മീനച്ചിലാറിന്‍റെ ഗതിവിഗതികള്‍

Share the Knowledge
11539560_390548934403298_8108932854367678100_n

കോട്ടയം ജില്ലയുടെ കിഴക്കുഭാഗത്ത് സഹ്യപര്‍വതത്തിന്‍റെ രണ്ടാം നിരയായ വാഗമണ്‍കുന്നുകളുടെ പടിഞ്ഞാറേ ചെരിവുകളില്‍ നിന്നാണ് പുരാതനകാലത്ത്‌ ഗൌണാനദി എന്നും വാമൊഴിയായി കവണയാര്‍ എന്നും പില്‍ക്കാലത്ത് മീനച്ചിലാറെന്നും പ്രസിദ്ധയായ നദി ഉത്ഭവിക്കുന്നത്. 78 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് പലതായിപ്പിരിഞ്ഞ് വേമ്പനാട് കായലില്‍ ചേരുന്ന ഈ നദിയുടെ ഉത്ഭവസ്ഥാനം വാഗമണ്ണിനടുത്തുള്ള കുടമുരുട്ടി മലയാണെന്നാണ് സങ്കല്പം.

പ്രധാന ശാഖയെ കൂടാതെ അഞ്ചു കൈവഴികളും അഞ്ചോളം ചെറുതോടുകളും ഈ നദിയെ സമ്പുഷ്ടമാക്കുന്നു. വഴിക്കടവില്‍ നിന്നാരംഭിച്ച് മാറുമല വെള്ളച്ചാട്ടവും കടന്ന് തീക്കോയിയില്‍ എത്തുന്ന ഒരു ശാഖയും വാഗമണ്ണിനു വടക്കുപടിഞ്ഞാറ് ഇല്ലിക്കല്‍കല്ലില്‍നിന്നും ഉദ്ഭവിച്ച് മങ്കൊമ്പ്, തലനാടുകടന്ന്‍ തീക്കൊയിലെത്തുന്ന ശാഖയും ഒന്നുചേരുമ്പോള്‍ മേലുകാവില്‍ നിന്നെത്തുന്ന കളത്തൂക്കടവാര്‍ ഈരാറ്റുപേട്ടയ്ക്ക് വടക്ക് ഈ നദിയില്‍ ചേരുന്നു. കോലാഹലമേട്, കുരിശുമല എന്നിവിടങ്ങളില്‍നിന്നുമുള്ള അരുവികള്‍ ഒന്നുചേര്‍ന്ന്‍ പെരിങ്ങളം, അടിവാരം എന്നിവിടങ്ങളും കടന്നു പൂഞ്ഞാറ്റിലൂടെ ഒഴുകി ഈരാറ്റുപേട്ടയിലെത്തി പ്രധാന കൈവഴിയുമായി ചേരുന്നു.

കൊണ്ടൂരെത്തുമ്പോള്‍ ചേറ്റുതോട്,കാളകെട്ടി, ചെമ്മലമറ്റം,തിടനാട് എന്നിവിടങ്ങള്‍ കടന്ന് ഒഴുകുന്ന ചിറ്റാര്‍ ഇതില്‍ ലയിക്കുന്നു. ചിറ്റാര്‍, പൂഞ്ഞാര്‍രാജ്യത്തിന്‍റെയും തെക്കുംകൂര്‍രാജ്യത്തിന്‍റെയും അതിര്‍ത്തിയായിരുന്നു ഒരുകാലത്ത്. പ്ലാശനാല്‍നിന്നും അറയ്ക്കത്തോട്, പനക്കപ്പാലം കടന്ന് നദിയില്‍ ചേരുന്നു.എലിക്കുളത്തുനിന്നാരംഭിച്ച് ഇടമറ്റം കടന്ന്‍ പൊന്നൊഴുകുംതോട് നദിയില്‍ ചേരുന്നു. പാലായ്ക്കു വടക്കുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അനേകം നീരുറവകളുടെ സംയോജനമായ പയപ്പാറത്തോട് അഥവാ ളാലം തോട് കരൂര്‍നിന്നും ആരംഭിച്ച് മുണ്ടുപാലം കടന്ന്‍ പാലായിലെത്തിച്ചേരുന്നു. ചെങ്ങളം,പൈക,പൂവരണി കടന്ന് എത്തുന്ന മീനച്ചില്‍തോട് അരുണാപുരത്തുവച്ച് നദിയില്‍ ലയിക്കുന്നു. മാറിടത്തു നിന്നെത്തുന്ന ചക്കിനിത്തോട് ചേര്‍പ്പുങ്കല്‍വച്ച് നദിയില്‍ ചേരുന്നു. മാടപ്പാട്ട്, മറ്റക്കര കടന്നെത്തുന്ന പന്നഗം തോട് പുന്നത്തുറക്കടുത്തുള്ള പന്നഗത്തു വച്ച് മീനച്ചിലാറ്റില്‍ ലയിക്കുന്നു. പ്രസിദ്ധമായ അരുവിക്കുഴി വെള്ളച്ചാട്ടം പന്നഗംതോടിന്‍റെ ഭാഗമാണ്.

കിടങ്ങൂര്‍ വരെ പടിഞ്ഞാറു ദിശയില്‍ കുത്തനെ താഴോട്ടൊഴുകുന്ന നദി ക്രമേണ സമതലത്തിലൂടെയുള്ള ഗതി കൈവരിക്കുന്നു. കുറവിലങ്ങാട് ഭാഗത്തുനിന്നുള്ള അരുവികള്‍ ചേര്‍ന്ന് കടപ്പൂര്‍ കടന്നു കട്ടച്ചിറയിലെത്തുന്ന തോടും ഈ നദിയെ പൂര്‍ണ്ണതയിലെത്തിക്കുന്നു. കിടങ്ങൂരു നിന്നും തിരുവഞ്ചൂര്‍ എത്തുമ്പോഴേയ്ക്കും നിരവധി വളവുതിരിവുകള്‍ കടന്നിരിക്കും. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഉണ്ണുനീലിസന്ദേശം എന്ന കാവ്യത്തില്‍ തിരുവഞ്ചാപ്പുഴക്കടവ് എന്ന് തിരുവഞ്ചൂരിനെ സൂചിപ്പിക്കുന്നു. വെണ്‍കൊറ്റക്കുടകള്‍ വിതാനിച്ച് നടപ്പന്തല്‍ കടന്ന് കടവിലിറങ്ങിയാല്‍ അരയ്ക്കു താഴെയേ വെള്ളമുള്ളു എന്നതിനാല്‍ പുഴ മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടില്ല എന്ന് ഇതില്‍ പറയുന്നു. ഇക്കാലത്ത് മണലുവാരി ആറിന്‍റെ ഈ ഭാഗമെല്ലാം കയങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു.

എല്ലാ നദികള്‍ക്കും ഉദ്ഭവമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി ഐതിഹ്യങ്ങള്‍ പറയാനുണ്ടാകും.കാല്പനികതയും അതിശയോക്തിയും കലര്‍ന്ന ഈ കെട്ടുകഥകള്‍ യുക്തിപരമായി വിശകലനം ചെയ്യുന്നത് അര്‍ത്ഥശൂന്യമായിരിക്കും. എന്തെന്നാല്‍ ഒരു നദിക്കു ആത്മ്മാവും ചോതനയും നല്‍കുന്നത്ഇത്തരം കഥകളാണ്. നദികള്‍ നശിപ്പിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് ഈ കഥകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്.

കുടമുരുട്ടിമലയില്‍നിന്നും ഉദ്ഭവിക്കുന്ന മീനച്ചില്‍ ആറിനുമുണ്ട് അതിന്‍റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യകഥ. ത്രേതായുഗത്തില്‍ ഗൌണന്‍ എന്ന മാമുനി കുടമുരുട്ടിമലയില്‍ തപസ്സനുഷ്ടിച്ചിരുന്നുവത്രേ. അദ്ദേഹം മുരുകന്‍റെ ഒരു വിഗ്രഹം തന്‍റെ ആശ്രമത്തില്‍വച്ച് ആരാധിച്ചിരുന്നു.

രാവണനിഗ്രഹത്തിനു ശേഷം സീതയെ വീണ്ടെടുത്ത് രാമലക്ഷ്മണന്മാര്‍ പുഷ്പകവിമാനത്തില്‍ ലങ്കയിലേയ്ക്ക് യാത്രയായി. സഹ്യപര്‍വതനിരകളില്‍ തപസ്സനുഷ്ടിക്കുന്ന അഗസ്ത്യാദി മഹര്‍ഷിമാര്‍ അവരെ ആശീര്‍വദിക്കുവാന്‍ പുണ്യതീര്‍ത്ഥങ്ങള്‍ കമണ്ടുവില്‍ കരുതി കാത്തുനിന്നു. ഗൌണമുനിയും സപ്തതീര്‍ത്ഥങ്ങള്‍ തന്‍റെ കമണ്ടലുവില്‍ നിറച്ചു.

അഗസ്ത്യരെയും മറ്റു മഹര്‍ഷിമാരെയും വണങ്ങി അനുഗ്രഹം നേടിയ ശ്രീരാമനും സംഘവും തങ്ങളെ കാത്തുനിന്ന ഗൌണമുനിയെ എന്തുകൊണ്ടോ ഗൌനിച്ചതേയില്ല. ഇതില്‍ സങ്കടവും ഈര്‍ഷ്യയും ഉണ്ടായ ഗൌണന്‍ ജലം നിറച്ചുവച്ചിരുന്ന കമണ്ടലു കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. കമണ്ഡലുവില്‍നിന്നു ശക്തിയായി പുറത്തേയ്ക്കൊഴുകിയ ജലം ഗൌണമഹര്‍ഷി വച്ച് ആരാധിച്ചിരുന്ന സുബ്രഹ്മണ്യവിഗ്രഹത്തെയും വഹിച്ച് പടിഞ്ഞാറ് ലക്ഷ്യമാക്കി പാഞ്ഞു. ആ ജലപ്രവാഹം നിലയ്ക്കാതെയായി. ഗൌണമഹര്‍ഷിയാല്‍ ജന്മം പൂണ്ടതിനാല്‍ ഗൌണപുത്രി എന്ന അര്‍ത്ഥത്തില്‍ ഗൌണാനദി എന്ന് പേരും സിദ്ധിച്ചു. തിരസ്കൃതമായ ജലമായതിനാല്‍ ഈ നദിക്കു പുണ്യഭാവം ലഭിച്ചതുമില്ല. നദിയുടെ കുത്തൊഴുക്കില്‍പെട്ട് പോയ സുബ്രഹ്മണ്യന്‍റെ വിഗ്രഹം കിടങ്ങൂരില്‍ എത്തിയപ്പോള്‍ മണലില്‍ ഉറച്ചുപോയി. യുഗങ്ങള്‍ക്കു ശേഷം ഈ വിഗ്രഹം കണ്ടെടുക്കപ്പെടുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ടിക്കപ്പെടുകയും ചെയ്തുവത്രേ. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് കേള്‍ക്കാറുള്ള ഐതിഹ്യങ്ങളില്‍ ഒന്നാണിത്.

കര്‍ക്കിടകമാസത്തിലെ കറുത്തവാവുദിവസം അര്‍ദ്ധരാത്രിയില്‍ കുടമുരുട്ടിമലയിലെ ഉദ്ഭവസ്ഥാനത്തെ കല്ലിടുക്കില്‍ വളരുന്ന അത്ഭുതശക്തിയുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യത്തിന്‍റെ ഒരു ചില്ല അടര്‍ന്ന് ഒഴുകിപ്പോരുമത്രേ!! ഈ കൊടുവേലി ആര്‍ക്കും പറിച്ചെടുക്കാനാവില്ല. ഒരു ഉഗ്രനായ ഒറ്റക്കണ്ണന്‍പാമ്പ് കാവലുണ്ടത്രേ! പണ്ടുകാലത്ത് പലര്‍ക്കും ഒഴുക്കില്‍ പെട്ട നീലക്കൊടുവേലി കിട്ടിയിട്ടുണ്ടെന്നും അവരെല്ലാം അതിന്‍റെ പ്രഭാവം മൂലം ധനികരായിത്തീര്‍ന്നിട്ടുമുണ്ടെന്നു നദീതീരത്ത് വസിച്ചിരുന്നവര്‍ വിശ്വസിച്ചിരുന്നു. കിട്ടിയവര്‍ പണപ്പെട്ടിയിലും ആഭരണപ്പെട്ടിയിലും സൂക്ഷിച്ച് അവയെല്ലാം പെരുക്കി.വാവുദിവസം നദിക്കു കുറുകെ വല കെട്ടി കാത്തിരുന്നവരുടെയും കഥകളേറെ!!.

ഒരിക്കല്‍ ഒരു അച്ഛനും മകനും തോണിയില്‍ കയറി ആറ്റിലൂടെ ഒഴുകിവരുന്ന വിറകുകള്‍ ശേഖരിക്കുകയായിരുന്നു. ശേഖരിച്ച വിറകുണക്കി പരണയില്‍ സൂക്ഷിച്ച വീട്ടമ്മ ഈ വിറകെടുത്ത് അരി വേവിച്ചു. വിളമ്പിയപ്പോള്‍ ചോറ് കലത്തില്‍ കുറയാതെ കണ്ടപ്പോള്‍ ആശ്ച്ചര്യമായി. അപ്പോഴാണ്‌ അവര്‍ കത്തിച്ചത് നീലക്കൊടുവേലിയാകാം എന്ന് മനസ്സിലായത്. കത്തിയ വിറകിന്‍റെ ചാരവും അവശിഷ്ടങ്ങളും വാരി പണപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടും ഫലമുണ്ടായില്ല!!! ഇങ്ങനെ എത്ര എത്ര കഥകള്‍!

പണ്ട് ഗൌണാനദിക്ക് തെക്കുള്ള ബ്രാഹ്മണരെ വടക്കുള്ളവര്‍ അവമതിച്ചിരുന്നു. രേവതി പട്ടത്താനം പോലുള്ള വിദ്വല്‍സദസ്സില്‍ പങ്കെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടായിരുന്നില്ല. ഒരിക്കല്‍ കോഴിക്കോട്ടെ രേവതിപട്ടത്താനത്തിന് സൂര്യകാലടിമനയിലെ പണ്ഡിതാഗ്രേസരനായ ഭട്ടതിരി എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്‍റെ പ്രതിഭയില്‍ അസൂയ പൂണ്ടിരുന്ന മറ്റു വിദ്വാന്മാര്‍ ഇദ്ദേഹത്തെ പട്ടത്താനത്തിനു പങ്കെടുപ്പിക്കാതിരിക്കുന്നതിന് ഒരു വഴി കണ്ടെത്തി. സൂര്യകാലടിമന ഗൌണാനദിയുടെ തെക്കേക്കരയില്‍ ആയതിനാല്‍ ഭട്ടതിരിയെ അംഗീകരിക്കാനാവില്ല എന്ന് സാമൂതിരിപ്പാടിനെ അറിയിച്ചു. ഭട്ടതിരി താന്‍ ഗൌണാനദിയുടെ വടക്കേക്കരയിലാണ് വസിക്കുന്നത് എന്ന് എന്തുകൊണ്ടോ പൊളിപറയുകയും ചെയ്തു. പ്രമാണികള്‍ക്ക് അതില്‍ വിശ്വാസം വരായ്കയാല്‍ സത്യാവസ്ഥ അറിയുന്നതിന് ഒരു സംഘത്തെ നട്ടാശേരിക്ക് അയച്ചു.

അന്നുരാത്രി ഭട്ടതിരി താന്‍ മനയില്‍വച്ച് ആരാധിക്കുന്ന ഗണപതിയെ ഈ വിഷമഘട്ടത്തില്‍നിന്നും തന്നെ രക്ഷിക്കണമെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു. ആ സമയത്ത് ഒരു കിഴക്കന്‍ മലവെള്ളപ്പാച്ചില്‍ ഗൌണാനദിയില്‍ ഉണ്ടായി. ഭട്ടതിരിയുടെ പ്രാര്‍ത്ഥനയില്‍ ഉള്ളലിഞ്ഞ ഗണപതിഭാഗവാന്‍ ഒരു കൈക്കോട്ടുമായി ഇറങ്ങി ആര്‍ത്തലച്ചുവരുന്ന നദിയുടെ ഗതി മനയുടെ തെക്കുവശത്തുകൂടി ഗതി മാറ്റിവിട്ടു. അങ്ങനെ സൂര്യകാലടിമന നദിയുടെ വടക്കേ കരയിലായിത്തീര്‍ന്നുവത്രേ! അടുത്തദിവസം എത്തിച്ചേര്‍ന്ന പരിശോധകന്മാര്‍ക്ക് അത് ബോധ്യപ്പെടുകയും ഭട്ടതിരിക്ക് പട്ടത്താനത്തില്‍ പങ്കെടുത്ത് ഒന്നാമതെത്താന്‍ ഇടയാവുകയും ചെയ്തു.

AD 1664 മുതല്‍ AD 1746 വരെ പഴയ കോട്ടയത്തെ താഴത്തങ്ങാടിയിലെത്തി മലഞ്ചരക്കുകള്‍ വാങ്ങിയിരുന്നത് ഡച്ച് ഈസ്റ്റ്‌ ഇന്ത്യാകമ്പനി ആയിരുന്നു. പുറക്കാട്ടുനിന്നും പുറപ്പെട്ട് മീനച്ചിലാറ്റിലൂടെ കയറിവരുന്ന ഡച്ച്കാരുടെ പത്തേമാരികള്‍(Barque) താഴത്തങ്ങാടിയില്‍ തമ്പടിച്ച് ചരക്കുനിറച്ച ശേഷം തിരിച്ചുപോകും. തെക്കുംകൂര്‍ രാജാവ് നിയോഗിച്ച താഴത്ത് തരകന്‍റെ പക്കല്‍ പണമടയ്ക്കുന്നതിനൊപ്പം തളിയില്‍ ക്ഷേത്രത്തിലേക്ക് നടപ്പണം കേട്ടേണ്ടതുമുണ്ടായിരുന്നു. ആചാരം എന്ന നിലയില്‍ എക്കാലത്തും അറബികളും സുറിയാനികളുമെല്ലാം ഇത് ചെയ്തുപോന്നിരുന്നതാണ്.എന്നാല്‍ ഒരിക്കല്‍ ഒരു ഡച്ച് പത്തേമാരി നടപ്പണം അടക്കാതെ ധിക്കാരപൂര്‍വം മുന്നോട്ടുപോയി. ക്ഷേത്രത്തിനു നേരെയുള്ള കുളിപ്പുരക്കടവില്‍ എത്തിയപ്പോള്‍ പത്തേമാരി മണലില്‍ ഉറച്ചുപോയി. എത്ര ശ്രമിച്ചിട്ടും അത് നീക്കാനായില്ല. പരിഭ്രമിച്ച് കപ്പിത്താനോട് നടപ്പണമടയ്ക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുകയും ക്ഷേത്രത്തില്‍പോയി പ്രായശ്ചിത്തത്തോടെ വേണ്ടത് ചെയ്തപ്പോള്‍ പത്തേമാരി നീങ്ങിയതായും ഒരു കഥ പ്രചാരത്തിലുണ്ട്.

കവണാര്‍ എന്ന് പഴയകാലത്ത് വിളിക്കപ്പെട്ടിരുന്ന ഗൌണാനദിക്ക് മീനച്ചിലാര്‍ എന്നപേര് വന്നതിനെ കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. പൂഞ്ഞാര്‍ദേശം പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കുംകൂറില്‍നിന്നും വാങ്ങി ഭരണം ആരംഭിച്ച പൂഞ്ഞാര്‍ രാജവംശം തങ്ങളുടെ കുലദേവതയായ മധുര മീനാക്ഷിയെയും ഉപാസനാമൂര്‍ത്തിയായ ധര്‍മ്മശാസ്താവിനെയും ഗൌണാനദിയുടെ പോഷകനദിയായ പൂഞ്ഞാറിന്‍റെ കരയില്‍ ക്ഷേത്രം പണിത് പ്രതിഷ്ടിച്ചു. നദിയെ അവര്‍ മീനാച്ചിയാര്‍ എന്ന് വിളിച്ചുതുടങ്ങി എന്നതാണ് ഒരു കഥ. അതല്ല, മീനച്ചില്‍ദേശത്തെ ഭരണാധികാരിയായിരുന്ന ഞാവക്കാട്ട് കര്‍ത്താവ് ഗൌണാനദിയുടെ തീരത്തായി ക്ഷേത്രം പണിതു മീനാക്ഷിയെ പ്രതിഷ്ടിച്ചതിനാലാണ് ഈ പേര്‍ വന്നതെന്നാണ് മറ്റൊരു വാദം.

പ്രാചീനകാലം മുതല്‍ക്കേ മീനച്ചിലാര്‍ വളരെ വാണിജ്യ പ്രാധാന്യമുള്ള നദിയായിരുന്നു. കിഴക്കന്‍ മലയോരങ്ങളില്‍ വിളഞ്ഞിരുന്ന സുഗന്ധവ്യജ്ഞനങ്ങള്‍ തീരപ്രദേശങ്ങളിലെ തുറമുഖങ്ങളിലേയ്ക്ക് എത്തിച്ചിരുന്നത് നദികളിലൂടെയായിരുന്നുവല്ലോ. AD ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസറുടെ മുദ്രയുള്ള സ്വര്‍ണ്ണനാണയങ്ങള്‍ പൂഞ്ഞാറ്റില്‍നിന്നും കാഞ്ഞിരപ്പള്ളിയില്‍നിന്നും ലഭിച്ചിട്ടുണ്ട്. ഈ പുരാതന അങ്ങാടികളില്‍നിന്നും വാങ്ങിയ ചരക്കുകള്‍ മീനച്ചിലാറ്റിലൂടെ ജലയാനങ്ങള്‍ കയറ്റി കോടിയൂര്‍,കുടവെച്ചൂര്‍, പുറക്കാട് തുടങ്ങിയ പ്രാചീന തുറമുഖങ്ങളില്‍ എത്തിച്ചു കപ്പലില്‍ കയറ്റിയിരുന്നു. ഇത്തരം സാര്‍ത്ഥവാഹകസംഘങ്ങള്‍ വഞ്ചികളില്‍ കിടങ്ങൂര്‍, തിരുവഞ്ചൂര്‍ തുടങ്ങിയ ജനപദങ്ങളില്‍ എത്തുമ്പോള്‍ കരയ്ക്കിറങ്ങി വിശ്രമിച്ചിരുന്നു.

പതിനാലാം നൂറ്റാണ്ടില്‍ വിരചിതമായ ഉണ്ണുനീലിസന്ദേശത്തില്‍ തിരുവഞ്ചാപ്പുഴക്കടവിനെ പരാമര്‍ശിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ വടക്കുംകൂറിന്‍റെ തലസ്ഥാനമായ കടുത്തുരുത്തിവരെ നീളുന്ന ഒരേയൊരു നാട്ടുപാത മാത്രമേ അന്ന് കേരളത്തില്‍ തെക്കുവടക്കായി ഉണ്ടായിരുന്നുള്ളൂ. ആ പാതയെ മീനച്ചിലാര്‍ മുറിച്ചുകടക്കുന്ന തിരുവഞ്ചൂരിന് അതുകൊണ്ടുതന്നെ വളരെ പ്രാധാന്യം അക്കാലത്തുണ്ടായിരുന്നു.

വിപ്രേന്ദ്രാണാമഭിജനവതാം വാസസങ്കേതസീമാം
ഏനാം ജാനുദ്വയസമധുര സ്വച്ഛനീരാഭിരാമാം
ച്ഛത്രശ്രേണീവിരചിത നടപ്പന്തലൂടെ കടന്നേ
തത്രത്യാനാം വിവിധമവിധാനാദവും കേട്ടുകേട്ട്.

എന്നാണ് ഉണ്ണുനീലിസന്ദേശത്തില്‍ പരാമര്‍ശം. ബ്രാഹ്മണര്‍ വസിക്കുന്ന ഈ ദേശത്ത് ആറിന്‍റെ കടവില്‍ അലങ്കരിച്ചിരിക്കുന്ന വെണ്‍കൊറ്റക്കുടകളുടെ തണലിലൂടെ കടന്ന് തെളിഞ്ഞ വെള്ളമൊഴുകുന്ന ആറ്റിലിറങ്ങി നടന്ന് മറുകര കയറാമെന്നു സാരം.
അക്കാലത്ത് നദിയുടെ ആഴം അവിടെ അരയ്ക്കുതാഴയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അവിടെയെല്ലാം കൊടും കയങ്ങളാണ്! മണല്‍ വാരിവാരി നദിക്ക് എഴു നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ മാറ്റം! ഈ കടവിന്‍റെ വടക്കേക്കരയില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആറാട്ടുദിവസം മഹാദേവന്‍ ആറാടുന്നുവെങ്കില്‍ അതേസമയം തന്നെ തെക്കേക്കരയില്‍ പെരിങ്ങള്ളൂര്‍ ക്ഷേത്രത്തിലെ മഹാദേവനും ആറാടുന്നു!

ഉണ്ണുനീലിസന്ദേശകാലത്തിനു ശേഷം രചിക്കപ്പെട്ട കൌണോത്തര എന്ന കാവ്യത്തിലും മീനച്ചിലാറിനെ പറ്റിയുള്ള വര്‍ണനകള്‍ ഉണ്ട്. കൌണോത്തര എന്ന സുന്ദരിയായ നായിക ആറിന്‍റെ കരയിലാണ് വസിക്കുന്നത്. കൌണാനദിയുടെ തെക്കേക്കരയിലുള്ള തെക്കുംകൂറിന്‍റെ കുലപുരിയായ കോട്ടയത്തെ( തളിയന്താനപുരം)പറ്റിയും പരാമര്‍ശിക്കുന്നുണ്ട് ഈ കൃതിയില്‍.

മീനച്ചില്‍ നദിയുടെ പതനസ്ഥാനം കൃത്യമായി നിര്‍വചിക്കാനാവില്ല. കുമരകത്ത് വേമ്പനാട്ടു കായലിലാണ് എന്ന ഒരു പൊതു ധാരണ ഉണ്ട്. അതു ശരിയല്ല.പുരാതനകാലത്ത്‌ ഉള്‍ക്കടലായി പരന്നുകിടന്നിരുന്ന വേമ്പനാട്ടു കായലില്‍ വേളൂരിനും കിളിരൂരിനും ഇടയില്‍ വച്ച് നദി ലയിച്ചു ചേര്‍ന്നിരുന്നു. AD 1341ലെ അതി ഭയാനകമായ പ്രളയത്തില്‍ കേരളത്തിന്‍റെ ഭൂപ്രകൃതി തന്നെ മാറിപ്പോയി എന്നറിയാമല്ലോ. ആ പ്രളയത്തില്‍ അന്നത്തെ ജനസംഖ്യയില്‍ മൂന്നിലൊന്നു കുറഞ്ഞു എന്നാണ് കണക്ക്. കൊടുങ്ങല്ലൂര്‍ മണ്ണിനടിയിലായതും കൊച്ചി അഴിമുഖം തുറന്നതും അന്നാണ്. പല നദികളും ഗതി മാറി ഒഴുകി.കിഴക്കന്‍ മലകള്‍ ഇടിഞ്ഞ് ഒഴുകി പടിഞ്ഞാറന്‍ ചതുപ്പുകളും കായലുകളും കൃഷിയുക്തമായ നിലങ്ങളായി. കൊടിയൂരിനു ചേര്‍ന്നുള്ള കായല്‍ പിന്‍വാങ്ങി നെല്‍കൃഷിക്ക് പറ്റിയ നിലമായി മാറി.വേളൂരും നാട്ടകവും പില്ക്കാലത്ത് തെക്കുംകൂറിന്‍റെ നെല്ലറയായി മാറി. മീനച്ചില്‍ നദി ഇരുവശവും മണ്ണ്നിക്ഷേപിച്ചു കൊണ്ട് തെക്കോട്ട്‌ നീണ്ട് കൊടിയൂര്‍ നദിയുമായി ചേര്‍ന്ന് പഴുക്കാനിലയ്ക്ക് സമീപം എത്തി കായലില്‍ ചേര്‍ന്നു.

നട്ടാശ്ശേരിയില്‍ എത്തുമ്പോള്‍ നദി രണ്ടായി പിരിയുന്നുണ്ടല്ലോ? വടക്കോട്ട്‌ പോകുന്ന ശാഖ നീലിമംഗലം പാലത്തിനടിയിലൂടെ കുമാരനല്ലുര്‍ ഗ്രാമത്തെ തഴുകി കുടമാളൂര്‍ കടന്നു കല്ലുങ്കത്രയിലെത്തുന്നു. അവിടെനിന്നും പടിഞ്ഞാറന്‍ പാടശേഖരങ്ങളിലൂടെ പല കൈവഴികളായി കവണാറ്റിന്‍കരയും പെണ്ണാറായി ചീപ്പുങ്കലും കടന്നു കായലില്‍ ചേരുന്നു.

അയ്മനത്ത് തിരുവാറ്റയില്‍ എത്തുന്ന പ്രധാന ശാഖക്ക് വടക്കോട്ട്‌ ചെറിയ ഒരു കൈവഴി ഉണ്ടായി കല്ലുമട കടന്ന്കല്ലുംകത്ര എത്തി പെരുംതുരുത്ത് തഴുകി വൈക്കത്തെത്തി ചേരുന്നു.

വേളൂരില്‍ പാറപ്പാടത്തുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന ചെറിയ ശാഖ അറുപറ, ചെങ്ങളം എന്നിവിടങ്ങളിലൂടെ ഒഴുകി കോട്ടത്തോടായി കുമരകത്ത് വച്ച് കായലില്‍ ചേരുന്നു.

കാഞ്ഞിരത്തുവച്ച് പ്രധാന നദിയില്‍നിന്നും പിരിയുന്ന മറ്റൊരു ശാഖ കിളിരൂരും കടന്നു തിരുവാര്‍പ്പിലെത്തി കായലില്‍ ചേരുന്നു.

പ്രധാന നദി കാഞ്ഞിരത്തിനടുത്ത് മലരിയ്ക്കലില്‍ വച്ചു പുത്തന്‍ തോടുമായി ചേര്‍ന്ന് പടിഞ്ഞാറോട്ട് ഒഴുകി വെട്ടിക്കാട് വച്ച് കായലില്‍ ചേരുന്നു. മുന്‍കാലത്ത് പഴുക്കാനിലയിലേയ്ക്ക് ഒഴുകിയിരുന്ന നദിയുടെ പതനസ്ഥാനത്തെ ഭാഗം വീതികുറഞ്ഞു ദുര്‍ബലമായി കൊടൂരാറിനോട് ഇപ്പോഴും ചേരുന്നുണ്ട്. AD 1880 നോടടുത്ത് കോട്ടയത്ത് ദിവാന്‍ പേഷ്കാറായിവന്ന രാമരായര്‍ കോട്ടയത്ത് നിന്നും ആലപ്പുഴയിലേയ്ക്ക് ചരക്കുകടത്തിനും യാത്രാ ബോട്ട് സംവിധാനത്തിനുമായി കോടിമതയില്‍ നിന്നും കൊടൂരാറിനെയും മീനച്ചില്‍ ആറിനെയു ബന്ധിപ്പിച്ച് പുത്തന്തോട് വെട്ടിയതോടെയാണ് മീനച്ചില്‍ നദിയുടെ പതനസ്ഥാനം ഈ തോടിന്‍റെയും പതനസ്ഥാനമായത്!

ഏതൊരു നാഗരികതയുടെയും ഉത്ഭവത്തിനു ഒരു നദിയുടെ സാന്നിധ്യം പ്രധാനമാണല്ലോ? അതുപോലെ പുരാതനകാലത്തെ കൊടിയൂര്‍ തുറമുഖം (പ്ലിനി,ടോളമി, പെരിപ്ലുസിന്റെ ചരിത്രകാരന്‍ എന്നിവര്‍ പരാമര്‍ശിച്ചിട്ടുള്ള കൊരയുര) മീനച്ചില്‍ കൊടിയൂര്‍ നദികളുടെ സംഗമസ്ഥാനമായിരിക്കണം. പഴുക്കാനിലയില്‍ നിന്നും പടിഞ്ഞാറെയ്ക്ക് കപ്പല്‍ചാല്‍ ഇന്നും കാണാം! ശ്രമണന്മാരുടെ സാര്‍ത്ഥവാഹക സംഘങ്ങള്‍ കോട്ടയത്ത് മുട്ടമ്പലത്തെ ബുദ്ധപ്പള്ളിയില്‍ എത്തിയിരുന്നതായി കരുതപ്പെടുന്നു.

കായല്‍ നികന്നു നിലമായതോടെയാകാം കൊടിയൂരിന്‍റെ പ്രസക്തി കുറയുന്നത്. പില്‍ക്കാലത്ത് കൊടിയൂര്‍ നദിയിലെ പ്രധാന വ്യാപാരകേന്ദ്രമായി ഇരവിനല്ലൂര്‍ അങ്ങാടിയും(ഇന്നത്തെ പുതുപ്പള്ളി) മീനച്ചിലാറ്റിലെ പ്രധാന അങ്ങാടിയായി താഴത്തങ്ങാടിയും ഉയര്‍ന്നുവന്നു. അറബികള്‍, പേര്‍ഷ്യക്കാര്‍, ചെട്ടികള്‍ തുടങ്ങിയ വ്യാപാരസമൂഹങ്ങള്‍ ആദ്യകാലങ്ങളില്‍ മരക്കലം, ഉരു, പത്തേമാരി തുടങ്ങിയ ജലയാനങ്ങളില്‍ വന്നു നമ്മുടെ നാണ്യവിളകളും വനവിഭവങ്ങളും വാങ്ങിയിരുന്നു. പില്‍ക്കാലത്ത് പറങ്കികളുടെ ഏജന്റുമാരായി കൊങ്കണികളും ചെട്ടികളും ആണ് വന്നിരുന്നത്. പതിനേഴാം നൂറ്റാണ്ടോടെ ഡച്ചുകാരും ഇംഗ്ലീഷ്കാരും ഈ അങ്ങാടികളില്‍ എത്തിച്ചേര്‍ന്നു. ഡച്ചുകാരുടെ കാലത്താണ് വ്യാപാരരംഗത്തെ തെക്കുംകൂറിന്‍റെ മേല്‍ക്കൈ വര്‍ദ്ധിക്കുന്നത്. അക്കാലത്ത് നദിയിലൂടെയുള്ള ചരക്കുഗതാഗതത്തോടൊപ്പം കരമാര്‍ഗ്ഗം കാളവണ്ടികളിലുള്ള ഗതാഗതവും പ്രചാരത്തിലായി. നിരവധി നാട്ടുപാതകള്‍ നവീകരിക്കപ്പെട്ടു.

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കുംകൂറിന്‍റെ രാജധാനിയായി തളിയന്താനപുരം (പഴയ കോട്ടയം) മാറുന്നതോടെയാണ് താഴത്തങ്ങാടി കേന്ദ്രീകരിച്ചുള്ള വ്യാപാരം പുരോഗമിക്കുന്നത്. അവിടെ നിന്നും വാങ്ങിയ ചരക്കുകള്‍ പുറക്കാട് തുറമുഖത്ത് എത്തിച്ചാണ് കപ്പലില്‍ കയറ്റിയിരുന്നത്. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യകാലം വരെ അതായത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ തെക്കുംകൂര്‍ ആക്രമണം വരെ വിദേശീയരുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്‍റെ വരദാനമായ പഴയ കോട്ടയത്തെ താഴത്തങ്ങാടി.

By  കോട്ടയം നാട്ടുകൂട്ടം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ