ഇല്ലിക്കൽ മല

Share the Knowledge

ഒരു ദിവസത്തേ യാത്രയ്ക്ക് ഏറ്റവും നല്ല സ്ഥലമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽമല. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ തല ഉയർത്തി നിൽക്കുന്ന വെറും കല്ല് മാത്രമായിരുന്നു അടുത്ത കാലം വരെ ഇല്ലിക്കൽ മലയിലെ ആ കല്ല്… പണ്ട് തൊട്ടെ അവിടെയുണ്ടെങ്കിലും വളരെ ചുരുക്കം ആളുകൾക്കെ ആ സ്ഥലത്തിന്റെ പ്രത്യേകതയും മനോഹാരിതയും അറിയുമായിരുന്നുള്ളൂ… വഴി ടാറിട്ട് നന്നാക്കിക്കഴിഞ്ഞതോടെയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായി ഇല്ലിക്കൽമല മാറിയത്… മലകയറാം ആ കാണാകാഴ്ചകളിലേക്ക്…

കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ടതീക്കോയിഅടുക്കം വഴി നേരെ ഇല്ലിക്കൽ മലയിലേക്ക്. അതിരാവിലെ 4മണിക്ക് കോട്ടയത്ത് നിന്ന് യാത്രതുടങ്ങി, പോകുന്ന വഴിക്ക് ഡീസൽ നിറയ്ക്കാമെന്ന തീരുമാനം കുറച്ച് കടുത്തുപോയി…പാലായിലെങ്ങും ഈ വെളുപ്പാൻ കാലത്ത് ഒറ്റ പമ്പ് തുറന്നിട്ടില്ല! ഈരാറ്റുപേട്ടയിലെത്തിയാണ് ഇന്ധനം നിറച്ചത്. എന്തായാലും 6മണിക്ക് ഇല്ലിക്കൽ മലയിലെത്തി. ഒരു പൊടിമഴയുടെ കുളിർമയിൽ ഇല്ലിക്കൽ കല്ലിനടുത്തേക്ക്. കടൽ നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് ഇല്ലിക്കൽ മല. കാർ നിറുത്തി മുന്നോട്ട് നടക്കുമ്പോൾ തന്നെ തല ഉയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ല് കാണാം. പക്ഷെ ഇല്ലിക്കൽ കല്ലിന് തൊട്ടടുത്തെത്തണമെങ്കിൽ നരകപാലം ഗുഹവരെയുള്ള അതിസാഹസിക ട്രക്കിങ് വേണം…കുത്തനെയുള്ള പാറക്കെട്ടുകളിലേക്ക് കാൽപറിച്ച് വച്ചുള്ള സാഹസിക യാത്ര….പക്ഷെ കുടുംബസമേതം യാത്രചെയ്യുമ്പോൾ ഇല്ലിക്കൽ കല്ലിനെ കൺമുൻപിൽ കണ്ട് താഴ്‌വര കാഴ്ചകൾ ആസ്വദിച്ച് നിൽക്കുന്നതാണ് സുരക്ഷിതം.

ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്… മേഘകഷണങ്ങൾക്കിടയിലൂടെ താഴ്‌വരക്കാഴ്ചകൾ, അറബിക്കടൽ അങ്ങ് ദൂരെ ഒരു നീലപാളിപോലെ കാണാം.

കാറ്റിൽ പാറി വരുന്ന മഴത്തുള്ളികളുടെ നനുനനപ്പും…താഴ്‌വരയിലെവിടെയൊ മുഴങ്ങുന്ന പള്ളി മണിയുടെ ശബ്ദവും കേട്ട് മതി മറന്ന് കുറച്ച് നേരം…

അങ്ങ് വാഗമണ്ണിലേക്കുള്ള യാത്രയിൽ ദൂരെ തലഉയർത്തി നിൽക്കുന്ന മലനിരകളിൽ ഇല്ലിക്കൽ കല്ല് വീണ്ടും കാണാമല്ലോ എന്ന ആശ്വസത്തിൽ തിരിച്ചിറക്കം. സഞ്ചാരികൾ കൂട്ടമായെത്തിത്തുടങ്ങിയതിന്റെ തെളിവുകൾ ഇല്ലിക്കൽ കല്ലിനു സമീപത്തും കാണാം. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ കൂനയൊരെണ്ണം ഉയർന്ന് വരുന്നുണ്ട്… ഇല്ലിക്കൽ കല്ല് കണ്ടതിന്റെ സന്തോഷത്തിൽ വാഗമണ്ണിലേക്ക്. മലനിരകളിൽ ഇല്ലിക്കൽ കല്ലിന്റെ വിദൂരദൃശ്യം കാണാൻ സാധ്യതയുണ്ട്. കോടമഞ്ഞില്ലെങ്കിൽ പോകുന്ന വഴിയിലെ മലനിരകളിൽ സൂക്ഷിച്ച് നോക്കിയാൽ ഇല്ലിക്കൽ കല്ല് കാണാം. നോക്കി നിൽക്കുന്ന നേരം കൊണ്ട് ചിലപ്പോൾ കോടവന്ന് മൂടുകയും ചെയ്യും. മൊട്ടക്കുന്നുകളിലൊക്കെയും സഞ്ചാരികളുടെ വൻ പടതന്നെയുണ്ട്. വാഗമൺ ടൗണിലെത്തി രാവിലത്തെ കാപ്പികുടിച്ചു.

നേരെ മൊട്ടക്കുന്നിന്റെ കാഴ്ചകളൊക്കെ കണ്ട് വലത്തേക്ക് പാലൊഴുകും പാറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾക്കാണാൻ. വഴിയിൽ നിന്നു തന്നെ കാണാം അങ്ങ് ദൂരെ കറുത്തപാറക്കെട്ടിൽ പാലുപോലെ ഒഴുകുന്ന വെള്ളച്ചാട്ടം….ഒന്നു രണ്ട് ഫോട്ടൊയെടുത്ത്, തിരിച്ച് കുരിശുമലയ്ക്ക് മുൻപിലൂടെയുള്ള വഴിയിലൂടെ എന്തെങ്കിലും കാഴ്ചകൾ കിട്ടുമെന്ന പ്രതീക്ഷയിൽ മുന്നോട്ട്…ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് ഒരു അരുവിയൊഴുകുന്നു…അരുവിയുടെ കള കള ശബ്ദം കേട്ട് എയ്ഞ്ചല ഗീതുവിന്റെ കൈ പിടിച്ച് തുള്ളിച്ചാടി പുറത്തേക്ക്. കാലും മുഖവും കഴുകി വെള്ളം തെറിപ്പിച്ച്…ഒാടിക്കളിച്ച്…അലച്ചുകെട്ടി വീണപ്പോൾ കുറച്ചുംകൂടി സന്തോഷമായി. എയ്ഞ്ചലിനെ ഉടുപ്പൊക്കെ മാറ്റി ഇനി വേറെ സ്ഥലത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് വണ്ടിക്കകത്താക്കി.

നേരെ ഏലപ്പാറയിലേക്ക്…പേരറിയാത്ത തണൽ മരത്തിന് താഴെ കുറച്ച് നേരം…എയ്ഞ്ചലിന്റെ നനഞ്ഞ ഉടുപ്പ് കാറിന്റെ മീതെ വിരിച്ച് ഉണക്കിയാൽ എളുപ്പമായല്ലോ എന്ന് വിചാരിച്ച് വിരിച്ചിട്ടു!…ഏലപ്പാറയിൽ നട്ടുച്ചയ്ക്കും വല്ല്യ വെയിലൊന്നും ഇല്ലായിരുന്നു. ഫോട്ടൊ എടുക്കലും കോടമഞ്ഞിന്റെ വരവ് കണ്ടും സമയം പോയതറിഞ്ഞില്ല. അടുത്തുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾ കൊടിയൊക്കെ പിടിച്ച് താഴെയുള്ള ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന കാഴ്ചകൾ കണ്ട് മുക്കാൽ മണിക്കൂർ അങ്ങനെ പോയി…എന്നാൽ പിന്നെ തിരിച്ചു പോയെക്കാം…ചെറിയ മഴയും പൊടിയാൻ തുടങ്ങിയിട്ടുണ്ട്. സമ്മേളനക്കാർ ഞങ്ങൾക്കു മുൻപേ ജീപ്പിൽ കയറി കൂട്ടത്തിലുള്ള ആരൊ വരാൻ കാത്ത് നിൽക്കുന്നുണ്ട്…അവർക്ക് ടാറ്റയൊക്കെ കൊടുത്ത് ഞങ്ങൾ മുന്നോട്ട്… അടുത്ത വളവെത്തിയപ്പോഴേയ്ക്ക് താഴത്തെ ജീപ്പിൽ നിന്നും വലിയ ഹോണടി ശബ്ദം കേൾക്കാം…നമ്മളെ അവരു വിളിക്കുവാണോഎന്നൊരു സംശയം. കോട്ടയം ടൗണിലൂടെ കാറിന്റെ ഡിക്കി തുറന്ന് വച്ച് കുറച്ച് ദൂരം വണ്ടി ഒാടിച്ച അനുഭവത്തിൽ അർജുന് സംശയം ജിമ്മിച്ചാ… വണ്ടിയുടെ ഡിക്കി അടഞ്ഞിട്ടില്ലേ?….വണ്ടി നിറുത്തി ചുറ്റും നോക്കിയിട്ടൊന്നും ഒന്നും മനസിലാകുന്നില്ല… താഴെയ്ക്ക് ഒന്നു നോക്കിക്കെ ജീപ്പിന്റെ അടുത്ത് നിന്നും എല്ലാവരും ചേർന്ന് എയ്ഞ്ചുവിന്റെ ഉണക്കാനിട്ട് ഉടുപ്പ് പൊക്കിയെടുത്ത് വരുന്നുണ്ട്. പെട്ടെന്നൊരു കോടമഞ്ഞ് വന്നായിരുന്നെങ്കിൽ ചമ്മൽ പുറത്ത് കാണിക്കാതെ രക്ഷപെടാമായിരുന്നു…

പുള്ളിക്കാനം കാഞ്ഞാർതൊടുപുഴ വഴിക്ക് മടക്കം. പുറത്തെ കാഴ്ചകൾ ഗംഭീരം.മുകളിൽ ഇരുണ്ടുകൂടിവരുന്ന കാർമേഘകൂട്ടങ്ങൾക്കിടയിലൂടെ ഒരു വെള്ളപാളി… താഴെ മലനിരകൾ…

വീട്ടിൽ വന്ന് പടങ്ങളൊക്കെ കണ്ടപ്പോ ഈ കല്ലിന്റെ ആകൃതിയെക്കുറിച്ച് ഒരു സംശയം? ഇത് കണ്ടാൽ താഴ്‍വരയിലേക്ക് കാലു നീട്ടിയിരിക്കുന്ന ഒരു സ്ത്രീരൂപം പോലെയില്ലേ?…ഏയ് ഒരു ആൾ കുരങ്ങനെപ്പോലെയുണ്ടെന്നായി വീട്ടുകാരൻ…ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? അപ്പോപിന്നെ കൂടെ വന്ന എല്ലാവരൊടും ചോദിച്ചേക്കാം….ഭരണങ്ങാനംകാരി നേഹ പറയുന്നു അവളെടുത്ത ചിത്രത്തിൽ കല്ലൊരു ഋഷിയെപ്പോലെയാണ്…കുടുമയൊക്കെയുള്ള ഒരു മുനി!…ഗീതുവിനും അർജുനും ഇതെക്കുറിച്ച് എന്താണ് പറയാനുള്ളത്…ഒരു പത്തി വിടർത്തി നിൽക്കുന്ന സർപ്പം അല്ലെങ്കിൽ ഒരു പാട് തൂവലുകളുള്ള ഒരു അരയന്നം എന്നായി ഗീതു….ഏയ് ഒരു കശുമാങ്ങ തലകുത്തി നിറുത്തിയ പോലെ എന്ന് അർജുൻ….പക്ഷെ എയ്ഞ്ചലയെ ഫോട്ടോ കാണിച്ചിട്ട് ചോദിച്ചപ്പോഴും കിട്ടി ഒരു ഉത്തരം… ഇതൊ…ഒരു കല്ല്…ഒരു വല്ല്യ കല്ല്!

അടുത്തുള്ള മറ്റ് സ്ഥലങ്ങൾ

വാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ

വഴി

കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്തിലെ മേലടുക്കത്തുനിന്ന് 22 ഹെയർപിൻ വളവുകൾ പിന്നിട്ട് ആറു കിലോമീറ്റർ ഉയരത്തിലേക്ക് അനായാസം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ്‌വരയിൽ എത്താം. ഇല്ലിക്കകല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കല്ലുമുണ്ട്.

അൽഫോൻസ ജിമ്മി

(Photo ; Nazeeb VP)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “ഇല്ലിക്കൽ മല”

  1. Binosh Augusthy says:

    ഇല്ലിക്കൽ മല രസകരം തന്നെയാണ് , എന്നാൽ അങ്ങോട്ടേയ്ക്കുള്ള വഴി അപകടം പിടിച്ചതാണെന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ച് മദ്യപൻമാർ വണ്ടിയുമെടുത്ത് ചാടി ഇറങ്ങിയാൽ അതത്ര സുഖകരമാകില്ല. ഞാൻ കുടുംബ സമേതം പോയപ്പോൾ വഴിയരുകിൽ എല്ലാം മദ്യപസംഘങ്ങളെ കണ്ടു. എല്ലാവരും ആഘോഷമൂഡിലാണ് എന്നിരുന്നാലും നിറം മാറാൻ അധികം സമയമൊന്നും വേണ്ടല്ലോ? ഏതായാലും ഇല്ലിക്കൽ കല്ലിന്റെ മുകളിൽ പോലീസ് ജീപ്പും 3 പോലീസുകാരും ഉണ്ടായിരുന്നു. തിരിച്ച് ഇറങ്ങുമ്പോൾ സെക്കൻഡ് ഗിയറിൽ കൂടുതൽ ഇടാൻ വയ്യാത്തത്ര കുത്തിറക്കവും ചരിവും, കൊടും വളവുകളും ആണെന്നതും ബ്രേയ്ക്ക് കരിയുന്ന മണം വന്നു എന്നതും വഴി എന്താണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ ദയവുചെയ്ത് വെള്ളവുമടിച്ച് ഇല്ലിക്കക്കല്ലിൽ പോകരുത്. ഏറ്റവും മുകളിൽ വണ്ടി തിരിക്കാനും മറ്റും സൗകര്യവും കുറവാണ്, അടിച്ച് പാമ്പായി മലയുടെ മുകളിൽ കിടന്ന് വട്ടം തിരിച്ചാൽ താഴെ അടുക്കത്തു നിന്ന് പെറുക്കി എടുക്കേണ്ടി വരും.

ഒരു അഭിപ്രായം പറയൂ