8.5 മണിക്കൂര്‍ എന്നാല്‍ ഒരു വര്‍ഷം!

Share the Knowledge
1030kepler2

കെപ്ലര്‍ 78b എന്ന സൗരേതരഗ്രഹത്തിലാണ് ഈ അവസ്ഥ!

ഏറ്റവും വേഗത്തില്‍ നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹം! വെറും 8.5 മണിക്കൂര്‍ കൊണ്ട് ഒരു തവണ നക്ഷത്രത്തെ വലം വച്ചു വരും ഈ ഗ്രഹം. പേര് കെപ്ലര്‍ 78b. വലിപ്പമോ ഭൂമിക്കു സമാനവും. പക്ഷേ ഒരേയൊരു കുഴപ്പം. അവിടെപ്പോയി ജീവിക്കാം എന്നൊന്നും കരുതേണ്ട. കാരണം നക്ഷത്രത്തോട് വളരെ അടുത്താണ് ഈ ഗ്രഹം നക്ഷത്രത്തെച്ചുറ്റുന്നത്. ഗ്രഹോപരിതലത്തിലെ താപനില തന്നെ ഏതാണ്ട് 2800 – 3000 ഡിഗ്രി സെല്‍ഷ്യസ് വരും! ഉപരിതലം മുഴുവന്‍ ഉരുകിക്കിടക്കുകയാണെന്നു സാരം. ചുരുക്കത്തില്‍ ലാവ കൊണ്ടുള്ള ഒരു ഗോളം തന്നെ!
ഇഷ്ടം പോലെ സൗരേതരഗ്രങ്ങളെ കണ്ടെത്തുന്ന ഇക്കാലത്ത് ഇതിനെന്താണിത്ര പ്രത്യേകത? ഇത്രയും കുറഞ്ഞ സമയം കൊണ്ട് നക്ഷത്രത്തെ ചുറ്റുന്ന, ഭൂമിക്കു സമാനമായ വലിപ്പമുള്ള ഒരു ഗ്രഹം ഇതുവരെ കണ്ടെത്തിയിരുന്നില്ലത്രേ. കൂടാതെ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ള പ്രകാശം തിരിച്ചറിയാനും ഗവേഷകര്‍ക്കു കഴിഞ്ഞു. അടുത്തു തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച, കെപ്ലര്‍ എന്ന ഗ്രഹവേട്ടാദൂരദര്‍ശിനി ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തല്‍. MIT യിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

നമുക്കരികില്‍ നിന്നും ഏതാണ്ട് 700 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും! എത്ര അടുത്ത് അല്ലേ!!! ഇവിടെ നിന്നും പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍പ്പോലും 700 വര്‍ഷമെടുക്കും അവിടെയെത്താന്‍. അല്ലെങ്കില്‍ വേറൊരു തരത്തില്‍ ചിന്തിച്ചാല്‍ ഏതാണ്ട് 700 വര്‍ഷം മുന്‍പുള്ള ഗ്രഹത്തിന്റെ അവസ്ഥയാണ് നാം ഇപ്പോള്‍ ഇവിടെ നിന്നും കണ്ടത്!

8.5 മണിക്കൂറിന്റെ ഈ റെക്കോഡ് അങ്ങനങ്ങു തുടരുകയൊന്നുമില്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. വെറും നാലോകാല്‍ മണിക്കൂര്‍ കൊണ്ട് നക്ഷത്രത്തെച്ചുറ്റുന്ന ഒരു ഗ്രഹമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇരുമ്പുപോലെയുള്ള എന്തെങ്കിലും സാന്ദ്രതയേറിയ പദാര്‍ത്ഥം കൊണ്ടായിരിക്കണം ഈ ഗ്രഹം നിര്‍മ്മിച്ചിട്ടുള്ളത്. എങ്കില്‍മാത്രമേ ഇത്രയും വേഗത്തില്‍ നക്ഷത്രത്തോ‌ട് ഇത്രയും അടുത്ത് ഒരു കുഴപ്പവുമില്ലാതെ ചുറ്റാന്‍ കഴിയുകയുള്ളത്രേ! സ്ഥിരീകരിക്കപ്പെ‌ട്ടാല്‍ നാലേകാല്‍ മണിക്കൂര്‍ കൊണ്ട് നക്ഷത്രത്തെച്ചുറ്റുന്ന ഈ ഗ്രഹം ഒരത്ഭുതം തന്നെയായിരിക്കും!

From olappambaram

http://web.mit.edu/newsoffice/2013/kepler-78b-exoplanet-0819.html

http://iopscience.iop.org/0004-637X/774/1/54/article

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ