പണി തീരാത്ത വീട്

Share the Knowledge
index (19)

പണി തീരാത്ത വീട് എന്നൊരു പഴയ മലയാള സിനിമയുണ്ട്. എന്നാല്‍ പണി തീര്‍ക്കാത്ത ഒരു വീടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയും ഒരു വീട് ഭൂമിയിലുണ്ട്. 1884 മുതല്‍ 1922 വരെ തുടര്‍ച്ചയായി തുടര്‍ച്ചയായി 38 വര്‍ഷമാണ് ആ വീട് പണിതുകൊണ്ടിരുന്നത്!  

വിന്‍സ്റ്റര്‍ തോക്ക് നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥനായിരുന്ന വില്യം വിന്‍സ്‌റ്ററുടെ ഭാര്യ സാറാ വിന്‍സ്റ്റര്‍ ആണ് ഈ വീട് നിര്‍മ്മിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയില്‍ സാന്‍ജോസ്‌ എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.വീടല്ല, ഒരു കൊട്ടാരമാണ് അത്.
വില്യം വിന്‍സ്റ്ററിനും സാറാ വിന്‍സ്റ്ററിനും 1866-ല്‍ ഒരു മകള്‍ ജനിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. കുഞ്ഞിന്‍റെ മരണശേഷം സാറ വിഷാദരോഗത്തിനടിമപ്പെട്ടു. 1881-ല്‍ വില്യമും മരിച്ചതോടെ അവരുടെ മാനസിക നില തീരെ മോശമായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തോടെ അവര്‍ വിന്‍സ്റ്റര്‍ കുടുംബത്തിന്‍റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ക്ക് അവകാശിയായി കഴിഞ്ഞിരുന്നു. മാത്രമല്ല, വില്യമിന്‍റെ ഒസ്യത്ത്‌ അനുസരിച്ച് അവര്‍ക്ക്‌ ഒരു ദിവസം 1000 ഡോളര്‍ വരുമാനം ലഭിച്ചിരുന്നു. ഇന്നത്തെ നിലയ്ക്ക് ഏകദേശം 12 ലക്ഷത്തിനു മുകളില്‍ വരും അന്നത്തെ 1000 ഡോളര്‍.

index (20)
തന്‍റെ കുടുംബത്തിന് മേല്‍ തീരാശാപം പതിച്ചിട്ടുണ്ട് എന്നായിരുന്നു സാറയുടെ വിശ്വാസം. വിന്‍സ്റ്റര്‍ കമ്പനി നിര്‍മ്മിച്ച തോക്കുകള്‍ കൊണ്ട് കൊല്ലപ്പെട്ടവരുടെ ശാപമാണ് അതെന്നവര്‍ ഉറപ്പിച്ചു വിശ്വസിച്ചു. ഈ ശാപത്തില്‍ നിന്ന് രക്ഷപ്പെടാനായി സാറയ്ക്ക്‌ ഏതോ ഒരു മന്ത്രവാദി ഒരു ഉപായം പറഞ്ഞു കൊടുത്തു. ഒരിക്കലും പണി തീരാത്ത ഒരു വീട് പണിയുക. പണിയായുധങ്ങളുടെ ശബ്ദങ്ങള്‍ എന്ന് നിലയ്ക്കുന്നുവോ അന്ന് സാറ മരണപ്പെടും എന്നും ആ മന്ത്രവാദി സായെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പിന്നെ എന്ത് തടസ്സം? ഇട്ടുമൂടാനുള്ളത്ര പണം കൈയിലുണ്ട്. അങ്ങനെ സാന്‍ജോസില്‍ വാങ്ങിയ 160 ഏക്കര്‍ ഭൂമിയില്‍ സാറ വീട് പണി തുടങ്ങി.
160 ഏക്കര്‍ ഭൂമിയില്‍ 38 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി പണി നടന്നു കൊണ്ടേയിരുന്നു. 160 മുറികളും 10000 ജനലുകളും 2000 വാതിലുകളും ഒക്കെയുള്ള ഒരു രമ്യ ഹര്‍മ്മം സാറ വിന്‍സ്റ്റര്‍ അവിടെ പണിതു.

അതിനിടയില്‍ 1906-ല്‍ അവിടെയുണ്ടായ ഭൂകമ്പത്തില്‍ ഈ മാളികയുടെ ഒരു ഭാഗം തകര്‍ന്നു. എന്നാല്‍ അതും ആത്മാക്കളുടെ ശാപം കൊണ്ടാണെന്ന് വിശ്വസിച്ച സാറ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ തയ്യാറായില്ല! കൃത്യമായ പ്ലാനുകളൊന്നും ഇല്ലാതെയായിരുന്നു സാറയുടെ വീട് നിര്‍മ്മാണം. പണിക്കാര്‍ക്ക് തോന്നിയ കണക്കിന് നിര്‍മ്മിച്ച്‌ അവസാനം വീടിന് വ്യക്തമായ ഒരു രൂപം ഇല്ലാതായി. തുറക്കാനാവാത്ത ജനലുകളും അന്തരീക്ഷത്തിലേക്ക് തുറക്കുന്ന വാതിലുകളും വെറുതെ മച്ചില്‍ ചെന്ന് മുട്ടി നില്‍ക്കുന്ന കോണിപ്പടികളും കൊണ്ട് വീട് നിറഞ്ഞു. തന്നെ ശപിക്കാനെത്തുന്ന ആത്മാക്കളെ വഴി തെറ്റിക്കാന്‍ വേണ്ടിയായിരുന്നത്രേ സാറ ഇപ്രകാരം വീട് പണിതത്. ഏതായാലും അവര്‍ 1922-ല്‍ തന്‍റെ 83-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ വീട് വലുതായിക്കൊണ്ടേയിരുന്നു.
ഇപ്പോള്‍ ആ വീട് ഒരു മ്യൂസിയമാണ്. സാന്‍ജോസിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വിന്‍സ്റ്റര്‍ മിസ്റ്റ്റി ഹൌസ്…

അനില്‍ കുമാര്‍ വി എ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ