കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്

Share the Knowledge
index (3)

കേരളത്തിലെ ആദ്യ കമ്യൂണിറ്റി റിസര്‍വ്… സ്വഭാവികമായി വളര്‍ന്ന കണ്ടല്‍ക്കാടുകള്‍… ദേശാടനപ്പക്ഷികളുടെ പറുദീസ… അപൂര്‍വയിനം മത്സ്യങ്ങളും ചിത്രശലഭങ്ങളും. കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന് മേനിപറയാന്‍ ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. പറഞ്ഞുതീര്‍ക്കാനാവാത്തത്ര കാഴ്ചയനുഭവം പങ്കുവെയ്ക്കാനുമുണ്ട്. എന്നാല്‍ അവഗണിക്കപ്പെടുകയാണ് ഈ പ്രകൃതിസമ്പത്ത്.

കമ്യൂണിറ്റി റിസര്‍വ് എന്നാല്‍

പച്ചപ്പുനിറഞ്ഞ കണ്ടല്‍ക്കാടുകളും അതിനോടുചേര്‍ന്ന ആവാസവ്യവസ്ഥയും നിയമപ്രകാരം സംരക്ഷിക്കുന്നതാണ് കമ്യൂണിറ്റി റിസര്‍വ്. കേന്ദ്രസര്‍ക്കാരാണ് ഇവിടം കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ കമ്യൂണിറ്റി റിസര്‍വാണ് കടലുണ്ടിയിലേത്. കോഴിക്കോട് നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. കടലുണ്ടി പഞ്ചായത്തിലും വള്ളിക്കുന്ന് പഞ്ചായത്തിലുമായാണ് ഈ കണ്ടല്‍ക്കാടുകള്‍ വ്യാപിച്ചുകിടക്കുന്നത്.
2007ലാണ് 153 ഹെക്ടര്‍ ഉള്‍പ്പെടുന്ന ഈ സ്ഥലം കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചത്. ആള്‍താമസമുള്ള മൂന്ന് ദ്വീപുകളുണ്ടിവിടെ. ബാലാതിരുത്തിയും ചെറുതിരുത്തിയും കാക്കാതുരുത്തും. ഇതിനുപുറമെ കണ്ടല്‍ച്ചെടികള്‍മാത്രമുള്ള ചെറിയ തുരുത്തുകള്‍ വെറെ. ബാലാതിരുത്തിയില്‍ നൂറ്റിയറുപതോളം കുടുംബങ്ങളുണ്ട്. ചെറുതിരുത്തിയില്‍ മുപ്പതും കാക്കാത്തുരുത്തില്‍ മൂന്നും കുടുംബങ്ങള്‍ താമസിക്കുന്നു. പുഴയോരത്തുനിന്ന് 200 മീറ്ററിനകത്തുള്ള ജീവജാലങ്ങളും ജനവിഭാഗങ്ങളും പ്രകൃതിസമ്പത്തും നിയമംമൂലം കമ്യൂണിറ്റി റിസര്‍വ് വ്യവസ്ഥിതിയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത. ജില്ലാ വനംവകുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് വികസനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിലെ മൂന്ന് അംഗങ്ങളും കടലുണ്ടി പഞ്ചായത്തില്‍നിന്നുള്ള രണ്ട് അംഗങ്ങളും ജില്ലാ വനംവകുപ്പ് ഓഫീസറുമടക്കം ആറുപേരാണ് കമ്മിറ്റിയിലുള്ളത്.

ലക്ഷ്യം പ്രകൃതിസംരക്ഷണം

കേരളത്തിലെ എറ്റവും വലിയ പ്രകൃതിസംരക്ഷണമേഖലയെന്ന ലക്ഷ്യത്തിലേക്കാണ് ഈ കമ്യൂണിറ്റി റിസര്‍വ് കണ്ണുംനട്ടിരിക്കുന്നത്. പരിസ്ഥിതിസ്‌നേഹികള്‍ക്കൊപ്പം വിദേശസഞ്ചാരികള്‍ക്കും ദേശാടനത്തിനും പരിസ്ഥിതിപഠനത്തിനുമുള്ള സാധ്യത കടലുണ്ടിയിലുണ്ട്. കാഴ്ചകള് ഒരുപാടുണ്ട് ഈ പുഴയോരത്ത്.

പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെ

കമ്മ്യൂണിറ്റി റിസര്‍വിന്റെ വികസനവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങളുണ്ട്. രാഷ്ട്രീയപ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളും മാലിന്യപ്രശ്‌നങ്ങളുമടക്കം മറികടക്കാന്‍ ഒരുപാട് കടമ്പകള്‍. അതില്‍ മുഖ്യം രാഷ്ട്രീയംതന്നെ. കമ്യൂണിറ്റി റിസര്‍വ് രണ്ടു പഞ്ചായത്തുകളിലാണെന്നതും രണ്ട് പഞ്ചായത്തും രണ്ട് ജില്ലകളിലാണെന്നതും വികസനത്തിനുള്ള രാഷ്ട്രീയതടസ്സങ്ങളാണ്. ഇടത്‌വലത് ഭരണസമിതികളാണ് ഇവിടം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ക്ക് ഏകോപനമില്ല. നിയമംമൂലം പ്രകൃതിക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും തടഞ്ഞുവെങ്കിലും പറയപ്പെടുന്ന 22.24 ഹെക്ടര്‍ കണ്ടല്‍ക്കാട് നില്‍ക്കുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍പോലും വനംവകുപ്പ് കാലമിത്രയായിട്ടും മെനക്കെട്ടിട്ടില്ല.

പരിസ്ഥിതിമലിനീകരണം

പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെയും വില്ലന്‍. പുഴയിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക്, കണ്ടല്‍മരങ്ങളുടെ കൂര്‍ത്ത വേരുകളില്‍ തങ്ങിക്കിടക്കുന്നു. അത് വേരുകളിലൂടെ ശ്വസിക്കുന്ന കണ്ടല്‍മരങ്ങള്‍ ഉണങ്ങുന്നതിന് വഴിവെക്കുന്നു. മീനുകളുടെ വംശവര്ധന തടയുന്നതിനും ഒരു ആവാസവ്യവസ്ഥയുടെ നാശത്തിനും പ്ലാസ്റ്റിക്ക് ഹേതുവാകുന്നു .

പാലത്തിന് മുകളില്‍നിന്ന് തള്ളുന്ന ജൈവമാലിന്യങ്ങളും ഏറെയുണ്ട്. ഇറച്ചിമാലിന്യങ്ങളും തീവണ്ടിയില്‌നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇതില്‌പ്പെടും. ഈ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതും കണ്ടല്‍മരച്ചുവട്ടില്‍ത്തന്നെ. ദുര്‍ഗന്ധത്തിനൊപ്പം ജലജീവികളുടെ നാശത്തിനും ജലമലിനീകരണത്തിനും ഇത് വഴിവെക്കുന്നു.

കൃപേഷ് കൃഷ്ണകുമാര്‍ മാതൃഭൂമി

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ