കാഞ്ചിത്തെറ്റാലി

Share the Knowledge
1526170_342410785883780_1679980887110610734_n

മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത്. പൂവരശിന്‍റെ(ചീലാന്തി) തടി കൊണ്ട് തോക്കിന്‍റെ ആകൃതിയില്‍ കൊത്തിയെടുക്കുന്ന തെറ്റാലിയില്‍, കഴുന്നുംകോല്‍(അമ്പ്) ഉറപ്പിച്ചുവയ്ക്കേണ്ട ഭാഗം നേര്‍രേഖയില്‍ കുറതീര്‍ത്ത് പൊഴിച്ചെടുക്കുന്നു. കാഞ്ചിയും വട്ടും ഉറപ്പിക്കുന്ന ഭാഗം സിലിണ്ടര്‍ ആകൃതിയില്‍ ഉള്ളില്‍ പൊഴിച്ചിരിക്കും. കാഞ്ചി കടത്തുന്ന പൊഴി അടിഭാഗത്തു കൂടി ഇതിലേക്ക് തുറന്നിരിക്കും. കന്നിന്‍കൊമ്പില്‍ കൊത്തിയെടുത്ത വട്ടും കാഞ്ചിയും ചലിക്കാവുന്ന വിധത്തില്‍ അലകിന്‍റെ ആണികള്‍ കൊണ്ട് തെറ്റാലിയില്‍ ഘടിപ്പിച്ചിരിക്കുന്നു. തെറ്റാലിയുടെ മുമ്പറ്റത്ത് ഇരുമ്പുകമ്പി ദൃഡമായി കടത്തി ഉറപ്പിച്ചിരിക്കുന്നു. അതിന്‍റെ ചുരുട്ടിയ അഗ്രങ്ങളില്‍ റബ്ബര്‍ ബാന്‍ഡ് നിര്‍മ്മിക്കാനെടുക്കുന്ന റബ്ബര്‍ കുഴല്‍ കീറിയെടുത്ത് കെട്ടിയുറപ്പിച്ചിരിക്കുന്നു. രണ്ടുവശത്തുനിന്നുമുള്ള റബ്ബര്‍നാടകളുടെ അറ്റങ്ങള്‍ ദൃഡമായ ചണക്കയര്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. കമുകിന്‍റെ അലകുകൊണ്ട് ചീകിയുണ്ടാക്കിയ കഴുന്നുംകോലാണ് എയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഇതിന്റെ കൂര്‍ത്ത അറ്റത്ത് മുപ്പല്ലി ഘടിപ്പിച്ചിരിക്കും. കഴുന്നുംകോലിന്‍റെ പിന്‍ ഭാഗത്ത് ചെറിയ ദ്വാരമിട്ട് പ്ലാസ്റ്റിക്‌നൂല്‍ കൊണ്ട് തെറ്റാലിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

തെറ്റാലി എയ്യുന്നതിനു തൊട്ടു മുമ്പുള്ള സമയത്ത് മാത്രമേ കുലയ്ക്കാറുള്ളൂ. അതിനായി തെറ്റാലി കീഴോട്ടായി നിലത്തു കുത്തിപ്പിടിക്കുന്നു. അറ്റത്തുള്ള ഇരുമ്പുകമ്പിയില്‍ കാലുകള്‍ കൊണ്ട് ചവിട്ടിപ്പിടിച്ച് ചണക്കയര്‍ പിടിച്ചുവലിച്ച് കടിപ്പിച്ചുനിര്‍ത്തിയ വട്ടിന്‍റെ പിന്നില്‍ പിടിച്ചിടുന്നു. കഴുന്നുംകോല്‍ വട്ടിന്‍റെ ഇടയിലേയ്ക്ക് കടത്തി തെറ്റാലിയില്‍ ചേര്‍ത്തുവയ്ക്കുന്നു.ഇനി വളരെ കരുതലോടെയേ ഇത് ഉപയോഗിക്കാവൂ.

പുഴകളിലെ വരാല്‍(ബ്രാല്‍), കരിമീന്‍, ചേറുമീന്‍ എന്നീ മത്സ്യങ്ങളെയാണ് ഇതുപയോഗിച്ച് സാധാരണയായി പിടിക്കുന്നത് . ഉപരിതലത്തിലേക്ക് പൊങ്ങിവരുന്ന അവസരത്തില്‍ ഉന്നം പിടിച്ച് കാഞ്ചിവലിക്കും . കടിച്ചുനിന്നിരുന്ന കാഞ്ചി വട്ടില്‍നിന്നും വേര്‍പെടുമ്പോള്‍ റബ്ബര്‍നാടയുടെ ഇലാസ്തികതയാല്‍ ശക്തിയായി കറങ്ങുകയും ചണക്കയര്‍ കഴുന്നുംകോലിന്നെ ശക്തിയായി പൊഴിയിലൂടെ മുന്നോട്ടു തെറിപ്പിക്കുകയും ചെയ്യുന്നു.. കഴുന്നുംകോലിലെ മുപ്പല്ലി മീനിന്‍റെ മേല്‍ തറച്ചുകയറും. നീണ്ട പ്ലാസ്റ്റിക്‌ ചരട് ഉള്ളതിനാല്‍ കഴുന്നുംകോല്‍ പിടക്കുന്ന മത്സ്യത്തോടൊപ്പം കരയ്ക്കെടുക്കാം.

By കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ