മീന്‍കൂട്

10305045_343295235795335_7658915802028814699_n

ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏര്‍പ്പാടാണിത്. പ്രധാന ജലാശയത്തില്‍നിന്നും കൈത്തോട്‌ തുടങ്ങുന്നയിടത്തു തന്നെ ഒഴുക്കുവരുന്ന ഭാഗത്തിന് അഭിമുഖമായി നിലത്തുചേര്‍ത്തു വച്ചശേഷം രണ്ടു നീണ്ട കമ്പുകള്‍ X ആകൃതിയില്‍ ഇരുവശത്തുനിന്നും നിലത്ത് കുത്തി കൂടിനെ അതിനിടയില്‍ ഉറപ്പിച്ച് മേല്‍ഭാഗത്ത് കമ്പുകള്‍ കൂട്ടിക്കെട്ടുക. തെങ്ങോല മുറിച്ചത് കൊണ്ടോ വാഴക്കച്ചി കൊണ്ടോ കൂടിനു ചുറ്റുമുള്ള ഭാഗങ്ങള്‍ മീനുകള്‍ കടന്നുപോകാത്തവണ്ണം മറയ്ക്കുക. സാധാരണയായി വൈകിട്ട് കൂട് ഒരുക്കിവച്ചാല്‍ പ്രഭാതത്തിനുമുമ്പ് തന്നെ എടുക്കാറുണ്ട്. പുതുവെള്ളം വരുമ്പോള്‍ കൂട് വയ്ക്കുന്നത് പ്രധാനമാണ്. വരാല്‍, കാരി, മുഷി, ആരകന്‍, ളാപ്പ, കൂരി, കുറുവാ, പരല്‍ തുടങ്ങിയ മീനുകളെയാണ് ഇങ്ങനെ പിടിക്കാറുള്ളത്.

മുളവാരി,പനയീര്‍ക്കില്‍,തെങ്ങിന്‍റെ ഈര്‍ക്കില്‍ ഇവ മെടഞ്ഞാണ് വിവിധ വലുപ്പത്തിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നത്. വാളക്കൂടുകള്‍ നിര്‍മ്മിക്കുന്നത് മുളവാരി കീറിയത് കൊണ്ടാണ്. സാധാരണയായി കണ്ടുവരുന്ന ചെറിയ കൂടുകള്‍ തെങ്ങിന്‍റെ ഈര്‍ക്കില്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്.

ഇതുണ്ടാക്കുന്നതിനു നന്നായി ചീകി ഉണക്കിയെടുത്ത ഈര്‍ക്കില്‍ മെലിഞ്ഞ ഇഴക്കയര്‍ കൊണ്ട് മെടഞ്ഞു ഈര്‍ക്കില്‍ചെറ്റ നിര്‍മ്മിക്കുക. നീളം കൂട്ടുന്നതിനു ഈര്‍ക്കില്‍ അറ്റത്തു ഒന്നിനോടൊന്നു ചേര്‍ത്തുവയ്ക്കാം. കൂടാതെ കൂടിനു കൂടുതല്‍ ബലം കിട്ടാന്‍ മൂന്നു ഈര്‍ക്കില്‍ ഒരുമിച്ചുവച്ചു മെടയുകയുമാവാം. ഇങ്ങനെ മെടഞ്ഞുണ്ടാക്കിയ ചെറ്റയുടെ വീതി കൂടിന്‍റെ ചുറ്റളവ് ആയതിനാല്‍ അത് മുന്‍പേ തീരുമാനിച്ചിരിക്കണം. അതെ ചുറ്റളവ്‌ വരുന്ന മൂന്നു വളയങ്ങള്‍ ബലമുള്ള മരക്കമ്പ് കൊണ്ട് വളച്ചുകെട്ടി തീയില്‍ കാട്ടി വഴക്കി എടുക്കണം. കൂടിന്‍റെ പിന്‍ഭാഗത്ത് വരേണ്ട രണ്ടു വളയങ്ങള്‍ നിശ്ചിത വലുപ്പത്തില്‍ ഇതേപോലെ ഉണ്ടാക്കി എടുക്കണം. പിന്‍ഭാഗത്തെ വളയത്തിന് ഒരു വലിയ കണ്ണന്‍ചിരട്ട ഇറുക്കി കടത്താവുന്ന വിസ്താരമേ പാടുള്ളൂ.വളയങ്ങള്‍ക്കു പുറത്തുകൂടി ഈര്‍ക്കില്‍ചെറ്റ മുറുക്കി ചുറ്റി ഇഴക്കയര്‍ കൊണ്ട് തുന്നിച്ചേര്‍ത്താല്‍ കൂടിന്‍റെ പ്രധാന ഭാഗമായി.

ഇനി നാക്കൂടാണ്. ഇതിനുള്ളിലൂടെയാണ് മീനുകള്‍ അകത്തേയ്ക്ക് കടക്കുന്നത്. ബലമുള്ള ഈര്‍ക്കിലുകള്‍ കൊണ്ട് മെടഞ്ഞതാണിത്. ചെറ്റ കോട്ടിവച്ച് ഓരോ ഈര്‍ക്കിലിന്‍റെയും അഗ്രഭാഗം ഒന്നിടവിട്ട് കടത്തിവിട്ട് നാക്കൂടൊരുക്കുന്നു. ഈര്‍ക്കിലിന്‍റെ അറ്റം കൂര്‍പ്പിച്ചതായിരിക്കും. ചെറ്റയുടെ ഇരുപാര്‍ശ്വവും അഭിമുഖമായി ചേര്‍ത്ത് കയര്‍കൊണ്ട് തുന്നുന്നു. റ ആകൃതിയില്‍ അഗ്രഭാഗം കയറു കൊണ്ട് ബന്ധിപ്പിച്ച മറ്റൊരു മരക്കമ്പ് നാക്കൂടിനു ബലമായി മുന്‍ഭാഗത്ത് ചേര്‍ത്ത് തുന്നുന്നു. ഈ നാക്കൂട് മുമ്പ് ഉണ്ടാക്കിവച്ച പ്രധാന ഭാഗത്തിന്‍റെ മുന്‍ഭാഗത്ത് കടത്തിവച്ച് കയര്‍ കൊണ്ട് ബന്ധിപ്പിച്ചാല്‍ കൂട് റെഡി! പിന്‍ഭാഗത്തു കൂടിയാണ് മീനെ പുറത്തെടുക്കേണ്ടത്. അവിടെ കയര്‍ കൊണ്ട് കെട്ടിയുറപ്പിക്കാന്‍ ഒരു കണ്ണന്‍ചിരട്ടയും വേണമെന്ന് മാത്രം.

ഒഴുക്കുനീറ്റിലൂടെ പുളച്ചെത്തുന്ന മീനുകള്‍ക്ക് കടന്നു പോകാന്‍ നാക്കൂടിന്‍റെ ഉള്ളിലേയ്ക്കുള്ള വഴിയേ ഉള്ളൂ. നാക്കൂടിന്‍റെ ഈര്‍ക്കിലുകള്‍ക്കിടയിലൂടെ ഞെരുങ്ങി അകത്തു കടക്കുന്ന മീനുകള്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിയില്ല. കടന്നുവന്ന വഴി തിരിച്ചുപോയാല്‍ കൂര്‍ത്ത ഈര്‍ക്കിലുകള്‍ കുത്തിക്കയറും. പിന്‍ഭാഗത്തെ ചിരട്ട അടച്ചിരിക്കുമല്ലോ. മീനുകള്‍ അങ്ങനെ കൂടില്‍ അകപ്പെടുന്നു. വൈകിട്ട് വച്ച് പുലര്‍ച്ചെ എടുക്കുമ്പോള്‍ നിറയെ മീനുകള്‍ ഉണ്ടാവും.

By : കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ