പുഴകള്‍ പോറ്റുന്ന മത്സ്യങ്ങള്‍

Share the Knowledge
index

215 ഇനം ശുദ്ധജല മത്സ്യങ്ങള്‍

നാല്‍പ്പത്തിനാല് പുഴകളും അവ അവസാനം കണ്ടെത്തുന്ന അഴിമുഖങ്ങളും പിന്നെ നെല്‍പ്പാടങ്ങളും ചേര്‍ന്ന തണ്ണീര്‍ സമുച്ചയം ഏകദേശം 215 ഇനം ശുദ്ധജല മത്സ്യങ്ങളെ പരിപാലിക്കുന്നുണ്ട്. ഇവയില്‍ 183 ഇനങ്ങള്‍ പൂര്‍ണ്ണമായും ശുദ്ധജല മത്സ്യങ്ങളും, 39 ഇനങ്ങള്‍ ഓരു ജല ആവാസവ്യവസ്ഥയിലും കാണപ്പെടുന്ന ദ്വിതീയ ശുദ്ധജലമത്സ്യങ്ങള്‍ എന്നു വിളിക്കാവുന്നവയാണ്. നീളം, വീതി, സമുദ്രനിരപ്പില്‍ നിന്നുളള ഉയരം, നദിയോരവനങ്ങളുടെ വിന്യാസം, പുഴകളില്‍ തന്നെ രൂപപ്പെട്ടിട്ടുളള വൈവിധ്യമായ സൂക്ഷ്‍മ ആവാസ വ്യവസ്ഥകള്‍ എന്നിവയില്‍ വ്യത്യസ്‍തത പുലര്‍ത്തുന്ന നദികള്‍ തന്നെയാണ് മത്സ്യസമ്പത്തിനെ ബഹുഭൂരിപക്ഷത്തേയും പോറ്റുന്നത്. നമ്മുടെ നദികളുടെ പ്രത്യേകതകളും കൂടി പരിഗണിക്കുമ്പോഴാണ് മത്സ്യവൈവിധ്യത്തിന്റെ പ്രത്യേകതകള്‍ വ്യക്തമാവുക. പശ്ചിമഘട്ടത്തിലെ ഉത്ഭവസ്ഥാനം മുതല്‍ പതനസ്ഥാനം വരെ കുറഞ്ഞ ദൂരമേയുളളു. എന്നാല്‍ കൂടുതല്‍ ദൂരത്തിലൂടെ ഒഴുകി വിവിധ ആവാസവ്യവസ്ഥകള്‍ തീര്‍ക്കുകയും അനുരൂപനം സിദ്ധിച്ച മത്സ്യങ്ങളെ പോറ്റുകയാണ് നമ്മുടെ പുഴകള്‍.

അതിജീവനത്തിന്റെ ശരീരം

അനുരൂപനാവയവങ്ങളുടെ സാന്നിധ്യം അതിജീവനത്തിന്റെ കഥ പറയുന്നു. ഏതു കുത്തൊഴുക്കിനേയും അതിജീവിക്കുന്നവയാണ് കല്ലൊട്ടി മത്സ്യങ്ങള്‍. അവയുടെ വായുടെ പുറകിലായി കിണ്ണം പോലുളള ഒരു ഡിസ്‍ക് പാറകള്‍ ബലമായി പിടിച്ചു നില്‍ക്കുവാന്‍ സഹായിക്കും. ശരീരത്തിന്റെ അടിഭാഗത്ത് കഴുത്തിനും വയറിനും ഇടയിലായി വിളളലുകള്‍ രൂപപ്പെടുത്തി അതിജീവിക്കുന്നവയാണ് കല്‍ക്കാരികള്‍. ചിറക് പോലെയുള്ള കൈ വിസ്‍തൃതമാക്കിയും, ശരീരത്തിന്റെ അടിഭാഗം പരത്തിയും, ഒഴുക്കിനെ പ്രതിരോധിക്കുന്ന കല്‍നക്കികള്‍. ഉരുണ്ട ശരീരവുമായി വെളളാരം കല്ലുകളിലും പാറകള്‍ക്കിടയിലും ജീവിക്കുന്ന ഒളിന്ന കൊയ്‍ത്തുകള്‍. ഇവയെല്ലാം പരിണാമത്തിന്റേയും അതിജീവനത്തിന്റേയും കഥകള്‍ പറയുന്നവയാണ്.

index (1)

കുയില്‍ മത്സ്യങ്ങള്‍

ശുദ്ധജല മത്സ്യങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കുയില്‍ മത്സ്യങ്ങളാണ് (deccan mahseer) നമ്മുടെ മത്സ്യവൈവിധ്യത്തിന്റെ മറ്റൊരു മുഖം. 1919 ഡിസംബര്‍ 28 ന് കാവേരിയില്‍ നിന്നു പിടിച്ചെടുത്ത ഒരു കുയില്‍ മത്സ്യത്തിന് 119 lb തൂക്കമുണ്ടായിരുന്നത്രേ. സമാന വലുപ്പത്തിലുളളവ കബനിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ പറഞ്ഞത് ആകാരത്തിന്റെയും അനുരൂപനത്തിന്റേയും വൈവിധ്യമാണ്.

ഏറ്റവും കൂടുതല്‍ മത്സ്യങ്ങളെ പോറ്റുന്നത് ചാലക്കുടിപ്പുഴ

മഞ്ചേശ്വരം പുഴ മുതല്‍ നെയ്യാര്‍ വരെയുളള 44 നദികള്‍ വിവിധതരം മത്സ്യങ്ങളെ പോറ്റുന്നു. ഏറ്റവും കൂടുതല്‍ ശുദ്ധജല മത്സ്യങ്ങളെ പോറ്റുന്നത് മധ്യകേരളത്തിലെ പ്രധാന പുഴയായ ചാലക്കുടി തന്നെ- 87 എണ്ണം. നീളക്കൂടുതല്‍ കൊണ്ട് ഒന്നാം സ്ഥാനത്തുളള പെരിയാര്‍ 84 മത്സ്യങ്ങളുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. കിഴക്കോട്ട് ഒഴുകുന്ന കബനിയാണ് മൂന്നാം സ്ഥാനത്ത് -79 ഇനം ശുദ്ധജലമത്സ്യങ്ങളുണ്ട് കബനിയില്‍.

ഭാരതപ്പുഴയും ചാലിയാറും പമ്പയും യഥാക്രമം 73, 63, 60 ഇനം മത്സ്യങ്ങളെ പോറ്റുന്നുണ്ട്. ഏറ്റവും കുറവ് മത്സ്യങ്ങളെ രേഖപ്പെടുത്തിയത് രാമപുരം പുഴയിലാണ്- 9 എണ്ണം. പാമ്പാര്‍, കവായ്യി, പെരുമ്പ എന്നീ നദികള്‍ 15 താഴെ ഇനങ്ങളെ മാത്രമേ പോറ്റുന്നുളളു.

തനത് മത്സ്യങ്ങള്‍

കേരളത്തിലെ പുഴ മത്സ്യങ്ങളുടെ എടുത്തു പറയാവുന്ന പ്രത്യേകത തനതാണെന്നാണ്. വെളളിമലയില്‍ നിന്നുത്ഭവിക്കുന്ന മുല്ലയാറും ചൊക്കാംപെട്ടി മലകളില്‍ നിന്നും വരുന്ന പെരിയാറും ചേര്‍ന്ന് മുല്ലപ്പെരിയാറായി ചേര്‍ന്ന് തേക്കടി തടാകമായി മാറുന്നിടം വരെ ഏകദേശം 40 നോടടുത്ത് മത്സ്യങ്ങളുണ്ട്, ഇവയില്‍ കരിമ്പാച്ചി (periyar latia) ബ്രാഹ്മണകണ്ട ( le periyar front) കരിയാന്‍ (periayr bart) ഈറ്റിലകണ്ട ( channz barh) മേനോന്‍ കൊയ്‍ത്ത, പെരിയാര്‍ കല്ലൊടി എന്നിവ പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയില്‍പെട്ട നീര്‍ച്ചാലുകളില്‍ മാത്രമാണ് കാണപ്പെടുന്നത്. ഇവയെ പെരിയാറിന്റെ തനതായ മത്സ്യങ്ങള്‍ അഥവാ endemic species എന്നു വിളിക്കാം.

എണ്‍പത്തിയേഴ് ഇനം ശുദ്ധജലമത്സ്യങ്ങളെ പോറ്റുന്ന ചാലക്കുടിപ്പുഴയും ഇക്കാര്യത്തില്‍ വിഭിന്നമല്ല. ഉത്ഭവം മുതല്‍ അതിരപ്പളളി വെളളച്ചാട്ടം വരെയുളള പുഴയില്‍ ചാലക്കുടിപ്പുഴയ്‍ക്കു മാത്രം സ്വന്തമായ മത്സ്യസമ്പത്തുണ്ട്. വെളളകല്‍നക്കി (homaloptera endemic species)ഹെരെയുടെ കൊയ്‍ത്ത, കരിംകടുത്തന്‍ മഞ്ഞക്കുരി, ചോരക്കണിയാന്‍ എന്നിവയാണ് ചാലക്കുടിയിലെ പ്രധാന തനതു മത്സ്യങ്ങള്‍. കബിനി, ചാലിയാര്‍, ഭാരതപ്പുഴ, പമ്പ, വളപ്പട്ടണം പുഴ, മീനച്ചില്‍, ഇവയെല്ലാം അപ്രകാരം തന്നെ സ്വന്തമായ ജനുസ്സുകളെയോ വംശങ്ങളെയോ ഉപവംശങ്ങളെയോ പോറ്റുന്നവയാണ്.

പുഴ മത്സ്യങ്ങള്‍ക്ക് വിപണിയിലും പ്രിയം

പുഴകളില്‍ കാണുന്ന 73 ഇളം ഇനങ്ങളില്‍ 20 ഇനങ്ങള്‍ വിപണിയില്‍ ആവശ്യം ഏറെയുളളതാണ്. കരിമീന്‍, കുയില്‍, ചേറന്‍, വരാല്‍, കുറുവ, മലിങ്ങീന്‍, തുടങ്ങിയവയുടെ വില പരിശോധിക്കാവുന്നതാണ്. ഏകദേശം 30 ഇനങ്ങള്‍ സാമാന്യവിലയാണുളളത് (100-200). പുഴകള്‍ കാക്കുന്ന മത്സ്യവൈവിധ്യം നമ്മുക്ക് സുരക്ഷിത ഭക്ഷണവും, സാമ്പത്തിക സുസ്ഥിരതയും ഉറപ്പുവരുത്തുന്നുണ്ട്.

മിസ് കേരള

index (2)

നമ്മുടെ പുഴ മത്സ്യങ്ങള്‍, ലോക അലങ്കാര മത്സ്യവിപണിയിലെയും സുപ്രധാന അംഗങ്ങളാണ്. പശ്ചിമഘട്ടത്തിന്റെ മാത്രം സമ്പത്തായ ചെങ്കുണിയാന്‍ (denisons barb) മിസ് കേരള എന്ന അപരനാമത്തിലാണ് അലങ്കാര മത്സ്യവിപണിയില്‍ പേര് കേട്ടത്. ചാലക്കുടിപ്പുഴയുടെ മാത്രം സമ്പത്തായ ചോരക്കണിയാന്‍, പാവുകന്‍, പരല്‍ ഇനങ്ങള്‍ എന്നിവ അലങ്കാര മത്സ്യങ്ങളില്‍ മറ്റു ചിലതു മാത്രം. കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളില്‍ 60 ഓളം ഇനങ്ങള്‍ അലങ്കാര മത്സ്യമായി ഉപയോഗിക്കുവാന്‍ പര്യാപ്‍തമാണമത്രേ. നമ്മുടെ പുഴകളുടെ അടിത്തട്ടില്‍ ചെറുകല്ലുകള്‍ക്കിടയില്‍ കാണുന്ന കൊയ്‍ത്ത മത്സ്യങ്ങള്‍ ചെറുതായതു കൊണ്ടും, ആകര്‍ഷകമായ നിറങ്ങളുളളതുകൊണ്ടും അലങ്കാരമത്സ്യവിപണിയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

ശ്വാസം കിട്ടാതെ മത്സ്യങ്ങള്‍

എണ്ണം, ആകാരം, അനുരൂപനാവയവങ്ങള്‍, ആവാസവ്യവസ്ഥ എന്നിവയില്‍ തികഞ്ഞ വൈവിധ്യം പുലര്‍ത്തുന്ന നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പ് ആശങ്കയിലാണ്. അസന്തുലിതാവസ്ഥയും, അശാസ്‍ത്രീയമായ മത്സ്യബന്ധനരീതികളും (തോട്ട, വൈദ്യുതി, വിഷം എന്നിവ ഉപയോഗിച്ച്) മത്സ്യ ശേഖരത്തെ കുറച്ചൊന്നുമല്ല അപകടത്തിലാക്കിയത്. നദിയോര വനങ്ങള്‍ സൃഷ്‍ടിച്ചെടുത്ത ആവാസ വ്യവസ്ഥകള്‍ പുഴയില്‍ നിന്ന് അപ്രത്യക്ഷമായതും അളവില്ലാത്ത വിധം
മാനില്യങ്ങള്‍ അടിഞ്ഞു കൂടിയതും മത്സ്യങ്ങളെ സാരമായി ബാധിച്ചു. അണക്കെട്ടുകളും തടയണകളും തീര്‍ത്ത വലുതും ചെറുതുമായ തടാകങ്ങള്‍ കല്‍ക്കാരി, കല്‍നക്കി, കൊയ്‍ത്ത, മണലോരാന്‍ തുടങ്ങിയ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കി.

ഏറ്റവും അധികം മത്സ്യമരണങ്ങള്‍ നടക്കുന്ന സംസ്ഥാനം ഒരു പക്ഷെ കേരളമായിരിക്കും. മാലിന്യം നിമിത്തം ശുദ്ധവായു ലഭിക്കാതെയും രാസവസ്‍തുക്കള്‍ കലര്‍ന്നതു കൊണ്ടും, കൃഷിയിടങ്ങളില്‍ നിന്നുളള കീടനാശിനികള്‍ അടിഞ്ഞും മത്സ്യബന്ധനത്തിനു വേണ്ടി വിഷം കലര്‍ത്തിയതു കൊണ്ടും നിരവധി മത്സ്യമരണങ്ങള്‍ വര്‍ഷം തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

പ്രജനനകാലത്തെ മത്സ്യബന്ധനം നിയമംമൂലം നിരോധിച്ചിട്ടുളളതാണെങ്കിലും പ്രജനനകാലമായ കാലവര്‍ഷാരംഭത്തിലെ മത്സ്യബന്ധനം കേരളത്തില്‍ തകൃതിയാണ്. വയര്‍ നിറയെ പാകമായ മുട്ടയുമായി പ്രജനനകേന്ദ്രങ്ങളിലേക്ക് ദേശാന്തരാഗമനം നടത്തുന്ന മത്സ്യങ്ങളെ അവയുടെ പ്രജനന പാതയില്‍ വെച്ചു തന്നെ പിടിച്ചെടുക്കുന്നു. വരും തലമുറയ്‍ക്കു മത്സ്യം എന്ന വിഭവം ഉറപ്പാക്കേണ്ടത് എങ്ങിനെയാണെന്ന ചോദ്യം ഇവിടെ ശേഷിക്കുന്നു.

അനിയന്ത്രിതമായ മണലെടുപ്പുമൂലം പുഴയുടെ അടിത്തട്ട് താഴുകയും, തത്ഫലമായി ഓരുവെളളം മേലോട്ട് കയറുകയും ചെയ്‍തിട്ടുണ്ട്. പമ്പാ, പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍, എന്നീ പുഴകളിലെ ഓരുവെളളത്തിന്റെ സാന്നിധ്യം വര്‍ഷം തോറും മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ലവണാംശം നമ്മുടെ ശുദ്ധജല മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കുകയും ഓരു ജല മത്സ്യങ്ങളുടെ കടന്നുകയറ്റത്തിനു ഇടയാകുകയും ചെയ്യുന്നു. അഴിമുഖത്ത് കാണുന്ന പലമത്സ്യങ്ങളേയും പമ്പയിലും പെരിയാറിലും ചാലിയാറിലും നമ്മള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

വംശനാശത്തിന് വശംവദരായി മത്സ്യങ്ങളും അതീവഗുരുതരമായ ഭീഷണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ കേരളത്തിലെ 20 മത്സ്യങ്ങളില്‍ എല്ലാം തന്നെ പുഴയിലുളളവയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍, വംശനാശം സംഭവിച്ചേക്കാവുന്ന ‘critically endangered’ വിഭാഗത്തില്‍പ്പെടുന്ന ഏഴ് ഇനങ്ങള്‍ കേരളത്തിലുണ്ട്. ഇവ പുഴയില്‍ മാത്രം കാണപ്പെടുന്നവയാണ്.

ഇങ്ങനെ പോയാല്‍ പമ്പയിലും കുളത്തൂപ്പുഴയിലും കൂടല്‍മാണിക്യത്തിലും മീനൂട്ട് നടത്തുവാനും മീനച്ചിലിലും മണിമലയാറ്റിലും ഊത്തപിടിക്കാനും മത്സ്യങ്ങളുണ്ടാവുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

http://www.asianetnews.tv

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ