട് സൂപ്പർ താരങ്ങളും ഒരു നിർമ്മാതാവും ഉണ്ടായിരുന്നു!. ആ സൂപ്പർ താരങ്ങൾ മറ്റാരുമായിരുന്നില്ല. അവരുടെ പേര് എം.കെ. ത്യാഗരാജഭാഗവതർ, എൻ.എസ്. കൃഷ്ണൻ എന്നായിരുന്നു!. നിർമ്മാതാവിന്റെ പേര് ശ്രീരാമുലു നായിഡു എന്നും.

അവർ കൊലപാതകത്തിന്റെ പേരില് വിചാരണ ചെയ്യപ്പെട്ടു. ത്യഗരാജഭാഗവതരും കൃഷ്ണനും ജയിലഴികൾക്കുള്ളിലായി ശ്രീരാമുലുവിനെ വെറുതെ വിട്ടു.

ലക്ഷ്മീകാന്തന്റെ വധത്തിലെക്ക് നയിച്ച കാര്യങ്ങൾ എന്തായിരുന്നു. ഇനി നമുക്ക് ഇതിന്റെ പുറകിലുള്ള കാര്യം ഒന്ന് അന്വേഷിക്കാം.

ആരായിരുന്നു ലക്ഷ്മീകാന്തൻ?. ലക്ഷ്മീകാന്തൻ മദ്രാസിലെ പ്രശസ്തനായ ( അതോ കുപ്രസിദ്ധനോ?) ഒരു ഫിലിം ജേണലിസ്റ്റ് ആയിരുന്നു. 1943 ൽ ലക്ഷ്മീകാന്തൻ സിനിമ ദൂത് എന്ന ഒരു സിനിമാ വാരിക തുടങ്ങി. അത് ഗംഭീര വിജയമായിരുന്നു. ലക്ഷ്മീകാന്തൻ അക്കാലത്തെ ഏറ്റവും ഉന്നതരായ സിനിമാനടന്മാരെ കുറിച്ചും നടികളെ കുറിച്ചുമുള്ള വ്യക്തിപരമായ കാര്യങ്ങൾ തുടർച്ചയായി സിനിമാ ദൂതിൽ എഴുതിക്കൊണ്ടിരുന്നു ( ഇപ്പോഴത്തെ പോലുള്ള ഗോസ്സിപ്പ് കോളം ആയിരിക്കും!). പല നടീനടന്മാരും വലിയതുകകൊടുത്ത് ലക്ഷ്മീകാന്തന്റെ വായടച്ചു. അങ്ങനെ ലക്ഷ്മീകാന്തൻ സാമ്പത്തികമായി നല്ലനിലയിലായി.

എന്നാൽ ക്രമേണ കാര്യങ്ങൾ ഒരു പരിതിക്കും അപ്പുറം കടന്നു.

തന്റെ സുന്ദരമായ ശബ്ദം കൊണ്ടും തോളൊപ്പമുള്ള നീണ്ട മുടികൊണ്ടും തമിഴ് ജനതയുടെ മനം കവർന്ന സൂപ്പർ താരമായിരുന്നു ത്യാഗരാജഭാഗവതർ. തമിഴ് സിനിമയിലെ ആദ്യ സൂപ്പർ താരമായിരുന്നു ത്യാഗരാജ ഭാഗവതർ. ദീർഘകാലം ഓടിയ പല സിനിമകളിലെയും നായകൻ. കൈയ്യയച്ച് മറ്റുള്ളവർക്ക് സംഭാവന ചെയ്യുന്ന കാര്യത്തിലും ഭാഗവതരുടെ പ്രശസ്തി വലുതായിരുന്നു. റാവു ബഹാദുർ എന്ന സിനിമ അവാർഡ് നിരസിച്ച ഒരേയൊരു താരവും അയാളായിരുന്നു. എൻ.എസ്‌. കൃഷ്ണനാവട്ടെ എഴുത്തുകാരൻ, ഹാസ്യനടൻ, പാട്ടുകാരൻ എന്നീ നിലയിലും പ്രശസ്തൻ. അയാൾ ഇന്ത്യൻ ചാർളി ചാപ്ലിൻ എന്നാണു അറിയപ്പെട്ടിരുന്നത്!. ആ രണ്ടു സൂപ്പർ താരങ്ങളാണ് അറസ്റ്റിലായിരിക്കുന്നത്!.

അറസ്ട്ടിന്റെ സമയത്ത് ത്യാഗരാജൻ വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന സമയമായിരുന്നു. ഹരിദാസ് എന്ന ചിത്രം ഷൂട്ടിങ്ങ് കഴിഞ്ഞ സമയമായിരുന്നു അത് ( പിന്നീട് ആ ചിത്രം മദ്രാസ് ബ്രോഡ് വേ തിയറ്ററിൽ തുടർച്ചയായി ഓടിയത് 3 വർഷമാണ്‌!. ആ സമയം ത്യാഗരാജൻ ജെയിലിലും). ആ സമയത്തെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടനും ത്യാഗരാജനായിരുന്നു. അറസ്ട്ടിന്റെ സമയം 12 സിനിമകളിൽ അഭിനയിക്കാൻ അപ്പോൾ അയാൾ ഒപ്പ് വച്ചിട്ടുണ്ടായിരുന്നു!. കൃഷ്ണൻ 150 ഓളം സിനിമകിൽ അഭിനയിച്ചിരുന്നു. കൃഷ്ണൻ + ടി.എ. മധുരം ( പിന്നീട് കൃഷ്ണന്റെ ഭാര്യ) കൂട്ടുകെട്ട് തമിഴ് മാറ്റിനി പ്രേക്ഷകരുടെ ഹരമായിരുന്നു.

എഴുത്തുകാരനും സിനിമാ ചരിത്രകാരനുമായ റാണ്ടോർ ഗൈയുടെ അഭിപ്രായത്തിൽ ലക്ഷ്മീകാന്തനു ഒരു കറുത്ത ഭൂതകാലം ഉണ്ടായിരുന്നു. ക്രിമിനൽ റിക്കോർഡ് ഉള്ള ഒരാളായിരുന്നു ലക്ഷ്മീകാന്തൻ. ഒരു വക്കീൽ ആകണമെന്നായിരുന്നു അയാളുടെ ആഗ്രഹം. വീട്ടിലെ സാമ്പത്തികനില മോശമായതിനാൽ അയാൾക്കതിനു കഴിഞ്ഞില്ല. എന്നാൽ അയാൾക്ക് നിയമത്തിൽ അത്യാവശ്യം പരിജ്ഞാനം ഉണ്ടായിരുന്നു. അത് വച്ച് അയാൾ വക്കീലന്മാർക്ക് വേണ്ടി കക്ഷികളെ പിടിക്കുന്ന ഒരാളായി മാറി. ചിലസമയത്ത് കൃത്രിമ രേഖകളും ഒപ്പുകളും പണത്തിനു വേണ്ടി അയാൾ സൃഷ്ടിച്ചു. ആദ്യ കാലത്ത് അയാൾ അക്കാര്യങ്ങളിൽ വിജയിച്ചെങ്കിലും പിന്നീട് പോലീസ് പിടിയിലായി. 7 വർഷത്തെ ശിക്ഷ കിട്ടി അയാൾ രാജമുണ്ട്രി ജെയിലിലായി. അവിടുന്ന് രക്ഷപെടാനുള്ള ശ്രമത്തിൽ അയാൾ വീണ്ടും പിടിയിലാവുകയും ആണ്ടമാനിലെക്ക് നാടുകടത്തപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് , ജാപ്പാനീസ് അധിനിവേശക്കാലത്ത് ആണ്ടമാൻ അവരുടെ കൈയ്യിലായപ്പോൾ ലക്ഷ്മീകാന്തൻ സ്വതന്ത്രനായി ഇന്ത്യയിലെത്തുകയും ഒരു ജേണലിസ്റ്റ് ആയി മാറുകയുമാണ് ഉണ്ടായത്.

ലക്ഷ്മീകാന്തനെ കൊണ്ട് പൊറുതിമുട്ടിയ ത്യാഗരാജനും കൃഷ്ണനും സ്രീരാമുലുവും മദ്രാസ് ഗവർണർ ആയ ആർതർ ഓസ്‌ വാൾട് ജെയിംസ് ഹോപ്പിനു ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. ലക്ഷ്മീകാന്തന്റെ വാരികയുടെ ലൈസൻസ് നിർത്തലാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അവരുടെ ആവശ്യം ഗവർണർ അംഗീകരിച്ചു. കൃത്രിമ രേഖകളുപയോഗിച്ച് അത് നടത്തിക്കൊണ്ടു പോകാൻ ലക്ഷ്മീകാന്തൻ ശ്രമിച്ചെങ്കിലും നിബന്ധപൂർവ്വം അത് അടച്ചുപൂട്ടാനായിരുന്നു അതിന്റെ വിധി.
ഹിന്ദു നേശൻ എന്ന പേരിൽ ലക്ഷ്മീകാന്തൻ പുതിയ ഒരു മാസിക തുടങ്ങി. അതിൽ വിവാദപരമായ തന്റെ വാർത്തകൾ ത്യാഗരാജനും കൃഷ്ണനും മറ്റ് ഉന്നത നടീനടന്മാർക്കും എതിരെ പടച്ച് വിടാൻ തുടങ്ങി. അയാളുടെ തന്ത്രം ഫലിച്ചു. വീണ്ടും അയാൾ സാമ്പത്തികമായി അഭിവൃത്തി പ്രാപിച്ചു. അയാൾ സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ്‌ വാങ്ങിച്ചു. ഇതായിരുന്നു ലക്ഷ്മീകാന്തന്റെ കൊലയിലേക്ക് നയിച്ച സംഭവങ്ങൾ.

ത്യാഗരാജനും കൃഷ്ണനും മദ്രാസ് ഹൈ കോർട്ടിൽ അപ്പീലിന് പോയെങ്കിലും അത് തള്ളപ്പെട്ടു. അവർക്ക് വേണ്ടി പ്രഗല്ഭരായ ഒരു സംഘം വക്കീലന്മാർ (A group of brilliant lawyers – V. T. Rangasamy Iyengar, Rajagopalachariar (Rajaji), Braddel, B.T.Sundararajan, Govind Swaminathan, Srinivasagopal and K. M. Munshi ) അണി നിരന്നു. 1947 വരെ ( ഏകദേശം 30 മാസം ) അവർ തടവറയിൽ കിടന്നു. എന്നാൽ പ്രിവി കൌൺസിൽ അവരുടെ അപ്പീൽ പരിഗണിച്ചു, ഒരു പുനർ വിചാരണയിൽ അവർ നിരപരാധികലാനെന്നു വിധിക്കപ്പെട്ട് സ്വതന്ത്രരായി. ത്യാഗരാജനും കൃഷ്ണനും മറ്റ് നാലുപേരും വെളിയിൽ വന്നു. പക്ഷെ , ആ സംഭവം ത്യാഗരാജനെ സാമ്പത്തികമായും ശാരീരികമായും പറ്റെ തകർത്തുകളഞ്ഞു. പിന്നീട് പ്രശസ്തിലേക്ക് കലെടുത്തുവക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 1959 ൽ ത്യാഗരാജൻ മരണമടഞ്ഞു. കൃഷ്ണൻ പിന്നീട് കുറച്ചു ചിത്രങ്ങൾ ചെയ്തു .അവയിൽ ചിലത് വിജയങ്ങളായിരുന്നു. എന്നാൽ കേസിനും മറ്റും ഭീമമായ തുക അയാൾക്ക് ചിലവായിരുന്നു. അവസാന കാലത്ത് ദരിദ്രനായ അയാൾ മഞ്ഞപ്പിത്ത രോഗത്തെ തുടർന്ന് 1957 ആഗസ്റ്റ്‌ 30 നു മദ്രാസ് ജനറൽ ആശുപത്രിയിൽ വച്ച് നിര്യാതനായി.

പുനർ വിചാരണയിൽ ഒരു ജഡ്ജിയുടെ അഭിപ്രായം തെളിവിനായി ഹാജരാക്കിയ കത്തികൊണ്ട് ഒരു എലിയെ പോലും കൊല്ലാൻ പറ്റുകയില്ല എന്നായിരുന്നു!. എന്നാൽ യഥാർത്ഥ കൊലയാളികൾ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അതി ശക്തമായ രാഷ്ട്രീയകളികളിൽ ത്യാഗരാജനും കൃഷ്ണനും ബലിയാടായതാണെന്നും പറയപ്പെടുന്നു.

12733432_904227613028156_2025818553634816784_n

By

James Xaviour 
Image

ഒരു അഭിപ്രായം പറയൂ