മീനച്ചിൽ ചരിത്രം

Share the Knowledge
index (8)

കോട്ടയത്തിന്റെ ഹൃദയത്തിലൂടെയാണ് പഴയ ഗൗണാര്‍ എന്ന മീനച്ചിലാര്‍ ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ വാഗമണ്‍ മലമടക്കുകളില്‍ നിന്നും ഉത്ഭവിക്കുന്ന മീനച്ചിലാര്‍ പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍,കോട്ടയം പട്ടണങ്ങളിലൂടെ ഒഴുകി ഒടുവില്‍ വേമ്പനാട്ട് കായലില്‍ ചെന്നു മുട്ടിയുരുമ്മുന്നു. കവണാര്‍ എന്നും മീനച്ചിലാറിനു ഒരു പേരുണ്ട്. 78 കിലോമീറ്റര്‍ ആണ് ഈ നദിയുടെ നീളം.

പശ്ചിമഘട്ടത്തില്‍ നിന്നു ഉല്‍ഭവിക്കുന്ന പല അരുവികള്‍ ചേര്‍ന്നാണ് മീനച്ചിലാറ് ഉണ്ടാവുന്നത്. ചെറുതും വലുതുമായി 38 പോഷക നദികളാണ് മീനച്ചിലാറിനുള്ളത്. ഇവയ്‌ക്കു പുറമേ മീനച്ചിലാറില്‍ ലയിക്കുന്ന 47 ഉപപോഷക നദികളും 114 ചെറിയ അരുവികളും ഉണ്ട്. നിരവധി വയലേലകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ദാഹജലം പകരുന്നത് മീനച്ചില്ലാറാണ്.

പ്രതീക്ഷിക്കാതെ മലവെള്ളപ്പാച്ചിലില്‍ രൗദ്രരൂപിണിയാകുന്ന മീനച്ചിലാര്‍ പൊടുന്നനെ ശാന്തമായി ഒഴുകുകയും ചെയ്യുന്നു. ഇങ്ങനെ അപ്രതീക്ഷിത വെള്ളപ്പൊക്കവും വെള്ളം ഇറക്കവും ഉണ്ടാകുന്നതിനാലാവാം ‘പാത്തിരുന്നാല്‍ പന്നഗം കടക്കാമെന്നൊരു’ വാമൊഴി ഉണ്ടായത്.

ഐതിഹ്യവും മീനച്ചില്‍ എന്ന പേരും

മീനച്ചിലാറിന്റെ പിറവിയുമായി ബന്ധപ്പെട്ട് പറയുന്ന ഒരു ഐതിഹ്യമുണ്ട്. ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞൊഴുകിയതാണ് മീനച്ചിലാര്‍ എന്നാണ് അക്കഥ. അഗസ്‍ത്യമുനിയുടെ കമണ്ഠലു മറിഞ്ഞ് കാവേരി നദി ഉത്ഭവിച്ചതു പോലെ ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞൊഴുകി അങ്ങനെ ഗൗണാര്‍ രൂപംകൊണ്ടു. ഗൗണാര്‍ എന്ന പേരു വന്നതും ആ ഋഷിവര്യനില്‍ നിന്നു തന്നെ.

തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കര്‍ഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും മധുര മീനാക്ഷിഭക്തരായിരുന്നതിനാല്‍, അവര്‍ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകല്‍പണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചില്‍ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാര്‍ മീനച്ചിലാറും ആയിത്തീര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്നു. കോട്ടയം കുമരകത്തിനുശേഷം മീനച്ചിലാര്‍ കവണാര്‍ എന്നാണ് വിളിക്കപ്പെടുന്നത്.

നീലക്കൊടുവേലി ഒഴുകുന്ന മീനച്ചിലാര്‍

നീലക്കൊടുവേലി മലയാളിക്ക് ഒരു മിത്താണ്. മരണത്തില്‍ നിന്നു പോലും ജീവനെ തിരിച്ചു പിടിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി വേരുകള്‍ വെളളപ്പൊക്കത്തില്‍ മീനച്ചിലാറില്‍ കൂടി ഒഴുകി എത്തുമെന്നാണ് വിശ്വാസം. സര്‍വഐശ്വര്യവും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഈ സ്വര്‍ഗീയ സസ്യം പലകഥകളിലും സിനിമകളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. നീലക്കൊടുവേലി ഒഴുകിയെത്തുന്നതിനാല്‍ മീനച്ചിലാറിലെ ജലകണങ്ങള്‍ക്ക് ഔഷധഗുണമുണ്ടെന്നും പഴമക്കാര്‍ പറയുന്നു. നല്ല വെളിച്ചവും നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്നമണ്ണുമാണ് നീലക്കൊടുവേലിയ്‌ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കള്‍ക്ക് ഇളം നീല നിറമാണ്.

തൃപ്പടിദാനത്തിലെ ഗൗണാര്‍

തിരുവിതാംകൂര്‍ ഭരണാധികാരികള്‍ എല്ലാം അനന്തപത്മനാഭനു സമര്‍പ്പിച്ച് പത്മനാഭദാസന്മാരാകാന്‍ തീരുമാനിക്കുമ്പോള്‍ തിരൂവിതാംകൂറിന്റെ അതിര്‍ത്തി മീനച്ചിലാറായിരുന്നു, അന്ന് ഗൗണാര്‍ എന്ന് പേര്. തൃപ്പടിദാനത്തിലെ പ്രസക്തമായ വരികളില്‍ ഗൗണാറും കടന്നു വരുന്നുണ്ട്.

”മാര്‍ത്താണ്ഡവര്‍മ്മരായ തൃപ്പാപ്പൂര്‍ മൂപ്പില്‍ നിന്നും താങ്കള്‍ക്കൊള്ള
തോവാളകോട്ടക്കു പടിഞ്ഞാറ്‌ ”കവണാറിനു” കിഴക്കൊള്ള ഈ രാച്ചിയത്തിനകത്തൊള്ള
നാളിതുവരെ നമക്ക്‌ അവകാശമായിട്ട്‌ അപഭവിച്ചു വരുന്ന വത്തുകൃത്യങ്ങളും താനമാനങ്ങളും
ഏര്‍പ്പേരില്‍പ്പെട്ടതും പെരുമാള്‍ ശ്രീപണ്ടരാത്തിലേയും ചര്‍ച്ച്വാര്‍പ്പണമായി ആചന്നിരാര്‍ക്കമേ എഴുതിക്കൊടുത്താന്‍”
ഇതില്‍പ്പറയുന്ന കവണാറാണ് ഇന്നു നമ്മുടെ മീനച്ചിലാര്‍.

അക്ഷരങ്ങളിലൂടെ മീനച്ചിലാര്‍

ബുക്കര്‍ സമ്മാനം ലഭിച്ച കൃതിയായ, അരുന്ധതി റോയിയുടെ “ദ് ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ്” (കുഞ്ഞു കാര്യങ്ങളുടെ തമ്പുരാന്‍) മീനച്ചിലാര്‍ ഒഴുകുന്ന അയ്മനം ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. അരുന്ധതിയുടെ നോവലിലെ കഥാപാത്രവുമാണ്‌ മീനച്ചിലാര്‍. ഈ പുഴയുടെ പശ്ചാത്തലത്തിലാണ് അമ്മു എന്ന ക്രിസ്ത്യാനി വീട്ടമ്മയുടേയും വെളുത്ത എന്ന പരവ യുവാവിന്‍റേയും പ്രണയകഥ അതി മനോഹരമായി അരുന്ധതി റോയി പറഞ്ഞു വെച്ചത്. കാക്കനാടന്റെ ഒറോതയിലും മീനച്ചിലാര്‍ ഒരു കഥാപാത്രമാണ്. ഓറോതയിലെ മുഖ്യകഥാപാത്രം ”ഒറോത” ഒഴുകിയെത്തുന്നത് തൊണ്ണൂറ്റൊമ്പതിലെ വെളളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെയാണ് –

ഏഷ്യാനെറ്റ്

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ