മീന്‍കണ്ടം എന്ന മത്സ്യബന്ധനരീതി

Share the Knowledge
10711017_340246226100236_3245627510969195752_n

കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍മേഖലയില്‍ നദീതീരങ്ങളോട് ചേര്‍ന്ന് കാണപ്പെട്ടിരുന്ന മീന്‍കണ്ടം എന്ന മത്സ്യബന്ധനരീതി. ഒരു തരം കെണിയാണിത്. നദിയില്‍നിന്നുമുള്ള ചെറുതോടുകളുടെ മുഖദ്വാരം താല്‍ക്കാലികമായി കെട്ടിയടച്ചോ മണ്‍തിട്ട ചാപരൂപത്തില്‍ വെട്ടിയിറക്കിയോ ആണ് ഇതിനുള്ള സ്ഥലം ഒരുക്കുന്നത്. അതേ ആകൃതിയില്‍ത്തന്നെ നദിയിലേയ്ക്കും മണല്‍ വിരിച്ചു നിലമൊരുക്കുന്നു.കയറുപയോഗിച്ച് മുളവാരികള്‍ മെടഞ്ഞുണ്ടാക്കിയ ചെറ്റമറ അലകുവാരികളുടെ പിന്‍ബലത്തോടെ നിലത്ത് അടിച്ചുറപ്പിച്ച് ചാപാകൃതിയില്‍ തന്നെ ഘടിപ്പിക്കുന്നു. കരയുമായി സന്ധിക്കുന്നിടം ബലപ്പെടുത്തി മീനുകള്‍ക്കു രക്ഷപെടാന്‍ കഴിയാത്ത വിധം ബന്ധവസ്സാക്കുന്നു. ഇരുവശത്തുനിന്നും വരുന്ന ചെറ്റമറകള്‍ ചേരുന്നിടത്ത്‌ കെണിയുടെ വാതില്‍ ഘടിപ്പിക്കുന്നു.തടി കൊണ്ടുണ്ടാക്കിയതാണിത്. ഇതിന്‍റെ ഉള്ളിലെ പൊഴിയിലൂടെ കീഴ്മേലായി ഓടുന്ന പലകയുടെ ഉള്‍വശത്ത് ഒരു ഒട്ടം തറച്ചിരിക്കുന്നു. പലകയെ ഉയര്‍ത്തി മീന്‍കണ്ടം തുറന്നു വയ്ക്കുമ്പോള്‍ വാതിലിന്‍റെ മധ്യഭാഗത്തുള്ള ഇടപ്പടിയ്ക്കും ഒട്ടത്തിനും ഇടയ്ക്ക് ബലമുള്ള ഒരു കമ്പ് തിരുകിവെയ്ക്കുന്നു.

ഈ കമ്പില്‍ കെട്ടിയ ഒരു കയര്‍ കരയിലെ ഏതെങ്കിലും കുറ്റിയിലോ മരത്തിലോ കെട്ടിയിരിക്കും. കൂടാതെ വാതില്‍പ്പലകയുടെ മുകളില്‍ ഒരു ഭാരമുള്ള കല്ലും കെട്ടിയുറപ്പിച്ചിരിക്കും. കമ്പ് വലിച്ചുമാറ്റുമ്പോള്‍ പെട്ടെന്ന് താഴുന്നതിനാണത്. കെണിയൊരുക്കിയ ശേഷം പഴയചോറ്, പച്ചച്ചാണകം, ചുട്ട തേങ്ങാപ്പിണ്ണാക്ക്, തവിട് എന്നിവ കൂട്ടിക്കുഴച്ച ഉരുളകള്‍ മീന്‍കണ്ടത്തില്‍ താഴ്ത്തിവയ്ക്കുന്നു. കൂടാതെ പൊളിച്ച മരച്ചീനിയും അതിന്‍റെ തൊലിയും മരച്ചീനിയിലയും ഇടാറുണ്ട്. ചിലപ്പോള്‍ ചിതല്‍പ്പുറ്റിലെ അവശിഷ്ടങ്ങളും പൊട്ടിച്ചിടും. ഇവയെല്ലാം മീനുകള്‍ക്ക് ഏറെ പ്രിയങ്കരമാണ്. കരയില്‍ ഓല കുത്തിമറച്ച് തണല്‍ കൊടുക്കുന്നു. മനുഷ്യരുടെ നിഴല്‍ വെള്ളത്തില്‍ പതിയാതിരിക്കാനും ഇത് സഹായിക്കും. രാവിലെ വെയിലുറക്കുമ്പോഴും വൈകുന്നേരം വെയില്‍ ചായുമ്പോഴുമാണ് മീനുകള്‍ കൂട്ടമായെത്തുന്നത്. എല്ലാത്തരം മത്സ്യങ്ങളും ഇതില്‍ കയറും. മീനുകള്‍ നിറഞ്ഞുകഴിയുമ്പോള്‍ കയറു വലിച്ച് വാതില്‍ അടക്കുന്നു. ഉടന്‍തന്നെ ഇറങ്ങി കച്ചാവല ഉപയോഗിച്ച് മീനുകളെ കോരിയെടുക്കാം. ഇത്തരം മീന്‍കണ്ടങ്ങള്‍ ഇപ്പോള്‍ കാണാനില്ല. പരമ്പരാഗതമായ മീന്‍പിടിത്ത രീതികള്‍ വരുംതലമുറയ്ക്ക് അന്യമായിക്കഴിഞ്ഞു.

By  കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ