പഴയ തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ ഭൂപടം - AD 1743

Share the Knowledge
10310580_345936105531248_5559557688349440366_n

AD 1103 നോടടുത്ത് വെമ്പൊലിനാട് രണ്ടുകൂറായി പിരിഞ്ഞു ഭരണമാരംഭിച്ചുവെന്ന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കൂറുവാഴ്ച ആരംഭിച്ചിരുന്നു എന്നതിന് ലക്ഷ്യങ്ങളുണ്ടെങ്കിലും സ്വതന്ത്രരാജ്യങ്ങളാകുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാകാം. വെമ്പൊലിനാടിന്‍റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തി തന്നെയായിരുന്നു വടക്കുംകൂറിന്‍റെ തലസ്ഥാനം എങ്കില്‍ തെക്കുംകൂര്‍ പുതുപ്പള്ളിക്ക് കിഴക്കുള്ള വെന്നിമലയാണ് രാജധാനിയാക്കിയത്. വെന്നിമല ജനവാസകേന്ദ്രം അല്ലാത്തതിനാല്‍ വാകത്താനത്തിനടുത്തുള്ള മണികണ്‌ഠപുരം പിന്നീട് തലസ്ഥാനമാക്കി വികസിപ്പിച്ചു. പതിനാലാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ചങ്ങനാശ്ശേരി പട്ടണമാക്കി വികസിപ്പിച്ച ശേഷം തെക്കുംകൂര്‍, താല്‍ക്കാലിക ആസ്ഥാനവുമാക്കി. പതിനഞ്ചാം നൂറ്റാണ്ടില്‍ തളിയന്താനപുരം (പിന്നീട് കോട്ടയം) തലസ്ഥാനമാക്കി സ്വീകരിച്ചു. AD 1749 ല്‍ തിരുവിതാംകൂറിന്‍റെ ആക്രമണത്തോടെ അധികാരം നഷ്ടപ്പെടുന്നതുവരെ തെക്കുംകൂറിന്‍റെ തലസ്ഥാനം പഴയ കോട്ടയമായിരുന്നു.

കുമരകത്തിനു വടക്ക് കൈപ്പുഴയാര്‍ അതിര്‍ത്തിയായി കിഴക്കോട്ടു നെടുകെ ഒരു മണ്‍കോട്ട ഉണ്ടായിരുന്നു. ഈ കോട്ട അതിരമ്പുഴ കടന്നു കിടങ്ങൂര്‍, ളാലം, എന്നിവിടങ്ങളിലൂടെ കൊണ്ടൂരെത്തുന്നു. ഇതായിരുന്നു വടക്കുംകൂറിനും തെക്കുംകൂറിനും ഇടയിലെ അതിര്‍ത്തി. ഈ മണ്‍കോട്ടയുടെ അവശേഷിപ്പുകള്‍ ഇന്നും അവിടവിടെയായി കാണപ്പെടുന്നുണ്ട്. തെക്കുംകൂറിനു ആദ്യകാലത്ത് കിഴക്ക് സഹ്യപര്‍വതനിരകളാണ് അതിര്‍ത്തിയായിരുന്നതെങ്കില്‍ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ മീനച്ചിലിനു കിഴക്കുള്ള പ്രദേശങ്ങള്‍ മധുരയില്‍ നിന്നെത്തി പൂഞ്ഞാറില്‍ കുടിയേറിയ പാണ്ട്യ രാജവംശത്തിനു തീറെഴുതിക്കൊടുത്തു. നാട്ടുകൂട്ടവും തറയും വിളിച്ചു ചേര്‍ത്ത് ജനാഭിപ്രായം ആരാഞ്ഞ ശേഷമാണ് ഈ നടപടിയുണ്ടായത്. കരാറില്‍ പ്രതിഫലമായി നിശ്ചിതതുക പൊന്‍പണമാണ് കാണുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍, പൂഞ്ഞാര്‍ രാജകുടുംബം മധുരയില്‍നിന്നും വന്നപ്പോള്‍ കൊണ്ടുവന്നിരുന്ന വിലമതിക്കാനാവാത്ത അത്രയും രത്നശേഖരങ്ങള്‍ തെക്കുംകൂറിനെ എല്പ്പിച്ചിരുന്നുവത്രേ. AD 1749 ല്‍ തിരുവിതാംകൂര്‍ തെക്കുംകൂറിനെ ആക്രമിച്ചപ്പോള്‍ ഇടത്തില്‍ കോവിലകം കുത്തിപ്പൊളിച്ച് അറയില്‍നിന്നും ഇതു കൈക്കലാക്കി തിരുവനന്തപുരത്തേക്ക് കടത്തിയതായി പഴമക്കാര്‍ പറയുന്നു.

തെക്കുംകൂറിന്‍റെ പടിഞ്ഞാറേ അതിര് ആദ്യകാലത്ത് പുറക്കാട് തുറമുഖം വരെയുണ്ടായിരുന്നുവത്രേ. പതിനാലാം നൂറ്റാണ്ടില്‍ കുടമാളൂരിലെ പുളിക്കല്‍ ചെമ്പകശ്ശേരി നമ്പൂതിരിക്ക് നീരേറ്റുപുറത്തിനു പടിഞ്ഞാറോട്ട് കുട്ടനാട് ദാനമായി നല്‍കിയതോടെ വീണ്ടും രാജ്യവിസ്തൃതി കുറഞ്ഞു. അങ്ങനെയാണ് ചെമ്പകശ്ശേരി രാജ്യം (അമ്പലപ്പുഴ) ഉദയം ചെയ്യുന്നത്.

തെക്ക് കായംകുളവും പന്തളവും തെക്കുംകൂറിന്‍റെ അയല്‍രാജ്യങ്ങളായിരുന്നു. കോട്ടയത്തെ താഴത്തങ്ങാടി, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, എരമല്ലൂര്‍, റാന്നി, ചങ്ങനാശേരി, നിരണം എന്നിവ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു. ഒളശ്ശ (പൈങ്ങളത്ത്), തളിയന്താനപുരം(ഇടത്തില്‍), കാരാപ്പുഴ(ഇടത്തില്‍), പള്ളം(സ്രാമ്പി) ചങ്ങനാശേരി(നീരാഴി), ളാലം(കൊട്ടാരമറ്റം), കോഴഞ്ചേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ കോവിലകങ്ങള്‍ ഉണ്ടായിരുന്നു.

By കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ